
പ്രണവ് മോഹൻലാൽ നായകനായി എത്തിയ പുതിയ ചിത്രമാണ് ‘ഡീയസ് ഈറെ’. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച ഹൊറർ ത്രില്ലർ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടി.യിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ 82 കോടി രൂപ നേടിയ ‘ഡീയസ് ഈറെ’ നിലവിൽ ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
‘ക്രോധത്തിൻ്റെ ദിനം’ എന്നർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രം ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. പ്രേക്ഷക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവനും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീമും വീണ്ടും ഒന്നിച്ച ഈ സിനിമ ഒക്ടോബർ 30-ന് പെയ്ഡ് പ്രീമിയറുകളോടെ ആരംഭിച്ച് 31-നാണ് ആഗോള റിലീസായി പ്രദർശനത്തിനെത്തിയത്.
ഉദ്വേഗവും ആകാംക്ഷയും മിസ്റ്ററിയും നിറഞ്ഞ ഒരു ഹൊറർ ത്രില്ലർ ചിത്രമാണിതെന്നാണ് ‘ഡീയസ് ഈറെ’ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങൾ. നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് ടീസറുകളും ട്രെയ്‌ലറുകളും നേരത്തെ സൂചന നൽകിയിരുന്നു. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ‘ഡീയസ് ഈറെ’യുടെ വിതരണാവകാശം കേരളത്തിൽ ഇ ഫോർ എക്സ്പെരിമെന്റ്‌സിനാണ് നേടിയത്. ഇന്ത്യക്ക് പുറത്തുള്ള വിതരണം കൈകാര്യം ചെയ്യുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെൻ്റ്‌സാണ്. കർണാടക ഒഴികെയുള്ള റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ തിങ്ക് സ്റ്റുഡിയോസും കർണാടകയിൽ വി.കെ. ഫിലിംസുമാണ് ചിത്രം എത്തിച്ചത്.