
നാലു ചുവരുകൾക്കുളളിൽ കുടുങ്ങിയ
മൗനത്തിന്റെ മഹാസമുദ്രം...!
വാതിലിന്നപ്പുറം ലോകം
തിരക്കിൽ മുഴുകുമ്പോഴും,
വിഴുങ്ങാൻ തുടങ്ങുന്ന നിശ്ശബ്ദത..!
ഒറ്റ ജനാല തുറന്നിട്ടാലും
കാറ്റു കടന്നുവരില്ലീ മുറിയിൽ..!
കാറ്റും, മഴയും,
എന്തിനു മിന്നലും പോലുമീ
ഒറ്റപ്പെടലിന്റെ കവചം തുളയ്ക്കാൻ
ധൈര്യപ്പെടുന്നില്ല..!
ഇവിടെ സമയം
ഘടികാര സൂചികളായ്
ചുറ്റുന്നില്ല,
പൊടിപിടിച്ച സ്വപ്നങ്ങളും
പ്രതീക്ഷകളും,
മറവിയിൽ മറഞ്ഞവരുടെ ഓർമ്മകളും
കൂട്ടിനുണ്ടെങ്കിലും
ശാന്തതയുടെ
സൗന്ദര്യമുണ്ടിവിടെ,
എനിക്കെന്നോടു
തന്നെ
സംസാരിക്കാം,
പൊടിപിടിച്ച സ്വപ്നങ്ങൾ വിചാരണചെയ്ത്
ജീവിതത്തിന്റെ കനത്ത കല്ലറയിലടക്കം ചെയ്യാം,
ഏകാന്ത മൗനങ്ങൾ
പാട്ടായി മൂളാം..!