Image

ഒരുപകുതിയില്‍ 'തദ്ദേശ' കൊട്ടിക്കലാശം; മറുപകുതിയില്‍ വോട്ടെടുപ്പവസാനം (എ.എസ് ശ്രീകുമാര്‍)

Published on 09 December, 2025
ഒരുപകുതിയില്‍ 'തദ്ദേശ' കൊട്ടിക്കലാശം; മറുപകുതിയില്‍ വോട്ടെടുപ്പവസാനം (എ.എസ് ശ്രീകുമാര്‍)

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടപോളിങ് കേരളത്തിന്റെ 7 തെക്കന്‍ ജില്ലകളില്‍ അവസാനിച്ചപ്പോള്‍ 7 വടക്കന്‍ ജില്ലകളില്‍ ആവേശോജ്വലമായ കൊട്ടിക്കലാശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നടന്ന പോളിങില്‍ 70 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈകിട്ട് 6.30നുള്ള കണക്ക് പ്രകാരം 70.28 ശതമാനമാണ് പോളിങ്. തൃശൂര്‍, പാലക്കാട്, കോഴിക്കോട്,  മലപ്പുറം, വയനാട്, കണ്ണുര്‍, കാസര്‍കേട് ജില്ലകളില്‍ ഇന്ന് പ്രചാരണം സമാപിച്ചു. 11-നാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ്. 13-ന് രാഷ്ട്രീയ കേരളം ഏറെ സസ്‌പെന്‍സോടെ കാത്തിരിക്കുന്ന വോട്ടെണ്ണല്‍ നടക്കും. 595 തദ്ദശേസ്ഥാപനങ്ങളിലേക്കാണ് ഇന്നത്തെ വിധിയെഴുത്ത്. മൂന്ന് കോര്‍പ്പറേഷനുകളിലും 39 നഗരസഭകളിലുമാണ് വോട്ടെടുപ്പ് നടന്നത്.

ആകെ 1,32,83,571 വോട്ടര്‍മാരില്‍ 92,58,122 പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. പുതിയ കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 19,57,004 പേര്‍ വോട്ട് ചെയ്തതോടെ 73.36 ശതമാനമാണ് ഇവിടുത്തെ നിരക്ക്. വോട്ട് ചെയ്തവരുടെ എണ്ണത്തിലും ശതമാനത്തിലും എറണാകുളം മുന്നിട്ടുനില്‍ക്കുന്നു. പത്തനംതിട്ട ജില്ലയാലാണ് ഏറ്റവും കുറഞ്ഞ പോളിങ്. ഇവിടെ 7,00,449 പേര്‍ വോട്ട് രേഖപ്പെടുത്തിയതോടെ 65.91 ആണ് പോളിങ് ശതമാനമാനനം. തിരുവനന്തപുരം-65.93, കൊല്ലം-69.32, ആലപ്പുഴ-72.74, കോട്ടയം-69.77, ഇടുക്കി-70.26 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ്. അവസാന കണക്കുകളില്‍ ചെറിയ മാറ്റം വരാന്‍ സാധ്യതയുണ്ട്.

പോളിങ് ദിനത്തില്‍ വികസന ചര്‍ച്ചകള്‍ക്കൊപ്പം നടി ആക്രമിക്കപ്പെട്ട കേസ്, ശബരിമല വിഷയം തുടങ്ങിയ വിവാദങ്ങളും സജീവമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായ വിധിയില്‍ സന്തോഷമുണ്ടെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് എന്തിനാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ചോദിച്ചത് വലിയ വിവാദമായി. ഇത് യു.ഡി.എഫിനെ വെട്ടിലാക്കിയതോടെ കോണ്‍ഗ്രസ് നേതാക്കളായ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, വി.എം സുധീരന്‍ എന്നിവര്‍ പാര്‍ട്ടി അതിജീവിതയ്‌ക്കൊപ്പമാണെന്ന് തിരുത്തി. മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ള എല്‍.ഡി.എഫ് നേതാക്കള്‍ ഇതിനെ കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധത എന്ന് വിശേഷിപ്പിച്ചു.

തുടര്‍ന്ന് തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും അതിജീവിതയ്‌ക്കൊപ്പമാണ് താനെന്നും വ്യക്തമാക്കി അടൂര്‍ പ്രകാശ് മലക്കം മറിഞ്ഞു. സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും അപ്പീല്‍ നല്‍കുന്നതില്‍ നിയമോപദേശം തേടി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസില്‍ വിധി വന്ന പശ്ചാത്തലത്തില്‍ താന്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് ശശി തരൂര്‍ എം.പിയും പ്രതികരിച്ചു. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണെന്നും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവകാശപ്പെട്ടു.

ഇത് നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പാണെന്നും നമ്മുടെ നാടിന്റെ ഭാവിക്കു വേണ്ടി എല്ലാവരും വോട്ട് ചെയ്യണമെന്നുമാണ് ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അഭ്യര്‍ഥിച്ചത്. ഇതിനിടെ നിയസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നും താന്‍ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ സ്വയം പ്രഖ്യാപിച്ചതില്‍ പാപാര്‍ട്ടിക്കുള്ളില്‍ അതൃപ്തി പുകഞ്ഞു. ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും മുന്‍പ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രഖ്യാപനം സംഘടനാ വിരുദ്ധമാണെന്നാണ് ആരോപണം.

വോട്ടെടുപ്പിനിടെ ദാരുണമായ ചില സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചില സ്ഥലങ്ങളില്‍ നേരിയ സംഘര്‍ഷവും ഉണ്ടായി. ചിലയിടങ്ങളില്‍ വോട്ടിങ് മെഷീന് തകരാര്‍ സംഭവിച്ചതുമൂലം പോളിങ് തടസപ്പെടുകയും ചെയ്തു. തിരുവനന്തപുരം പാച്ചല്ലൂര്‍ എല്‍.പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ 73 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരുമം യു.പി സ്‌കൂളില്‍ ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ചിഹ്നം വെച്ച് പ്രവര്‍ത്തകര്‍ അകത്തുകടന്നതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരിക്ക് പറ്റി.

കൊച്ചി കിഴക്കമ്പലത്ത് കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. കിഴക്കമ്പലത്ത് 20 ട്വന്റി നേതാവ് സാബു എം ജേക്കബ് വോട്ടു ചെയ്ത് ഇറങ്ങിയ ശേഷം ബൂത്തിനടുത്തുവച്ച് ചാനലുകളോട് സംസാരിച്ചതാണ്  പ്രശ്‌നമായത്. യു.ഡി.എഫ്-എല്‍.ഡി.എഫ് ലോക്കല്‍ നേതാക്കള്‍ അഴിഞ്ഞാടിയിട്ടും പോലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിച്ചില്ല.

ഇന്ന് രാവിലെ പ്രി പോള്‍ സര്‍വേ ഫലം സാമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച്, ചട്ടവിരുദ്ധ നടപടിയുമായി രംഗത്തുവന്ന തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷഷന്‍ സൈബര്‍ പൊലീസിന് റിപ്പോര്‍ട്ട് ചെയ്തു. സംഭവം ഗൗരവമായി കാണുന്നുവെന്നു കമ്മീഷന്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ശ്രീലേഖ സര്‍വേ ഫലം പങ്കുവെച്ചത്. പ്രീപോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം.

ബി.ജെ.പിക്ക് തിരുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും, എല്‍.ഡി.എഫ് പിന്നോട്ട് പോകും എന്നുള്ള സ്വകാര്യ സര്‍വേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്. കോര്‍പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയാണ് ആര്‍ ശ്രീലേഖ. അതേസമയം, സംഭവം വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളില്‍ പേരിനൊപ്പം ഐ.പി.എസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങള്‍ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയര്‍ന്നു വന്നിരുന്നു.

തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് പരസ്യപ്രചാരണ കൊട്ടിക്കലാശം ഗംഭീരമായത്. ബാന്റ് മേളം, ചെണ്ടമേളം, ഡി.ജെ എന്നിവ ഉള്‍പ്പെടുത്തി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും തങ്ങളുടെ മുഴുവന്‍ ശക്തിയും കലാശക്കൊട്ടില്‍ പ്രകടിപ്പിച്ചിരുന്നു. റാലികള്‍, റോഡ് ഷോകള്‍, കൊടിതോരണങ്ങള്‍, പേപ്പര്‍ ബ്ലാസ്റ്റുകള്‍ എന്നിവയാല്‍ ആവേശം കത്തിക്കയറി. ഇരുപത് ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് തിരശീല വീണത്. അവസാന മിനിട്ടിലും വിജയമുറപ്പിച്ചാണ് മൂന്നു മുന്നണികളും കളം വിട്ടത്.

കണ്ണൂരിലെ മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ കാലാവധി 2027 സെപ്തംബര്‍ 10 വരെയായതിനാല്‍ അവിടെ തിരഞ്ഞെടുപ്പില്ല. കണ്ണൂര്‍ ജില്ലയില്‍ 14, കാസര്‍കോട് രണ്ട് എന്നിങ്ങനെ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് ഇന്ന് നടക്കേണ്ട തിരഞ്ഞെടുപ്പ് രണ്ടിടങ്ങളില്‍ മാറ്റിവച്ചിരുന്നു. എറണാകുളം പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡ്  തിരുവനന്തപുരത്തെ വിഴിഞ്ഞം ഡിവിഷന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്.

ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എസ് ബാബു മരിച്ചത്. വിഴിഞ്ഞം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിഴിഞ്ഞം തെന്നൂര്‍കോണം അഞ്ജു നിവാസിന്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ് (60) ഇന്നലെയാണ് മരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പായിമ്പാടത്ത് 11-ന് നടക്കുന്ന തിരഞ്ഞെടുപ്പും മാറ്റിവെച്ചു. യു.ഡി.എഫിനായി ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീനയാണ് (52) കുഴഞ്ഞുവീണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക