Image

സാറാ ( നീണ്ട കഥ - 1 : അന്നാ പോൾ )

Published on 06 December, 2025
സാറാ ( നീണ്ട കഥ - 1 : അന്നാ പോൾ )

കൊച്ചുപെണ്ണിനിതു ഒമ്പതാം മാസമാ... ഒമ്പതും പത്തും ഭേദമില്ല... കന്നിപ്പേറൊന്നുമല്ല. എന്നിട്ടും മറിയത്തള്ളയ്ക്കു ഇരുന്നിട്ടു ഇരിപ്പുറക്കുന്നില്ല.

അതിനു കാരണമുണ്ട്. കൊച്ചു പെണ്ണു മൂന്നുനാലു തവണ പെറ്റതാ . എല്ലാം ചാപിള്ളകൾ .

ഒന്നുരണ്ടെണ്ണം ജീവനോടെ പിറന്നെങ്കിലും ഉടനേ കണ്ണടച്ചു.

അതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത സങ്കടവും ഭയവും അവരെ പിടികൂടി..

ആറ്റുമുട്ടേൽ താമസിക്കുന്ന വയറ്റാട്ടി മാണിത്തള്ളയെ വിളിക്കാൻ ആളു പോയിട്ടുണ്ടു... നടന്നിങ്ങു വരണ്ടേ...

കൊച്ചുപെണ്ണിന്റെ ആമ്പ്രന്നോൻ ശമുവേൽ വീട്ടിലില്ല.

ദൂരെ ഒരു ജന്മിയുടെ വയലിൽ കൊയ്ത്തു നടക്കുകയാണ്. അവിടത്തെ പണിയാളനാണു ശമുവേൽ..

കഴിഞ്ഞ മാസം വന്നപ്പോൾ പറഞ്ഞതാണു അടുത്ത മാസം പണിയ്ക്കു പോകണ്ടാന്നു.

കൊച്ചിനു എപ്പഴാ പേറ്റു നോവു തുടങ്ങുന്നതെന്നു നന്മക്കറിയത്തില്ല.

പെരേൽ ആണൊരുത്തൻ വേണം....എല്ലാം കേട്ടു സമ്മതിച്ചു പോയതാ... പക്ഷേ ആളിതു വരെ വന്നിട്ടില്ല.

അയാളുടെ കുറ്റമല്ലെന്നറിയാം... അടിമപ്പണി ചെയ്യുന്നവനെ വിട്ടാലല്ലേ വരാൻ പറ്റത്തൊള്ളൂ... മകൻ എങ്ങനെയെങ്കിലും വരുമെന്നവർപ്രതീക്ഷിച്ചു.

കൊച്ചു പെണ്ണു ഇടയ്ക്കിടെ കടവിലോട്ടു നോക്കും കൊച്ചു വള്ളത്തിലാരെങ്കിലും പോകുന്നതു കാണുമ്പോൾ അവൾ പ്രതീക്ഷയോടെ നോക്കും..

മകളുടെ കണ്ണു നിറയുന്നതു കാണുമ്പോൾ പെറ്റ തള്ളയല്ലേ അവർക്കും കരച്ചിൽ വരും.

രണ്ടു പേരും നിറമിഴികളോടെ ശമുവേലിനെയും കാത്തു കടവത്തിരുന്നു.

അകലെ നിന്നും മാണിത്തള്ള നടന്നു വരുന്നതു കണ്ടപ്പോൾ ഇരുവർക്കും ആശ്വാസമായി.

മാണിത്തള്ള കടവിലിറങ്ങി കാലും മുഖവും കഴുകി... വിയർപ്പാ റ്റി.

കൊച്ചു പെണ്ണിനെ അകത്തു കൊണ്ടുപോ പോയി കിടത്തി. വയർ തടവി നോക്കി....

അവരുടെ ഒരു വാക്കിനു കാതോർത്തു മറിയം നിന്നു. പിടയ്ക്കുന്ന നെഞ്ചോടെ അവർ പ്രാർത്ഥിച്ചു. "എൻറ യേശുവേ എൻറെ കൊച്ചിനൊരാപത്തുംവരല്ലേ".

മുറിയിൽ നിന്നും പുറത്തിറങ്ങിയ മാണിത്തളള യുടെ മറുപടി അവർ ക്കാശ്വാസം പകർന്നു." നീ സമാധാനിയ്ക്കെടീ" പേടിയ്ക്കാനൊന്നുമില്ലടീ മറിയക്കൊച്ചേ.''

ഒന്നുരണ്ടു ദിവസം കൂടി കഴിയണമെന്നാ എനിയ്ക്കു തോന്നണതു..

"പിള്ള തിരിയാൻ തൊടങ്ങിയിട്ടില്ല.

നീ അവക്കെടെ വയറു കണ്ടില്ലേ വയറു ചാഞ്ഞിട്ടില്ല.

കീഴോട്ടിരിയ്ക്കണം വയറു... അതാ ലക്ഷണം

മറിയത്തള്ളയ്ക്കു എന്നല്ല അവിടെ എല്ലാർക്കും മാണിയെ വിശ്വാസമാ... അവരു പറഞ്ഞാ പറഞ്ഞതാ... ഇന്നേവരെ അവർക്കു ഒരു കൈയ്യബദ്ധം പറ്റിയിട്ടില്ല.

എത്രയോ കുഞ്ഞുങ്ങളെ ഭൂമിയിലേയ്ക്കു കൊണ്ടുവന്ന കൈകൾ ആണവരുടേതു!!

ആശുപത്രിയോ ഡോക്ടറോ നേഴ്സോ ഒന്നുമില്ലാത്ത ആ സ്ഥലത്തു ഈയൊരു സ്ത്രീയുടെധൈ ധൈര്യവും നിസ്വാർത്ഥ മനസ്സും എത്രയെത്ര ജീവിതങ്ങളെയാണു മരണത്തിനു വിട്ടുകൊടുക്കാതെ ജീവിതത്തിലേയ്ക്കുകൈ പിടിച്ചു നടത്തിയിട്ടുള്ളതു.!!

ഒന്നും പ്രതീക്ഷിച്ചല്ല....എന്തെങ്കിലും കൊടുത്താൽ വാങ്ങും അത്ര തന്നെ കാ ചക്രത്തിനു വകയില്ലാത്ത പാവങ്ങളോടു എന്തു വാങ്ങാൻ...?

മാണിത്തള്ള ആറ്റിറമ്പിലുംവയൽ വരമ്പിലുമൊന്നു നടക്കാനിറങ്ങി. എന്തൊക്കെയോ പച്ചമരുന്നുകൾ ഇടിച്ചു പിഴിഞ്ഞു വെളിച്ചണ്ണയും ചേർത്തു ഗർഭിണിയെ കുടിപ്പിച്ചു.

"അമ്മയിനി ഇതു കഴിഞ്ഞു പോയാ മതി

കൊച്ചു പെണ്ണു പറഞ്ഞു.

ഗർഭത്തിന്റെ ആലസ്യവും ഉള്ളിലെ ഭയവും എല്ലാം കൂടിക്കലർന്ന കൊച്ചുപെണ്ണിന്റെ നിഷ്ക്കളങ്കമായ മുഖം മാണിയുടെ മനസ്സലിയിച്ചു.

"മറിയക്കൊച്ചേ നാഴിയരി എനിയ്ക്കും കൂടി ഇട്ടോ

അവർ ചിരിച്ചു കൊണ്ടു പറഞ്ഞു. ഇവളെന്നെ പോകാൻ സമ്മതിക്കുന്നില്ല.

"ഞാനും അതു പറയാനിരിക്കുവാരുന്നു.

എല്ലാം കഴിഞ്ഞിട്ടു പോകാം മറിയം പറഞ്ഞു.

അത്താഴമൊരുക്കാനവർ അടുപ്പു കത്തിച്ചു. കൂട്ടാൻ വെയ്ക്കാൻ കടവിൽ ഇട്ടിരിക്കുന്ന ഉറിവലപോയി നോക്കി.

വലനിറയെ ചെറു മീനുകൾ: പരലും പള്ളത്തിയും കൂരിയും....

മാണിത്തള്ള മുറുക്കാൻ പൊതിയുമായ് തിണ്ണയിലിരുന്നു.

സൂര്യൻ എരിഞ്ഞടങ്ങാൻ തുടങ്ങി.

പാടത്തെ പണി കഴിഞ്ഞ് പെണ്ണുങ്ങൾ കൂട്ടം കൂട്ടമായ് ചിരിച്ചും പറഞ്ഞും നടന്നു പോകുന്നു.

റാഹേലും പണി കഴിഞ്ഞു മടങ്ങിവരുന്നുണ്ടായിരുന്നു.

മാണിയുടെ ആങ്ങളയുടെ മകന്റെ ഭാര്യയാണു റാഹേൽ .

അവരെല്ലാം സായിപ്പിന്റെ കൂടെച്ചേർന്നു ക്രിസ്ത്യാനികളായി. പള്ളിക്കാരായി.

മാണിമാത്രം ചത്തു തലയ്ക്കു മുകളിനിയ്ക്കണ കാർന്നോന്മാരെ മറന്നില്ല.... മാടന്തറയും ദൈവങ്ങളേം വിട്ടു പോയില്ല.... കൊച്ചു പെണ്ണിനെക്കാണാൻ റാഹേൽ അങ്ങോട്ടു കയറി.

മാണി റാഹേലിനോട് ചോദിച്ചു. "യോനാച്ചന്റെ ദെണ്ണം കുറഞ്ഞോടി കൊച്ചേ...

അപ്പനു തീരെ വയ്യാണ്ടായി അപ്പച്ചിയ്ക്കു വന്നു കാണാൻ മേലേ.....

എന്തൊരു പിണക്കമാ? എത്ര കൊല്ലവായി മിണ്ടിട്ടും കണ്ടിട്ടും... കടുപ്പം തന്നെ.

അവൾ പിറുപിറുത്തു.

മാണിയ്ക്കു കലികയറി

നീ വല്ലോം കേക്കു o... വേഗം പൊക്കോ...

അവൾക്കെന്നല്ല എല്ലാവർക്കും തന്നെ മാണിത്തള്ളയെ പേടിയാ

അവൾ വേഗം മറിയത്തള്ള കൊടുത്ത കാപ്പി കുടിച്ചു, കൊച്ചു പെണ്ണിനേം കണ്ടു വേഗം കൂടിയിലേയ്ക്കു നടന്നു.

മാണിയപ്പച്ചി പണ്ടാക്കെ പാടത്തു വരുമായിരുന്നു. ഇപ്പോഴങ്ങനെ വരാറില്ല പ്രായമായില്ലേ

അപ്പച്ചിയുടെ കൂടെ പണിയെടുത്താൽ ചിരിച്ചു ചിരിച്ചു വയറു വേദനിയ്ക്കും.... ഒരിയ്ക്കൽ മാർത്ത അവളുടെ കന്നിഗർഭം... കഞ്ഞിടെ മണം കേട്ടാൽ ഓക്കാനിക്കും. അവളു ഉച്ചയ്ക്കു കഞ്ഞി കുടിയ്ക്കാതെ നിന്നു പണിയെടുത്തു. തല ചുറ്റി വീണു. മാണിത്തള്ള പറഞ്ഞതു കേട്ടു അവളും ചിരിച്ചു പോയി

"നാ

ങാ.. അതൊക്കെ അങ്ങനാ... കന്നിപ്പേറല്ലേ... ചറപറാന്നു പെറാൻ തൊടങ്ങുമ്പം ഇതെല്ലാം മാറും. പണിയെടുത്തു കുഴയുമ്പോൾ അവരുടെ തമാശകൾ ഒരാശ്വാസമായിരുന്നെന്ന് റാഹേൽ ഓർത്തു.

ഒരിയ്ക്കൽ വയൽവരമ്പിൽ കുടയും ചൂടി നിൽക്കുന്ന തമ്പ്രാന്റെ കുടവയറു കണ്ട് മാണിത്തള്ള പതിയെ പറഞ്ഞു "തമ്പ്രാനിതുവരെ പെറ്റില്ലേ...

കൂട്ടച്ചിരി കേട്ടു തമ്പ്രാൻ ശകാരിച്ചു കൊണ്ടുവന്നു

"എന്താടീ": ചിരിയ്ക്കാതെ പണിയെടുക്കു...... എന്തു പറയണമെന്നറിയാതെ പേടിച്ചു നിന്നപ്പോൾ മാണിയപ്പച്ചി കൂസലില്ലാതെ പറഞ്ഞു

ഞാനൊരു പൊറി വിട്ടതാ തമ്പ്രാ അതിനാ... ഈ പൊലയടിച്ചികള് ചിരിച്ചതു... ങാ...ങാ... തമ്പ്രാൻ നടന്നു പോകുമ്പോൾ മാണിയപ്പച്ചി ശരിയ്ക്കും പണി പറ്റിച്ചു.

പ്പർർ ർ.... ചിരിയടക്കാൻ പെട്ട പാട്

റാഹേൽ ഓർത്തോർത്തു ചിരിച്ചു. നടന്നുവീടെത്തിയതറിഞ്ഞില്ല....

 

തുടരും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക