Image

വൃക്കകൾ തകരാറിലായാൽ...(ഒരു ഡോക്ടറുടെ അനുഭവം) -പുസ്തകാവലോകനം : സുധീർ പണിക്കവീട്ടിൽ)

Published on 09 December, 2025
വൃക്കകൾ തകരാറിലായാൽ...(ഒരു ഡോക്ടറുടെ അനുഭവം)  -പുസ്തകാവലോകനം : സുധീർ പണിക്കവീട്ടിൽ)

വൃക്കയുൾപ്പെടെയുള്ള അവയവങ്ങൾ വിജയകരമായ ശസ്ത്രക്രിയയിലൂടെ  മാറ്റി വയ്ക്കുന്നത് ഇന്ന് വൈദ്യലോകത്തിനു ഒരു വെല്ലുവിളിയല്ല. അതിനാൽ  വൃക്കകൾ തകരാറിലാകുന്ന രോഗികൾക്കും ഇന്ന് ആശക്ക് വഴിയുണ്ട്. ലിവിങ് ഡോണർ ട്രാൻസ്‌പ്ലാന്റേഷൻ ആണ് കൂടുതൽ വിജയകരമായി പരീക്ഷക്കപ്പെടുന്നത്. 1954-ൽ ജോസഫ് മുറെയാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇതിന്റെ പേരിൽ 1990-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.

അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ഡോക്ടർ എം.പി. രവീന്ദ്രനാഥൻ എന്നയാളുടെ “രോഗങ്ങളുടെ രഥോത്സവം” എന്ന പുസ്തകം ഇയ്യിടെ വായിച്ചതിന്റെ അനുഭവം വായനക്കാരുമായി പങ്കു വയ്ക്കുകയാണ്. കുറുന്തോട്ടിക്കും  വാതം എന്ന് പറയുന്നപോലെ വൈദ്യന്മാർക്കും അസുഖങ്ങൾ വരും. ഡോക്ടർ രവീന്ദ്രനാഥൻ കാർഡിയോളജിസ്റ് ആയി പ്രവർത്തിക്കുന്ന ഡോക്ടർ ആണ്. ടെന്നീസ് കളിയിൽ വളരെ തല്പരനും ആ കളിയിൽ ആനന്ദം കണ്ടെത്തുന്നത് അദ്ദേഹത്തിന്റെ ജീവിതചര്യകളിൽ പ്രധാനവുമായിരുന്നു. കൂടാതെ സംഗീതം, സിനിമ തുടങ്ങിയ വിനോദങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു. ബോളിവുഡ് താരങ്ങളായ അമിതാബ്  ബച്ചനും,ധർമേന്ദ്രയും, ഹേമ മാലിനിയുമൊക്കെയായി സൗഹൃദം സ്ഥാപിച്ചിരുന്ന ഒരു കലാസ്‌നേഹികൂടിയാണ്. നമ്മുടെ ഗാനഗന്ധർവൻ യേശുദാസിന്റെ ആരാധകൻ കൂടിയാണ് ഇദ്ദേഹം. ഉത്തരവാദിത്വമുള്ള ഹൃദ്രോഗവിദഗ്ദ്ധൻ എന്നതിലുപരി ജീവിതത്തിന്റെ സന്തോഷകരമായ നിമിഷങ്ങളെ അദ്ദേഹം വളരെ വിലമതിച്ചു.  വളരെ ക്രമമായ അച്ചടക്കത്തോടെയുള്ള ജീവിത ശൈലി അനുഷ്ഠിക്കുന്ന, ആരോഗ്യത്തെപ്പറ്റി അതീവ ശ്രദ്ധാലുവായ ഡോക്ടർ. ജോലിയോടുള്ള അമിത ആത്മാർത്ഥത മൂലം വളരെ സമയം ജോലി ചെയ്യുക എന്ന ജീവിതരീതിയുണ്ടായിരുന്നു.

ദുഃഖങ്ങൾ വരുന്നതിനു മുന്നേ അമിതമായ സന്തോഷം ജീവിതം നൽകുന്നത് നമുക്ക് കരുത്ത് പകരനായിരിക്കും. നാട്ടിലെ സഹോദരന്റെയും സഹോദരിയുടെയും പുത്രിമാരുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആഹ്‌ളാദത്തോടെ പോയ ഡോക്ടർക്ക് അവിടെ നിന്നും തിരിച്ചുവരുന്നതിന്ന് മുന്നേ ശാരീരിക അസ്വാസ്ഥങ്ങൾ  അനുഭവപ്പെടുന്നു. ഒരു പക്ഷെ പ്രിയപ്പെട്ടവർ നൽകിയ സ്വാദേറിയ വിഭവങ്ങൾ കരണമായിരിക്കുമെന്നു കരുതിയെങ്കിലും തലവേദനയും ഉയർന്ന രക്തസമ്മർദ്ദവും ഡോക്ടറെ ഉത്കണ്ഠാകുലനാക്കി. അമേരിക്കയിൽ തിരിച്ചുവന്നതിനുശേഷം  നടത്തിയ വിശദമായ പരിശോധനയിൽ അദ്ദേഹത്തിന് കിഡ്‌നി രോഗമുണ്ടെന്ന് കണ്ടെത്തുന്നു. 

