
തിരുവനന്തപുരം : 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് ഐ.എഫ്.എഫ്. കെ. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്‌നാമില്‍ നിന്നുള്ള അഞ്ച് മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിയറ്റ്‌നാമിന്റെ സാംസ്‌കാരികവും വൈകാരികവും രാഷ്ട്രീയപരവുമായ തലങ്ങളെ അനാവരണം ചെയ്യുന്ന, നിരൂപകപ്രശംസ നേടിയ ചിത്രങ്ങളാണ് ഇവ.
വിയറ്റ്‌നാം യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ സ്മരണ പുതുക്കുന്ന ഈ വിഭാഗത്തില്‍, ബൂയി താക് ചുയെന്‍ സംവിധാനം ചെയ്ത 'ഗ്ലോറിയസ് ആഷസ്' (Glorious Ashes), ട്രുങ് മിന്‍ ക്വി സംവിധാനം ചെയ്ത 'ദി ട്രീ ഹൗസ്' (The Tree House), ഫാം ങോക് ലാന്റെ 'കു ലി നെവര്‍ ക്രൈസ് ' (Cu Li Never Cries), ഡുവോങ് ഡിയോ ലിന്റെ ' ഡോണ്ട് ക്രൈ ബട്ടര്‍ഫ്‌ലൈ' (Don't Cry Butterfly), ട്രിന്‍ ദിന്‍ ലെ മിന്റിന്റെ ' വണ്‍സ് അപ്പോണ്‍ എ ലവ് സ്റ്റോറി' (Once upon a Love Story) എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'കു ലി നെവര്‍ ക്രൈസ്' (2024), ഒരു വിയറ്റ്‌നാമീസ് സ്ത്രീ തന്റെ ഭര്‍ത്താവിന്റെ ചിതാഭസ്മവും ഒരു കുട്ടിത്തേവാങ്കുമായി വീട്ടിലേക്ക് മടങ്ങിയെത്തുന്നതും, അവരുടെ നിശ്ശബ്ദമായ ദുഃഖം മരുമകളുടെ വിവാഹ ഒരുക്കങ്ങളുമായി ഇഴചേരുന്നതുമാണ് പ്രമേയം. ഓര്‍മ്മ, നഷ്ടം, സ്വത്വം, ചരിത്രം ദൈനംദിന ജീവിതത്തില്‍ വരുത്തുന്ന ആഘാതം എന്നിവ സിനിമ ചര്‍ച്ച ചെയ്യുന്നു. 2024-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജി. ഡബ്ല്യു. എഫ് .എഫ് ബെസ്റ്റ് ഫസ്റ്റ് ഫീച്ചര്‍ അവാര്‍ഡും റോമിലെ 22-ാമത് ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ഈ ചിത്രം നേടി.
ഡുവോങ് ഡിയോ ലിന്റിന്റെ ആദ്യ ചിത്രമായ 'ഡോണ്ട് ക്രൈ ബട്ടര്‍ഫ്‌ളൈ' (2024) കോമഡി, ഫാന്റസി, ഹൊറര്‍ എന്നിങ്ങനെ വിവിധ ചേരുവകളുള്ള ഒരു വ്യത്യസ്ത സിനിമയാണ്. ഹാനോയിയുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന താം എന്ന വീട്ടമ്മ തന്റെ ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തുകയും, തുടര്‍ന്ന് ഭര്‍ത്താവിനെ തിരികെ നേടാനായി മന്ത്രവാദ പ്രയോഗങ്ങളിലേക്ക് തിരിയുന്നതും അത്് അപ്രതീക്ഷിത സംഭവങ്ങളിലേക്ക് നയിക്കുന്നതുമാണ് കഥാതന്തു. വെനീസ് ചലച്ചിത്രമേളയില്‍ 2024-ലെ ഗ്രാന്‍ഡ് പ്രൈസും ക്രിട്ടിക്‌സ് വീക്കില്‍ വെറോണ ഫിലിം ക്ലബ് പ്രൈസും ഈ ചിത്രം സ്വന്തമാക്കി.
'ദി ട്രീ ഹൗസ്' (2019) ഒരു ഡോക്യുമെന്ററി-ഡ്രാമയാണ്. ചൊവ്വയില്‍ നിന്ന് തന്റെ പിതാവിനെ ബന്ധപ്പെടുന്ന ഒരു ബഹിരാകാശ സഞ്ചാരിയുടെ കഥ പറയുന്ന ഈ ചിത്രം, വിയറ്റ്‌നാം യുദ്ധകാലത്ത് ന്യൂനപക്ഷങ്ങള്‍ നേരിട്ട യാതനകളിലേക്കാണ് വെളിച്ചം വീശുന്നത്. ലൊകാര്‍ണോ, വിയന്ന, റോട്ടര്‍ഡാം തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഈ ചിത്രം ശ്രദ്ധേയമായ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
'വണ്‍സ് അപ്പോണ്‍ എ ലവ് സ്റ്റോറി' (2024) പ്രശസ്ത നോവലിസ്റ്റ് ന്യുയെന്‍ നാറ്റ് ആന്റെയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച വിയറ്റ്‌നാമീസ് കമിംഗ് ഓഫ് ഏജ് ഡ്രാമയാണ്. ഗ്രാമീണ വിയറ്റ്‌നാമില്‍ ജനിച്ചുവളര്‍ന്ന മൂന്ന് ബാല്യകാല സുഹൃത്തുക്കളുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന ത്രികോണ പ്രണയത്തിന്റെയും, തുറന്നു പറയാന്‍ സാധിക്കാത്ത പ്രണയത്തിന്റെ വേദനയുടേയും, തുടര്‍ന്ന് അവര്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ തീരുമാനങ്ങളുമാണ് ചിത്രം മനോഹരമായി അവതരിപ്പിക്കുന്നത്.

ങ്യൂയെന്‍ ങോക് ട്യൂവിന്റെ പ്രശസ്തമായ ചെറുകഥകളെ ആധാരമാക്കി ഒരുക്കിയ 'ഗ്ലോറിയസ് ആഷസ്' (2022), മെകോംഗ് ഡെല്‍റ്റയിലെ ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കുന്ന മൂന്ന് സ്ത്രീകളുടെ പ്രണയം, മോഹം, വൈകാരിക അതിജീവനം എന്നിവയുടെ സങ്കീര്‍ണ്ണതകള്‍ വെളിപ്പെടുത്തുന്ന പ്രക്ഷുബ്ധമായ ബന്ധങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. പുരുഷാധിപത്യ ചിന്തകളെ ശക്തമായ ദൃശ്യങ്ങളിലൂടെയും ആഴത്തിലുള്ള കഥപറച്ചിലിലൂടെയും ഈ ചിത്രം വിമര്‍ശിക്കുന്നു.
ചരിത്രപരമായ ചെറുത്തുനില്‍പ്പ്, സാംസ്‌കാരിക അതിജീവനം, യുദ്ധം മനുഷ്യരില്‍ വരുത്തി വെയ്ക്കുന്ന ആഴത്തിലുള്ള നഷ്ട്ടം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നേര്‍കാഴ്ചകളുടെ കഥ പറയുന്ന വിയറ്റ്‌നാമീസ് ചിത്രങ്ങള്‍ ചലച്ചിത്രാസ്വാദകര്‍ക്ക് പുതിയ അനുഭവമാകും സമ്മാനിക്കുക.