
"എന്താ പിള്ളേച്ചാ, കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നത്?"
"ഇതൊരു പടമാണെടോ."
"എന്ത് പടം? കാണട്ടെ."
"ഇതാ കണ്ടോളൂ."
"പിള്ളേച്ചാ, ഇത് 1993 മാർച്ച് 26 ന് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കെവിൻ കാർട്ടറിന്റെ വിശ്വവിഖ്യാതമായ 'വൾച്ചർ ആൻഡ് ദി ലിറ്റിൽ ചൈൽഡ്' എന്ന ഫോട്ടോഗ്രാഫല്ലേ? ഇതെന്തിനാണ് കൊണ്ടു നടക്കുന്നത്?"
"ഇയാൾ ഈ ഫോട്ടോയിലേക്കു സൂക്ഷിച്ചൊന്നു നോക്കിക്കേ. സുഡാനിലെ ക്ഷാമത്തിൽ മരിച്ചുവീണ ആയിരങ്ങളുടെ നടുവിൽ മരിക്കാറായ ഒരു കുഞ്ഞിനെ പിച്ചിച്ചീന്താൻ നോക്കി നേരെ പുറകിൽ നിൽക്കുന്ന ആ കഴുകനെ ശ്രദ്ധിച്ചോ?"
"ഉവ്വ്. അതാണല്ലോ ആ പടത്തിനു പുലിറ്റ്സർ പ്രൈസ് നേടിക്കൊടുത്തത്."
"കറക്റ്റ്. ഈ പടത്തിൽ അന്ന് അതിന്റെ പേരായിരുന്നു 'കഴുകൻ' എന്ന്. എന്നാൽ ഇന്ന് അതിന്റെ പേരാണ് 'മലയാളം ചാനലുകൾ'."
"അതെന്താ പിള്ളേച്ചാ അങ്ങനെ പറയുന്നത്?"
"പിന്നെ, ഇതിൽ കുറച്ച് എങ്ങനെ പറയാനാണെടോ? അങ്ങേനെയല്ലേ അവർ ആ രാഹുൽ മാങ്കൂട്ടത്തിലിനെ വലിച്ചു കീറി കൊത്തിപ്പറിച്ചു തിന്നു കൊണ്ടിരിക്കുന്നത്?"
"അയാൾ അമ്മാതിരിയുള്ള പണിയല്ലേ പിള്ളേച്ചാ കാണിച്ചു വച്ചിരിക്കുന്നത്? പിന്നെ അയാളെ എന്താ പഴയതുപോലെ മേയാൻ വിടണമായിരുന്നോ?"
"എന്ന് ഞാൻ പറഞ്ഞില്ല. എടോ, ഒരു കാര്യം മനസ്സിലാക്കണം. ലോകം ഉണ്ടായതിനു ശേഷം ആദ്യമായുണ്ടായ ലൈംഗിക ആരോപണമാണോ ഇത്? ആദ്യമായിട്ടാണോ ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ നിന്നും ഗർഭിണിയാകുന്നത്? ഇത് ആ ചെറുപ്പക്കാരന്റെ അഭൂതപൂർവ്വമായ വളർച്ചയിൽ അസൂയ പൂണ്ട ചിലർ അവനെ തീർത്തുകളയാൻ ചെയ്‌ത പണിയല്ലെന്നാരു കണ്ടു!"
"അങ്ങനെ ചിന്തിക്കാൻ എന്തു തെളിവാണുള്ളത്, പിള്ളേച്ചാ? മറിച്ച്, തിരിച്ചു ചിന്തിക്കാൻ ധാരാളം തെളിവുകൾ ഉണ്ടല്ലോ."
"ആ തെളിവുകൾ തന്നെയാണെടോ എന്റെ വാദത്തെ പിന്തുണയ്ക്കുന്നത്. ഏതാണ്ട് രണ്ടു വർഷം മുൻപ് ആദ്യമായി അവൾ രാഹുലിനെ വിളിച്ചു പരിചയപ്പെടുമ്പോൾ മുതലുള്ള എല്ലാ ഫോൺ സംഭാഷണങ്ങളും വാട്സ്‌ആപ്പ് ചാറ്റുകളും അവൾ റെക്കോർഡ് ചെയ്‌തു സൂക്ഷിക്കുന്നു. അതിൽ തന്നെ ദുരൂഹത മണക്കുന്നില്ലേ? പിന്നെ ഇവർ ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അതുമൂലം ഗർഭിണി ആയെന്നും പറയുന്നു. അവൾ വിവാഹിതയാണെന്നു സമ്മതിക്കുന്നു. എങ്കിൽ ആ ഗർഭം ഭർത്താവിന്റെ കയ്യിൽ നിന്നായിക്കൂടേ? പിന്നെ, താൻ ഗർഭിണിയാണെന്ന് രാഹുലിനെ അറിയിച്ചെന്നും അയാളുടെ പ്രേരണയിൽ ഗർഭഛിദ്രം നടത്തിയെന്നും പറയുന്നു. എന്തിനാണ് അങ്ങനെ ചെയ്‌തത്? ആ കുഞ്ഞിനെ വളർത്തി ഈ കശ്മലനോട് പക വീട്ടാമായിരുന്നില്ലേ? പക്ഷേ, അതിൽ ഒരു പ്രശ്‌നമുണ്ട്. ഡി എൻ എ പരിശോധനയിൽ അത് രാഹുലിന്റെയല്ല എന്നു തെളിഞ്ഞാൽ അതിന്റെ ഉടമസ്ഥനെ തപ്പി നടക്കേണ്ടിവരും. അപ്പോൾ അതിനെ നശിപ്പിച്ചു കഴിഞ്ഞാൽ അവൾ പറയുന്ന ആളിന്റെ തലയിൽ കെട്ടി വയ്ക്കാമല്ലോ. സത്യം ആർക്കും തെളിയിക്കാനാവില്ലല്ലോ. മലയാളത്തിലെ ഈ 'ജെയിൻ ഡോ' എന്ന ഈ 'അതിജീവിത' അതിസാമർഥ്യക്കാരിയാണ് എന്നതിന് സംശയമില്ല. പിന്നെ ഈ ബോംബ് പൊട്ടിച്ച സമയം. അത് ആരുടെ കാഞ്ഞ ബുദ്ധിയാണെന്നു പറയേണ്ടതില്ലല്ലോ."
"അതൊക്കെ ശരിയാണെങ്കിലും രാഹുലിനെപ്പോലെ ഒരു ജനപ്രതിനിധി പ്രതിസ്ഥാനത്തു നിൽക്കുമ്പോൾ മാധ്യമങ്ങൾ അത് വിളിച്ചു പറഞ്ഞത് തെറ്റാണോ?"
"അവർ വിളിച്ചു പറയട്ടെ. അതിൽ തെറ്റൊന്നുമില്ല. അഥവാ, ആ വാർത്തകൾ യാഥാർഥ്യമാണെന്നുറപ്പാക്കണം. ഇവിടെ അങ്ങനെയല്ലല്ലോ. ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ നമ്മൾ കണ്ടതല്ലേ? മാധ്യമങ്ങൾ മത്സരിക്കയല്ലായിരുന്നോ? അന്ന് ഉമ്മൻചാണ്ടി അദ്ദേഹത്തിന്റെ ഓഫീസിൽ മുഖ്യമന്ത്രിക്കസേരയിൽ കൈലി ഉടുത്തിരുന്ന് അതിജീവിതയെക്കൊണ്ട് വദനസുരതം ചെയ്യിക്കുന്നത് താൻ നേരിട്ടുകണ്ടുവെന്ന് ഒരു എം എൽ എ തന്നെ സാക്ഷിപ്പെടുത്തിയതാണ്. അത് കമ്മീഷൻ സ്ഥിരീകരിക്കുകയും ചെയ്‌തു. അന്ന് മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചു വച്ച് സ്വപ്നം കണ്ടു നടന്ന ചിലരാണ് സ്വന്തം പാർട്ടിയിൽ നിന്നും അദ്ദേഹത്തെ കുത്തി വീഴ്ത്തിയത്. സത്യാന്വേഷികളാകേണ്ട മാധ്യമങ്ങൾ 'ബാർക്ക് റേറ്റിംഗി'നു വേണ്ടി കൂടുതൽ ഉച്ചത്തിൽ അദ്ദേഹത്തിനു നേരെ കുരയ്ക്കുകയായിരുന്നു. ഇന്നും മാധ്യമങ്ങൾ അതുതന്നെ ചെയ്യുന്നു."
"പിള്ളേച്ചൻ രാഹുലിനെ ന്യായീകരിക്കയാണോ?"
"ഒരിക്കലുമല്ല. പക്ഷേ, മാധ്യമങ്ങളുടെ ഈ നിലപാടു മൂലം തമസ്ക്കരിപ്പിക്കപ്പെട്ട എത്രയോ പ്രധാന വാർത്തകളാണ് ജനങ്ങൾ അറിയാതെ പോയത്?"
"ഇതും ജനങ്ങൾ അറിയേണ്ടതല്ലേ?"
"എടോ, ആരുടെയോ ഗർഭം കലക്കിയതാണ് ഇന്ന് 24 മണിക്കൂറും മലയാള മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ഇതിനിടയിൽ ലോക മാധ്യമക്കണ്ണുകൾ മുഴുവൻ ഇന്ത്യയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഡൽഹിയിൽ വന്നിറങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ടു വിമാനത്താവളത്തിൽ സ്വീകരിച്ചു. ധാരാളം ചർച്ചകൾ നടക്കുന്നു. പ്രതിരോധ ഊർജ്ജ മേഖലകളിൽ പുതിയ കരാറുകൾ വരുന്നു. പക്ഷേ കേരളത്തിലെ മാധ്യമങ്ങൾക്ക് ഇതിനൊന്നും പ്രാധാന്യമേയില്ലാതെ പോയി. കഷ്ട്ടം തന്നെ."
“പിള്ളേച്ചൻ പറഞ്ഞത് ശരിയാണ്. അമേരിക്കയുടെ ടാരിഫ് വിഷയത്തിനു ശേഷം അമേരിക്ക-ഇന്ത്യ ബന്ധം വഷളായ സ്ഥിതിക്ക് ഈ സന്ദർശനം വളരെ പ്രാധാന്യത്തോടെയാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. പ്രത്യേകിച്ച് പാക്കിസ്ഥാനും സൗദി അറേബ്യയുമായി അമേരിക്കയുടെ ആശീർവാദത്തോടെ പ്രതിരോധക്കരാറിൽ ഏർപ്പെടുകയും പാക്കിസ്ഥാനിൽ പട്ടാളം ഭരണം ഏതാണ്ട് ഉറപ്പിക്കയും ചെയ്ത അവസരത്തിൽ റഷ്യയുമായി ഇന്ത്യ ഊട്ടിയുറപ്പിക്കുന്ന ദൃഢമായ ബന്ധം ശ്രദ്ധേയമാണ്.”
“എന്നാൽ ഇതൊന്നും നമ്മുടെ വിഷയമല്ല എന്ന മട്ടിൽ പെരുമാറിയിട്ടും ജനങ്ങൾ ടീവി ക്കു മുൻപിൽ നിന്നും മാറാതെ ഇരിപ്പല്ലേ? പിന്നെ ചാനലുകാർ എന്തു ചെയ്യും? ഒരു കാര്യം വിചാരിച്ചാൽ മതി. മലയാളികൾ മാറിയിരിക്കുന്നു. അവർക്കു കഴുകനെ പോലെ മാന്തിപ്പറിക്കുന്ന മാധ്യമ കഥകളാണ് വേണ്ടത്. ഇനിയിപ്പോൾ അടുത്തതായി ദിലീപിന്റെ വിധിയാണ് പ്രതീക്ഷ. വീണ്ടും കൊത്തിപ്പറിക്കാൻ ഒരാളെ കിട്ടിയല്ലോ!”
"ശബരിമലയിലെ സ്വർണ്ണപ്പാളികൾ എങ്ങോട്ടുപോയി, പിള്ളേച്ചാ?"
"കാറ്റിന്റെ ശക്തിയിൽ എങ്ങോട്ടോ പൊയ്ക്കൊണ്ടിരിക്കുന്നു. ദിലീപിന്റെ വിഷയം കൂടി കഴിയട്ടെ. പിന്നെ നോക്കാം. അതിനിടയിൽ ആരും രാഹുലിനെ പിടിച്ചു കൊണ്ടു വരരുതേ! എല്ലാം കൂടി താങ്ങാനാവില്ല."
"ശരി പിള്ളേച്ചാ, പിന്നെ കാണാം."
___________________
Read More: https://www.emalayalee.com/writer/170