ഇവിടെ നിന്നും രോഗങ്ങളുടെ രഥോത്സവം കൊടിയേറി. അതിൽ ഹൃദ്രോഗവും ഡോക്ടറുടെ ആത്മവീര്യം കെടുത്തുമായിരുന്നെങ്കിലും പീഡിയാട്രീഷനായ ഭാര്യയുടെ സ്നേഹപരിലാളനങ്ങൾ അതെല്ലാം അതിജീവിക്കാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കി. രോഗവിവരമറിഞ്ഞു അവർ പറഞ്ഞതിങ്ങനെ " നിങ്ങൾ വിഷമിക്കാതിരിക്കു, ഇത് കാൻസറൊന്നുമല്ലല്ലോ? മരണം വരെ നാം ഒന്നിച്ച് ഇതിനെ നേരിടും.
അങ്ങനെ വൃക്കകൾ മാറ്റി വയ്ക്കുക എന്ന ചികിത്സാവിധി നിശ്ചയിക്കപ്പെട്ടു. സ്വന്തം സഹോദരി അവരുടെ വൃക്ക ദാനം ചെയ്യാൻ തീരുമാനിച്ചതോടെ പ്രശ്നങ്ങൾ പകുതി പരിഹരിച്ചെങ്കിലും അവയുടെ ജനിതകമായ പൊരുത്തം  തുടങ്ങിയ അനവധി കടമ്പകൾ കടക്കാനുണ്ടായിരുന്നു. അതെല്ലാം സാധാരണ വായനക്കാരന് മനസ്സിലാകുന്ന ഭാഷയിൽ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വളരെയധികം സാങ്കേതിക പദങ്ങൾ ഉണ്ടെങ്കിലും ലളിതമായ വിശദീകരണങ്ങൾ അവ മനസ്സിലാക്കാൻ സഹായിക്കുംവിധമാണ്.

ഇപ്പോൾ കിഡ്‌നികൾ പരാജയപ്പെട്ടാൽ ഡയാലിസിസ് അല്ലെങ്കിൽ ട്രാൻസ്‌പ്ലാന്റ് ലഭ്യമാണ്. ഈ പുസ്തകം കിഡ്‌നി സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ആ രോഗനിർണ്ണയം ചെയ്യപ്പെട്ടവർ എന്നിവർക്കൊക്കെ വളരെ ഉപകാരപ്രദമാണ്. ശുശ്രുഷകളുടെ ഓരോ ഘട്ടങ്ങൾ, ഓരോ ഘട്ടങ്ങളിലും ശരീരം പ്രതികരിക്കുന്ന വിധം അതിനുള്ള പ്രതിവിധികൾ എന്നിവ സ്വന്തം അനുഭവത്തിലൂടെ ഡോക്ടർ രവീന്ദ്രനാഥൻ ഈ പുസ്തകത്തിൽ വ്യക്തമായി പറയുന്നു. തകരാറിലായ വൃക്കകൾ മാറ്റിവച്ച് ജീവിതം വീണ്ടെടുത്ത ഡോക്ടറുടെ അനുഭവവിവരണമാണി പുസ്തകത്തിൽ. രോഗങ്ങൾ വരുന്നതിനു മുന്നേ അതു  വരാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാവർക്കും  ആവശ്യമാണ്. വൃക്കരോഗം നിസ്സാരമായ രോഗമല്ല. ദാനം ചെയ്യാൻ തയ്യാറുള്ളവരെ കണ്ടെത്തണം അതിനായി പരിശീലനം സിദ്ധിച്ച ഡോക്ടർമാരെ കണ്ടെത്തണം. ഡോക്ടർ നാഥൻ കടന്നുപോന്ന പരീക്ഷണങ്ങൾ അതിൽ അവസാനം വിജയം നേടുന്നതെല്ലാം പുസ്തകത്തിലൂടെ നമ്മൾ വായിച്ചറിയുമ്പോൾ നമ്മളിൽ ഉണ്ടാകാവുന്ന ഭയം വിട്ടകലുന്നു.

