Image

ചോറിൽ യേശുദാസിനെ കൂട്ടിക്കുഴച്ച കാലം : രവിമേനോൻ

Published on 06 December, 2025
ചോറിൽ യേശുദാസിനെ കൂട്ടിക്കുഴച്ച കാലം : രവിമേനോൻ

അച്ഛൻ വീട്ടിലില്ലെങ്കിൽ ആഹ്ളാദിക്കുക രണ്ടു പേരാണ് -- വീട്ടിലെ ഫിലിപ്സ് റേഡിയോയും, പിന്നെ ഞാനും.

ഉറക്കെ സംസാരിക്കാം, ചിരിക്കാം, പാട്ടു പാടാം, കലഹിക്കാം, തട്ടിൻപുറം മുതൽ മുറ്റത്തെ പേരമരക്കൊമ്പ് വരെ എവിടെയും കയറി നിരങ്ങാം. ആരും ചോദിക്കാൻ വരില്ല, ദേഷ്യപ്പെടില്ല, തിരിഞ്ഞുനോക്കുക പോലുമില്ല. ഇരുവർക്കും പരിപൂർണ്ണ സ്വാതന്ത്ര്യം.

പക്ഷേ തീൻമേശമേൽ ഞാനും ഫിലിപ്സും ഒന്നിച്ചു ഹാജരായാൽ അമ്മയുടെയും ചിന്നമ്മു വല്യമ്മയുടെയും മുഖം ചുളിയും. മനസ്സ് ഒരിടത്തും ഏകാഗ്രമായി നിൽക്കാതെ, മുന്നിൽ വിളമ്പിവെച്ച ചോറിലും റേഡിയോയിലെ പാട്ടിലുമായി ഓടിക്കളിക്കുന്നത് കണ്ട് സഹികെട്ട് വല്യമ്മ അമ്മയോട് പറയും: "ഓന് ചോറിന്റെ കൂടെ യേശ്വാസിൻ്റെ പാട്ടും കൂടി കൂട്ടിക്കൊഴച്ച് കൊടുക്വാ വേണ്ടത്. ന്നാ പിന്നെ ആ റേഡിയോനെ വെറുതെ വിടൂലോ. ഇങ്ങനെ പോയാ ഈ ചെക്കൻ അതും തിന്നും..''

ഓർക്കാൻ രസമുണ്ട്. എന്തൊരു സുന്ദര ഭാവന. ചോറിൽ ഇത്തിരി പാട്ട് കൂട്ടിക്കുഴയ്ക്കുക. വല്യമ്മ കളിയാക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും, അറിഞ്ഞോ അറിയാതെയോ അത് അക്ഷരം പ്രതി നടപ്പിലാക്കുകയാണ് ഇന്ന് ഞാൻ. പണ്ട് ചോറിൽ മാത്രമായിരുനെങ്കിൽ ഇപ്പോൾ ചപ്പാത്തിയിലും പൊറോട്ടയിലും ചില്ലി ചിക്കനിലും കൂടി എന്നൊരു വ്യത്യാസം മാത്രം. പുതിയ ഭക്ഷണരീതികളെപ്പോലെ പുതിയ ചില പാട്ടുകളും അതികഠിനം. ദഹനക്കേടുണ്ടാക്കുന്നു അവ. കാലത്തിന്റെ കുസൃതിയാകാം. അതോ പ്രായത്തിന്റെയോ?

പാട്ടുപ്രേമത്തെയും തോൽപ്പിച്ചു കളഞ്ഞ ഒരേയൊരു ഭക്ഷണപദാർത്ഥമേ ഓർമ്മയിലുള്ളൂ -- ചിന്നമ്മു വല്യമ്മയുടെ ദോശ. അത്രയും കയ്യൊതുക്കത്തോടെ, "കാവ്യഭാവന''യോടെ മറ്റാരും ഉണ്ടാക്കിക്കണ്ടിട്ടില്ല ആ പ്രാതൽ വിഭവം; മുന്തിയ സസ്യാഹാര ശാലകളിലെ അഭിനവ നളന്മാർ പോലും. റേഡിയോയിൽ നിന്നൊഴുകിവരുന്ന ലതാ മങ്കേഷ്കറുടെ പാട്ടോ സുരേഷ് സരയ്യയുടെ ക്രിക്കറ്റ് കമന്ററിയോ ബാലലോകത്തിലെ ബാലേട്ടന്റെ കൊച്ചുവർത്തമാനമോ പോലും സുതാര്യ സുന്ദരമായ ആ ദോശക്ക് മീതെ പറക്കില്ല. അത്രയ്ക്കും കൈപ്പുണ്യം ഉണ്ടായിരുന്നിരിക്കണം വല്യമ്മയിലെ പാചക വിദഗ്ധക്ക്. അന്നത്തെ എന്റെ കുഞ്ഞു രസമുകുളങ്ങൾ കൂടുതൽ വലിയ പരീക്ഷണങ്ങൾക്ക് സജ്ജമായിരുന്നില്ല എന്നതും ഒരു കാരണമാകാം.

ദോശയുൽപ്പാദനം ഒരു തപസ്യ തന്നെ ആയിരുന്നു ചിന്നമ്മു വല്യമ്മയ്ക്ക് എന്ന് തോന്നും ചിലപ്പോൾ. മാവ് വട്ടം വട്ടമായി ഒഴിച്ച്, തവി കൊണ്ട് മൃദുവായി പരത്തി, ഇടയ്ക്കിടെ പൊട്ടിവിരിയുന്ന വിടവുകൾ മാവുകൊണ്ട് സൂക്ഷ്മമായി അടച്ച് ദോശ മൊരിഞ്ഞുവരാൻ വേണ്ടി കയ്യിൽ ചട്ടുകവും ചുണ്ടിലൊരു മൂളിപ്പാട്ടുമായി കത്തുന്ന അടുപ്പിനു മുന്നിൽ കാത്തുനിൽക്കുന്ന വല്യമ്മയെ നോക്കി, നിലത്ത് അക്ഷമരായി ചമ്രം പടിഞ്ഞിരിക്കും ഞാനും രജിയും രഞ്ജിനിയും. കയ്യിലെ ഒഴിഞ്ഞ സ്റ്റീൽ കിണ്ണങ്ങളിലേക്ക് ഏതു നിമിഷവും ചൂടോടെ വന്നു വീഴാം ദോശകുമാരന്മാർ. പ്രായത്തിനനുസരിച്ചാണ് വല്യമ്മയുടെ ദോശ വിതരണം. ഇളയവളായ രഞ്ജിനിക്ക് ആദ്യം. പിന്നെ രജിക്ക്, ഏറ്റവുമൊടുവിൽ എനിക്കും. നന്നായി മൊരിഞ്ഞ ദോശ തന്നെ എനിക്ക് തരാൻ ശ്രദ്ധിച്ചിരുന്നു വല്യമ്മ. ചുളിവൊന്നും വീഴാത്ത വടിവൊത്ത ദോശ. പ്രിയപ്പെട്ട ഒരു ദോശാരാധക സുഹൃത്തിന്റെ വാക്കുകൾ കടമെടുത്താൽ കവിത തുളുമ്പുന്ന ദോശ.

ദോശയുടെ ഉറ്റ തോഴൻ ചട്ട്ണിയാണെന്നാണ് വെപ്പ്. ടിയാൻ സ്ഥലത്തില്ലെങ്കിൽ സാമ്പാറോ ദോശപ്പൊടിയോ. പക്ഷേ ഈ മൂന്നിനോടുമല്ല അക്കാലത്ത് എനിക്ക് കമ്പം. മറ്റൊരു വിചിത്ര വസ്തുവിനോടാണ് -- ശർക്കരപ്പാവ്. കറുത്ത് കുഴമ്പ് രൂപത്തിൽ കുറുക്കിയെടുത്ത ശർക്കരപ്പാവിൽ ദോശക്കഷ്ണങ്ങൾ മുക്കി ഒന്നൊന്നായി ആസ്വദിച്ച് അകത്താക്കുന്ന അനന്തിരവനെ നോക്കി മൂക്കത്ത് വിരൽ വെച്ച് വല്യമ്മ ആത്മഗതം പോലെ ഉരുവിടും: ``ദെന്തൊരു ശീലാ ഈ ചെക്കന്റെ. ഇങ്ങനെ മുക്കിക്കുടിച്ചാ വല്ല സൂക്കടും പിടിക്കും നെനക്ക്. ശർക്കരപ്പാവില് കലക്കിക്കൊടുത്താ മണ്ണും തിന്നുമല്ലോ ഇവൻ...'' അമ്മ അടുത്തുണ്ടെങ്കിൽ എന്നെ പ്രതിരോധിക്കും. ``പാവം. ഓൻ ഇഷ്ടം പോലെ കഴിച്ചോട്ടെ. കുട്ട്യോളല്ലേ? കൊറേ കഴിഞ്ഞാ ആ മോഹമൊക്കെ പോകും...''

അമ്മ പറഞ്ഞതാണ് ശരി. ശർക്കരപ്പാവിനോടെന്നല്ല ശർക്കരയോട് പോലുമില്ല ഇപ്പോൾ പഴയ കമ്പം. എങ്കിലും ദോശപ്രാന്ത് ഇന്നും പഴയ പടി തന്നെ. സാധാ ദോശയോട് മാത്രമല്ല ദോശയുടെ സർവ വകഭേദങ്ങളോടും ഉണ്ട് അതേ പ്രണയം. അട ദോശ, മസാലദോശ, നെയ്‌ദോശ, നീർ ദോശ, റവ ദോശ, കാരറ്റ് ദോശ, ബീറ്റ്‌റൂട്ട് ദോശ, കാബേജ് ദോശ, വെളുത്തുള്ളി ദോശ, മഷ്‌റൂം ദോശ, മുട്ട ദോശ...തുടങ്ങി കൊച്ചിയിലെ പൈ സഹോദരന്മാരുടെ ചോക്ലേറ്റ് ദോശയോട് വരെ. കൂട്ടത്തിൽ മസാല ദോശയോട് ഒരു തരി സ്നേഹം കൂടും എന്ന് മാത്രം. ആദ്യമായി മസാലദോശ കഴിച്ചത് കോഴിക്കോട്ടെ ഇമ്പീരിയൽ ഹോട്ടലിൽ നിന്നാണ്. നഗരത്തിലെ അന്നത്തെ ഏറ്റവും മുന്തിയ ലോഡ്ജ് - കം - ഹോട്ടലുകളിൽ ഒന്ന്. സിമന്റിന് മുകളിൽ മൊസൈക്ക് ടൈൽ പാകി മിനുസപ്പെടുത്തിയ ഇമ്പീരിയലിലെ മേശക്ക് ചുറ്റും ഒരു വൈകുന്നേരം അമ്മയോടും വല്യമ്മയോടും ഒപ്പം ചെന്നിരുന്നപ്പോൾ അച്ഛൻ ചോദിച്ചു. കുട്ട്യോൾക്കെന്താ വേണ്ടത്? ദോശയോ ഇഡ്ഡലിയോ?''

ഒരേ ഈണത്തിൽ, താളത്തിൽ കോറസ് പോലെ ഞങ്ങളുടെ മറുപടി: "മസാലദോശ.'' അമ്മയുടെ ഏടത്തിമാരുടെ മക്കൾ പറഞ്ഞുകേട്ട് മാത്രം പരിചയമുള്ള ആ പലഹാരം തൊട്ടു മുന്നിൽ വലിയ സ്റ്റീൽ പാത്രങ്ങളിൽ നിരന്നപ്പോൾ കുറച്ചു നേരം അന്തം വിട്ടു നോക്കിയിരുന്നു ഞങ്ങൾ. പിന്നെ വി കെ എന്നിന്റെ ശൈലിയിൽ അവയെ "കടന്നാക്രമിച്ചു.'' ആ ആദ്യസമാഗമത്തിന്റെ രുചി ഇന്നുമുണ്ട് നാവിലും മനസ്സിലും. പല രൂപഭാവങ്ങളിൽ, പല രുചികളിൽ, പല പേരുകളിൽ മസാലദോശയെ പിന്നേയും കണ്ടുമുട്ടിയെങ്കിലും, ഇമ്പീരിയലിലെ ആ പഴയ മസാലദോശയുടെ ആസ്വാദ്യതക്ക് പകരം നിൽക്കില്ല അവയൊന്നും. ആദ്യാനുഭവങ്ങൾ എപ്പോഴും അങ്ങനെയാണല്ലോ. കുട്ടിക്കാലത്ത് ചിന്നമ്മു വല്യമ്മ ഉണ്ടാക്കിത്തന്ന മൊരിഞ്ഞ ദോശയോടുള്ള സ്നേഹവും അതുപോലെ തന്നെ. നിത്യഹരിതമായ ഒരു സ്വാദോർമ്മ.

വയനാടൻ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ശേഷം വല്യമ്മയെ അധികം കണ്ടിട്ടില്ല. ഉപജീവനാർത്ഥം പത്രപ്രവർത്തനവുമായി കോഴിക്കോട്ട് ഒതുങ്ങിക്കൂടിയിരുന്നു അതിനകം ഞാൻ. എങ്കിലും അവധിക്ക് നാട്ടിൽ പോകുമ്പോഴെല്ലാം മലപ്പുറം ഒതുക്കുങ്ങലിലെ അച്ഛന്റെ തറവാട്ട് വീട്ടിൽ ചെന്ന് വല്യമ്മയെ കാണും. മൊരിഞ്ഞ ദോശയുമായി എന്നെ കാത്തിരിക്കുന്നുണ്ടാകും അവർ. ശർക്കരപ്പാവിൽ മുക്കി ഞാൻ ദോശ കഴിക്കുന്നത് കൗതുകത്തോടെ നോക്കിയിരിക്കേ "നീയ്യ് ആകെ ക്ഷീണിച്ചു ട്ടോ. നല്ലോണം കഴിച്ചോണ്ടു'' എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. ഏകാന്തജീവിതമായിരുന്നു വല്യമ്മയുടേത്. ചുരുക്കം നാളുകൾ മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിന്റെ തിക്തസ്മരണകളുമായി ജീവിതം ജീവിച്ചു തീർത്ത പാവം സ്ത്രീ. കുട്ടികളില്ലെങ്കിലും ഞങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ചു അവർ. ഞങ്ങൾക്കിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കിത്തരുന്നതിൽ ആനന്ദം കണ്ടെത്തി.

അവസാനമായി വല്യമ്മയെ കണ്ടത് മരിക്കുന്നതിന് നാലഞ്ച് മാസം മുൻപാണ്; ഒരു ഓണക്കാലത്ത്. വരുന്ന കാര്യം കത്തെഴുതി അറിയിച്ചിരുന്നതിനാൽ വഴിക്കണ്ണുമായി പടിപ്പുരയിൽ തന്നെയുണ്ടായിരുന്നു അവർ. കണ്ടയുടൻ അടുത്തു വന്ന് കെട്ടിപ്പിടിച്ചു; പതിവുപോലെ "ന്റെ കുട്ടീന്റെ തടിയൊക്കെ എവിടെ പോയീ ഗുരുവായൂരപ്പാ'' എന്ന് പരിതപിച്ചു. വല്യമ്മയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും. പരസഹായമില്ലാതെ നടക്കാൻ പോലും പ്രയാസം.

കൈപിടിച്ചു പൂമുഖത്തേക്ക് പതുക്കെ നടക്കുമ്പോൾ ഇടറിയ ശബ്ദത്തിൽ അവർ പറഞ്ഞു: ``നീയ്യ്‌ ന്നോട് പൊറുക്കണം ട്ടോ. ഇന്നത്തെ ദോശ ഒട്ടും ശര്യായില്ല. എന്താ ചെയ്യുക. കയ്യും കാലും വിചാരിച്ചെടത്ത് നിക്കണ്ടേ. കയ്യ് വല്ലാണ്ടെ വെറയ്ക്കുണു..'' അതൊന്നും സാരമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചപ്പോൾ വല്യമ്മ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അടുത്ത വീട്ടിലെ ദുബായിക്കാരൻ സമ്മാനിച്ച സോണിയുടെ കൊച്ചു ടേപ്പ് റെക്കോർഡറിൽ ജയചന്ദ്രൻ പാടിക്കൊണ്ടേയിരിക്കുന്നു: "മരുഭൂമിയിൽ മലർ വിരിയുകയോ, എൻ മനസ്സിൽ മോഹം വിടരുകയോ...''

മേശപ്പുറത്ത് കൊണ്ടുവെച്ച ദോശയ്ക്ക് പഴയ രൂപഭംഗി ഉണ്ടായിരുന്നില്ല. പക്ഷേ സ്വാദിന് തെല്ലുമുണ്ടായിരുന്നില്ല കുറവ്. രുചിയുടെ ആ പഴയ വല്യമ്മ സ്പർശം അതേ പടി. അന്നും ദോശ കഴിച്ചു തീരും വരെ തൊട്ടടുത്ത് എന്നെ നോക്കിയിരുന്നു അവർ. ഇടയ്ക്ക് തലമുടിയിലൂടെ വാത്സല്യപൂർവ്വം വിരലോടിച്ചു. കൈകഴുകുമ്പോൾ അടുത്തുവന്നു നിന്ന് വല്യമ്മ പറഞ്ഞു: "ഒട്ടും വയ്യ ഇനിക്ക്. മേപ്പട്ടേക്ക് പോകാൻ കാലായീന്ന് തോന്നുണു. അടുത്ത പ്രാവശ്യം വരുമ്പോ ന്റെ കുട്ടിക്ക് മൊരിഞ്ഞ ദോശ ണ്ടാക്കിത്തരാൻ ഞാൻ ണ്ടാവില്യ ട്ടോ....'' ഒന്നും പറയാനുണ്ടായിരുന്നില്ല എനിക്ക്.

പടിപ്പുരയിറങ്ങി പാടവരമ്പത്തേക്ക് കയറവേ വെറുതെ തിരിഞ്ഞുനോക്കി. മതിലിൽ ചാരി വിദൂരതയിലേക്ക് നോക്കിനിൽക്കുന്നു വല്യമ്മ. അതായിരുന്നു അവസാന കാഴ്‌ച്ച.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക