Image

കണ്ണുനിറയെ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു മിടുക്കി പെൺകുട്ടി; ശാസ്ത്രജ്ഞയാകാൻ കൊതിച്ച് ഒടുവിൽ സോഷ്യൽ മീഡിയയുടെ പരിഹാസപാത്രമായ ദിവ്യ രാജന് ജീവിതം കാത്തുവെച്ചത് മറ്റൊന്ന്

രഞ്ജിനി രാമചന്ദ്രൻ Published on 11 December, 2025
കണ്ണുനിറയെ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു മിടുക്കി പെൺകുട്ടി; ശാസ്ത്രജ്ഞയാകാൻ കൊതിച്ച് ഒടുവിൽ സോഷ്യൽ മീഡിയയുടെ പരിഹാസപാത്രമായ ദിവ്യ രാജന് ജീവിതം കാത്തുവെച്ചത് മറ്റൊന്ന്

പന്തളം എൻ.എസ്.എസ്. കോളേജിൻ്റെ വരാന്തകളിലൂടെ പുസ്തകങ്ങളുമായി നടന്ന്, ബി.എ. പൊളിറ്റിക്സ് ബിരുദം നേടിയ, കണ്ണുനിറയെ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു മിടുക്കി പെൺകുട്ടിയായിരുന്നു ദിവ്യ രാജൻ. ശാസ്ത്രജ്ഞയാകാനും, സിനിമയിൽ അഭിനയിക്കാനും, ചിത്രകാരിയാകാനുമൊക്കെ കൊതിച്ച ആ പെൺകുട്ടിക്ക് പക്ഷേ, ജീവിതം കാത്തുവെച്ചത് മറ്റൊന്നായിരുന്നു.

വിശപ്പിൻ്റെ വിളിക്കു മുന്നിൽ സർട്ടിഫിക്കറ്റുകൾക്ക് വിലയില്ലാതായപ്പോൾ, കുടുംബം പട്ടിണിയിലാവാതിരിക്കാൻ ആ ബിരുദധാരി നിരവധി ജോലികൾ ചെയ്തു. കൊയ്ത്തുപാടത്തെ ചെളിയിലും വെയിലിലും ആ സ്വപ്നങ്ങൾ കരിഞ്ഞുപോയി. വക്കീൽ ഗുമസ്തയായും, തയ്യൽക്കാരിയായും, മെഴുകുതിരി തൊഴിലാളിയായും അവർ ഓടിനടന്നു. ഒടുവിൽ ദാരിദ്ര്യവും, ഒറ്റപ്പെടലും, ചുറ്റുമുള്ളവരുടെ അവഗണനയും കൂടി ആ മനസ്സിൻ്റെ താളം തെറ്റിച്ചു. സമൂഹം അവരെ വിളിച്ച പേര് 'കോമാളി' എന്നായിരുന്നു. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും താങ്ങാനാവാതെ വന്നപ്പോൾ, എല്ലാ വാതിലുകളും അടഞ്ഞപ്പോൾ, അവർ കണ്ടെത്തിയ അഭയമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്ന 'നാഗ സൈരന്ധ്രി' എന്ന വേഷം.

നമ്മൾ ചിരിക്കുന്നത് ഒരു പാവം സ്ത്രീയുടെ വേദന കണ്ടിട്ടാണ്. അതൊരു തമാശയല്ല, ഉള്ളുപൊള്ളിക്കുന്ന നോവാണ്. തിരിച്ച് വരാൻ കൊതിക്കുന്ന ദിവ്യ രാജൻ എന്ന ആ മിടുക്കി പെൺകുട്ടി ഇന്നും ആ കണ്ണുകളിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട്. ഇനിയെങ്കിലും അവരെ കാണുമ്പോൾ പരിഹസിക്കാതിരിക്കുക. ഒരു നല്ല വാക്ക് പറയാൻ കഴിഞ്ഞില്ലെങ്കിലും, ഒരു വേദന കൊടുക്കാതിരിക്കുക.

 

English Summary: 
A brilliant girl with eyes full of dreams; Divya Rajan, who longed to be a scientist but finally became a subject of ridicule on social media, had a different fate awaiting her.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക