Image

രക്ഷ അർഹതപ്പെട്ടവർക്ക്, അവളുടെ നാമത്തിൽ! -ശ്യാംസുന്ദർ പി എച്ച്- (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 23)

Published on 11 December, 2025
രക്ഷ അർഹതപ്പെട്ടവർക്ക്, അവളുടെ നാമത്തിൽ! -ശ്യാംസുന്ദർ പി എച്ച്-  (ഇ-മലയാളി ആഗോള ചെറുകഥാമത്സരം 2025- 23)

ഓർക്കാപ്പുറത്ത് കൊടും മഴ പെയ്ത രാത്രിയായിരുന്നു.ഇടിയും മിന്നലുമുണ്ടായിയുന്നു.ശക്തമായ കാറ്റു വീശിയിരുന്നു. കാറ്റിൽ മരക്കൊമ്പുകൾ ഒടിഞ്ഞു വീണു. റെയിൽവേ സ്റ്റേഷനടുത്തുള്ള ചേരിയിലെ കുറേ വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി.ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണു. നഗരം ഇരുട്ടിലാണ്ടു. അതുകഴിഞ്ഞു വന്ന പകലിന്റെ കത്തുന്ന വെയിലിലേക്ക് കുടയൊന്നുമില്ലാതെ മേഘരഞ്ജിനിയിറങ്ങി. എന്നെന്നേക്കുമായവൾ തരകൻ ഡോക്ടറുടെ വീടിന്റെ പടികളിറങ്ങുകയാണ്.. ഇനി മടങ്ങി വന്നേക്കില്ല.. ജോലിയവസാനിപ്പിച്ച് പടിയിറങ്ങിയ വീടുകളിലേക്ക് വീണ്ടും ജോലിക്ക് പോകുന്ന ശീലം മേഘരഞ്ജിനിക്കില്ല. അതുകൊണ്ടവൾ ഇനി തിരിച്ചു വരില്ല.

നാല് മാസങ്ങൾക്കു മുൻപാണ് ,തരകൻ ഡോക്ടറുടെ വീട്ടിലേക്ക് മേഘരഞ്ജിനി ജോലിക്കെത്തിയത്. ഡോക്ടർ ജോഷി തരകന്റെ ഭാര്യ ഡോക്ടർ സ്റ്റെല്ല ജോഷി തരകന് , അവരുടെ സുഹൃത്ത് സിബി വഴിയാണ് മേഘരഞ്ജിനിയെ കിട്ടിയത്.അമ്മച്ചിയെ നോക്കണം. മറ്റു വീട്ടുപണികളൊന്നുമെടുക്കേണ്ട. അതിനു പറ്റിയ ഒരാൾ. മുൻപ് വീട്ടുജോലിക്കും അമ്മച്ചിയെ നോക്കാനുമായി നിർത്തിയിരുന്ന മരിയ മകളുടെ പ്രസവശുശ്രൂഷയും കഴിഞ്ഞ് മടങ്ങിവരും വരെ മാത്രം. ഒപ്പിക്കാമെന്നു സിബിയേറ്റു. സിബിയൊരു കാര്യമേറ്റാൽ അത് നടന്നിരിക്കും. മൂന്നാം ദിവസം, ഒരു ഞായറാഴ്ച തരകൻ ഡോക്ടറുടെ സ്വർണനിറം പൂശിയ ചുറ്റുമതിലിനു പുറത്ത്, അതേ നിറത്തിലുള്ള, സ്വർഗ്ഗകവാടം പോലുള്ള കാസ്റ് അയൺ ഗേറ്റ്നു മുന്നിൽ, കൃത്യം പത്തുമണിക്ക് മേഘരഞ്ജിനി പ്രത്യക്ഷപ്പെട്ടു. മതിലിന് പുറത്തെ മാർബിൾ ഫലകത്തിൽ, മലയാളത്തിൽ എഴുതിയ പേരുകൾ അവൾ ഉച്ചത്തിൽ വായിച്ചു. “ഡോക്ടർ ജോഷി തരകൻ, ഡോക്ടർ സ്റ്റെല്ല ജോഷി തരകൻ, ഡോക്ടർ ജോയൽ ജെ തരകൻ”. ഇടതു വശത്ത് ഇംഗ്ലീഷിലും പേരുകൾ എഴുതി വെച്ചിട്ടുണ്ട്. “ഹൌ..അപ്പനുമമ്മേം മോനും ഡോക്ടർമ്മാര്..ഇതെന്തൂട്ടത്.. ആസ്പത്ര്യണ്.?” അവൾ ആത്മാവിൽ ചോദിച്ചു. അതിനിടെ ഗേറ്റ് സ്വയം മലർക്കേ തുറന്നപ്പോൾ അവൾ കിടുകിടാ വിറച്ചു. റിമോട്ടിൽ പ്രവർത്തിക്കുന്ന ഗേറ്റ് മേഘരഞ്ജിനി ആദ്യമായി കാണുകയായിരുന്നു. അവൾ മുമ്പ് ജോലിക്ക് നിന്ന വീടുകൾക്കൊന്നും ഇതു പോലെ താനേ തുറക്കുന്ന ഗേറ്റ് ഉണ്ടായിരുന്നില്ല...കോഫി ബ്രൗണിൽ പച്ച ബോർഡറും വെള്ള പുള്ളികളുമുള്ള വോയിൽ സാരിയുടെ മുന്താണി തലയിലൂടെയിട്ട്, കുപ്പിച്ചില്ല് തറക്കുന്ന പോലുള്ള വെയിലിനെ പ്രതിരോധിച്ച് അവൾ ഗേറ്റ് കടന്നു നടന്നു. നടന്നിട്ടും നടന്നിട്ടും തീരാത്ത ലാൻഡ് സ്‌കേപ്പ് ചെയ്തെടുത്ത അതിമനോഹരമായ മുറ്റം. ചുറ്റും കണ്ണോടിച്ച് അവൾ അന്തം വിട്ടു . “എന്തൊരു ഭങ്ങീണ്!” പൊരിവെയിലിൽ അവൾ വിയർത്തൊട്ടി. കോട്ട മൈതാനം നാല് പ്രാവിശ്യം ചുറ്റിവരാൻ അത്രയും ബുദ്ധിമുട്ടില്ലെന്ന് മേഘരഞ്ജിനിയ്ക്ക് തോന്നി. നടന്നു നടന്നവൾ കാർപോർച്ചിന്റെ തണലിലെത്തി. സ്റ്റെല്ല ഡോക്ടർ ചവിട്ടു പടികളിറങ്ങി അവളുടെ നേർക്ക് വന്ന് മേഘരഞ്ജിനിയെ അടിമുടിയൊന്ന് നോക്കി. അവർ പള്ളിയിൽ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു. “സിബി സാറ് പറഞ്ഞിട്ട് വന്നത്ണ്” മേഘരഞ്ജിനി പറഞ്ഞു. “മനസ്സിലായി. സിബി ഫോട്ടോ അയച്ചു തന്നിരുന്നു.” അവർ പറഞ്ഞു. “വരൂ”. പിന്നെ അകത്തേക്ക് നടന്നു.അതൊരു ആജ്ഞയായിരുന്നു.മേഘരഞ്ജിനി സ്റ്റെല്ല ഡോക്ടറുടെ ചടുലമായ ചുവടുകളെ അനുഗമിച്ചു. എന്തൊരു നടത്തമാണവരുടേത് . ലോകം മുഴുവനും കുലുങ്ങും. “എന്തൊര് ചൊടീണ് പെണ്ണിന്” മേഘരഞ്ജിനി പിറുപിറുത്തു. “നാളെത്തൊട്ട് ഇച്ചിരികൂടെ നേരത്തെ വരണം കേട്ടോ. പിന്നെ, വലിയ പണിയൊന്നും കാണുകേല . സ്ട്രോക്ക് വന്ന് കിടപ്പിലായതാണ് അമ്മച്ചി. ഒറ്റക്കൊന്നും ചെയ്യാനൊക്കുകേല. കുളിപ്പിക്കണം,ഉടുപ്പ് മാറ്റണം, ടോയ്‌ലെറ്റേലിരുത്തണം, നേരാനേരം മെഡിസിനും ഫുഡും കൊടുത്തേക്കണം..അമ്മച്ചിയുടെ തുണിയലക്കണം. മുറിയടിച്ച് തുടച്ച് വൃത്തിയിലിടണം. അടുക്കളേലൊന്നും നീ കേറണ്ട.സിബി പറഞ്ഞില്ലായിരുന്നോ?”. നടക്കുന്നതിനിടെ സ്റ്റെല്ല ഡോക്ടർ ചോദിച്ചു. “ഉവ്വ!”. മേഘരഞ്ജിനി പറഞ്ഞു.

നിറയെ വെള്ളാരം കല്ലുകൾ നിറച്ച ചെറിയ നടുമുറ്റം കടന്ന് ഒരു വാതിലിനു മുന്നിൽ സ്റ്റെല്ല ഡോക്ടർ നിന്നു. “ഇതാണ് അമ്മച്ചീടെ മുറി.” അത് അടഞ്ഞു കിടക്കുകയായിരുന്നു. അവിടെ നിന്ന് നേരെ വടക്കോട്ട് നോക്കിയാൽ അടുക്കള വാതിൽ കാണാമായിരുന്നു. ഡോക്ടർ ജോഷി തരകൻ ഒരു ലുങ്കി മാത്രമുടുത്ത് വാതിൽക്കൽ പ്രത്യക്ഷപ്പെട്ട് മേഘരഞ്ജിനിയെ നോക്കി ചിരിച്ചു. “നിനക്കിനി എന്നായേലും ചോദിക്കാനോ അറിയാനോ ഒണ്ടോ.? മേഘരഞ്ജിനി എന്നല്ലേ പേര് ”? സ്റ്റെല്ല ഡോക്ടർ ചോദിച്ചു. മേഘരഞ്ജിനി ഒരുനിമിഷം ആലോചിച്ചു. അടുക്കളയിൽ കയറാൻ അവൾക്ക് അനുവാദമില്ല. അപ്പോൾ അമ്മച്ചിക്കുള്ള ഭക്ഷണം.? ലക്ഷണം കണ്ടിട്ട്, അടുക്കളയിൽ കാര്യമായ പാചകത്തിനു യാതൊരു സാധ്യതയുമില്ല. മറ്റു ജോലിക്കാരുമില്ല. “ഡോക്ടറെ.. അപ്പൊ,അമ്മച്ചീരെ ഭക്ഷണൊക്ക്യോ”? മേഘരഞ്ജിനി ചോദിച്ചു. “സമയാവുമ്പോ ഗേറ്റ് ൽ വരും. നിനക്കുള്ളതും ഒണ്ടാകും.വന്നാൽ അവർ ബെല്ലടിക്കും. നീ പോയി വാങ്ങിയേച്ചാ മതി”.,എന്ന് പറഞ്ഞ് ഡോക്ടർ സ്റ്റെല്ല അമ്മച്ചിയുടെ മുറിയുടെ വാതിൽ തുറന്നുകൊടുത്തു. “ചെല്ല്”. അത് മറ്റൊരാജ്ഞയായിരുന്നു.

“അവരെക്കൊണ്ട് കുക്കിംഗ്‌ കൂടെ ചെയ്യിക്കായിരുന്നില്ലേ സ്റ്റെല്ലേ..കണ്ടിട്ട് ഇത്തിരി വൃത്തീം വെടിപ്പുമുള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു.” ജോഷി ഡോക്ടർ പറഞ്ഞു. “ഒന്ന് ചുമ്മാതിരി ജോഷിച്ചാ.. കണ്ട കോളനീലെ പെണ്ണുങ്ങളെയൊന്നും ഞാനെന്റെ അടുക്കളേൽ കേറ്റുകേല..വീട്ടിൽ കേറ്റാൻ കൊള്ളാത്തതുങ്ങളാ.ഇത്‌ പിന്നെ വേറെ വഴിയില്ലാത്തത് കൊണ്ടാ....മരിയ ഒന്നിങ്ങു വന്നു കിട്ടിയാമതി എന്റെ കർത്താവേ”എന്ന് പറഞ്ഞ് സ്റ്റെല്ല മൂട് കുലുക്കിയൊരു നടത്തമായിരുന്നു. ജോഷി ഡോക്ടർ പിറകെയും. അമ്മച്ചിയുടെ മുറിയിൽ വാതിൽ ചാരി നിന്ന് മേഘരഞ്ജിനിയത് കേട്ടു. അവളുടെ നെഞ്ഞിനകത്ത് ആരോ കൊളുത്തി വലിച്ചത് പോലെയവൾക്ക് തോന്നി. എത്രയോ തവണ ഇതേ വാക്കുകൾ അവൾ കേട്ടിരിക്കുന്നു. സ്ഥലവും മനുഷ്യരും മാറുന്നു എന്ന് മാത്രം. ചിറികോട്ടി അവൾ അമ്മച്ചിക്കരികിലേക്ക് ചെല്ലുകയായിരുന്നു.

