Image

പ്രതികാരത്തിന്റെ ചോരപ്പുഴകള്‍; 'പൊങ്കാല'-റിവ്യൂ

Published on 06 December, 2025
പ്രതികാരത്തിന്റെ ചോരപ്പുഴകള്‍; 'പൊങ്കാല'-റിവ്യൂ

ചോരതെറിക്കുന്ന പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയെ നായകനാക്കി എ.ബി ബിനില്‍ സംവിധാനം ചെയ്യുന്ന 'പൊങ്കാല'. സമീപകാലത്തായി ഇറങ്ങിയ നിരവധി പ്രതികാരകഥകളില്‍ നിന്നും വ്യത്യസ്തമായ മേക്കിങ്ങിന്റെയും ട്രീറ്റ്‌മെന്റിന്റെയും പിന്‍ബലത്തില്‍ പുതുമയോടെ അവതരിപ്പിച്ച ചിത്രമാണിതെന്ന് പറയാം. പകയുടെയും പ്രതികാരത്തിന്റെയും കനലുകള്‍ മനസില്‍ പേറുന്നവന്റെ തിളച്ചുമറിയുന്ന ഉള്ളുരുക്കം. അതിന്റെ മികച്ച ദൃശ്യഭാഷ്യമെന്നു വേണമെങ്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം. എന്നാലും വയലന്‍സിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചതിനാല്‍ തന്നെ 'എ' സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിട്ടുളളത്.

ബാല്യത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടവനാണ് അഭി. അവന്റെ മനസ്സില്‍ എരിയുന്നത് പകയുടെ തീക്കനലുകളാണ്. ആര്‍ക്കും ഓര്‍ക്കാന്‍ കഴിയാത്ത ദുരന്തം ജീവിതത്തിന്റെ ചെറുപ്രായത്തില്‍ തന്നെ അനുഭവിക്കേണ്ട വന്ന കുട്ടി. അതായിരുന്നു അഭി. അമ്മയെ ഉപദ്രവിക്കാന്‍ തുനിഞ്ഞവനെ വകവരുത്തേണ്ടി വന്ന അഭി പിന്നീട് ഷെല്‍ട്ടര്‍ ഹോമിലായിരുന്നു ജീവിതം. സഖാവ് ചന്ദ്രന്റെ വിവരണത്തിലൂടെയാണ് അഭിയുടെ ജീവിതത്തിന്റെ ഫ്‌ളാഷ് ബാക്ക് കടന്നു പോകുന്നത്. ഷെല്‍ട്ടറില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ അഭിയുടെ ജീവിതത്തിന് താങ്ങും തണലുമായും സുഹൃത്തായും കൂടെ സാബുവെത്തുന്നു. വൈപ്പിന്‍ തീരദേശ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ മത്സ്യബന്ധനം തൊഴിലാക്കിയ മനുഷ്യരാണുള്ളത്. അവരുടെ ഇടയിലേക്ക് തരകന്‍ സാബു ഒരു അധികാര ചിഹ്നമായി കടന്നു വരുന്നു. അധികം വൈകാതെ അഭി തരകന്‍ സാബുവിന്റെ വിശ്വസ്തനായ വലംകൈയ്യായി മാറുന്നു. അഭി കൊലപ്പെടുത്തിയ വ്യക്തിയുടെ മകള്‍ ലിന്‍ഡ അവനെ പ്രണയിക്കുന്നത് അവന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവാകുന്നു. ലിന്‍ഡയോടുള്ള പ്രണയം ഉള്ളില്‍ സൂക്ഷിക്കുമ്പോഴും തന്റെ ജീവിതം തകര്‍ത്തവരോടുള്ള പക പോക്കാന്‍ കാത്തിരിക്കുകയാണ് അഭി. ഇതിനു രണ്ടിനുമിടയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. സൗഹൃദം, പ്രണയം, വൈകാരിക ബന്ധങ്ങളുടെ ഇഴയടുപ്പം, ചതി അങ്ങനെയെല്ലാം കഥയില്‍ ആവശ്യത്തിന് ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ കേവലം പ്രതികാര ആക്ഷന്‍ സിനിമ എന്നതിനേക്കാള്‍ മനുഷ്യ ജീവിതവുമായി ചിത്രം ഏറെ അടുത്തു നില്‍ക്കുന്നു.

ശ്രീനാഥ് ഭാസിയുടെ കരിയറില്‍ തന്നെ ഇതാദ്യമാണ് ഇത്രയും കരുത്തുറ്റ ഒരു കഥാപാത്രത്തെ ലഭിക്കുന്നത്. ഒരു പക്ഷേ ശ്രീനാഥിനെ സംബന്ധിച്ച് കരിയറ് ബെസ്റ്റ് എന്നു പറയാവുന്ന ഒരു കഥാപാത്രം. കുട്ടിക്കാലത്ത് മനസ്സിലും ജീവിതത്തിലും ഏറ്റ ക്ഷതങ്ങളും അതിന്റെ നഷ്ടവും വേദനയുമെല്ലാം ഉള്ളിലടക്കി, പ്രതികാരത്തിന്റെ കനലുകള്‍ വേവുന്ന ഹൃദയഭാരത്തോടെ സദാ എരിഞ്ഞു നടക്കുന്ന യുവാവിന്റെ വേഷം ശ്രീനാഥ് ഗംഭീരമാക്കിയിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളിലും ശ്രീനാഥ് കസറിയിട്ടുണ്ട്. അസാമാന്യമായ ശരീരഭാഷ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും തരകന്‍ സാബു എന്ന കഥാപാത്രത്തെ ബാബുരാജ് ഗംഭീരമാക്കി. സുധീര്‍ കരമന, സാദിഖ്, സ്മിനു സിജോ, സുധീര്‍ സുകുമാരന്‍, അലന്‍സിയര്‍, കിച്ചു ടെല്ലസ്, യാമിസോനാ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി.

പ്രതികാര കഥകള്‍ക്ക് അകമ്പടിയായിഎത്തുന്ന ചോരക്കളി ഈ ചിത്രത്തില്‍ കൂടുതലാണെന്ന് പറയാം. എങ്കിലും ചിത്രത്തിന്റെ മികവിന് സാങ്കേതിക വിഭാഗത്തില്‍ നിന്നും ലഭിച്ച പിന്തുണ വളരെ വലുതാണെന്ന് സിനിമകാണുമ്പോള്‍ മനസിലാകും. ഓരോ സംഘര്‍ഷത്തിന് ശേഷവും അതി സ്‌ക്രീനില്‍ നിറയ്ക്കുന്ന ഭീകര ദൃശ്യങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്.

രഞ്ജിന്‍ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് പ്രത്യേകമായ താളവും ഊര്‍ജ്ജവും നല്‍കുന്നുണ്ട്. വൈപ്പിന്റെ മനോഹാരിതയും ചോരപ്പുഴയൊകുന്ന പ്രതികാരകഥയുടെ ഭീദിത ദൃശ്യങ്ങളും ഒപ്പിയെടുത്ത ജാക്‌സണ്‍ ജോണ്‍സന്റെ ഛായാഗ്രഹണവും ഏറെ മികച്ചതായി. മാഫിയ ശശി, രാജശേഖര്‍, പ്രഭു ജാക്കി എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന, ചോരകണ്ടാല്‍ ഭയമില്ലാത്തവര്‍ക്കും 'പൊങ്കാല' കാണാന്‍ ധൈര്യമായി പോകാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക