Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞ് വലഞ്ഞ പോലീസ് കര്‍ണ്ണാടകത്തില്‍ നിന്ന് സുല്ലിട്ട് മടങ്ങി ( എ.എസ് ശ്രീകുമാര്‍)

Published on 07 December, 2025
രാഹുല്‍ മാങ്കൂട്ടത്തിലിനെ തെരഞ്ഞ് വലഞ്ഞ പോലീസ് കര്‍ണ്ണാടകത്തില്‍ നിന്ന് സുല്ലിട്ട് മടങ്ങി ( എ.എസ് ശ്രീകുമാര്‍)

ലൈംഗിക പീഡനക്കേസില്‍ 11 ദിവസമായി ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള കര്‍ണ്ണാടകയിലെ തെരച്ചില്‍ അവസാനിപ്പിച്ച് അന്വേഷണസംഘം കേരളത്തിലേക്ക് മടങ്ങിയിരിക്കുന്നു. കര്‍ണ്ണാടക കേന്ദ്രീകരിച്ചായിരുന്നു പോലീസ് രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം നടത്തിയിരുന്നത്. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചതിനും പലവട്ടം ബലാല്‍സംഗം ചെയ്തതിനും രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യകേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് ഈ മാസം 15 വരെ തടഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയായി. കഴിഞ്ഞ ദിവസം രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് ഇയാള്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിച്ചിരുന്നു,

ഇതിനിടെ രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. ഈ കേസില്‍ പക്ഷേ അറസ്റ്റ് തഞ്ഞിട്ടില്ലെന്നിരിക്കെയാണ് പോലീസ് തെരച്ചില്‍ നിര്‍ത്തിയത്. രണ്ടാമത്തെ കേസില്‍ക്കൂടി മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ രാഹുല്‍ കേരളത്തിലേക്ക് മടങ്ങിവരികയുള്ളൂ. രണ്ടാമത്തെ കേസില്‍ അതിജീവിതയുടെ മൊഴി നേരിട്ട് അന്വേഷണസംഘം രേഖപ്പെടുത്തും. രണ്ടാമത്തെ കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതെന്നാണ് രാഹുല്‍ വാദിക്കുന്നത്. അതേസമയം, അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയുണ്ടെന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിവുണ്ടെന്നുമാണ് കോണ്‍ഗ്രസ് ആക്ഷേപിക്കുന്നത്.

പീഡകനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിലൂടെ പാര്‍ട്ടി തടിരക്ഷിച്ചപ്പോള്‍ കുരുക്കിലായത് പിണറായി സര്‍ക്കാരാണ്. ആദ്യ കേസില്‍ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി ജനമധ്യത്തില്‍ തന്നെയുണ്ടായിരുന്നു. യുവതി പരാതി കൊടുത്തതറിഞ്ഞതോടെ അന്ന് 4.15 മണിയോടെ രാഹുലിന്റെ ഫോണ്‍ നിശ്ചലമായി. തുടര്‍ന്ന് അതിവിദഗ്ധമായി രാഹുല്‍ പാലക്കാട്ടുനിന്ന് കടന്നുകളയുകയും ചെയ്തു.   ഇന്ന് 11-ാം ദിവസം കവിയാറായിട്ടും രാഹുലിന്റെ പൊടിപോലും കണ്ടുപിടിക്കാന്‍ പോലീസിനായിട്ടില്ല. കോണ്‍ഗ്രസിനെ കുരുക്കാന്‍ രാഹുല്‍ പരമാവധി നാറിക്കോട്ടെയെന്ന് കരുതിയാണ് രാഹുലിനെ തൊടാതിരുന്നത്. എന്നാല്‍ പ്രതി കൈവിട്ടുപോയതോടെ സര്‍ക്കാരാണ് യഥാര്‍ത്ഥത്തില്‍ വെട്ടിലായത്.

മൊബൈല്‍ ഫോണുകളും കാറുകളും അടിക്കടി മാറി ഉപയോഗിക്കുന്നതിനാല്‍ രാഹുലിന്റെ ഒളിയിടം കണ്ടെത്തുന്നത് പൊലീസിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എം.എല്‍.എയുടെ ഓഫിസിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള 22 പേജുള്ള ഉത്തരവില്‍ കോടതി അതീവ ഗൗരവകരമായ നിരീക്ഷണങ്ങളാണ് നടത്തിയത്.

ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന വാദം കോടതി തള്ളി. ആത്മഹത്യാഭീഷണി മുഴക്കി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും, ആദ്യത്തെ ശാരീരിക ബന്ധത്തിന് ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചതും കോടതി എടുത്തുപറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നേമം പൊലീസ് റജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 1750/2025 കേസില്‍ രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് വകുപ്പുകള്‍ 64 (2), 89, 351 (3), ഐടി ആക്ട് 66-ഇ എന്നിവ പ്രകാരമാണ് കേസ്. മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും രാഹുല്‍ തന്റെ ഒളിവ് ജീവിതം തുടരുന്നത് പോലീസിന് നാണക്കേടായ സാഹചര്യത്തിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേരെ പോലീസ് ബെംഗളൂരുവില്‍ പിടികൂടിയെന്നതാണ് ഏറ്റവും പുതിയ വിവരം.  കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ച ജോസ്, റെക്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലെയും ബെംഗളൂരുവിലെയും കോണ്‍ഗ്രസ് നേതാക്കളുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോസിന് അടുത്ത ബന്ധമാണുള്ളത്. രാഹുലിനെ ഒളിവില്‍ പോകാനായി കര്‍ണാടകയില്‍ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നത്രേ.

ഇതിനിടെ, ഒളിവ് സങ്കേതങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ രാഹുല്‍ മുങ്ങുന്നത് അന്വേഷണ സംഘത്തില്‍ നിന്ന് വിവരം ചോരുന്നത് കൊണ്ടാണെന്ന ആക്ഷേപം ശക്തമായതോടെ പുതിയ സംഘത്തെ നിയോഗിച്ചിരുന്നു. നിലവില്‍ കര്‍ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോര്‍ട്ടുകളിലുമായി മാറി മാറി കഴിയുകയാണ് രാഹുലെന്നാണ് പോലീസ് നിഗമനം. അഭിഭാഷകരുടെ അടക്കം സംരക്ഷണവും ഉണ്ടെന്നാണ് വിവരം.

എന്നാല്‍ രണ്ടാമത് എടുത്ത കേസാണിപ്പോള്‍ രാഹുലിനും പോലീസിനും പ്രോസിക്യൂഷനും വെല്ലുവിളിയായിരിക്കുന്നത്. ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയപ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയ ആളെ കണ്ടെത്തി മൊഴിയെടുക്കലാണ് പോലീസ് സംഘത്തിന് മുന്നിലെ പ്രധാന പ്രതിസന്ധി. ബെംഗളൂരുവില്‍ താമസിക്കുന്നുവെന്ന് കരുതുന്ന പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക