Image

ബാബു പാറക്കലിൻെറ മഞ്ഞിൽ വിരിഞ്ഞ റഷ്യ (ആസ്വാദനം:അബ്ദുൾ പുന്നയൂർക്കുളം)

Published on 05 December, 2025
ബാബു പാറക്കലിൻെറ മഞ്ഞിൽ വിരിഞ്ഞ റഷ്യ (ആസ്വാദനം:അബ്ദുൾ പുന്നയൂർക്കുളം)

ബാബു പാറക്കൽ 2025 ലെ ഡാളസ് ലാന കൺവൻഷനിൽ വച്ച് അദ്ദേഹത്തിന്റെ ഒരു പുസ്തകം തന്നു. പെട്ടെന്ന് മനസ്സിലായില്ല അത് ലാന പുസ്തകപ്രദർശനത്തിനൊ, അതോ അതിന്റെ ആസ്വാദനം എഴുതുന്നതിനോ എന്ന്. പുസ്തകം മറിച്ചുനോക്കി, 'മഞ്ഞിൽ വിരിഞ്ഞ റഷ്യ'. പേരുപോലെ ഉള്ളടക്കവും ആകർഷകമായി തോന്നി.

സാഹിത്യത്തിൽ റഷ്യക്കുള്ള മഹൽസ്ഥാനം മലയാളി വായനക്കാർക്ക് നന്നായി അറിയാം. അതിനു ഉദാഹരണമാണ് ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, അന്നാകരിനീനയും, ദസ്റ്റോവിസ്കിയുടെ കാരമസോവ് സഹോദരന്മാരും കുറ്റവും ശിക്ഷയും തുടങ്ങിയ ഗ്രന്ഥങ്ങൾ.

എഴുത്തുകാരനും കോളമിസ്റ്റുമായ ബാബുവിൻെറ പ്രഥമ സഞ്ചാരസാഹിത്യകൃതിയാണ്  'മഞ്ഞിൽ വിരിഞ്ഞ റഷ്യ'.  എല്ലാ എഴുത്തുകാർക്കും സവിശേഷമായ രചനാശൈലിയുണ്ട്. അതിൽ ബാബു സ്വീകരിച്ചിരിക്കുന്ന കഥാകഥനശൈലി അടുത്ത സുഹൃത്തിനോട് സംവദിക്കുന്ന രൂപത്തിലാണ്.

യുക്രൈൻ യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ബാബു റഷ്യ സന്ദർശിക്കുന്നത്. മോസ്‌കോയിൽ എത്തി ആദ്യ സന്ദർശനം ചരിത്രവും സംസ്കാരവും വാസ്തുശില്പങ്ങളും കവിഞ്ഞൊഴുകുന്ന റഷ്യയുടെ അഭിമാനമായ വിക്ടറി പാർക്കിലേക്കാണ്. അപ്പോൾ സന്ധ്യ മയങ്ങിയിരുന്നു, എങ്കിലും പാർക്ക് പ്രകാശമാനമായിരുന്നു. മഞ്ഞുപെയ്തുകൊണ്ടിരുന്നു; ഒപ്പം താപനില താഴോട്ട് നിപതിച്ചിരുന്നു. പാർക്ക് സ്ഥിതിചെയ്യുന്നത് പ്രസിദ്ധമായ പ്രോക്‌ളോന്നായ മലമുകളിലാണ്. അവിടെയാണ് റഷ്യയെ ആക്രമിക്കാൻ വന്നവരെ തോല്പിച്ചതിന്റെ വിജയങ്ങൾ ഉദ്ഘോഷിക്കുന്ന പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. പാർക്കിൽ ഒരു ഡസനോളം സ്മാരകങ്ങളുണ്ട്. അതിൽ വെച്ച് ഏറ്റവും പ്രധാന ആകർഷണമാണ് 465 അടി ഉയരെ മലമുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഗീവർഗീസ് സഹദായുടെ ശില്പo.

ക്രെംലിന്റെ ചരിത്രത്തിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത ഒന്നാണ് നെപ്പോളിയൻ ബോണപ്പാർടിൻറെ സൈനികാക്രമണം.1812 ജൂണിൽ ഫ്രഞ്ച് സൈന്യാധിപൻ നെപ്പോളിയൻ അഞ്ചു ലക്ഷം സൈന്യവുമായി മോസ്കോ ആക്രമിക്കാൻ ഇരച്ചു കയറി; മലമുകളിൽ തമ്പടിച്ചു. അവിടെ നിന്നു നെപ്പോളിയൻ റഷ്യയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല! റഷ്യ ക്രെംലിനു തീകൊടുത്തു!

റഷ്യയിലെ കൊടുംതണുപ്പ് അനുഭവിച്ചിട്ടില്ലാത്ത ഫ്രഞ്ച് പടയ്ക്ക്, കാര്യമായ യുദ്ധസാമഗ്രികളോ നിലനില്പിനു ഭക്ഷണമോ അന്തിയുറങ്ങാനൊരിടമോ ഇല്ലാതെ അധികനാൾ പിടിച്ചു നില്ക്കാനായില്ല... സൈന്യത്തിന് കൂട്ടത്തോടെ മരണത്തിനു കീഴടങ്ങേണ്ടി വന്നു. ഏതാണ്ട് നാലു ലക്ഷത്തോളം സൈനികർ മരിച്ചു വീണപ്പോൾ, ബാക്കി സൈനികരുമായി നെപ്പോളിയൻ പിന്തിരിഞ്ഞോടി.

റഷ്യക്ക് പലപ്പോഴും ആക്രമികളിൽ നിന്ന് രക്ഷാകവചമായത് അവിടത്തെ അസഹനീയമായ തണുപ്പായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു ഹിറ്റ്ലർ വിപരീത കാലാവസ്ഥയിൽ മോസ്കോ പിടിച്ചെടുക്കാൻ നാസിപ്പടയെ അയച്ചു. മഞ്ഞുമൂടിയ ദുർഘടവഴികളിലും എല്ലുകൾ മരവിപ്പിക്കുന്ന അതിശൈത്യത്തിലും സൈന്യത്തിന് മുന്നേറാൻ വിഷമമാണെന്ന് സൈന്യത്തലവൻ ഹിറ്റ്ലറെ ബോധിപ്പിച്ചപ്പോൾ,  ഹിറ്റ്ലർ  കല്പിച്ചു: 'അവസാന യോദ്ധാവ് മരിച്ചുവീഴുംവരെയും സ്റ്റാലിൻഗ്രാഡിലേക്ക് മുന്നേറാൻ! അങ്ങനെ ദുസ്സഹമായ പാതകളിലുടനീളം പാറ്റൻ ടാങ്കുകളേയും പടയാളികളേയും നിശ്ചലമാക്കിക്കൊണ്ട് നാസിപ്പട സ്റ്റാലിൻഗ്രാഡ് വരെ മാർച്ചുചെയ്തെങ്കിലും, മോസ്കോ കീഴടക്കാനായില്ല! ഏകദേശം ഒന്നര മില്യൺ ജർമ്മൻ പട്ടാളക്കാരും ഒരു മില്യനോളം റഷ്യൻ പട്ടാളക്കാരും മൃത്യുവിന് കീഴടങ്ങി.

ഓരോ യുദ്ധം വിജയിക്കുമ്പോഴും അതാതു കാലത്തെ ചക്രവർത്തിമാർ നന്ദി സൂചകമായി മനോഹരമായ ദേവാലയങ്ങളും സൗധങ്ങളും പണിയും. ഇത് നൂറ്റാണ്ടുകളായി റഷ്യൻ സംസ്കാരത്തിന്റെ ഭാഗമായി തുടർന്നു പോന്നു. വിക്ടർ പാർക്കിൽ നാലു ദേവാലയങ്ങളുള്ളതിൽ മുഖ്യമായത് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചും, ഒരു മോസ്‌കും ഹോളോകോസ്റ്റ് സ്മാരകമായി ഒരു ജൂതപ്പള്ളിയുമുണ്ട്.

പാർക്കിലെ മറ്റൊരാകർഷണം ' വാർ മ്യൂസിയ' മാണ്. 2424 ഹെക്ടറിൽ വിസ്തൃതമായി സ്ഥിതിചെയ്യുന്ന ഇവിടം രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തിൽ റഷ്യൻ പട്ടാളം ഉപയോഗിച്ചിരുന്ന അനേകം പീരങ്കികളും ടാങ്കുകളും 75000 ൽ പരം യുദ്ധോപകരണങ്ങളും പ്രദർശപ്പിക്കുന്നുണ്ട്.

ബാബു പിന്നീട് റഷ്യയുടെ ഭരണ സിരാകേന്ദ്രമായിരുന്ന ക്രെംലിൻ നഗരത്തിലെത്തി. 16 )o  നൂറ്റാണ്ടിലെ ക്രെംലിൻ നഗരം സാർ ചക്രവർത്തിമാരുടെ ഭരണത്തിനു മുന്പ് തന്നെ പ്രസിദ്ധമായിരുന്നു. ആദ്യത്തെ സാർ ചക്രവർത്തിയായിരുന്ന ഐവാൻ (Ivan the terrible) ആണ് നഗരം പുതുക്കി, ശക്തിമത്തായ കോട്ടയാക്കി മാറ്റിയത്. ക്രെംലിന്റെ അർഥം തന്നെ കോട്ട എന്നാണ്.

നിർബന്ധബുദ്ധിയായ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ ഏകാധിപത്യ ഭരണസ്വഭാവത്തിൽ ജനം അതൃപ്തരായി. തുടർന്നു, മാർക്സിസ്റ്റ് ആദർശവാദിയായ വ്ളാഡിമിർ ലെനിന്റെ നേതൃത്വത്തിൽ, രക്‌തരൂക്ഷിത വിപ്ലവത്തിലൂടെ 1917 ൽ റഷ്യയുടെ അധികാരം ബോൾഷെവിക്കുകൾ പിടിച്ചെടുത്തു. നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രംശനാക്കി; സൈബീരിയയിലേക്ക് നാട് കടത്തി. അവിടെ വെച്ചു വിപ്ലവകാരികൾ ചക്രവർത്തിയേയും കുടുംബത്തേയും നിഷ്ക്കരുണം കൊലപ്പെടുത്തി.

ലെനിന് വ്യക്തമായ ഭരണവീക്ഷണമുണ്ടായിരുന്നെങ്കിലും, 54 )0 വയസ്സിൽ ശിരസ്സിലുണ്ടായ രക്തസ്രാവത്തിലൂടെ അന്ത്യം സംഭവിച്ചു! അദ്ദേഹത്തിന്റെ ഭൗതിക ശരീരം ലെനിൻ സ്മാരകമന്ദിരത്തിൽ, 97 വർഷങ്ങൾക്കു ശേഷം ഇന്നും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.

ഒരുപക്ഷേ, ബാബു മൂന്ന് പതിറ്റാണ്ടിലേറെ ന്യൂയോർക്ക് സബ്‌വേ (ഭൂമിക്കടിയിലൂടെയുള്ള വഴി) യിൽ സേവനമനുഷ്ഠിച്ചത് കൊണ്ടാവാം ഒരു താരതമ്യ പഠനത്തിനെന്നോണം മോസ്‌കോ മെട്രോയിൽ എത്തുന്നത്. 'സാർ' ചക്രവർത്തിമാരുടെ കാലഘട്ടങ്ങളിൽ പ്രധാനമായും കൂറ്റൻ ദേവാലയങ്ങളും കൊട്ടാരങ്ങളും പണികഴിപ്പിക്കുന്നതിലായിരുന്നു അവർ ശ്രദ്ധിച്ചിരുന്നത്. ബോൾഷെവിക് വിപ്ലവത്തിനു ശേഷം, ജോസഫ് സ്റ്റാലിൻ ജനബാഹുല്യത്തിന്റെ സൗകര്യo മാനിച്ച് സബ്‌വേ പണിയുകയും, 1935 ൽ ആദ്യ സർവീസ് ആരംഭിക്കുകയും ചെയ്തു. മോസ്‌കോ സബ്‌വേക്ക് അരനൂറ്റാണ്ട് മുൻപ് തന്നെ ലണ്ടനിലും ഒന്നര ദശാബ്ദo മുമ്പ് ന്യൂയോർക്കിലും സബ്‌വേ പ്രവർത്തിച്ചിരുന്നു.

മോസ്‌കോയിലെ സ്റ്റേഷനുകൾ എല്ലാം കലാപരമായ ചുവർ ചിത്രങ്ങളാലും രമണീയമായ ദീപാലങ്കാരങ്ങളാലും അലങ്കരിച്ചിരിക്കുന്നത് മനോഹരമായിരുന്നു. റഷ്യയിലെ കട്ടികൂടിയ ഭിത്തികളാൽ നിർമ്മിച്ച സബ്‌വേകൾ യുദ്ധകാലത്തു ജനങ്ങളെ സുരക്ഷിതമായി താമസിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. കോവിഡിന് മുമ്പ് മോസ്‌കോ മെട്രോയിൽ 70 ലക്ഷം പേർ യാത്രചെയ്തിരുന്നപ്പോൾ ന്യൂയോർക്കിൽ 90 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചിരുന്നത്. ന്യൂയോർക്ക് സബ്‌വേ പരിചയിച്ച ബാബുവിനു മോസ്‌കോ മെട്രോയിൽ ഭവനരഹിതരെ കാണാതിരുന്നത് രസകരമായി തോന്നി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക