
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കി. ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് ശേഷം കുടുംബങ്ങൾ വിവാഹം റദ്ദാക്കിയതായി മന്ദാന ഇൻസ്റ്റാഗ്രാമിൽ സ്ഥിരീകരിച്ചു. ഡിസംബർ 7 ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഇൻസ്റ്റാഗ്രാമിൽ ഒരു ചെറിയ പ്രസ്താവന പുറത്തിറക്കി, സ്വകാര്യത അഭ്യർത്ഥിച്ചു. ഈ പ്രസ്താവനയോടെ വിഷയം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
"കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു, ഈ സമയത്ത് ഞാൻ തുറന്നു സംസാരിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അത് അങ്ങനെ തന്നെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്," മന്ദാന പറഞ്ഞു.
"ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളെല്ലാവരും അങ്ങനെ തന്നെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ സമയത്ത് രണ്ട് കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും, ഞങ്ങളുടെ സ്വന്തം വേഗതയിൽ പ്രക്രിയ നടത്താനും മുന്നോട്ട് പോകാനും ഞങ്ങൾക്ക് ഇടം നൽകണമെന്നും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," അവർ കൂട്ടിച്ചേർത്തു.
ഏറെ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസമായിരുന്നു സ്‌മൃതി -പലാഷ് വിവാഹം തീരുമാനിച്ചത്. എന്നാൽ വിവാഹത്തിന് തൊട്ടുമുന്നെ ചടങ്ങുകൾ നിർത്തിവച്ചു. മന്ദാനയുടെ പിതാവ് രോഗബാധിതനായതിനെത്തുടർന്നാണിതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഇതിന് പിന്നാലെ മുച്ചലിനെതിരെ വഞ്ചന ആരോപണങ്ങൾ പുറത്ത് വന്നു. ഇതിനിടെ വിവാഹത്തിൻ്റെതുൾപ്പെടെയുള്ള ചിത്രങ്ങൾ സ്മൃതി നീക്കം ചെയ്തിരുന്നു.