
തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിന്റെ കൊട്ടിക്കലാശം നാളെ നടക്കും. 7 ജില്ലകളിലാണ് നാളെ പരസ്യ പ്രചാരണം അവസാനിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 9-ാം തീയതി ചൊവ്വാഴ്ച ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കും. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണുര്‍, കാസര്‍കേട് ജില്ലകളില്‍ ചൊവ്വാഴ്ചയാണു പ്രചാരണം സമാപിക്കുന്നത്. 11-നാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ്. 13-നാണ് വോട്ടെണ്ണല്‍. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം പൊതു രാഷ്ട്രീയ വിഷയങ്ങള്‍ പരസ്പരം രൂക്ഷമായി ഉന്നയിച്ച് യു.ഡി.എഫും എല്‍.ഡി.എഫും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഇവരുടെ മേല്‍ക്കൈയില്‍ വിള്ളല്‍ വീഴ്ത്തുന്ന നിര്‍ണായക പോരാട്ടമാകുമെന്നാണ് ബി.ജെ.പി കരുതുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയിരിക്കെ നാടും നഗരവും വോട്ടഭ്യര്‍ഥനയുടെ ആവേശത്തിലാണ്. അനൗണ്‍സ്‌മെന്റ് വാഹനങ്ങളും നിരത്തുകള്‍ക്ക് ഇരുവശവും നിറഞ്ഞിട്ടുള്ള കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ജനാധിപത്യപ്പോരിന് മാറ്റുകൂട്ടുന്നു. പോസ്റ്ററുകള്‍ മാലകളാക്കിയും കാണുന്നിടത്തെല്ലാം ചിഹ്നം സ്ഥാപിച്ചും കൊട്ടിക്കലാശത്തിന് കോപ്പുകൂട്ടുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും തകൃതിയാണ്. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ നേരിട്ടാണ് പ്രചാരണം നടത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂര്‍ ജില്ലയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പടെയുള്ള പ്രധാന യു.ഡി.എഫ് നേതാക്കളും വിവിധ ജില്ലകളില്‍ പ്രചാരണം നയിക്കുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് ബി.ജെ.പിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ട്വന്റി ട്വന്റി, ആം ആദ്മി ഉള്‍പ്പടെയുള്ള പാര്‍ട്ടികളും വിവിധയിടങ്ങളില്‍ സജീവമാണ്. പതിവുപോലെ ഇത്തവണയും വിമതശല്യമാണ് എല്ലാ മുന്നണികള്‍ക്കും ആശങ്ക സൃഷ്ടിക്കുന്നത്.
കൊട്ടിക്കലാശം സമാധാനപരമായിരിക്കണമെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുജനത്തിന് മാര്‍ഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള സമാപന പരിപാടികള്‍ പാടില്ലെന്നും പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തര്‍ക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്‍സ്‌മെന്റുകളും പ്രചാരണ ഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചു മത്സരിക്കുന്ന പ്രവണതയും കര്‍ശനമായി നിയന്ത്രിക്കാന്‍ ജില്ലാ കലക്റ്റര്‍മാര്‍ക്കും പൊലീസ് അധികൃതര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റച്ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പുവരുത്തണം. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം.
കഴിഞ്ഞ തവണ, അതായത് 2020 ഡിസംബര്‍ 8, 10, 14 തീയതികളിലാണ് തദ്ദേശ തിരഞ്ഞടുപ്പ് നടന്നത്. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 നഗരസഭകള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേയ്ക്ക് നടന്ന വോട്ടെടുപ്പില്‍ ഇടതു തരംഗമാണ് ആഞ്ഞടിച്ചത്. 514 ഗ്രാമ പഞ്ചായത്തുകളില്‍ ഇടതു മുന്നണി വിജയിച്ചപ്പോള്‍ യു.ഡി.എഫ് 377-ല്‍ ഒതുങ്ങി. 22 സീറ്റുകള്‍ എന്‍.ഡി.എയും 28 എണ്ണം മറ്റുള്ളവരും സ്വന്തമാക്കി. ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളില്‍ മൂന്നില്‍ രണ്ടു സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ 108 എണ്ണം എല്‍.ഡി.എഫിന്റെയും 44 സീറ്റുകള്‍ യു.ഡി.എഫിന്റെയും പേരില്‍ കുറിക്കപ്പെട്ടു.
11 ജില്ലാ പഞ്ചായത്തുകള്‍ ഇടതു മുന്നണിയും 3 എണ്ണം യു.ഡി.എഫും നേടി. ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ ഒന്നില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. എന്നാല്‍ മുനിസിപ്പാലിറ്റികളില്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. യു.ഡി.എഫ്-45, എല്‍.ഡി.എഫ്-35. 2020 ഡിസംബര്‍ 21-നാണ് നിലവിലുള്ള ഭരണ സമിതികള്‍ ചുമതലയേറ്റത്. എല്‍.ഡി.എഫ് വിജയം സംസ്ഥാനത്തെ ജനങ്ങളുടെ കൂടി വിജയമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. ബി.ജെ.പിയുടെ അവകാശ വാദങ്ങള്‍ ഒരിക്കല്‍കൂടി തകര്‍ന്നടിഞ്ഞിരിക്കുന്നുവെന്നും വര്‍ഗ്ഗിയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിതിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, കേരളത്തിലെ പ്രബല സാമുദായിക സംഘടനകളായ എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും ആശീര്‍വാദത്തോടെ പിണറായി വിജയന്‍ മൂന്നാം ഊഴത്തിന് കച്ചമുറുക്കുന്ന പശ്ചാത്തലത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുന്നത്. വരുന്ന ഡിസംബര്‍ 20-ഓടെ പുതിയ ഭരണ സമിതികള്‍ അധികാരമേല്‍ക്കും. പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാളുകളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസല്ല തദ്ദേശ ഇലക്ഷന്‍ എങ്കിലും കഴിഞ്ഞ തവണത്തെ ഗംഭീര വിജയം ആവര്‍ത്തിച്ചാല്‍ ആത്മവിശ്വാസത്തോടെ സി.പി.എമ്മിനും ഇടതു മുന്നണിക്കും അസംബ്ലി ഇലക്ഷനെ നേരിടാനാകും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അടിത്തട്ടിലെ നിര്‍ണായക രാഷ്ട്രീയ പോരാട്ടമാണ് തദ്ദേശ തിരഞ്ഞെടുപ്പ്. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേയ്ക്കും മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പിന്റെ സ്വഭാവം നിയമസഭ, ലോക്‌സഭ ഇലക്ഷനുകളിലേതില്‍ നിന്നും തികച്ചും വിഭിന്നമാണ്. ഇവിടെ സ്ഥാനാര്‍ത്ഥിയുടെ ഗ്ലാമറിനോ ചുറുചുറുക്കിനോ രാഷ്ട്രീയ ചായ്‌വിനോ ഒന്നും അധികം പ്രസക്തിയില്ല. നമ്മുടെ അയല്‍പക്കക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായിരിക്കും മിക്കവാറും ഗോദയില്‍ പൊരുതാനുണ്ടാവുക, ഒപ്പം ശത്രുക്കളും. ഇവിടെ വ്യക്തിപരമായ താത്പര്യങ്ങളാണ് പ്രധാനമായും ബാലറ്റ് ബട്ടണില്‍ അമര്‍ത്തപ്പെടുന്നത്. സ്‌നേഹവും കുടിപ്പകയും വാല്‍സല്യവും ബഹുമാനവും ചൂണ്ടുവിരല്‍ത്തുമ്പില്‍ സംഗമിക്കുന്നതാണ് തദ്ദേശ തിരഞ്ഞടുപ്പ്. ഒപ്പം രാഷ്ട്രീയവും.
ആറ് കോര്‍പറേഷനുകളാണ് കേരളത്തിലുള്ളത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവ. കണ്ണൂര്‍ കഴിഞ്ഞ തവണ പുതുതായി രൂപീകരിച്ചതാണ്. കൊട്ടാരക്കര, പന്തളം, ഹരിപ്പാട്, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, കട്ടപ്പന, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, കൊണ്ടോട്ടി, ഫറോക്ക്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠാപുരം, ആന്തൂര്‍ എന്നിങ്ങനെ പുതിയ മുനിസിപ്പാലിറ്റികളും 2020-ലെ തിരഞ്ഞെടുപ്പിന് മുമ്പ് രൂപീകരിക്കുകയുണ്ടായി. ഇവയും കണ്ണൂര്‍ കോര്‍പറേഷനും രൂപീകരിച്ചതോടെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം 987ല്‍ നിന്ന് 914 ആയി കുറഞ്ഞു. മൊത്തം 86 നഗരസഭകളുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലും ഇക്കുറിയും പോരാട്ടം തീപാറും.
ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ അനുസരിച്ചാണ് ത്രിതല പഞ്ചായത്ത് സമ്പ്രദായം ഇന്ത്യയില്‍ നിലവില്‍ വന്നത്. വികസന പരിപാടികള്‍ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായ ഏജന്‍സികളായി ഉയര്‍ന്നിരിക്കുന്നു. പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, ഗ്രാമ വികസന വകുപ്പ്, നഗര ഗ്രാമാസൂത്രണ വകുപ്പ് എന്നിവ പ്രാദേശിക ഭരണകൂടത്തിന്റെ പ്രധാന അനുബന്ധ വകുപ്പുകളാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നത് ഈ വിഭാഗങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നതാണ്. വകുപ്പിന് ഒരു ഗവണ്‍മെന്റ് സെക്രട്ടറിയാണ് നേതൃത്വം നല്‍കുന്നത്. മന്ത്രിമാര്‍ ചേര്‍ന്നാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
എന്നാല്‍ ഈ മൂന്നു വിഭാഗങ്ങളുടേയും ഏകോപനം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനം എടുക്കുന്നത് ഈ മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി ഉള്‍പ്പെടുന്ന ഒരു സമിതിയാണ്. 1994-ല്‍ കേരളാ പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്നു. 1997-ല്‍ ഇ.എം.എസ് ഗവണ്‍മെന്റ് ഊര്‍ജ്ജം, ധനകാര്യം, വൈദഗ്ദ്ധ്യം എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യാനുള്ള ധീരമായ സംരംഭം ഏറ്റെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശീയ പങ്കാളിത്തവും 1996-2001-ലെ സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തിലൂടെ പ്രോത്സാഹിപ്പിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് എക്കാലത്തും തികച്ചും പ്രാദേശികമായ സ്വഭാവമാണുള്ളത്. അഖില ലോകപ്രശ്‌നങ്ങളും അഖിലേന്ത്യാ പ്രശ്‌നങ്ങളും ഇവിടെ പ്രസക്തമല്ല. പരിചിത മുഖങ്ങളുടെ പോരാട്ടം ശക്തമാണെപ്പോഴും കേരളത്തില്‍. തദ്ദേശ തിരഞ്ഞെടുപ്പ് വാസ്തവത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയുള്ള ഒരു രാഷ്ട്രീയ ഉല്‍സവം തന്നെയാണ്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഒക്കെ വോട്ടായിമാറുന്നത് അവിടങ്ങളിലെ പ്രശ്‌നങ്ങളിലും പരാതികളിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈക്കൊള്ളുന്ന ക്രിയാത്മകമായ ജനപക്ഷ നിലപാടുകളാണ്.