
ഷനാൽ എന്ന ആഗോള ഫാഷൻ ബ്രാൻഡിന്റെ കവർ റാപ്പുമായാണ് ഡിസംബർ 2-ന്റെ ന്യൂയോർക്ക് ടൈംസ് പത്രം പൂമുഖത്തെത്തിയത്. ഗേജ് കൂടിയ ആർട്ട് പേപ്പറിൽ അച്ചടിച്ച നാല് പേജ് കവർ. ഉള്ളിൽ ഷനാലിന്റെ ഫുൾ പേജ് പരസ്യം വേറെ.
Chanel എന്നാണ് സ്പെല്ലിങ്എങ്കിലും സൗന്ദര്യ സങ്കൽപ്പത്തിന്റെ കനാൽ അഥവാ കലവറ എന്നർത്ഥമുള്ള ആ ഫ്രഞ്ച് വാക്കു ഉച്ചരിക്കുന്നത് ഷനാൽ എന്ന്.
രാത്രി എട്ടിന് ഷനാൽ.കോമിൽ മാർഗരറ്റ് കൂളിയും എഎസ്‌എപി റോക്കിയും ചേർന്നവതരിപ്പിക്കുന്ന മൈക്കേൽ കോൺഡ്രി സംവിധാനം ചെയ്ത 'മെറ്റിയേ ഡി ആര്ട്ട് 2026' എന്ന ഹൃസ്വചിത്രം കാണുക എന്നാണ് പരസ്യത്തിൽ ആഹ്വാനം.

ഷനാൽ 5 സുഗന്ധം, സിഇഒ ലീന നായർ
'മേയേ' എന്ന് അമേരിക്കൻ ഇംഗ്ളീഷിലും 'മെറ്റിയേ' എന്ന് ബ്രിട്ടീഷ് ഇംഗ്ളീഷിലും ഉച്ചരിക്കുന്ന ഫ്രഞ്ച് പദം. '2026ലെ തകർപ്പൻ കലാവിരുന്ന്' എന്നർത്ഥം. നൃത്തവും സംഗീതവും നിറഞ്ഞ ആകർഷകമായ പരിപാടി. അത് കമ്പനിയുടെ 2026ൽ വരാൻപോകുന്ന പുതിയ വേഷവിധാനങ്ങളെക്കുറിച്ചുള്ള കേളികൊട്ടുകൂടിയായിരുന്നു.
ന്യുയോർക്ക് ടൈംസിൽ ഒരു ഫുൾ പേജ് കളർ പരസ്യത്തിനും നാല് പേജ് കളർ റാപ് പരസ്യത്തിനും വേണ്ടി ഷനാൽ 1.4 മില്യൻ ഡോളർ വരെ ചെലവഴിച്ചുവെന്നാണ് ഗൂഗിൾ ജെമിനിയുടെ കണ്ടുപിടുത്തം.ഞായറാഴ്ചയാ
ണെങ്കിൽ റേറ്റ് കൂടും. ലോക പ്രസിദ്ധ ഷനാൽ 5 എന്ന സുഗന്ധ ലേപനം ഔൺസിന് 250 ഡോളർ (22500 രൂപ) വില ഈടാക്കുന്ന സ്ഥാപനത്തിന് അതെത്ര നിസാരം!. ഷനാലിന്റെ ഇപ്പോഴത്തെ മൂല്യം 18.78 ബില്യൺ ഡോളർ.

ന്യുയോർക്ക് സബ്‌വേ സ്റ്റേഷനിൽ ഷനാലിന്റെ ഫാഷൻ പരേഡ്
ലോക ഫാഷൻ മാസികകളിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ് ന്യൂയോർക്കിലെ 'വോഗ്.' ഇക്കൊല്ലത്തെ അവസാന ലക്കം (ഡിസംബർ 2025) നിറയെ ഭീമൻ ഫാഷൻ സ്ഥാപനങ്ങളുടെ ഫുൾ പേജ് പരസ്യങ്ങളാണ്. ലൂയി വിറ്റാൻ, ഡിയോർ, ഷനാൽ, ഗുച്ചി, എയർമെസ്, പ്രാഡ, വെർസാച്ചേ, ബലൻസിയാഗ, ഫെണ്ടി, ടിഫാനി എന്നിങ്ങനെ. മികച്ച മോഡലുകൾ ഉൽപ്പന്നങ്ങൾ ധരിക്കുന്നതോ അവയുമായി പോസ് ചെയ്യന്നതോ ആയ പരസ്യങ്ങൾ. ഷനാലിന്റെ പരസ്യം നാലു പേജുണ്ട്.
കോകോ ഷനാൽ 1910ൽ തുടക്കം കുറിച്ച സ്ഥാപനം ജനപ്രീതി നേടിയ ഉൽപ്പന്നങ്ങളുമായി ഫാഷൻ രംഗത്തെ കുലപതിയായി വളർന്നിട്ടു ദശാബ്ദങ്ങളെ ആയിട്ടുള്ളു. അതിന്റെ സാരഥികളിൽ ഒടുവിലത്തെ കണ്ണിയാണ് ലീന. ഉത്പന്നങ്ങളിൽ ഒന്നമത്തേതു റോസിന്റെയും മുല്ലയുടെയും സുഗന്ധം പരത്തുന്ന ഷനാൽ 5 തന്നെ. മരിലിൻ മൺറോയിൽ തുടങ്ങി കാതറിൻ ഡെന്യു, കാൻഡീസ് ബെർഗൻ, നിക്കോൾ കിഡ്‌മാൻ വരെ ഓമനിക്കുന്ന സുഗന്ധ ലേപനം.

ദീപിക പദുക്കോണുമൊത്ത് ലീന
ഫാഷൻ പരസ്യങ്ങൾ നിറയുന്ന 'വനിത' യുടെ ചീഫ് എഡിറ്റർ മിസിസ് കെ.എം. മാത്യൂവിൽ നിന്നാണ് ഷനാൽ സ്ഥാപനത്തെപ്പറ്റിയും അവരുടെ നമ്പർ 5 സുഗന്ധ ലേപനത്തെപ്പറ്റിയും ഞാൻ ആദ്യമായി കേൾക്കുന്നത്. മിസ്സിസ് മാത്യു ലോകസഞ്ചാരത്തിനിടയിൽ എവിടെങ്കിലും വച്ച് ഷനാൽ 5 വാങ്ങുകയോ കാണുകയോ ചെയ്തുകാണും. അല്ലെകിൽ എതെങ്കിലുമൊരു ആരാധിക വാങ്ങി സമ്മാനിച്ചിട്ടുണ്ടാവും.
ഇങ്ങിനെ വിലകൂടിയ ഒരു സുഗന്ധം വാങ്ങി സുഖിക്കേണ്ടാ എന്ന് ഭർത്താവ് കെ എം മാത്യു നിലപാട് എടുത്തിരിക്കാനും സാധ്യതയുണ്ട്. ഒരിക്കൽ വിയന്നയിലൂടെ സഞ്ചരിക്കുമ്പോൾ തനിക്കു പ്രിയപ്പെട്ട സ്ട്രാഡിവാരിയസ് വയലിൻ കണ്ടു മോഹിച്ച അന്നമ്മയെ പിന്നെയാകാട്ടെ എന്ന് പറഞ്ഞു അവിടെനിന്നു കൂട്ടിക്കൊണ്ടുപോയെന്നു അദ്ദേഹം തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്.

ജോലിയിൽ ആവേശം
ഷനാൽ ഫാഷൻ വസ്ത്രങ്ങളും സുഗന്ധങ്ങളും മാത്രമല്ല, ബാഗുകൾ, ചെരുപ്പുകൾ, ആഭരണങ്ങൾ, വാച്ചുകൾ, കണ്ണടകൾ, മേക്കപ്പ് സാമഗ്രികൾ, ശരീരലേപന വസ്തുക്കൾ തുടങ്ങിയവയും വിപണിയിലെത്തിക്കുന്നു. ഈ നൂ റ്റാണ്ടിലെ റെഡി വെയർ വസ്ത്ര ലോകത്തു വിപ്ലവം കൊണ്ടുവന്ന ഒരു സ്ഥാപനമാണ് അതെന്നു ഫാഷൻ എഴുത്തുകാർ രേഖപ്പെടുത്തിയിട്ടുണ്ട് .
ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഷനാലിനോടുള്ള താൽപര്യം അതിന്റെ ആഗോള സിഇഒ-ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ-ലീന നായർ എന്ന മലയാളി ആണെന്നുള്ളതാണ്. യൂണിലീവറിൽ ട്രെയിനിയായി കയറി പടിപടിയായി അവരുടെ ലണ്ടൻ ആസ്ഥാനത്തു എക്സിക്യൂട്ടീവ് ഡയറക്റർ ആയ ആദ്യത്തെ വനിത, ആദ്യത്തെ മലയാളി.

കൂടെ മിസ് യുണിവേഴ്‌സ് സുസ്മിത സെൻ
ജെറാർഡ് വതൈമർ, അലൻ വതൈമർ എന്നീ സഹോദരന്മാർ സാരഥികളായുള്ള ഫ്രഞ്ച് ഫാഷൻ ഹൗസ് ആണെങ്കിലും ഷനാലിന്റെ ആഗോള ആസ്ഥാനം 2018ൽ ന്യുയോർക്കിൽ നിന്ന് ലണ്ടനിലെ മെയ്‌ഫെയറിൽ ബെർക്കിലിയിലേക്കു മാറ്റി. അങ്ങിനെയാണ് ലണ്ടനിൽ തകർപ്പൻ പ്രകടനം നടത്തികൊണ്ടിരുന്ന ലീനയെ കണ്ടെത്തുന്നത്. ഷനാൽ ഉത്പന്നങ്ങളുടെ ഡിമാൻഡ് വർദ്ധിച്ചതോടെ അഞ്ചു ബില്ല്യൻ ഡോളർ പോക്കറ്റിലാക്കിയ സഹോദരൻമാർ" എന്ന് ഫോർച്യൂൺ മാസിക 2022ൽ ഈ സഹോദരന്മാരെപ്പറ്റിഎഴുതി
പാലക്കാട്ടുകാരനെങ്കിലും മഹാരാഷ്ട്രത്തിലെ കോലാപ്പൂരിൽ ജീവിക്കുന്ന കെ.കാർത്തികേയൻ നായരുടെ മകളായി 1969ൽ ജനിച്ച ലീന അവിടത്തെ ഹോളിക്രോസ് കോൺവെന്റിൽ പഠിച്ചു.സാംഗ്ലിയിലെ വാൽചന്ദ് എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിൽ ബിരുദം. ജാമ്‌ഷെഡ് പൂരിലെ എക്സ്.എൽആർ.ഐ. എന്ന ജെസ്വിറ്റ് സ്ഥാപനത്തിൽ നിന്ന് സ്വർണ മെഡലോടെ എംബിഎ.

ഭർത്താവ് കുമാരൻ നായർ, മക്കൾ ആദിത്യ, സിദ്ധാന്ത്
കോലാപ്പൂർ, അമ്പറ്റൂർ, തലോജ എന്നിവിടങ്ങളിൽ ഫാക്ടറികളിൽ ജോലി ചെയ്ത ശേഷം 1992ൽ സമ്മർ ഇന്റേൺ ആയി യൂണിലീവറിൽ. നൈറ്റ് ഷിഫ്റ്റിൽ ജോലിചെയ്ത ആദ്യത്തെ സ്ത്രീ. പടിപടിയായി ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ. ഇരുപതുവർഷത്തിനു ശേഷം ലണ്ടൻ ആസ്ഥാനത്ത്.ഫൈനാൻഷ്യൽ രംഗത്ത് പ്രവർത്തിക്കുന്ന കുമാരൻ നായരാണ് ഭർത്താവ്. രണ്ടു പുത്രൻമാർ.
2021 ഡിസംബറിലാണ് ലീന ഷനാൽ സിഇഒ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. 2024ൽ കടുത്ത മത്സരത്തെ തുടന്നു ഷനാലിന്റെ വരുമാനം 4.3 ശതമാനം ഇടിഞ്ഞു 18.7 ബില്യൺ ഡോളർ ആയി. ലാഭം 30 ശതമാനം ഇടിഞ്ഞു 4.48 ബില്യനിൽ എത്തി.

മൈക്രസോഫ്റ് സാരഥി സത്യ നാദെല്ലയോടൊപ്പം
ഇതിൽ നിന്ന് കരകയറാനുള്ള ശ്രമം ഫലം കണ്ടു തുടങ്ങി. പെപ്സി സിഇഒ ഇന്ദ്ര നൂയി, ബാർക്ലെയ്‌സ് ബാങ്ക് ചെയർമാൻ നിഗൽ ഹിഗ്ഗിൻസ് എന്നിവരെ മാതൃകയാക്കുന്ന ലീന ആദ്യം ചെയ്തത് ഷനാലിന്റെ ആഗോള കേന്ദ്രങ്ങൾ സന്ദർശിക്കുകയാണ്. ചീഫ് ഡിസൈനർ വിർഗിനി വിയാർഡ് ആണ് കൂട്ട്.
ഇക്കൊല്ലം യുഎസിലും ചൈനയിലും ശ്രദ്ധകേന്ദ്രീകരിക്കും.ഇന്ത്യ, മെക്സിക്കോ, നൈജീരിയ തുടങ്ങിയ നാടുകളിൽ 48 പുതിയ ഷോ റൂമുകൾ തുറക്കും തായ്‌ലൻഡ്, വിയറ്റ്‌നാം, സോൾ, യുഎഇ, സൗദി, ഖത്തർ എന്നിവിടങ്ങളിലും

ലണ്ടൻ ആസ്ഥാനത്ത്
ലീനയുടെ വികസന സ്വപ്നങ്ങളുടെ ഭാഗമാണ് ന്യുയോർക്ക് ടൈംസിലും ഫിനാൻഷ്യൽ ടൈംസിലുംമറ്റും വന്ന വൻ പരസ്യങ്ങളും ഷനാൽ.കോമിലെ കേളികൊട്ടും. അഞ്ചു ദിവസം കഴിഞ്ഞു ഡിസംബർ 7നു ടൈംസിന്റെ ഞായറാഴ്ച പതിപ്പിനോടൊപ്പം 'ഷനാൽ ലാ ഗസറ്റ്' എന്ന പേരിൽ എട്ടു പേജുള്ള ഒരു അഡ് ഫീച്ചറും എത്തി.
ഷനാലിന്റെ ചരിത്രവും വളർച്ചയും രൂപകല്പനയും മെറ്റിയെ പ്രസ്ഥാനത്തിന്റെ പിന്നീട് കലാകാരൻമാരുടെ കഥയും എല്ലാം വിവരിക്കുന്ന ഫീച്ചറുകൾ. ലീനക്ക് അനേകം മഴവിൽ പ്രഭാതങ്ങൾ നേരുന്നു.