Image

ഇന്ത്യയ്ക്കു മുടങ്ങാതെ വേണ്ടത്ര എണ്ണ എത്തിക്കുമെന്നു പുട്ടിൻ; റഷ്യക്കാർക്കു സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു മോദി (പിപിഎം)

Published on 05 December, 2025
ഇന്ത്യയ്ക്കു മുടങ്ങാതെ വേണ്ടത്ര എണ്ണ എത്തിക്കുമെന്നു പുട്ടിൻ; റഷ്യക്കാർക്കു സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു മോദി (പിപിഎം)

ഇന്ത്യയ്ക്കു ആവശ്യമുള്ള എണ്ണ മുടങ്ങാതെ നൽകാൻ റഷ്യ തയാറാണെന്നു പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഡൽഹിയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾക്കു ശേഷം ഇരുവരും ഒന്നിച്ചു ഹൈദരാബാദ് ഹൗസിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് പുട്ടിൻ ഇക്കാര്യം ഊന്നിപ്പറഞ്ഞത്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന 'കുറ്റം' ചുമത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഇന്ത്യയുടെ മേൽ 25% അധിക തീരുവ ചുമത്തിയതിൽ ഇന്ത്യ വിരണ്ടില്ല എന്നത് വെള്ളിയാഴ്ച്ച വ്യക്തമായി. തീരുവ ചുമത്തിയ ശേഷം ഇന്ത്യ എന്ന വാങ്ങുന്നത് കുറച്ചുവെന്നു മോദി ഉറപ്പു നൽകിയതായി ട്രംപ് ആവർത്തിച്ച് പറഞ്ഞതും വെറുതെയായി. 

പുട്ടിൻ പറഞ്ഞു: "ഊർജ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിൽ വിജയകരമായ പങ്കാളിത്തമാണ് കാണുന്നത്. എണ്ണ, ഗ്യാസ്, കൽക്കരി എന്നിവ നൽകുന്നതിൽ റഷ്യ വിശ്വസിക്കാവുന്ന രാജ്യമാണ്. ഇന്ത്യയുടെ ഊർജ വികസനത്തിനു റഷ്യയെ വിശ്വസിച്ചു ആശ്രയിക്കാം. വേഗത്തിൽ വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമുള്ള ഇന്ധനം എത്തിക്കാൻ ഞങ്ങൾ തയാറാണ്."

ഇന്ത്യ-റഷ്യ ബന്ധത്തിൽ ഊർജ പങ്കാളിത്തവും പ്രധാനമാണെന്നു മോദി പറഞ്ഞു. സിവിൽ എനർജിയിലെ സഹകരണം പതിറ്റാണ്ടുകളായി തുടരുന്നു."

ഈ സന്ദർശനം പതിറ്റാണ്ടുകൾ എത്തിയ സൗഹൃദം ഉറപ്പിക്കുമ്പോൾ, ഇന്ത്യയിലേക്കു വരാൻ ആഗ്രഹിക്കുന്ന റഷ്യൻ പൗരന്മാർക്കു 30 ദിവസത്തെ ഗ്രൂപ് ടൂറിസ്ററ് വിസയും ഇ-ടൂറിസ്റ്റ് വിസയും സൗജന്യമായി നൽകുമെന്നു മോദി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ഏറ്റവും വലിയ അണുശക്തി പ്ലാന്റ് റഷ്യ നിർമിക്കാൻ പോവുകയാണെന്നു പുട്ടിൻ ചൂണ്ടിക്കാട്ടി. പുതിയ വാണിജ്യ പാതകൾ തുറക്കാനുള്ള ശ്രമത്തിലാണ്. റഷ്യ, ബെലറൂസ് എന്നിവിടങ്ങളിൽ നിന്നു ഇന്ത്യ മഹാസമുദ്രത്തിലേക്കു ഇടനാഴി നിർമിക്കാൻ ശ്രമിക്കുന്നു.

ശാസ്ത്രത്തിനു മുൻതൂക്കമുള്ള മേഖലകളിൽ സഹകരണം ഊര്ജിതമാണ്. "ആദരണീയനായ പ്രധാനമന്ത്രി മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ സഹകരിച്ചു വ്യാവസായിക ഉത്പന്നങ്ങൾ നിർമിക്കാൻ സഹകരണം ഉണ്ടാക്കും."

റഷ്യയും ഇന്ത്യയും സ്വയം പര്യാപ്തമായ വിദേശനയമാണ് പാലിക്കുന്നതെന്ന് പുട്ടിൻ ചൂണ്ടിക്കാട്ടി.

അത്യന്തം ഊഷ്മളമായ സ്വീകരണത്തിനു പുട്ടിൻ മോദിയോട് നന്ദി പറഞ്ഞു. അദ്ദേഹവുമായി ഉറ്റ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.

Putin assures uninterrupted supply of oil to India 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക