Image

ഇന്ത്യ-റഷ്യ ബന്ധത്തിന് 'പുടിന്‍' കരാറുകളുടെ ബലം (എ.എസ് ശ്രീകുമാര്‍)

Published on 05 December, 2025
ഇന്ത്യ-റഷ്യ ബന്ധത്തിന് 'പുടിന്‍' കരാറുകളുടെ ബലം (എ.എസ് ശ്രീകുമാര്‍)

സോവിയറ്റ് യൂണിയന്‍ കാലം മുതല്‍ ശക്തമായ ഇന്ത്യ-റഷ്യ ബന്ധത്തിന് ആധുനിക കാലത്ത് പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനം. പ്രതിരോധം ഉള്‍പ്പെടെ വിവിധ മേഖലകളില്‍    ഊഷ്മളമായ സഹകരണത്തിനുള്ള കരാറുകളാണ് ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ''ഇരട്ട താരകം പോലെ നിലനില്‍ക്കുന്ന ഈ സൗഹൃദത്തിന് പുടിന്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ നേതൃത്വവും കാഴ്ചപ്പാടും ഈ ബന്ധത്തെ വളര്‍ത്തി വലുതാക്കിയിട്ടുണ്ട്. സുഹൃത്തായ പ്രസിഡന്റ് പുടിന് ഇന്ത്യയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു...'' പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമായ ഇന്ധനം തടസ്സമില്ലാതെ നല്‍കാന്‍ റഷ്യ തയ്യാറാണെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. പുത്തന്‍ സാങ്കേതിക വിദ്യയിലുള്ള വിമാനങ്ങള്‍, ബഹിരാകാശ ഗവേഷണം, കൃത്രിമ ബുദ്ധി എന്നിവയുള്‍പ്പെടെയുള്ള പുതിയ സഹകരണ മേഖലകള്‍ തുറക്കുന്നതായി പുടിന്‍ പറഞ്ഞു. യുക്രൈന്‍ വിഷയത്തില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് മോദി നല്‍കുന്ന ശ്രദ്ധയ്ക്ക് പുടിന്‍ നന്ദി അറിയിച്ചു.  യുക്രൈന്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് മോദി പുടിനെ അറിയിച്ചിരുന്നു. ''പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി മോദിക്കും റഷ്യന്‍ പ്രതിനിധി സംഘത്തിന് ഊഷ്മളമായ സ്വീകരണം നല്‍കിയ ഇന്ത്യന്‍ ജനതയ്ക്കും ഞാന്‍ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള എന്റെ ചര്‍ച്ചകള്‍ നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് വളരെ സഹായകമായി...'' പുടിന്‍ പറഞ്ഞു.

അതേസമയം, പുടിന്‍-മോദി കൂടിക്കാഴ്ചയില്‍ എട്ട് നിര്‍ണായക കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. തൊഴില്‍, കുടിയേറ്റം എന്നിവയില്‍ രണ്ടു കരാറുകളിലും ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഒപ്പുവച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ രാസവളം വാങ്ങുന്നതിലും ധാരണയായി. ഊര്‍ജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു നേതാക്കളും തീരുമാനിച്ചതും ശ്രദ്ധേയമാണ്.

ഇരുരാജ്യങ്ങളും തമ്മില്‍ 2030-വരെ സാമ്പത്തിക-സഹകരണ പരിപാടിക്ക് ധാരണയായി. ഊര്‍ജ്ജ സുരക്ഷ, ആണവ സഹകരണം, ധാതുക്കളുടെ വിതരണം എന്നിവ ഗൗരവമേറിയ ചര്‍ച്ചയായി. റഷ്യന്‍ പൗരന്മാര്‍ക്ക് സൗജന്യ ഇ-ടൂറിസ്റ്റ് വിസ നല്‍കാനും തീരുമാനമായി. റഷ്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ 30 ദിവസത്തെ സൗജന്യ ഇ ടൂറിസ്റ്റ് വിസയും 30 ദിവസത്തെ ഗ്രൂപ്പ് ടൂറിസ്റ്റ് വിസയും ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''ഞങ്ങള്‍ റഷ്യന്‍ പൗരന്മാര്‍ക്കായി ഇ-ടൂറിസ്റ്റ് വിസയും ഗ്രൂപ്പ് ടൂറിസ്റ്റ് വിസയും ഉടന്‍ തന്നെ സൗജന്യമായി ആരംഭിക്കുകയാണ്. ഇത് 30 ദിവസത്തിനുള്ളില്‍ പ്രോസസ്സ് ചെയ്യും. യാതൊരു ചെലവും ഉണ്ടാകില്ല...'' എന്നാണ് പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നു. സംയുക്ത യൂറിയ ഉത്പാദനത്തിന് ധാരണയായി. സൈനികേതര ആണവോര്‍ജ്ജ രംഗത്ത് സഹകരണം കൂട്ടും. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 12 ശതമാനം വര്‍ധിച്ച് പുതിയ റെക്കോഡ് സൃഷ്ടിച്ചതായും ഈ വര്‍ഷവും സമാനമായ വളര്‍ച്ച പ്രതീക്ഷിക്കുന്നതായും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും റഷ്യയും താമസിയാതെ ദേശീയ കറന്‍സികളില്‍ പരസ്പരം പണം കൈമാറും. നിലവില്‍ വാണിജ്യ ഇടപാടുകളുടെ 96 ശതമാനവും ദേശീയ കറന്‍സികളിലാണ് നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇനി രൂപയിലും റഷ്യന്‍ കറന്‍സിയായ റൂബിളിലും ആകും നടക്കുകയെന്നാണ് പുടിന്‍ നല്‍കിയ സൂചന.  ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോര്‍ജ നിലയങ്ങളിലൊന്നായ കൂടംകുളം ആണവോര്‍ജ നിലയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കുമെന്നും റഷ്യന്‍ ടി.വി ചാനല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പുടിന്‍ അറിയിച്ചു.

പുടിന്റെ സന്ദര്‍ശനത്തിന് മുന്നെതന്നെ ഇന്ത്യയുമായി നിര്‍ണായക പ്രതിരോധ കരാറില്‍ റഷ്യ ഏര്‍പ്പെട്ടിരുന്നു. സൈനിക ശക്തി, യുദ്ധക്കപ്പലുകള്‍, സൈനിക വിമാനങ്ങള്‍ എന്നിവ ഇന്ത്യയിലേക്കും തിരിച്ചും അയക്കുകയും അവയുടെ പരസ്പര പിന്തുണ ഉറപ്പാക്കുകയും ചെയ്യുമെന്ന് കരാറില്‍ പറയുന്നു. സൈനികരുടെയും ഉപകരണങ്ങളുടെയും ഷിപ്പിങ് മാത്രമല്ല അവയുടെ ലോജിസ്റ്റിക്സും കരാറിന് കീഴില്‍ വരും. മാനുഷിക സഹായം, പരിശീലനം, പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍ എന്നിവയിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കും. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയും തുറമുഖവും ഉപയോഗിക്കാമെന്നും റഷ്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള രാഷ്ട്രീയ ഭൂപടത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഏറുമ്പോഴും, അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ ചേരിതിരിവുകള്‍ക്കിടയിലും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതല്‍ ദൃഢമാവുകയാണ്. ലോകശക്തികള്‍ക്കിടയിലെ ഈ വിശ്വസ്ത പങ്കാളിത്തം ഊട്ടിയുറപ്പിച്ചുകൊണ്ടാണ് പുടിന്‍ ഇന്ത്യയിലെത്തിയത്. പ്രതിരോധം, ഊര്‍ജ്ജം (എണ്ണ), സാങ്കേതികവിദ്യ (ബഹിരാകാശം), നയതന്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് സോവിയറ്റ് യൂണിയന്‍ കാലം മുതലുള്ള ഇന്ത്യ-റഷ്യ ബന്ധം. ലോകസമാധാനത്തിനും ഭൗമരാഷ്ട്രീയ സ്ഥിരതയ്ക്കും ഈ ബന്ധം പ്രധാനമാണെന്ന് ഇരുരാജ്യങ്ങളും വിശ്വസിക്കുന്നു, പ്രത്യേകിച്ച് പാകിസ്ഥാനുമായുള്ള 1971-ലെ യുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ നല്‍കിയ പിന്തുണ നിര്‍ണായകമായിരുന്നു.

സമീപകാലത്ത് പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനും സാമ്പത്തിക ബന്ധം വികസിപ്പിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ശീതയുദ്ധ സമയത്ത് സോവിയറ്റ് യൂണിയനും ഇന്ത്യയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. പാകിസ്ഥാനെതിരായ യുദ്ധത്തില്‍ (1971) ഇന്ത്യയെ പിന്തുണച്ചത് ഈ ബന്ധം ശക്തിപ്പെടുത്തി. 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സഹകരണത്തില്‍ ചില മാറ്റങ്ങള്‍ വന്നുവെങ്കിലും റഷ്യയുമായുള്ള ബന്ധം തുടര്‍ന്നു. റഷ്യ ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ്.

എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഫൈറ്റര്‍ ജെറ്റുകള്‍ തുടങ്ങിയ ആയുധങ്ങള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങുന്നു. നിലവില്‍ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരുമാണ്. നയതന്ത്ര തലത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിനിടയിലും, റഷ്യയുമായുള്ള ബന്ധം സ്ഥിരതയുടെ ഘടകമായി കണക്കാക്കുന്നു. വ്യാപാരം വര്‍ദ്ധിപ്പിക്കാനും ബഹിരാകാശത്ത് സഹകരിക്കാനും പദ്ധതികളുണ്ട്. ചുരുക്കത്തില്‍, പ്രതിരോധം, ഊര്‍ജ്ജം, സാങ്കേതികവിദ്യ എന്നിവയില്‍ ഊന്നിയ റഷ്യന്‍ ബന്ധം ഇന്ത്യയുടെ വിദേശനയത്തില്‍ നിര്‍ണായകമാണ്. ഇന്ത്യയുടെ വിദേശനയം അതിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി മുന്നോട്ട് പോവുകയും ചെയ്യും.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക