Image

മമ്മൂട്ടിയുടെ ക്രൈം ഡ്രാമ ചിത്രം 'കളങ്കാവലി'ന് മികച്ച പ്രതികരണം; പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

രഞ്ജിനി രാമചന്ദ്രൻ Published on 07 December, 2025
മമ്മൂട്ടിയുടെ ക്രൈം ഡ്രാമ ചിത്രം 'കളങ്കാവലി'ന് മികച്ച പ്രതികരണം; പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

മലയാള സിനിമയുടെ സമീപകാലത്തെ വൈവിധ്യപൂർണ്ണമായ ഉള്ളടക്കങ്ങൾക്ക് മറുഭാഷാ പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ വർഷം മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവൽ'. ക്രൈം ഡ്രാമ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ പ്രതിനായകനായി മമ്മൂട്ടി എത്തുന്നു എന്നതാണ് പ്രധാന ആകർഷണം. വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതികരണമറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.

സമീപകാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വൈവിധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയിലൂടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. താൻ തിരഞ്ഞെടുക്കുന്ന വ്യത്യസ്തതകളെ സ്വീകരിക്കുന്ന പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. "അങ്ങേയറ്റം ആവേശം പകരുന്ന രണ്ട് ദിവസങ്ങളാണ് കടന്നുപോയത്. റിലീസ് ദിനം മുതൽ 'കളങ്കാവലി'ന് ലഭിക്കുന്ന പ്രതികരണങ്ങൾ എന്നെ ശരിക്കും ത്രസിപ്പിക്കുന്നു. എൻ്റെ തിരഞ്ഞെടുപ്പുകളിൽ അർപ്പിക്കുന്ന വിശ്വാസത്തിന് നിങ്ങൾക്ക് നന്ദി," മമ്മൂട്ടി കുറിച്ചു.

വിനായകനും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഈ പ്രോജക്റ്റ് പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി പ്രതിനായകനാണെന്ന റിപ്പോർട്ടുകൾ വന്നതും പിന്നീട് റിലീസിനോടടുത്തുള്ള ലോഞ്ചിൽ അദ്ദേഹം ഇത് സ്ഥിരീകരിച്ചതും ആവേശം വർദ്ധിപ്പിച്ചു. ദുൽകർ സൽമാൻ നായകനായ 'കുറുപ്പി'ന്റെ കഥയൊരുക്കിയ ജിതിൻ കെ ജോസിൻ്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ് 'കളങ്കാവൽ'. റിലീസ് ദിനത്തേക്കാൾ വലിയ കളക്ഷനാണ് ചിത്രം രണ്ടാം ദിനം നേടിയത്. ഞായറാഴ്ചയും മികച്ച ബുക്കിംഗ് ലഭിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ എത്ര വരുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കർമാർ.

English summary: 

Mammootty's crime drama film 'Kalankaaval' receives excellent response; Mammootty thanks audience for their support

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക