Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

Published on 12 December, 2025
നടിയെ ആക്രമിച്ച കേസ്: ആറ്  പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടക്കം   ഒന്നുമുതല്‍ 6 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് 20 വര്‍ഷത്തെ കഠിന തടവെന്ന ശിക്ഷയിലേക്ക് എത്തിച്ചേര്‍ന്നതെന്നും വിധിന്യായത്തില്‍ പറയുന്നു.

ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് 20 വർഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചത്.

 കേസിലെ പ്രധാന തെളിവായ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥനോട് സൂക്ഷിച്ചുവെയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഒരു കാരണവശാലും പുറത്തുവരാത്ത രീതിയില്‍ ഇത് കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. കൂട്ടബലാല്‍സംഗ കേസില്‍ ഇന്ത്യന്‍ നിയമ സംവിധാനത്തിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം കഠിന തടവ്.

ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം അഞ്ച് വർഷം കഠിന തടവ് കൂടി കോടതി വിധിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ശിക്ഷയും കൂടി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ പറയുന്നു. പ്രതികൾ പിഴതുക അടച്ചില്ലേൽ, ഒരു വർഷം കൂടി ജയിൽ വാസം അനുഭവിക്കണം. പ്രതികളുടെ റിമാൻഡ് കാലാവധി കുറച്ചുള്ള ശിക്ഷ അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിൽ പറയുന്നു.

11.30നാണ് ശിക്ഷാവിധിയില്‍ വാദം ആരംഭിച്ചത്.  ഒന്നര മണിക്കൂറോളം വാദംനീണ്ടിരുന്നു. മൂന്നരയ്ക്ക് വിധി പറയുമെന്നാണ് ജഡ്ജി ഒരു മണിക്ക് വാദം കഴിഞ്ഞ ശേഷം പറഞ്ഞതെങ്കിലും നാലരയ്ക്ക് ശേഷമാണ് ജഡ്ജി ചേംബറിലേക്ക് വന്നത്.

പ്രതികളുടെ അഭിഭാഷകരാണ് ശിക്ഷ ഇളവിനായി വാദിച്ചത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായിരുന്നു. നടിയുടെ വക്കീല്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചു. നടിക്ക് വേണ്ടി വക്കീല്‍ എത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ മാത്രമാണ് ഉള്ളതെന്നും മറുപടി. സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

 ഇനി ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വരുമെന്നു പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ ഇനി ഈ കേസില്‍ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. ഈ കേസില്‍ അല്ല ഇനിയും കേസുകള്‍ ഉണ്ടല്ലോ അതില്‍ അന്വേഷണം നടക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക