
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കളങ്കാവൽ’ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നോട്ട് . ചിത്രത്തിലെ നായകന്റെയും പ്രതിനായകന്റെയും പ്രകടനങ്ങൾ ഗംഭീരമായിരുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം. അഭിനയത്തിൽ കൂടുതൽ തേച്ചുമിനുക്കിയെത്തുന്ന മമ്മൂട്ടിക്കുള്ള അഭിനന്ദന കമൻ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്, ഒപ്പം വിനായകൻ പതിവുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നും പ്രേക്ഷകർ കുട്ടിച്ചേർക്കുന്നു. ചിത്രത്തിൻ്റെ തിരക്കഥയും കഥ പറച്ചിൽ രീതിയും മികച്ച അഭിപ്രായം നേടുന്നുണ്ട്.
അതേസമയം പുതുമ നിറഞ്ഞ, ത്രില്ലിംഗ് ആയ ശൈലിയിലാണ് ചിത്രം കഥ പറയുന്നതെന്നും സംവിധായകൻ ജിതിൻ കെ. ജോസിൻ്റെ മികവ് എടുത്തു കാണാമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രകടനത്തിനും കയ്യടികളുണ്ട്. ചിത്രത്തിൻ്റെ ആദ്യ പകുതിയും ഇൻ്റർവെൽ ബ്ലോക്കും മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. മുജീബ് മജീദിൻ്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ ആസ്വാദനം കൂടുതൽ മികച്ചതാക്കുന്നു എന്നും അഭിപ്രായങ്ങളുണ്ട്. ആദ്യ ഷോയ്ക്ക് പിന്നാലെ ഉയരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് ‘കളങ്കാവൽ’ ബോക്സ് ഓഫീസിലും മികച്ച വിജയം നേടുമെന്നാണ്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ‘കളങ്കാവൽ’ കേരളത്തിൽ വിതരണം ചെയ്യുന്നത് വേഫറർ ഫിലിംസ് ആണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ പ്രോജക്റ്റ് കൂടിയാണ്. കേരളത്തിന് പുറത്തും മികച്ച ബുക്കിംഗ് ലഭിക്കുന്ന ചിത്രത്തിന് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും മികച്ച പ്രീ-സെയിൽസാണ് ലഭിക്കുന്നത്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ഓവർസീസ് വിതരണ പങ്കാളി.