
കോണ്‍ഗ്രസുകാരനല്ലാത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ 15 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് പാലക്കാട് കുന്നത്തൂര്‍മേട് സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് എം.എല്‍.എ ഓഫീസിലേയ്ക്ക് പോകുമ്പോള്‍ ഈ പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിച്ചുവെന്ന് വേണം മനസിലാക്കാന്‍. ഇന്ന് രണ്ടാംഘട്ട തദ്ദേശ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് 4.50 ഓടെ, തിരക്ക് ഒഴിഞ്ഞ ശേഷമാണ് രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്. രാവിലെ വോട്ടു ചെയ്യാനെത്തിയാല്‍ അത് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വൈകുന്നേരത്തേയ്ക്ക് മാറ്റിയത്. വോട്ട് ചെയ്യാനെത്തുമ്പോഴും എം.എല്‍.എ ഓഫീസിലെത്തിയപ്പോഴും രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും പ്രാദേശിക നേതാക്കള്‍ ഉണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടും രാഹുലിന് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. ഇന്ന് രാവിലെ വോട്ട് ചെയ്തതിന് ശേഷമുള്ള കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന ഇക്കാര്യം ശരിവയ്ക്കുന്നതായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ കെ.പി.സി.സിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നതെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. പരാതിക്ക് പിന്നില്‍ ഒരു 'ലീഗല്‍ ബ്രെയിന്‍' ഉണ്ടെന്നും, ആ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, രാഹുലിനെതിരെ ഉയര്‍ന്ന രണ്ട് ലൈംഗിക പീഡന കേസിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഒളിവ് വാസം അവസാനിപ്പിച്ച് കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയത്. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറില്‍ കയറിയ ശേഷം രാഹുല്‍ പറഞ്ഞു. പൂവന്‍ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയര്‍ത്തി പോളിങ് ബൂത്തിനു മുന്നില്‍ രാഹുലിന് എതിരെ വലിയ പ്രതിഷേധമുണ്ടായി. കൂകി വിളിയോടെയാണ് ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
എന്നാല്‍ 15 ദിവസം എവിടെയായിരുന്നുവെന്ന മാധ്യ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുലില്‍ നിന്ന് മറുപടിയുണ്ടായില്ല. തുടര്‍ന്ന് എം.എല്‍.എ ഓഫീസിലെത്തിയപ്പോഴും ചാനലുകള്‍ വളഞ്ഞു. ''ഇന്ന് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു. ഇന് നിങ്ങള്‍ എത്ര നിന്നാലും ഒന്നും പറയില്ല...'' എന്ന് പറഞ്ഞ രാഹുല്‍ ഫയലുകള്‍ മുറിയിലേയ്ക്ക് കൊണ്ടുവരാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി അവിടേയ്ക്ക് പോവുകയായിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ ചിരിച്ചുകൊണ്ടാണ് രാഹുല്‍, 15 ദിവസം മുമ്പ് മുങ്ങിയ അതേ പാലക്കാട്ടേയ്ക്ക് തന്നെ തിരികെ എത്തിയത്.
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പത്തനംതിട്ടയിലെ ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന് കാട്ടി ബെംഗളൂരുവില്‍ താമസിക്കുന്ന 23-കാരി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. എല്ലാ തിങ്കളാഴ്ചയും രാവിലെ 10-നും 11-നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നില്‍ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍. ആദ്യത്തെ ബവാല്‍സംഗ കേസില്‍ ഹൈക്കോടതി ഡിസംബര്‍ 15-ാം തീയതി വരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
ഇതിനിടെ, രാഹുലിന് സെഷന്‍സ് കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഹുല്‍ സ്ഥിരം കുറ്റവാളിയെന്നും ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമര്‍ശങ്ങള്‍ കേസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. കെ.പി.സി.സി അധ്യക്ഷന് ലഭിച്ച പരാതിയില്‍ പറയാത്ത കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയില്‍ വന്നത്. ഈ വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തുടര്‍ന്നുള്ള നിയമനടപടികളില്‍ ഇത് പ്രധാന വാദങ്ങളായി ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
ഇന്ന്, തദ്ദേശ പോളിങ്ങിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചതില്‍ നിന്ന് വ്യത്യസ്തമായാണ് ശക്തമായ ചില പ്രതികരണങ്ങള്‍ നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
''സ്ത്രീലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നത്..? വന്ന തെളിവുകളും ഇരയായ ആളുകള്‍ പ്രകടിപ്പിച്ച ആശങ്കകളും പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് എന്താണ്..? എന്തുകൊണ്ടാണ് അവര്‍ തെളിവുമായി മുന്നോട്ടുവരാന്‍ തയ്യാറാവാതിരുന്നത്. ഗൗരവത്തോടെ കാണേണ്ട കാര്യങ്ങളാണ്. വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നു തള്ളും എന്നതാണ് ഓരോരുത്തരോടും ഉയര്‍ത്തിയിട്ടുള്ള ഭീഷണി. നിസ്സഹായയായ ഓരോ യുവതിയും ഇതുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട് മറ്റു നടപടികളിലേക്ക് പോയാല്‍ ജീവന്‍ അപകടത്തിലാകുമെന്നാണ് അവര്‍ കണക്കാക്കുന്നത്. ഇത്തരമൊരു അവസ്ഥ എങ്ങനെ ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നതാണ് ആലോചിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് ഉയര്‍ന്നുവരുന്നത്. വന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം...'' എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
എന്നാല്‍ മലയാള സമാന്തര സിനിമാ രംഗത്തെ ശ്രദ്ധേയനായ സംവിധായകനും നിര്‍മ്മാതാവും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനും ഇടതു സഹയാത്രികനും 1994-ലും 1996-ലും ഗുരുവായുര്‍ മണ്ഡലത്തില്‍ നിന്ന് സി.പി.എം സ്വതന്ത്ര എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിക പീഡനക്കേസ് നിലനില്‍ക്കുന്നുണ്ട്. ഇരയുടെ പരാതി കിട്ടിയിട്ടും 13 ദിവസമാണത് കേസെടുക്കാതെ വൈകിപ്പിച്ചത്. കൊല്ലം എം.എല്‍.എ എം മുകേഷും പീഡനക്കേസിലകപ്പെട്ട സി.പി.എമ്മിന്റെ അടുത്ത ആളാണെന്നോര്‍ക്കുക. അപ്പോള്‍ സ്ത്രീലമ്പടന്മാരുടെ കാര്യത്തില്‍ കോണ്‍ഗ്രസിനോപ്പം കട്ടയ്ക്ക് തന്നെ സി.പി.എമ്മുമുണ്ട്.