വർഷങ്ങളായി അടഞ്ഞു കിടന്ന മുറിപോലെയുണ്ടായിരുന്നു അത് . വലിയൊരു മുറി.പഴകിയ മലത്തിന്റെയും മൂത്രത്തിന്റെയും മരുന്നുകളുടെയും വിയർപ്പിന്റെയും ദുർഗന്ധം അതിനുള്ളിൽ തങ്ങി നിന്നു. മേഘരഞ്ജിനി മൂക്ക് പൊത്തി. അടഞ്ഞു കിടന്ന ജനവാതിലുകളും ഇരുണ്ട കർട്ടനുകളും വെളിച്ചത്തെ അകത്തേക്ക് കടത്താതെ തടഞ്ഞു നിർത്തി. അവൾക്ക് ശ്വാസം മുട്ടി.കിടക്കയിൽ നരച്ച വെള്ളനിറമുള്ള വിരിപ്പിൽ, തെരേസാമ്മച്ചി കിടന്നു. ക്ഷീണിച്ച് എല്ലുന്തിയ രൂപം. നിറം മങ്ങിയ ഒരുടുപ്പ്. കണ്ണുകൾ ഗുഹയിലേക്കെന്നപോലെയാണ്ട് പോയിരിക്കുന്നു. വടുക്കൾ വീണ മുഖം. വളർന്ന നഖങ്ങൾ. ജട പിടിച്ച മുടി. “എന്റെ മാതാവേ” എന്നൊരാന്തൽ മേഘരഞ്ജിനിയുടെയുള്ളിൽ തങ്ങി നിന്നു. അവൾ ആദ്യം കർട്ടനുകൾ അഴിച്ചു മാറ്റി. ജനവാതിലുകൾ തള്ളി തുറന്നു. വെളിച്ചം മുറിക്കുള്ളിലേക്ക് ഇരച്ചു കയറി. എന്തൊരു കാറ്റോട്ടം. “അമ്മച്ചീ..” അവൾ വിളിച്ചു. നൂറ്റാണ്ടുകൾ നീണ്ട ഉറക്കത്തിൽ നിന്നെന്നപോലെ തെരേസ കണ്ണു തുറന്നു. . പാട കെട്ടിയ കണ്ണുകൾ വലിച്ചു വെച്ച് , അവർ മേഘരഞ്ജിനിയെ നോക്കി.ഒരു മാലാഖയെയാണ് തെരേസ കാണുന്നത്. വെള്ളരിപ്രാവിന്റെ ചിറകുകളുള്ള, വെള്ളത്തൂവൽ കിരീടം ചൂടിയ , മേഘപ്പഞ്ഞിയുടുപ്പണിഞ്ഞ ഒരു കാവൽമാലാഖ. ‘നിന്റെയെല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെ കുറിച്ച് അവന്റെ ദൂതന്മാരോട് കൽപ്പിച്ചിരിക്കുന്നു.’എന്ന് മേഘരഞ്ജിനി ആകാശത്തിൽ നിന്ന് പറയുന്നതുപോലെ തെരേസയ്ക്കു തോന്നി.. അവൾ തെരേസാമ്മച്ചിയെ ഇരുകൈകൾ കൊണ്ട്താങ്ങിയെടുത്ത് കുളിമുറിയിലെ കസേരയിലേക്കിരുത്തി. അതിനുള്ള ഭാരമേ ആ വൃദ്ധയ്ക്കുണ്ടായിരുന്നുള്ളു . ഉണങ്ങിയ പയറു വിത്തു പോലെ ആ സ്ത്രീ ചുക്കി ചുളിഞ്ഞു പോയിരുന്നു. കിടന്നും ഇരുന്നും കുളിക്കാനുള്ള സംവിധാനങ്ങളുള്ള കുളിമുറിയാണത്. ഒരു പൈപ്പ് തിരിച്ചാൽ ചൂടു വെള്ളം വരും.മറ്റൊരു പൈപ്പിൽ തണുത്ത വെള്ളവും.മേഘരഞ്ജിനി തെരേസയുടെ ഉടുപ്പഴിച്ചു. ജട പിടിച്ച മുടി ഓരോരോ ഇഴയായി വിടർത്തിയിട്ടു. അവൾ കുളിമുറിയിൽ ചുറ്റുമൊന്ന് കണ്ണോടിച്ചു. കുഴമ്പും സോപ്പുമൊക്കെയെവിടെയെന്ന് കണ്ടുപിടിച്ചു. അവൾ അമ്മച്ചിയുടെ ദേഹത്ത് കുഴമ്പ് തേച്ചു പിടിപ്പിച്ചു. പല്ലു തേപ്പിച്ചു. ക്ലോസെറ്റിലേക്ക് താങ്ങിയിരുത്തി അപ്പിയിടീപ്പിച്ചു. അത് കഴുകി. പിന്നെ കുളിപ്പിച്ചു. ശരീരത്തിൽ ഇളം ചൂട് വെള്ളം തട്ടിയപ്പോൾ തെരേസ ഒന്ന് വിറച്ചു. അവർ സ്വബോധത്തിലേക്കുണർന്നു. രൂക്ഷമായി മേഘരഞ്ജിനിയെ നോക്കുകയാണ്. “ആര്ണിവൾ..!”.ഒരു നേർത്ത പുഞ്ചിരി ചുണ്ടിൽ പറ്റിച്ചു വെച്ച് മേഘരഞ്ജിനി അവളുടെ ജോലി തുടർന്നു. തല തുവർത്തി ദേഹം തുടച്ച് അവൾ തെരേസയെ മുറിയിലെ വീൽ ചെയറിൽ ഇരുത്തി. “കോസറി മാറ്റി വിരക്യട്ടേട്ട.. ന്നട്ട് കെടക്കാട്ടാ അമ്മച്ചീ ” അവൾ പറഞ്ഞു. അലമാരിയിൽ നിന്ന് ഒരു തൂവെള്ള ബോംബെ ഡയിങ് വിരിയെടുത്ത് അവൾ കിടക്കയിൽ വിരിച്ചു..തലയണ കവറും മാറ്റി.പിന്നെ തെരേസയെ താങ്ങിയെടുത്ത് കിടക്കയിലേക്ക് കിടത്തി. തെരേസ നഗ്നയാണ്. “അമ്മച്യേ.. മ്മക്ക്‌ ഈ ജ്യാത്യുടുപ്പോളൊന്നും വേണ്ട.. ചട്ടേമുണ്ടുമുടുക്കാം. അത്ണ് സ്റ്റൈല്”. അവൾ തെരേസയെ മുണ്ടുടുപ്പിച്ചു. മേശപ്പുറത്തിരുന്നിരുന്ന കൊന്ത കഴുത്തിലിട്ടു കൊടുത്തു.. അലമാരിയിലെ മുകളിലത്തെ കള്ളിയിൽ നിന്ന് ചന്ദനത്തിന്റെ ഗന്ധമുള്ള പെർഫ്യൂം അടിച്ചു.“ഐശ്ശ്.. ആ മോറൊന്ന് നോക്ക്യേ, ന്തൂട്ടാ ചന്തം.ഇതാര്ണ് മദർ തെരേസ്യാ ” മേഘരഞ്ജിനി അമ്മച്ചിക്കരികിലിരുന്നു.. തെരേസയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. .. “കരയ്യാ.. കരയല്ലമ്മച്ചീ..” മേഘരഞ്ജിനിയും കരച്ചിലായി.

മേഘരഞ്ജിനി വന്നതോടെ തെരേസാമ്മച്ചിയും അവരുടെ കിടപ്പുമുറിയും അടിമുടി മാറിപ്പോയി. അവിടെയിപ്പോൾ പഴകിയ മലത്തിന്റെയും മരുന്നുകളുടെയും ദുർഗന്ധമില്ല. വിയർപ്പുനാറ്റമില്ല. സദാ സമയവും ചന്ദനം മണക്കുന്നു.നിറം മങ്ങിയ ഉടുപ്പിൽ അമ്മച്ചിയെ കാണാറില്ല. പകരം അലക്കി വെളുപ്പിച്ച് മടക്കിയിസ്തിരിയിട്ട മുണ്ടും ചട്ടയുമാണ് അമ്മച്ചിയുടെ വേഷം. ഇരുണ്ട കർട്ടനുകൾക്ക് പകരം വെളുത്തതുണി കർട്ടനുകൾ സ്ഥാനം പിടിച്ചു.മുറിയിലിപ്പോൾ ഇരുട്ടില്ല. സർവ്വത്ര വെളിച്ചം. കാറ്റ് വന്ന് ആകെയങ്ങു തൊട്ടു തലോടി പോകുന്നു.കരിവീട്ടിയിൽ പണിത വർഷങ്ങൾ പഴക്കമുള്ള മേശയുടെ പുറത്ത് ഒരു വെള്ള വിരിപ്പും അതിനു മുകളിൽ ഓരോട്ട് പൂപ്പാത്രവുമുണ്ട്. ദിവസവും രാവിലെ വരുമ്പോൾ അതിൽ വെയ്ക്കാൻ ഒരു പൂവും കൊണ്ടാണ് മേഘരഞ്ജിനി വരിക. സ്റ്റെല്ല ഡോക്ടറുടെ പൂന്തോട്ടത്തിലെ പൂക്കൾ അവൾ പറിക്കാറില്ല. “വല്ല്യേ തോട്ടൊക്ക്യാണ്..ന്തൂട്ടാ കാര്യം.. കണ്ണീപിടിക്കണരൊറ്റ പൂവ് ല്ല്യ”. അവൾ പറയും. മേശപ്പുറത്ത് വലിച്ചു വാരിയിട്ട മരുന്ന് പായ്ക്കറ്റുകളില്ല. പകരം ഓരോ തരം മരുന്നും ഓരോ ഡപ്പിക്കുള്ളിലാണ്. വെളുത്ത ടൈൽ പാകിയ നിലം എപ്പോഴും വെട്ടി തിളങ്ങുന്നു. വേണമെങ്കിൽ അതിൽ മുഖം നോക്കാം. അത്രയും തിളക്കമുണ്ട്. അമ്മച്ചിയെ കാണാൻ വരുന്നവർ അതിശയിച്ചു നിന്നു.ഈ മുറിയിലേക്ക് കടക്കുമ്പോൾ എന്തൊരു ഹൃദയസമാധാനമാണിപ്പോൾ! അമ്മച്ചിയുടെ മുഖത്ത് രക്തപ്രസാദം, തെളിഞ്ഞ പുഞ്ചിരി. “അവളാള് മിടുക്ക്യാട്ടാ!” ഡോക്ടർ ജോഷി തരകൻ പറഞ്ഞു. സ്റ്റെല്ല ജോഷി തരകൻ ആഴത്തിൽ മൂളി. അമ്മച്ചിക്കിപ്പോൾ മേഘരഞ്ജിനിയെ കാണാതിരിക്കാൻ കഴിയില്ലെന്നായി. അവളോട് മിണ്ടാതിരിക്കാൻ വയ്യെന്നായി.

