
''ആക്രമിക്കപ്പെട്ട യുവതി തുറന്നു വിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും, കേരളക്കരയെ ഒന്നാകെയുമാണ്. അതിന്റെ പ്രത്യാഘാതം സാമൂഹിക മനസാക്ഷിയെ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയര്‍ത്തുകയും ചെയ്തു. ഈ കാലമത്രയും നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള്‍ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകള്‍ ഇല്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാ അതിജീവിതകള്‍ക്ക് ഒപ്പവും നില്‍ക്കുന്നു...'' ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് 'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്...' എന്ന കുറിപ്പില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡ.ബ്ല്യൂ.സി.സി) പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധിക്കായി കേരളം കാത്തിരിക്കുമ്പോഴായിരുന്നു ഡ.ബ്ല്യൂ.സി.സിയുടെ ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എന്നാല്‍ പ്രമാദമായ കേസിന്റെ എട്ടരവര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വിധി പറഞ്ഞപ്പോള്‍ അത് അതിജീവിതമാരെയെല്ലാം നിരാശരാക്കുന്നതായിരുന്നു. അതേസമയം, ഈ വിധി അന്തിമമല്ലെങ്കിലും അതിനെതിരെ ആക്ഷേപങ്ങളും ശക്തമായി ഉയരുന്നുണ്ട്. അതിജീവിതയ്ക്ക് ഇനി മേല്‍ക്കോടതിയെ സമീപിക്കാം. ഇതിനിടെ വിധിയെ വിമര്‍ശിച്ച് കെ.കെ രമ എം.എല്‍.എ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രസക്തമാണ്...
''ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍വഴികള്‍ പിന്തുടര്‍ന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ന്യായാധിപയെ സംബന്ധിച്ച് അതിജീവിതയ്ക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍, കോടതിയുടെ സുരക്ഷയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് തുടങ്ങി ഒട്ടനേകം സന്ദര്‍ഭങ്ങള്‍ നീതിബോധമുള്ള മനുഷ്യരെ ആശങ്കയിലാഴ്ത്തിരുന്നു. അക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നീതിപീഠത്തെ ചൂഴ്ന്നു നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ നീക്കണമെന്നും പറഞ്ഞത് ഹൈക്കോടതിയാണ്....''
''അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിറകെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. ഈ പരാജയത്തിനു പിറകില്‍ കാണാമറയത്തെ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല. ഇതിനുമുകളിലും കോടതികളുണ്ട്. കോടതി മുറികളില്‍ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മനഃസാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോര്‍മുഖത്തും വിജയിച്ചു നില്‍ക്കുകയാണ് അതിജീവിത. അവളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഒരു ചരിത്രമാണ്. അവള്‍ പരാജയപ്പെടുകയില്ല. ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കും. സ്നേഹാഭിവാദ്യങ്ങള്‍ പ്രിയപ്പെട്ടവളേ..''
കേസില്‍ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ഒന്നുമുതല്‍ ആറുവരെ യുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സ്ഥിതിക്ക് അവരെ പ്രേരിപ്പിച്ചത് ആരാണ്..? കൂട്ടബലാത്സംഗം തെളിഞ്ഞതായും എന്നാല്‍ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കപ്പെട്ടില്ലെന്നുമാണ് കോടതി പറഞ്ഞത്. ഗൂഢാലോചനയുടെ പേരിലാണല്ലോ മേല്‍പ്പറഞ്ഞ പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. അപ്പോള്‍ ഗൂഢാലോചന നടത്തിയ ആളെ കണ്ടുപിടിക്കാത്തതെന്ത്..? ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തിയെങ്കിലും ഗൂഢാലോചനയുടെ കാരണഭൂതനെ നിരുപാധികം വിട്ടയച്ചത് എന്ത് ന്യായത്താലാണെന്ന ചോദ്യവും ഉയരുന്നു.
ഒരിക്കല്‍പ്പോലും കേട്ടുകേഴ്‌വിയില്ലാത്തതും സമാനതകളില്ലാത്തതുമായ കേസാണിത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ സിനിമയിലെ തന്റെ സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാനും അത് ഷൂട്ട് ചെയ്ത് തന്നെ കാണിക്കാനും ഒരാള്‍ക്ക് കോടികളുടെ ക്വട്ടേഷന്‍ കൊടുത്ത സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ല. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ക്രിമിനല്‍ ഗൂഢാലോചനക്കാരനെ വെറുതെ വിടുകയും അയാളുടെ ക്വട്ടേഷന്‍ നടപ്പാക്കിയവരെ മാത്രം ശിക്ഷിക്കുന്നതിലുമുള്ള പൊരുത്തക്കേടാണ് ഈ വിധിയുടെ ദുരന്തം.
കടുത്ത മാനസികാഘാതത്തില്‍ നിന്ന് അതിജീവിത മുക്തമാകാത്ത സാഹചര്യത്തില്‍ ഇതിനെല്ലാം കാരണക്കാരനായ പ്രതിയെ വിട്ടയച്ച വിധി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്ന അഭിപ്രായം ശക്തമാണ്. നിയമം എല്ലാ അതിജീവിതകള്‍ക്കും ഒപ്പമല്ലെന്നുമാണ് വിധി സൂചിപ്പിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ ക്രമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ചൂണ്ടിക്കാട്ടുന്നത് ദിലീപിന്റെ മുന്‍ ഭാര്യയായ നടി മഞ്ജു വാര്യരാണ്. ഈ കേസ് ഇത്തരത്തില്‍ ശക്തമാകാന്‍ സഹായിച്ചത് മഞ്ജുവിന്റെ ശക്തമായ ആരോപണമായിരുന്നു. അതിന്റെ കുന്തമുന നീണ്ടതാകട്ടെ ദിലീപിന്റെ നേര്‍ക്കുമായിരുന്നു. കാവ്യാ മാധവനുമായുള്ള അവിഹിത ബന്ധം അതിജീവിത മഞ്ജുവിനോട് പറഞ്ഞതാണ് ദിലീപിനെ വിറളി പിടിപ്പിച്ചത്.
ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അന്വേഷണ സംഘം മുന്‍ മേധാവി ബി സന്ധ്യ പറഞ്ഞു. ഗുഢാലോചന തെളിയിക്കുക എപ്പോഴും ഒരു വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. മഞ്ജു വാര്യര്‍ പറഞ്ഞിടത്തു നിന്നാണ് ഗൂഢാലോചന തുടങ്ങിയതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവര്‍ക്കൊപ്പം ക്രിമിനല്‍ പോലീസുകാരും കൂട്ടുനിന്നുവെന്നുമാണ് ദിലീപ് പ്രതികരിച്ചത്.
എന്നാല്‍ കേസില്‍ അപ്പീല്‍ പോകുമെന്നും അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്നും നിയമ മന്ത്രി ബി രാജീവ് വ്യക്തമാക്കി. സാധാരണയിലും വ്യത്യസ്തമായി ഈ കേസിന്റെ ആര്‍ഗ്യുമെന്റില്‍ ഓരോ തവണയും ഉയര്‍ത്തിയിട്ടുള്ള കാര്യങ്ങള്‍ അതിനാധാരമായ തെളിവുകള്‍ തുടങ്ങി 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട് ആണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. അതിന് അനുസൃതമായുള്ള വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.