
നടിയെ ആക്രമിച്ച കേസിൽ 1500 പേജുകളുള്ള വിധിന്യായമാണ് കോടതി പുറത്തുവിട്ടതെങ്കിലും, അതിജീവിതയുടെ മൊഴിയുടെ പൂർണ്ണരൂപം ഉൾപ്പെടുന്നതിനാൽ വിധിപ്പകർപ്പ് ഉടൻ പുറത്തുവിടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിൻ്റെ സ്വകാര്യതയും സുരക്ഷിതമായ കസ്റ്റഡിയും ഉറപ്പാക്കണമെന്ന് കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു. കൂടാതെ, അതിജീവിതയുടെ മോതിരം തിരികെ നൽകാനും കോടതി ഉത്തരവിട്ടു.
പ്രതികൾക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷാവിധിയാണെന്ന വിമർശനം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ളവർ ശക്തമായി ഉയർത്തുന്നുണ്ട്. "പരിപൂർണ്ണ നീതി കിട്ടിയില്ല, നിരാശ തോന്നുന്ന വിധിയാണ് വന്നത്. ഒന്നാം പ്രതിക്ക് എങ്കിലും കടുത്ത ശിക്ഷ കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ല," എന്ന് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് അജകുമാർ പ്രതികരിച്ചു. സംവിധായകൻ കമലും വിധിയെ വിമർശിച്ചു. ദിലീപിനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെങ്കിലും അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
English Summary:
Actress assault case: Prosecution says 'complete justice was not served'; Court directs to return the ring to the survivor, 'privacy of the memory card must be ensured'