“ഡ്യേ. ആര്ണ്ടീ നിനക്കീ പേരിട്ടത്”? ഒരിക്കൽ തെരേസാമ്മച്ചി ചോദിച്ചു. “അതൊക്കെ വല്ല്യ കഥകള്ണ്.. അമ്മച്ചി ദ് ങ്കട് കഴിച്ചേ ” മേഘരഞ്ജിനി ഒരുപിടി ചോറ് അമ്മച്ചിയുടെ വായിൽ വെച്ച് കൊടുത്തു. അമ്മച്ചിക്കുള്ള ചോറും ചെറുപയറ് കുത്തിക്കാച്ചിയതും മേഘരഞ്ജിനി വീട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്നതാണ്. ഡോക്ടർ സ്റ്റെല്ല ജോഷി തരകന്റെ അടുക്കളയിലേക്ക് അവൾക്കിപ്പോഴും പ്രവേശനമില്ല. ജോലിക്ക് വന്ന ആദ്യത്തെ ദിവസം ഉച്ചക്ക് പന്ത്രണ്ട് മണിയായപ്പോൾ ഗേറ്റിൽ മണി മുഴങ്ങി. അവളോടി ചെന്നുനോക്കി.അവൾക്കും അമ്മച്ചിക്കുമുള്ള ഭക്ഷണവുമായി ഒരാൾ, കാത്തു നിന്നിരുന്നു. പൊതി തുറന്നപ്പോൾ അവൾ അന്തിച്ചു നിന്നു. ഇതിനു മുൻപ് ജോലിക്ക് നിന്ന തെക്കേക്കര ജ്വല്ലറിക്കാരുടെ വീട്ടിലെ,ഏറ്റവും ഇളയ സന്തതി ഇങ്ങനെയുള്ള സാധനങ്ങൾ വെട്ടി വിഴുങ്ങുന്നതവൾ കണ്ടിട്ടുണ്ട്. പിസ്സയും സാലഡും!. ഇതിലേത്ണ് അമ്മച്ചിക്ക്? “ഇത്‌ ശരിയാവില്ല്യാട്ടാ”. അവൾ പറഞ്ഞു.“ന്തൂട്ടാ ചിയ്യാ.. അവള്ടോരോ അൽക്കുൽത്ത് പരിഷ്കാരങ്ങള്.മടുത്തെറീ.. ക്ടാവേ..ഈ ചപ്പും ചവറും തിന്നിട്ട് മടുത്തെറീ. ” അമ്മച്ചി പറഞ്ഞു. “അമ്മച്ചിക്കുള്ള ചോറും കൂട്ടാനും ഞാൻ കൊണ്ടരട്ടെ?. അല്ല.. ഞാൻ കൊണ്ടന്നാ അമ്മച്ചി കഴിക്യോ?” അവൾ ചോദിച്ചു. “വെശപ്പിന് ന്തൂട്ടാണ്ടി ആളും തരോം!”

“അമ്മച്ചീരെ മരോളറിയണ്ട. ഒര്‌ജ്യായ്സാനം.. ആ സുളുങ്ങാരിരെ ഒര് പൗറാ കാണണം .. ചൊറിഞ്ഞ്ങ്കട് കേറും”. അതുകേട്ടു തെരേസ പൊട്ടിച്ചിരിച്ചു. അതുപോലൊരു ചിരി തെരേസ ചിരിച്ചിട്ട് കുറേ നാളായിരുന്നു. “മരോളെ പറഞ്ഞപ്പ അമ്മായമ്മേരെ ചിരി നോക്ക്യേ”. മേഘരഞ്ജിനിയും ചിരിച്ചു മറിഞ്ഞു.അന്നുമുതൽ അവർക്കിടയിൽ ഒരു രഹസ്യഉടമ്പടി നിലവിൽ വന്നു. അമ്മച്ചിക്കും അവൾക്കും ഉച്ചക്ക് കഴിക്കാനുള്ളത് മേഘരഞ്ജിനി പാകം ചെയ്ത് പൊതിഞ്ഞ് കെട്ടി കൊണ്ടുവരും. ചെറുപയറ് കുത്തികാച്ചിയത്, കൂർക്കയിട്ട ബീഫ് കറി, മത്തി മുളകിട്ട് വറ്റിച്ചത്, പപ്പട ചമ്മന്തി, ഉണക്കമീൻ വറുത്തത്, ..ചോറിൽ കുഴച്ചോ കഞ്ഞിക്കൊപ്പമോ അവൾ അമ്മച്ചിയുടെ വായിൽ വെച്ചു കൊടുക്കും. തെരേസയുടെ വയറല്ല, മനസ്സാണ് നിറയുന്നത്.സ്റ്റെല്ല,ഓർഡർ ചെയ്ത് ഡെലിവറിക്കാരൻ ചെറുക്കൻ കൊണ്ട് വരുന്ന വായിൽകൊള്ളാത്ത പേരുള്ള സാധനങ്ങളൊക്കെ തിരിച്ച് പോകുമ്പോൾ അവൾ സഞ്ചിയിലിട്ട് കൊണ്ട് പോയി ചേരിയിലെ കുട്ടികൾക്ക് കൊടുക്കും. അവരുമറിയട്ടെ പത്രാസുകാരന്റെ രുചി.അ ആാാ!

“നീ പറഞ്ഞേറീ നിന്റപ്പനിട്ട പേര്ണ്” മേഘരഞ്ജിനി ന്ന്? തെരേസ പിന്നെയും ചോദിച്ചു.
“അപ്പനാ.. ഏതപ്പൻ? മ്മടെ ദേവമാതേലെ കോൺസിസ സിസ്റ്ററിട്ട പേര്ണ്..”!
മേഘരഞ്ജിനിയ്ക്ക് അവളുടെ അപ്പനും അമ്മച്ചിയും ആരെന്നറിയില്ല. എവിടെ നിന്നോ അവൾ ഒരിക്കൽ ആ ചേരിയിൽ എത്തിപ്പെടുകയായിരുന്നു.റെയിൽ പാളത്തിൽ നിന്ന് പാട്ട പെറുക്കിയിരുന്ന, മുതുകു വളഞ്ഞ, വെള്ളിത്തലമുടിയുള്ള, പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന ഒരു തള്ളയെ മാത്രമേ അവൾക്കോർമ്മയുള്ളൂ. ഇടയ്ക്ക് തള്ള ദേവമാതാ കോൺവെന്റിലും അതിനോട് ചേർന്നുള്ള അനാഥാലയത്തിലും പുറം പണിക്ക് പോകും. കൂടെ മേഘരഞ്ജിനിയും പോകും. മേഘരഞ്ജിനിക്ക് അന്ന് വരേയ്ക്കും ഒരു പേരില്ലായിരുന്നു. അവളുടെ ജന്മത്തിനുതന്നെ പ്രസക്തിയില്ല, പിന്നെയല്ലേ ഒരു പേര്.! തള്ള അവളെ ‘ഡ്യേ ഡ്യേ’ എന്ന് മാത്രമേ വിളിച്ചിരുന്നുള്ളൂ.ആ വിളിയിൽ സ്നേഹമോ വാത്സല്യമോ ഉണ്ടായിരുന്നോ എന്നുപോലും അവൾക്ക് ഓർത്തെടുക്കാനാവുന്നില്ല. എങ്കിലും സ്നേഹത്തോടെയായിരുന്നു അവർ അവളെയെങ്ങനെ വിളിച്ചിരുന്നത് എന്ന് വിശ്വസിക്കാനായിരുന്നു അവൾക്കിഷ്ടം. തള്ള കോൺവെന്റിന്റെ മുറ്റത്തെ പുല്ല് പറിക്കുമ്പോഴും അനാഥാലയത്തിലേക്ക് വേണ്ട തേങ്ങ പൊതിക്കുമ്പോഴും വാടിയ ചെമ്പകപ്പൂ പെറുക്കി തലയിൽ ചൂടിയും കൊഴിഞ്ഞു വീണ ലൂബിക്ക പെറുക്കി വായിലിട്ട് നുണഞ്ഞും മേഘരഞ്ജിനി അവിടെ ചുറ്റി കറങ്ങി നടക്കും. ഇടയ്ക്കവൾ അനാഥാലയത്തിന്റെ ജനവാതിലിലൂടെ അകത്തേക്കെത്തി നോക്കും. അപ്പോൾ വെള്ള ശിരോവസ്ത്രം ധരിച്ച അമ്മമാരെ കാണാം. ചിലപ്പോൾ രൂപക്കൂടിനു മുന്നിൽ അവർ മുട്ട് കുത്തി നിൽക്കുകയാവും. പ്രാർത്ഥിക്കുകയാണ്..അങ്ങനെ നോക്കി നിന്ന ഒരു ദിവസമാണ് കോൺസിസ സിസ്റ്റർ അവളെ കണ്ടുപിടിച്ചത്. വട്ട കണ്ണട വെച്ച ആകാശനീല ഉടുപ്പും വെള്ള ശിരോവസ്ത്രവുമണിഞ്ഞ കോൺസിസ സിസ്റ്ററുടെ മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയുണ്ടാകും. “ഇവിടെ വാ”. സിസ്റ്റർ അവളെ അകത്തേക്ക് വിളിച്ചു. അവൾ അകത്തു കയറി. “എന്താ പേര്?” സിസ്റ്റർ ചോദിച്ചു. “അറിയില്ല്യ.. ആ തള്ളേരെ കൂടെ വന്നതാ” അവൾ പറഞ്ഞു. കോൺസിസ സിസ്റ്റർ അവളുടെ നെറുകയിൽ തലോടി പറഞ്ഞു “തള്ള എന്നൊന്നും വിളിക്കരുത്.സ്നേഹത്തോടെ അമ്മ, അല്ലെങ്കിൽ അമ്മച്ചി എന്ന് വിളിക്കണം, കേട്ടോ”. ആദ്യമായിട്ടായിരുന്നു വാത്സല്യത്തോടെ, അതിരില്ലാത്ത സ്നേഹത്തോടെ ഒരാൾ അവളെ തലോടുന്നത്.അവൾക്ക് കരച്ചിൽ വന്നു. “നിനക്ക് പേരില്ല അല്ലേ.. എങ്കിൽ ഞാനൊരു പേരിട്ടു തരട്ടെ. ഇന്ന് മുതൽ നീ മേഘരഞ്ജിനിയാണ്. മറ്റുള്ളവരിൽ,സ്നേഹം മഴപോലെ ചൊരിയുന്നവളാകട്ടെ നീയിനി മുതൽ. കാരുണ്യത്തിന്റെ ഏറ്റവും നേർത്ത തലോടൽ!.” സിസ്റ്റർ പറഞ്ഞതൊന്നും അവൾക്ക് മനസ്സിലായില്ല. എങ്കിലും അവൾക്കാ പേരിഷ്ടമായി. രൂപക്കൂട്ടിലെ അമ്മയെ നോക്കി അവൾ ചോദിച്ചു. “അതാര്ണ്..”?

“അതോ.. തമ്പുരാന്റെ അമ്മ. മദർ മേരി.”.സിസ്റ്റർ പറഞ്ഞു.മേഘരഞ്ജിനിക്കൊരു ദൈവമുണ്ടായിരുന്നില്ലല്ലോ.അന്ന് മുതൽ അവൾ മാതാവിനെ വിളിച്ചു തുടങ്ങി. “നന്‍മനിറഞ്ഞ മറിയമേ സ്വസ്തി! കര്‍ത്താവ്‌ അങ്ങയോടുകൂടെ, സ്ത്രീകളില്‍ അങ്ങ്‌ അനുഗ്രഹിക്കപ്പെട്ടവളാകുന്നു‍. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ; തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിക്കണമെ, ആമ്മേന്‍.!” കോൺസിസ സിസ്റ്ററാണ് നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന അവൾക്ക് പറഞ്ഞു കൊടുത്തത്.

അന്ന് രാത്രി ചേരിപ്പുറത്തെ റെയിൽ പാളത്തിനടുത്ത് ചെന്ന് നിന്ന് ഗുഡ്സ് വണ്ടി കടന്നു പോകുന്ന ശബ്ദത്തിലേക്ക് അവൾ അവളുടെ പേരുറക്കെ വിളിച്ചു കൂവി “മേ... ഘാ... ര.. ഞ്ജി.....നി....”
ഇനി മുതൽ അവൾക്കൊരു പേരുണ്ട്.അവൾക്കൊരു വിലാസമുണ്ട്. അവളുടെ ജന്മത്തെ ആർക്കുമിനിയങ്ങനെ ചോദ്യം ചെയ്യാനാവില്ല.
“നീയൊരു മഴയാണ്റീ ക്ടാവേ.. കാരുണ്യത്തിന്റെ മഴ” വറ്റു പുരണ്ട മേഘരഞ്ജിനിയുടെ വിരലുകളിൽ മുത്തി അത് പറയുമ്പോൾ തെരേസയുടെ കാഴ്ച കണ്ണീരുകൊണ്ട് മറഞ്ഞു പോയി.

രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് ഏഴു വരെയാണ് മേഘരഞ്ജിനിയുടെ ജോലി സമയം. എന്നാൽ അവൾ രാവിലെ എട്ടു മണിയാകുമ്പോഴേ തരകൻ ഡോക്ടറുടെ വീട്ടിലെത്തും. ജോഷി തരകൻ പാലിൽ കോൺഫ്ലേക്‌സ്‌ ഇട്ട് മേശപ്പുറത്തു മൂടി വെക്കും. അത് അമ്മച്ചിക്ക് കോരികൊടുക്കുന്നത് മുതൽ മേഘരഞ്ജിനിയുടെ ജോലി തുടങ്ങുകയായി. ഡോക്ടറും ഭാര്യയുമുടനെ ആശുപത്രിയിലേക്ക് പുറപ്പെടും. പിന്നെ വൈകുന്നേരമേ വരൂ. അതുവരെ മേഘരഞ്ജിനിയും അമ്മച്ചിയും മാത്രമാണ് വീട്ടിലുണ്ടാവുക. പണ്ടൊക്കെ അമ്മച്ചിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ചുണ്ട് ഒരു വശത്തേക്ക് കോടി പോകുമായിരുന്നു. ഇപ്പോൾ അത്തരം പ്രശ്നങ്ങൾ ഒന്നുമില്ല. പ്രാതൽ കഴിഞ്ഞ് ഒരു മണിക്കൂറാവണം, അപ്പോഴാണ് കുഴമ്പ് തേച്ചുള്ളകുളി. കുളി കഴിഞ്ഞ് അമ്മച്ചിയെ പുത്തൻ മുണ്ടുടുപ്പിച്ച് മാറ്റിയിട്ട തുണിയും കിടക്കവിരിയും അവൾ അലക്കി വെളുപ്പിക്കും. അപ്പോഴേക്കും ഉച്ചയാകും. ഉച്ചയാകുന്നത് കാത്തിരിക്കുകയാവും തെരേസ. രുചിയുള്ള ഭക്ഷണം കഴിക്കാം. അതിനിടെ മേഘരഞ്ജിനിയും തെരേസയും നിർത്താതെ കഥകൾ പറയും.ഏഷണി പരദൂഷണങ്ങളുടെ കെട്ടഴിക്കും. ഇത്രയുംകാലം അവർക്ക് പരസ്പരം കേൾക്കാൻ ഒരാൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഊണു കഴിഞ്ഞാൽ അമ്മച്ചിയ്ക്ക് ഉറക്കം പതിവുണ്ടായിരുന്നു. മേഘരഞ്ജിനി വന്നതോടെ ആ ശീലവും മാറി. ഉച്ചയുറക്കത്തിന്റെ നേരത്താണ് തെരേസ അവരുടെ പോയകാലം അയവിറക്കുക. വൈകുന്നേരത്തേക്കുള്ള ചായ മേഘരഞ്ജിനി ഫ്ലാസ്കിൽ നിറച്ചു കൊണ്ട് വന്നിട്ടുണ്ടാകും. ചൂടു വിട്ടുപോയെങ്കിൽ അമ്മച്ചിയുടെ മുറിയിലിരിക്കുന്ന കെറ്റിലിൽ ഒഴിച്ച് അവളത് ചൂടാക്കി കൊടുക്കും. ഏഴു മണി വരെയാണ് ജോലി സമയമെങ്കിലും ഏഴരയോ എട്ടുമണിയോ ഒക്കെയാകുമ്പോഴേ അവൾ പോവുകയുള്ളൂ. അപ്പോഴേക്കും സ്റ്റെല്ല ജോഷി തരകൻ മടങ്ങി വന്നിരിക്കും. അത്രയും നാൾ ആ വീട്ടിൽ ജോലി ചെയ്തിട്ടും ഡോക്ടർ ജോയൽ ജെ തരകനെ മാത്രം മേഘരഞ്ജിനി കണ്ടിട്ടില്ല. പുറംനാട്ടിൽ എവിടെയോയാണെന്ന് കേട്ടു. ഏത് രാജ്യത്താണെന്ന് അവൾക്കോർമ്മയില്ല. അതവളുടെ വിഷയമല്ല.മേഘരഞ്ജിനി പോകാൻ സമയമാകുമ്പോഴേക്കും അമ്മച്ചിയുടെ മുഖത്ത് സൂര്യൻ അസ്തമിച്ചു തുടങ്ങും. പിന്നെ പിന്നെ പതുക്കെ ഇരുട്ട് പരക്കും.. “എവിടിക്ക്ണീ നിയീ ഓടി പോണെ. ഇവടെ നിന്നൂററി നിനക്ക് രാത്രി.?” തെരേസ കിടന്ന കിടപ്പിൽ മുഖം വീർപ്പിച്ചു ചോദിക്കും. രാത്രിയിൽ അവിടെ ഒരാളുടെ സഹായം വാസ്തവത്തിൽ ആവശ്യമില്ല . ജോഷി തരകൻ കൃത്യം ഏഴു മണിയാകുമ്പോൾ ഓട്സ് കുറുക്കി കൊണ്ട് വരും. അത് അമ്മച്ചിയെ കുടിപ്പിച്ച്, വായ കഴുകിപ്പിച്ച് മൂത്രമൊഴിപ്പിച്ച്, മരുന്ന് കൊടുത്തു കിടത്തിയാൽ മേഘരഞ്ജിനിയുടെ ജോലി കഴിഞ്ഞു.പിന്നെ അമ്മച്ചി ഉറക്കമാകും. രാവിലെയേ ഉണരൂ. ഇരുട്ടിൽ അവൾ അലിഞ്ഞു പോകുന്നത് ചിലപ്പോൾ ജോഷി തരകൻ നോക്കി നിൽക്കാറുണ്ട്. അപ്പോഴും സ്റ്റെല്ല ജോഷി തരകനെ പുറത്തെവിടെയും കാണില്ല. മേഘരഞ്ജിനിക്ക് ഇരുട്ടിനെ പേടിയില്ല. അവൾ സ്വയം ഒരു വെളിച്ചമാണ്.

“അവനോന്റെ കുടുമ്മത്ത് കെടന്നൊറങ്ങ്ണ്ത്ണ് സുഖം” മേഘരഞ്ജിനി പറയും. ചേരിയുടെ വടക്കേ അറ്റത്തെ, പാളത്തിന്‌ തൊട്ടടുത്ത ഒറ്റമുറി കുടിൽ അവളുടെ വീടാണോ എന്ന് ചോദിച്ചാൽ, അതവൾക്കുറപ്പില്ല. പാട്ട പെറുക്കി ക്ഷീണിച്ചുവന്ന് തള്ള അതിനകത്ത് കേറി കിടക്കും. മണ്ണിൽ,ഒരു മുറിപ്പായ അവൾക്കും വിരിച്ചു കൊടുക്കും. അതിലിരുന്ന് അവൾ പാഠപുസ്തകം വായിക്കും. “തൊടങ്ങി അവള്ടെ തൊള്ളോറക്കല്.. നീ കളറ്റുരുദ്യോഗത്തിന് പോവ്ണ്? ഒന്ന് മിണ്ടാണ്ടിരിക്കറി ജന്തു! നീയ്യ്” തള്ള അലറും. പിന്നെ ഉറങ്ങിപ്പോകും.കോൺസിസ സിസ്റ്ററാണ് അവളോട് സ്കൂളിൽ ചേർന്ന് പഠിക്കാൻ പറഞ്ഞത്. വലിയ വീട്ടിലെ കുട്ടികൾ ഫീസ്കൊടുത്ത് പഠിക്കുന്ന എണ്ണം പറഞ്ഞ സ്കൂളാണ്. “നിന്നെ ഞാൻ പഠിപ്പിച്ചോളാം”. കോൺസിസ സിസ്റ്റർ പറഞ്ഞു. അങ്ങനെ മേഘരഞ്ജിനി ചേരിയിൽ നിന്ന് ദേവമാതയിൽ പോയി പഠിക്കുന്ന ആദ്യത്തെ കുട്ടിയായി. ചേരിയിലെ മറ്റു കുട്ടികൾക്ക് മുന്നിൽ അവളൊരു രാജകുമാരിയായി. കോൺസിസ സിസ്റ്റർ വാങ്ങിച്ചു കൊടുത്ത പുതിയ യൂണിഫോമും തോൾ ബാഗുമൊക്കെയായി അവൾ പത്രാസു കാണിച്ചു നടന്നു. ദേവമാതയുടെ ഗേറ്റിൽ സിസ്റ്റർ അവളെ കാത്തു നിന്നു. “ ഈ സിസ്റ്റർക്കിത് എന്തിന്റെ കേടാണ്” എന്നായിരുന്നു മറ്റുള്ളവർക്ക്. ക്ലാസ്സിൽ ആരും മേഘരഞ്ജിനിക്കൊപ്പമിരുന്നില്ല. ഒരു നികൃഷ്ട ജീവിയോടെന്നപോലെ അവർ, അവളെ അവജ്ഞയോടെ മാത്രം കണ്ടു. “അവൾക്ക് തീട്ടത്തിന്റെ മണാ.. ശവം. പോ അവിടെന്ന്” മറ്റു കുട്ടികൾ അവളെയാട്ടിയകറ്റി.. മേഘരഞ്ജിനി അവളുടെ വ്യസനം കോൺസിസ സിസ്റ്ററോട് പറഞ്ഞു. പിറ്റേന്ന് അവളുടെ ക്ലാസ്സിൽ, അവളുടെ ബെഞ്ചിൽ അവൾക്കൊപ്പം സിസ്റ്റർ ചെന്നിരുന്നു. അധ്യാപകർ സിസ്റ്റർക്ക് മുന്നിൽ നിന്ന് ക്ലാസ്സെടുത്തു. “നിന്റെയൊപ്പം ആരുമുണ്ണാൻ ഇരുന്നില്ലെങ്കിലെന്താ. ഞാൻ ഇരിക്കും”.അവളെ സിസ്റ്റർ ഓഫീസ് മുറിയിലേക്ക് കൊണ്ടുപോയി. അവർ ഒന്നിച്ചുണ്ടു. മറ്റു കുട്ടികളുടെ രക്ഷിതാക്കൾ ഒടുവിൽ പരാതിയുമായെത്തി. “ആ കോളനീലെ പെണ്ണ്ള്ളിടത്ത് ഞങ്ങടെ ക്ടാങ്ങളെ ഞങ്ങള് പഠിപ്പിക്കില്ല്യാട്ടാ”.! സഭ കടുത്ത തീരുമാനമെടുത്തു. മേഘരഞ്ജിനിയിനി ദേവമാതയിൽ പഠിക്കേണ്ട. പാവാടത്തുമ്പുകൊണ്ട് കണ്ണീർ തുടച്ച് ഏങ്ങിയേങ്ങി ദേവമാതയുടെ പടിയിറങ്ങി പോകുന്ന മേഘരഞ്ജിനിയെ ജനലഴികൾക്കിടയിലൂടെ കോൺസിസ സിസ്റ്റർ നോക്കി നിന്നു. തോറ്റു കൊടുക്കാൻ സിസ്റ്റർ തയ്യാറല്ലായിരുന്നു. സ്ഥലംമാറ്റം കിട്ടി പോകും വരെ ഞായറാഴ്ചകളിൽ ചേരിയിൽ ചെന്ന് സിസ്റ്റർ മേഘരഞ്ജിനിയെ പഠിപ്പിച്ചിരുന്നു. സിസ്റ്റർ സ്ഥലം മാറി പോയപ്പോൾ അവളുടെ പഠിത്തം നിന്നു, അവൾ വലിയ ലോകത്തിൽ തനിച്ചായിപ്പോയി. പക്ഷേ അങ്ങനെയൊരു ദിവസം കിടന്ന കിടപ്പിൽ തള്ള മരിച്ചു പോയപ്പോഴാണ് അവൾ കൂടുതൽ കൂടുതൽ തനിച്ചായതെന്ന് അവൾക്ക് മനസ്സിലായത് .ആരുമല്ലെങ്കിലും ആ വൃദ്ധ അവൾക്കാരൊക്കെയോ ആയിരുന്നു .അന്ന് മുതൽ മേഘരഞ്ജിനിയാ കുടിലിന്റെ അവകാശിയായി മാറി. ഒരിക്കൽ പുറത്താക്കപെടുമെന്ന് അവൾക്കറിയാം. അവൾ പുറംപോക്കുകാരിയാണ്.. ഈ ഭൂമിയിൽ അവകാശങ്ങൾ ഇല്ലാത്തവൾ, സ്വന്തമായി ആരുമില്ലാത്തവൾ, എങ്കിലുമത് അവളുടെ വീടാണ്. അവളുടെ ലോകം!

തരകൻ ഡോക്ടറുടെ വീട്ടിൽ കിടന്നാൽ അവൾക്കുറക്കം വരില്ല. ശ്വാസം മുട്ടും. അവൾക്കുറങ്ങണമെങ്കിൽ തീവണ്ടി ശബ്ദം കേൾക്കണം, അത് കടന്നു പോകുമ്പോഴുള്ള ഭൂമികുലുക്കമറിയണം. അതാണവളുടെ താരാട്ട്. പണിയെടുത്ത് കൂലിയുമായി വീട്ടിൽ കയറി ചെല്ലുന്നതിന്റെ സുഖം അവളെ മദിപ്പിക്കുന്നു. എങ്കിലും ഒരു വ്യസനം മാത്രം അവളിൽ ബാക്കിയാണ്. കാത്തിരിക്കാൻ ഒരാളില്ലെങ്കിൽ പിന്നെ ജീവിതത്തിന് എന്താണർത്ഥം? “ആരൂല്ല്യാത്തത്ണ്ടീ ക്ടാവേ നല്ലത്. ആര്യോക്കെണ്ടായാലും മ്മളെപ്പഴും ഒറ്റയ്ക്കണ്.. അതറിയോ നിന്ക്ക്..”.തെരേസ പറഞ്ഞു. “വെള്ളേപ്പങ്ങാടീല് വെള്ളേപ്പണ്ടാക്കി വിറ്റിട്ടണ് ഞാനീ നാലെണ്ണത്തിനെ വളർത്തി വലുതാക്കീത്. നീയ്ത് കേക്ക്. ഉമ്മറത്ത് കെട്ടി തൂങ്ങി ഒരൊറ്റ പോക്കാ പോയതാ അങ്ങോര്.നെറ്റീമ്മെ കുരിശ് പോറാന് ഒരണയിണ്ടാർന്നില്ല.നേരം വെളുത്ത് അന്ത്യാവോളം തൂറോളം പണിട്ത്തിട്ടണ് ഓരോന്നിനെ ഓരോ വഴിക്കാക്കീത്.. ന്നട്ടോ. ഇപ്പൊ വല്ലോരിണ്ടാ. വല്ലോരും തിരഞ്ഞോക്ക്ണ്ടാ?പേരിന് നോക്കീന്ന് വരുത്ത്യ മതീലോ. അവൻ പാവ്ണ്.. പക്ഷേ അവളണ്ടല്ലോ..നീ ഇത്‌ കേൾക്കടിവളെ.. കഴുത്തില് കെടന്നിരുന്ന ഇത്തിരിക്കോണം പൊന്ന് വിറ്റിട്ട്ണ് ഞാൻ അവനെ ഡോക്ടറ് പഠിപ്പിച്ചത്.ന്നട്ട് ഒരു തരി പൊന്നിന്,... ഒരു നൂല് മതീന്ന് പറഞ്ഞത്ണ് ഞാൻ... അവളെന്തൂട്ടപ്പാ പറഞ്ഞെന്നറിയോ നിനക്ക് -.. മ്മ്മ്മ്.. വേണ്ടാ. പറഞ്ഞാ കൂടിപ്പൂവൊള്ളൂ “ തെരേസ കലികൊണ്ടു. “ഒറ്റയ്ക്കാവണ്ത്ണ്ടീ നല്ലത്..” അവർ കണ്ണുകളടച്ചു കളഞ്ഞു. അത് തെരേസയുടെ പ്രതിഷേധമാണ്.കാത്തിരിക്കാൻ ഒരാൾ മേഘരഞ്ജിനിയ്ക്കുണ്ടായിരുന്നു. അവൾക്ക് കദമ്പനെ ഓർമ്മ വന്നു.എത്രയോ രാത്രികളിൽ ചോര നീരോട്ടമുള്ള ഹൃദയവുമായി അയാൾക്ക്‌ വേണ്ടിയവൾ കാത്തിരുന്നിട്ടുണ്ട്.,.അവൾക്ക് കിടന്നിട്ടുറക്കം വന്നില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഒന്ന് കണ്ണടഞ്ഞപ്പോൾ അവൾ ഒരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിന് ചെണ്ടുമല്ലി പൂക്കളുടെ ഗന്ധമായിരുന്നു. ഓരോണക്കാലത്താണ് മൈസൂര് നിന്ന് പൂക്കളുമായി തേക്കിൻകാടെത്തിയ കദമ്പനെ മേഘരഞ്ജിനി കാണുന്നത്. അവൾക്കന്ന് ഇരുപത്തിനാല്, തൊട്ടാൽ പൊട്ടുന്ന പ്രായം. മുടിയിൽ ചൂടാൻ ചെണ്ടുമല്ലി കൊടുത്ത് കൊടുത്തങ്ങനെകദമ്പൻ അവളെ വളച്ചെടുത്തു. ഓണം കഴിഞ്ഞിട്ടും കദമ്പൻ നാടുപിടിച്ചില്ല,ഇവിടെത്തന്നെയങ്ങു കൂടി. പിന്നെ പൊറുതിയവളോടൊപ്പമായി. മേഘരഞ്ജിനിക്കത് ഹൃദയംകൊണ്ടെഴുതിയ പ്രണയമായിരുന്നു, കദമ്പനതങ്ങനെയല്ലെന്ന് തിരിച്ചറിയാൻ അവൾക്കാറേഴു കൊല്ലമെടുത്തു എന്ന് മാത്രം. അതിനിടയിൽ കഞ്ചാവിന്റെ ഇടപാടുകളുമായി കദമ്പൻ വളർന്നുപന്തലിച്ചു വൻവൃക്ഷമായി മാറിയിരുന്നു. കദമ്പനെയന്വേഷിച്ച് പോലീസ് ചേരിയിൽ കയറിയിറങ്ങി, ഉഴുതുമറിച്ചു. ഒടുവിൽ മടിക്കുത്തിൽ പോലീസിന്റെ പിടിവീണപ്പോൾ അവൾക്ക് സഹികെട്ടു. കദമ്പൻ ഒളിച്ചിരിക്കുന്ന സ്ഥലം അവൾ പോലീസിന് കാണിച്ചു കൊടുത്തു. “നിന്നെ ഞാനെടുത്തോളാടീ കൂത്തിച്ചി!”അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ കന്നട കലർന്ന മലയാളത്തിൽ അയാളവളെ ഭീഷണിപ്പെടുത്തി.കദമ്പൻ പിന്നെ തിരിച്ചു വന്നില്ല. അയാൾ എവിടെ പോയെന്നാർക്കുമറിയുകയുമില്ല സ്വപ്നത്തിൽ അവൾ കദമ്പനെ കണ്ടു. തന്റെമേൽ ചാടി വീഴാൻ ഇരുട്ടിൽ ഒളിച്ചിരിക്കുകയാണയാൾ . വലിയൊരലർച്ചയോടെ മേഘരഞ്ജിനി ഞെട്ടിയുണർന്നു. അവളടിമുടി വിയർത്തു.തലയിണക്കടിയിൽ കരുതിയ വെട്ടുകത്തി അവിടെ തന്നെയുണ്ടെന്ന് അവൾ ഉറപ്പുവരുത്തി. അവൾക്ക് പനി പിടിച്ചു.. പനി കാരണം പിറ്റേന്നവൾ തരകൻ ഡോക്ടറുടെ വീട്ടിൽ ജോലിക്ക് പോയില്ല. അവൾ അമ്മച്ചിയെ കണ്ടില്ല.,മേഘരഞ്ജിനിയെ കാണാതെ തെരേസ വീർപ്പുമുട്ടിച്ചാകുമെന്നായി.

കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് നാല് മാസങ്ങൾ കടന്നു പോയത്. അതിനിടെ മേഘരഞ്ജിനിയെ പിരിഞ്ഞിരിക്കാൻ തെരേസയ്ക്കു കഴിയില്ലെന്നായി. “മറ്റന്നാൾ മുതൽ മരിയ വരും. നീ നാളെയും കൂടി വന്നാൽ മതി”.ഡോക്ടർ സ്റ്റെല്ല ജോഷി തരകൻ പറഞ്ഞു. അവൾ തലയാട്ടി..“നീ പുവ്വായി ല്ലേ മോളെ?” തെരേസ ചോദിച്ചു..തെരേസയുടെ തൊണ്ടക്കുഴിയിൽ വ്യസനം തങ്ങി നിന്നു. അതുപൊട്ടി പുറത്തേക്കൊഴുകിയില്ല. അന്നത്തെ പകൽ മുഴുവൻ ശോകമൂകമായിരുന്നു . അമ്മച്ചിയും മേഘരഞ്ജിനിയും പരസ്പരം സംസാരിച്ചില്ല. അവർക്കിടയിൽ മൗനം കെട്ടിക്കിടന്നു.രാത്രി ഓട്സ് കുടിപ്പിച്ച്, മരുന്ന് കൊടുത്ത് അമ്മച്ചിയെ കിടത്തി മേഘരഞ്ജിനി അവളുടെ സഞ്ചിയിൽ നിന്ന് ഒരു പൊതി പുറത്തേക്കെടുത്തു. തെരേസ അവളെത്തന്നെ നോക്കി കിടക്കുകയായിരുന്നു. പൊതിക്കുള്ളിൽ ഒരു പേഴ്സായിരുന്നു. അവൾ അത് തുറന്നു.മുക്കാൽ പവന്റെ സ്വർണമാല അതിൽ നിന്നെടുത്ത് അവൾ അമ്മച്ചിയുടെ കഴുത്തിലണിയിച്ചു. “കുറിക്കാശ് കിട്ടീപ്പൊ വാങ്ങീത്ണ്.. വല്ല്യ കനത്തിലൊന്ന്വല്ലാട്ടമ്മച്ചീ..മുക്കാ പവനൊള്ളു. ഇതിനൊള്ളതെ ണ്ടാർന്നൊള്ളു. വാങ്ങിച്ച് കൊടക്കാനും വാങ്ങിച്ച് തരാനും മ്മക്ക് ജീവിതത്തിലാരെങ്കിലൊക്കെ വേണ്ടേ.. യ്ക്ക് അമ്മച്ചി മാത്രോള്ളോട്ടാ”! അവൾ പറഞ്ഞു. തെരേസ പൊട്ടി കരഞ്ഞു. കൈകളുയർത്തി മേഘരഞ്ജിനിയെ വാരിപ്പുണരണമെന്ന് തെരേസ അതിയായി ആശിച്ചു. പക്ഷേ, അവർക്കതിന് കഴിയില്ല. പുറത്ത്, ഓർക്കാപ്പുറത്ത് പേമാരി ചൊരിഞ്ഞു. ഇടിയും മിന്നലും കാറ്റും മഴയും. വിരല് വെച്ചാൽ മുറിഞ്ഞു പോകുന്ന മഴ.,തോരാത്ത മഴ! “ഈ മഴയത്ത് അവളെ പറഞ്ഞു വിടണ്ട. ഒരു രാത്രിയല്ലേ.. അമ്മച്ചിയുടെ മുറിയിൽ കിടന്നോട്ടെ .. അല്ലേ സ്റ്റെല്ലേ?” ഡോക്ടർ ജോഷി തരകൻ ചോദിച്ചു.സ്റ്റെല്ല ജോഷി തരകൻ സമ്മതിച്ചു. അതുകൊണ്ട് ആ രാത്രി മേഘരഞ്ജിനി അമ്മച്ചിക്കൊപ്പമുറങ്ങി.അവൾ ഒരു ഷീറ്റ് നിലത്തു വിരിച്ചു. നിലത്ത് കിടക്കാതെ കട്ടിലിൽ കയറി കിടക്കാൻ തെരേസ നിർബന്ധിച്ചു. അവൾ അമ്മച്ചിക്കരികിൽ കട്ടിലിൽ കയറി കിടന്നു. അമ്മച്ചിയെ കെട്ടി പിടിച്ചു. പിന്നെ കരച്ചിലായി. “എടി മോളേ..”!തെരേസ അവളെ ഹൃദയം കൊണ്ട് പൊതിയുകയാണ്. “നമ്മിളിനി കാണോറീ”? തെരേസ ചോദിച്ചു.

“ദൈവത്തിന്‍റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്‍പ്പിച്ച വിശ്വാസമുള്ള എന്‍റെ കാവല്‍ക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങയെ ഞാന്‍ വാഴ്ത്തുന്നു. അയോഗ്യനായ എന്നെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കുകയും ആത്മാവിനേയും ശരീരത്തേയും കാത്തുരക്ഷിക്കയും ചെയ്യുന്ന അങ്ങേക്ക് ഞാനെത്രയോ കടക്കാരനാകുന്നു. ഞാന്‍ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്‍ക്കുവാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താവിനെ സദാകാലം സ്തുതിക്കാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏല്പിച്ചിരിക്കുന്നു!
ആമ്മേന്‍” തെരേസ ആത്മാവിൽ പ്രാർത്ഥിച്ചു.

മേഘരഞ്ജിനി കത്തുന്ന വെയിലിലേക്കിറങ്ങുകയാണ്. അവൾ ഇനി തെരേസാമ്മച്ചിയെ കാണില്ല.മരിയ ജോലിയേറ്റെടുത്തിരിക്കുന്നു.ഒരു കെട്ട് നോട്ട് കൈയിൽ പിടിച്ച് സ്റ്റെല്ല ജോഷി തരകൻ അവളെ പുറകിൽ നിന്ന് വിളിച്ചു. മേഘരഞ്ജിനി തിരിഞ്ഞുനോക്കി. “ഇതെന്നാ. ശമ്പളം മേടിക്കാതെ പോവാന്നോ”? സ്റ്റെല്ല ഡോക്ടർ ചോദിച്ചു. “നാല് മാസത്തേങ്കൂടി ഒരുമിച്ച് തന്നേച്ചാ മതീന്ന് നീ തന്നെയല്ലേ പറഞ്ഞെ”! സ്റ്റെല്ല പണം അവൾക്ക് നേരെ നീട്ടി.

“വേണ്ട മാഡം..അമ്മച്യേ നോക്ക്യേന് ഞാൻ കൂലി വാങ്ങില്ല്യ മാഡം.ഇത്‌ തമ്പുരാന്റെ കണക്കിലിരിക്കട്ടെ. അത്ണ് അതിന്റെ ശരി.!” മേഘരഞ്ജിനി ഇറങ്ങി നടന്നു. നീട്ടിപ്പിടിച്ച കൈയുമായി സ്റ്റെല്ല ജോഷി തരകൻ അന്തിച്ചു നിന്നു. അവൾ മേഘരഞ്ജിനിയാണ്. കാരുണ്യത്തിന്റെ ലോലമായ തലോടൽ, കാവൽ മാലാഖ.! പക്ഷേ അവൾക്ക് കാവൽ ആരുണ്ട്.?
ചേരി ഒരു യുദ്ധക്കളം പോലെയായി തീർന്നിരുന്നു. തലേന്നത്തെ കാറ്റിലും മഴയിലും വലിയൊരു വാകമരക്കൊമ്പ് ഒടിഞ്ഞു വീണ് വീടുകൾ തകർന്നു പോയിരുന്നു.പാത്രങ്ങൾ ചിതറി കിടന്നു.പെരുച്ചാഴികൾ പാത്രങ്ങൾക്ക് മീതെ ചാടി മറിയുന്നു. നനഞ്ഞ തുണികൾ അങ്ങിങ്ങായി ചിതറി കിടക്കുന്നു..മേൽക്കൂരകൾ പറന്നു പോയ വീടുകൾ നഗ്നരാക്കപ്പെട്ടത് പോലെയുണ്ടായിരുന്നു.അഴുകിയ വെള്ളം തളം കെട്ടി കിടന്നു. പകൽ മാഞ്ഞു. വെയിലാറി. കിളികൾ കൂട്ടത്തോടെ ചേക്കേറി. ഇരുട്ട് പരന്നു. മേഘരഞ്ജിനി തലയിണക്കടിയിൽ നിന്ന് വെട്ടുകത്തി പുറത്തെടുത്ത് കല്ലിൽ ഉരക്കുകയാണ്. രാകി മിനുക്കുകയാണ്.!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക