
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം ഫെഡറൽ കോടതികളുടെ തീർപ്പുകൾ അവഗണിക്കയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കയും ചെയ്യുന്നുവെന്നു ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റെപ്. ശ്രീ തനെദർ (ഡെമോക്രാറ്റ്-മിഷിഗൺ) ആരോപിച്ചു. നോയം ശക്തമായി പ്രതികരിച്ചതോടെ കോൺഗ്രസിലെ ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റി വിചാരണ സംഘർഷമായി.
"നിങ്ങൾ കോൺഗ്രസിൽ എടുത്ത പ്രതിജ്ഞ ലംഘിച്ചു, നിങ്ങൾ അമേരിക്കൻ ജനതയോടു നുണ പറഞ്ഞു, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി എന്ന നിലയിൽ ജനങ്ങൾ നിങ്ങളിൽ അർപ്പിച്ച വിശ്വാസം ലംഘിച്ചു," കമ്മിറ്റിയിലെ ഏക ഇന്ത്യൻ അമേരിക്കൻ അംഗമായ തനെദർ പറഞ്ഞു.
കോടതി ഉത്തരവ് ലംഘിച്ചാണ് നോയം നാടുകടത്തൽ തുടരുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "നിങ്ങളുടെ ചട്ടങ്ങൾ നിയമലംഘനമാണെന്നു കോടതികൾ പറഞ്ഞിട്ടുണ്ട്."
"ഡി എച് എസ് എല്ലാ ഫെഡറൽ കോടതി വിധികളും പാലിക്കുന്നുണ്ടെന്നു നിങ്ങൾ പ്രതിജ്ഞയെടുത്തു പറയുന്നത് നുണയാണ്. വ്യക്തമായും നിങ്ങൾ അതു ചെയ്യുന്നില്ലല്ലോ."
നോയം പ്രതികരിച്ചു: "കോൺഗ്രസ്മാൻ, ഡി എച് എസും ഈ ഭരണകൂടവും എല്ലാ ഫെഡറൽ കോടതി ഉത്തരവുകളും പാലിക്കുന്നുണ്ട്. ഞങ്ങൾ എല്ലായ്പോഴും അതു പാലിക്കയും ചെയ്യും."
കോടതി വിധികൾക്കെതിരെ അപ്പീൽ പോകാൻ ഡി എച് എസിനു അവകാശമുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയിൽ 90% വിജയം നേടിയിട്ടുണ്ടെന്നു അവർ അവകാശപ്പെട്ടു. ആക്ടിവിസ്റ്റ് ജഡ്ജുമാർ നൽകുന്ന തീർപ്പുകൾക്കെതിരെ പൊരുതും.
അമേരിക്കൻ പൗരന്മാരെയും അറസ്റ്റ് ചെയ്യുന്നുണ്ടെന്നു തനെദർ പറഞ്ഞതോടെ തർക്കം കൂടുതൽ ചൂടായി. "ഈ വർഷം മാത്രം 170 അമേരിക്കൻ പൗരന്മാരെയെങ്കിലും അറസ്റ്റ് ചെയ്തതായി അറിയാം."
നോയം അതു നിഷേധിച്ചു. "ഞങ്ങൾ ഒരിക്കലും ഒരു അമേരിക്കൻ പൗരനെ അറസ്റ്റ് ചെയ്യുകയോ നാടു കടത്തുകയോ ചെയ്തിട്ടില്ല. പലപ്പോഴും പലരെയും അൽപ നേരത്തേക്കു തടഞ്ഞു വയ്ക്കാറുണ്ട്. എന്നാൽ ആളെ തിരിച്ചറിഞ്ഞു കഴിയുമ്പോൾ വിട്ടയക്കും."
നോയം പറയുന്നത് നുണയാണെന്നു തനെദർ ആവർത്തിച്ചു കൊണ്ടിരുന്നു. "നിങ്ങൾ തുടർന്നും കോടതി വിധി അവഗണിക്കും, അല്ലേ?" അദ്ദേഹം ചോദിച്ചു.
നോയം അത് നിഷേധിച്ചു. "ഞങ്ങൾ എല്ലാ ഫെഡറൽ കോടതി ഉത്തരവുകളും പാലിക്കും."
"അമേരിക്കൻ ജനതയ്ക്കു സത്യം അറിയണം," തനെദർ പറഞ്ഞു. "നിങ്ങളുടെ നുണ കേട്ടു മടുത്തു. നിങ്ങൾ രാജി വയ്ക്കണം എന്നോ നിങ്ങളെ ഡിസ്മിസ് ചെയ്യണമെന്നോ ജനങ്ങൾ ആവശ്യപ്പെടും."
നോയം പ്രതികരിച്ചു: "എന്റെ ജോലിക്കു നിങ്ങൾ നൽകുന്ന അംഗീകാരമായി ഞാൻ രാജി പരിഗണിക്കാം."
ചോദ്യങ്ങൾ പൂർത്തിയാകും മുൻപേ നോയം ഇറങ്ങിപ്പോയതിൽ ഡെമോക്രാറ്റിക് അംഗങ്ങൾ പ്രതിഷേധം ഉയർത്തി. "കോൺഗ്രസിന്റെ മേൽനോട്ടം അവർ അംഗീകരിക്കുന്നില്ല," റാങ്കിങ് മെംബർ ബെന്നി തോംപ്സൺ പറഞ്ഞു. ഫെമയുടെ യോഗത്തിനാണ് പോകുന്നതെന്ന് അവർ പറഞ്ഞെങ്കിലും ആ യോഗം റദ്ദാക്കിയിരുന്നു എന്നാണ് 'ദ ഹിൽ' റിപ്പോർട്ട് ചെയ്യുന്നത്.
നോയമിനെ വീണ്ടും വിളിക്കാൻ പ്രമേയം കൊണ്ടുവരുന്നതിനുള്ള ശ്രമം റിപ്പബ്ലിക്കൻ അംഗങ്ങൾ പരാജയപ്പെടുത്തി.
US Congressman, Homeland Security Secretary clash