കൊച്ചോപ്പോൾ എന്ന് ഡോക്ടർ വിളിക്കുന്ന അദ്ദേഹത്തിന്റെ സഹോദരിയുടെ ത്യാഗവും സ്നേഹവും എത്രയോ ഹ്രുദയസ്പർശിയായി  വിവരിച്ചിരിക്കുന്നു. വൃക്ക മാറ്റിവച്ചതിനു ശേഷം അവർ രണ്ടുപേരും കണ്ടുമുട്ടിയപ്പോൾ ഒരു ജന്മത്തിന്റെ മുഴുവൻ പുണ്യവുമായി അവർ അദ്ദേഹത്തെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു. തികച്ചും വികാരനിർഭരമായ രംഗങ്ങളും ഈ പുസ്തകത്തിൽ ഉണ്ട്. ഡോക്ടറായ മകനും അച്ഛന്റെ ചികിത്സ വേളയിൽ ഒപ്പം നിന്നത് അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. അതേപോലെ ഭാര്യയും മകളും. ഒരു കുടുംബം മുഴുവൻ ഒത്തൊരുമിച്ചതിന്റെയും പ്രാർത്ഥിച്ചതിന്റെയും ഫലം ഈശ്വരൻ നൽകിയ കാഴ്ച ഈ പുസ്തകത്തിലെ വരികളിൽ നിറഞ്ഞു  നിൽക്കുന്നു. കിഡ്നി മാറ്റിവയ്ക്കലിന് ശേഷം ഏകദേശം മുപ്പത് വർഷമാകാൻ പോകുന്നു. ഡോക്ടർ നാഥൻ പൂർവാധികം പ്രസരിപ്പോടെ സ്വന്തം കൊച്ചോപ്പോളുടെ വൃക്കയുമായി ആരോഗ്യത്തോടെ  ജീവിതം തുടരുന്നു. മുൻകരുതലുകളും ശ്രദ്ധയുമുണ്ടെങ്കിൽ കിഡ്നി രോഗതത്തെപോലും തോൽപ്പിക്കാമെന്നു സ്വന്തം ജീവിതത്തിലൂടെ ഡോക്ടർ നമ്മളെ ബോധ്യപ്പെടുത്തും.  

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷമുള്ള വിശ്രമം, ഭക്ഷണം, ജീവിതചര്യകൾ എന്നിവയെക്കുറിച്ചും വിശദമായി പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതേപോലെ അമേരിക്കയിലുള്ളവർക്ക് ഇങ്ങനെ അസുഖം വരികയാണെങ്കിൽ വളരെ ഭീമമായ ചിലവ് വരുന്ന ചികിത്സാരീതിയായതിനാൽ ഇൻഷുറൻസ് കമ്പനിയുമായി എല്ലാം  ചർച്ച ചെയ്തു ധാരണയിലെത്തേണ്ടതിന്റെ പ്രാധാന്യവും പറയുന്നുണ്ട്. എല്ലാ വിവരണങ്ങളും, മാർഗനിർദേശങ്ങളും ഒരു ഡോക്ടറിൽ നിന്നായതുകൊണ്ട് ഈ പുസ്തകം അനേകം പേർക്ക് ഉപകാരപ്രദമാകുമെന്നതിൽ സംശയമില്ല.
126 പുറങ്ങൾ ഉള്ള ഈ പുസ്തകം മാതൃഭൂമി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിന്റെ വില 220 രൂപയാണ്. ഇതിന്റെ കോപ്പിക്കായി The Mathrubhumi Printing & Publishing Co.Ltd K.P. Kesava Menon Road, kozhikode Kerala, India എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഡോക്ടർ രവീന്ദ്രനാഥന് ആയുരാരോഗ്യങ്ങൾ നേരുന്നു. 
ശുഭം

 

Join WhatsApp News
Abdul 2025-12-09 13:49:37
Great information for severe diabetic patients.
M.Mathai 2025-12-10 11:52:27
Just F.Y.I. The No Surprises Act is a federal law that mandates healthcare providers to give patients a good faith estimate of the expected cost of their medical care before treatment begins. This law applies to most types of health insurance and protects patients from unexpected out-of-network medical bills for emergency room visits. Patients can dispute a bill if it is at least $400 more than the estimate. The law also requires that providers and facilities give patients a notice explaining the billing protections and who to contact if they believe the protections have been violated. What should I do if I get a surprise bill? Contact the No Surprises Help Desk at (1 800) 985-3059 if: you receive a bill that exceeds what the EOB shows you owe in cost sharing you have any questions about the No Surprises Act rules you believe that the No Surprises Act is not being followed You can reach the help desk from 8 a.m. - 8 p.m. Eastern Time (ET) Monday through Friday and from 10 a.m. - 6 p.m. ET on Saturday and Sunday.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക