
ഗീതാ ജയന്തി - ഗീത പഞ്ചാമൃതം
ഗീതയുടെ പതിനൊന്നാം അധ്യായം തുടങ്ങുന്നതിനു മുമ്പ് ഇയ്യിടെ ഗീത ജയന്തി ആഘോഷിച്ചപ്പോൾ ചിന്മയ മിഷൻ ഗീതയിലെ അഞ്ചു ശ്ലോകങ്ങളെപ്പറ്റി പറഞ്ഞു. അവ പഞ്ചാമൃതഗീത എന്നറിയപ്പെടുന്നു. വായനക്കാരുടെ അറിവിലേക്കായി അത് ഇവിടെ പങ്കു വയ്ക്കുന്നു. ഗീത ജയന്തി - ഭഗവൻ കൃഷ്ണൻ അർജുനന് ഗീത ചൊല്ലിക്കൊടുത്ത ദിവസം. ഹിന്ദുക്കളുടെ ചന്ദ്രമാസ കലണ്ടർ പ്രകാരം അതു വരുന്നത് മാർഗശീർഷ എന്ന മാസത്തിലെ ശുക്ലപക്ഷത്തിലെ പതിനൊന്നാം ദിവസമാണ്. ഈ വർഷം ഇംഗ്ളീഷ് മാസം ഡിസംബർ ഒന്നാം തിയ്യതി. ശുക്ല ഏകാദശി എന്ന് പറയുന്ന ഈ ദിവസം ഉപവാസത്തിലൂടെ, പ്രാർത്ഥനയിലൂടെ ആത്മീയ ഉണർവുണ്ടാക്കാൻ പുണ്യമാണെന്നു വിശ്വസിച്ചുവരുന്നു. ചിന്മയ മിഷന്റെ വ്യാഖ്യാനപ്രകാരം ഗീതയിലെ പഞ്ചാമൃതങ്ങൾ താഴെ പറയുന്നവയാണ്.
(1)കർമ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കദാചന
മാ കർമഫലഹേതുർ ഭു:
മാ തേ സംഗോ സ്ത്വാ കർമണി (2:47)
കർമ്മം ചെയ്യാൻ മാത്രമേ നിനക്ക് അധികാരമുള്ളൂ. ഫലത്തിൽ ഇല്ല. കർമ്മഫലത്തിനു കാരണമായി ജീവിക്കരുത്. കർമ്മം ചെയ്യാതെയുമിരിക്കരുത്.
(2) ഉദ്ധരേ ദാത്മനാത്മാനം
നാത് മാനമവസാദയേത്
ആത്മൈവ ഹ്രാത്മനോ ബന്ധു-
രാ തൈമവ രിപുരാത്മനാ (6:5)
ആത്മാവിനെ ആത്മാവ് കൊണ്ട് ഉദ്ധരിക്കണം. ആത്മാവിനെ അധഃപതിപ്പിക്കരുത്. കാരണം ആത്മാവിന്റെ ബന്ധു ആത്മാവ് തന്നെയാണ്.ആത്മാവിന്റെ ശത്രുവും ആത്മാവ് തന്നെ.
(3) അനന്യാസ് ചിന്തയന്തോ മാം
യെ ജനാ: പര്യുപാസതേ
തേ ഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യ ഹം (9:22)
അന്യ ചിന്തയില്ലാതെ എന്നെത്തന്നെ ധ്യാനിച്ചുകൊണ്ട് ഉപാസിക്കുക, എപ്പോഴും മനസ്സ് എന്നിലുറപ്പിക്കുക. അവരുടെ യോഗക്ഷേമത്തെ ഞാൻ വഹിക്കുന്നു. ഒരുവന്റെ കൈവശം ഇല്ലാത്തത് നല്കുന്നതിനെ യോഗം എന്നും, കയ്യിൽ ഉള്ളതിനെ സംരക്ഷിക്കുന്നതിനെ ക്ഷേമം എന്നും പറയുന്നു).
(4) യത് കരോഷി യദശ് നാസി
യജ്ജു്ഹോഷി ദദാസിയത്
യത് തപസ്യസി കൗന്തേയ
തത് കുരുഷ:മദർപ്പണം (9.27)
നീ എന്ത് ചെയ്താലും നീ എന്ത് കഴിച്ചാലും നീ എന്ത് ദാനം ചെയ്താലും, നീ യജ്ഞത്തിൽ എന്ത് ഹോമിച്ചാലും, നീ എന്ത് തപസ്സ് ചെയ്താലും എല്ലാം എനിക്കായി അർപ്പിക്കുന്നതായി കരുതുക. എല്ലാം ഭഗവാനായി അർപ്പിക്കുമ്പോൾ നമ്മളിൽ ഒരു മുക്തിബോധം ഉണ്ടാകുന്നു. കർമ്മങ്ങളുടെ ബന്ധനങ്ങളിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം കിട്ടുന്ന അനുഭവമുണ്ടാകുന്നു.
(5) സർവ ധർമാൻ പരിത്ര്യജ്യ
മാമേകം ശരണം വ്രജ
അഹം ത്വാ സർവ പാപേഭ്യോ
മോക്ഷയിഷ്യാമി മാ ശു ച: (18:66)
സകല ധർമ്മങ്ങളെയും ഉപേക്ഷിച്ച് എന്നെ ശരണം പ്രാപിക്കുക. ഞാൻ നിന്നെ പാപ വിമുക്തനാക്കും. ഭയപ്പെടേണ്ട. ഇവിടെ ധർമ്മം എന്ന വാക്ക് മറ്റു മതങ്ങളെ ഉദ്ദേശിച്ചാണെന്ന വിമർശനം പറയുന്നുണ്ട്. അന്ന് മറ്റു മതങ്ങൾ ഉണ്ടായിരുന്നോ? ഹിന്ദുമതപ്രകാരം ധർമ്മം എന്ന പദത്തിന് കടമ, നീതി, പ്രകൃതി നിയമം എന്നൊക്കെയാണ് അർഥം . ക്ഷത്രിയന്റെ സ്വധർമ്മം യുദ്ധം ചെയ്യുകയാണെന്ന് ഭഗവാൻ പറയുന്നുണ്ട്.
തെറ്റേത് ശരിയേത് എന്ന ചിന്തകൾ വെടിഞ്ഞു എന്നെ ഏക അഭയമായി കാണുക. ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും സ്വതന്ത്രനാക്കും. ഭയപ്പെടേണ്ട.
അദ്ധ്യായം -11 - വിശ്വരൂപദർശനയോഗം
കഴിഞ്ഞ അധ്യായത്തിൽ അർജുനന്റെ ഭക്തിയുറപ്പിക്കാൻ ഭഗവാൻ തന്റെ ദിവ്യമായ സമൃദ്ധിയും ഐശ്വര്യവും വിവരിച്ചിരുന്നു. ഈ അധ്യായത്തിൽ അർജുനൻ ഭഗവാന്റെ വിശ്വരൂപം കാണണമെന്നു ആവശ്യപ്പെടുന്നു. വിശ്വം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഭഗവാന്റെ രൂപത്തിൽ അർജുനൻ ഭഗവാനെ അനവധി കൈകളും, മുഖങ്ങളും, വയറും ഉള്ളവനായി കാണുന്നു. ആദിയും അന്തവുമില്ലാതെ എല്ലാ ദിശകളിലേക്കും ആ രൂപം നീണ്ടുകിടക്കുന്നതായി അർജുനൻ കണ്ടു. ആയിരം ദിവാകരന്മാർ ഉദിച്ചപോലെയുള്ള ശോഭ അർജുനന്റെ കണ്ണഞ്ചിപ്പിക്കുന്നു. അങ്ങനെ അത്ഭുത കാഴ്ച്ചകളിൽ കൗരവരും അവരുടെ സഖ്യകക്ഷികളും അഗ്നിയിലേക്ക് പറന്നുവന്നു ദഹിച്ചുപോകുന്ന ഇയ്യാംപാറ്റകളെപോലെ ഭഗവാന്റെ രൂപത്തിന് മുന്നിൽ ഇല്ലാതാകുന്നതും കാണുന്നു. ഭഗവൻ പറയുന്നു ഈ രൂപത്തിൽ ഞാൻ കൗരവരെ ഇല്ലാതാക്കി പാണ്ഡവരുടെ വിജയം ഉറപ്പാക്കും. ഭഗവാന്റെ ശക്തിയെപ്പറ്റി മനസ്സിലാക്കാതെ എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ഭഗവാന്റെ പൂർവരൂപത്തിലേക്ക് വരാനും അർജുനൻ ആവശ്യപ്പെടുന്നു. അപരിമിതമായ ഭക്തിയുള്ളവർക്ക് മാത്രമേ ഭഗവാനെ നേരിൽ കാണാൻ സാധിക്കു. അർജുനന്റെ ഭക്തിയും ഏകാഗ്രതയും കൃഷ്ണനിൽ ഉള്ള ഭഗവാനെ കാണാൻ അർഹനാക്കി. ഭഗവാൻ അർജുനന് ദിവ്യദൃഷ്ടിയും നൽകിയിരുന്നു. ഇനി വിശദമായി...
അർജുനൻ പറഞ്ഞു. എന്നെ അനുഗ്രഹിക്കുന്നതിനായി ഏറ്റവും രഹസ്യമായ അധ്യാത്മം എന്ന വാക്ക് അങ്ങ് പറഞ്ഞു കേട്ടപ്പോൾ എന്നിലെ വ്യാമോഹം മാറിപ്പോയി. അല്ലയോ ഭഗവാനെ, അങ്ങയിൽ നിന്ന് ചരാചരങ്ങളുടെ ഉത്ഭവവും,നാശവും വിസ്തരിച്ച് ഞാൻ കേട്ടു. അനശ്വരമായ അങ്ങയുടെ മഹത്വത്തെപ്പറ്റിയും കേട്ടു. അങ്ങ് അങ്ങയേകുറിച്ച് പറഞ്ഞതെല്ലാം അപ്രകാരം തന്നെ. അല്ലയോ പുരുഷോത്തമ, അങ്ങയുടെ ഈശ്വരാകൃതിയെ കാണാൻ എനിക്കാഗ്രഹമുണ്ട്. അങ്ങയുടെ ഈശ്വരാകൃതിയെ എനിക്ക് കാണാൻ കഴിയുമെന്ന് അങ്ങ് കരുതുന്നെങ്കിൽ അനശ്വരമായ ആ രൂപത്തെ എനിക്ക് കാണിച്ച് തന്നാലും. പ്രഭു പറഞ്ഞു ഓ അർജുനാ എന്റെ നൂറു കണക്കിന് ആയിരകണക്കിന് വൈവിദ്ധ്യമാർന്ന ദിവ്യരൂപങ്ങളെ പല വർണ്ണത്തിലും ആകൃതിയിലും നീ കണ്ടു കൊള്ളുക.
പശ്യമേ പാർത്ഥ രൂപാണി
ശത ശോ ഥ സഹസ്ര ശ :
നാനാവിധാനി ദിവ്യാനി
നാനാ വർണാകൃതിനി ച (11:5)
ആദിത്യന്മാർ വസ്‌തുക്കൾ, രുദ്രകൾ, അശ്വനികൾ, മരുത്തുക്കൾ എന്നിവരെയും കൂടാതെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഐശ്വര്യങ്ങളെയും നീ കണ്ടു കൊള്ളുക. അല്ലയോ അർജുന, ഈ ലോകം മുഴുവനും ചലിക്കുന്നതും ചലിക്കാത്തതും മറ്റു വല്ലതും കൂടി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതെല്ലാം എന്റെ ശരീരത്തിൽ ഒന്നിച്ചു നീ ഇപ്പോൾ കണ്ടാലും.
ഇഹൈ കസ്‌ഥം ജഗത് കൃത്സനം
പശ്യാദ്യ സചരാചരം
മമ ദേഹേ ഗുഡാകേശ
യച്ചാന്യദ് ദൃ ഷടു മിചച്ഛസി (11:7)
എന്നാൽ നിന്റെ നഗ്‌നനേത്രങ്ങളാൽ നിനക്കിതൊന്നും കാണാൻ കഴയില്ല. അതുകൊണ്ട് ഞാൻ നിനക്ക് ദിവ്യദൃഷ്ടി തരുന്നു. എന്റെ ഐശ്വര്യമായ യോഗം അതിനാൽ കണ്ടാലും. സജ്ഞയൻ പറഞ്ഞു. അല്ലയോ മഹാരാജാവേ മഹായോഗീശ്വരനായ ശ്രീകൃഷ്ണൻ ഇപ്രകാരം പറഞ്ഞതിന് ശേഷം പരമമായ തന്റെ ഈശ്വരരൂപത്തെ അർജുനന് കാണിച്ചു കൊടുത്തു,
ഏവമുക്താ തതോരാജൻ
മഹായോഗേശ്വരോ ഹരി:
ദർശയാമാസ പാർഥായ
പരമം രൂപമൈശ്വരം (11:9)
അനേകം വക്ത്രനയനം
അനേകാത്ഭുത ദർശനം
അനേക ദിവ്യാഭരണം
ദിവ്യാനേ കോ ദ്യ തായുധം (11:10)
ആ രൂപം അനവധി വായകളും, കണ്ണുകളും, ആശ്ചര്യകരമായ അനവധി ദൃശ്യങ്ങളുള്ളതും അനവധി ദിവ്യാഭരണങ്ങളും കയ്യിൽ പിടിച്ച ദിവ്യായുധങ്ങളോടും ദിവ്യമായ മാലകളും, വസ്ത്രങ്ങളും, ധരിച്ചതും സ്വർഗീയസുഗന്ധങ്ങൾ പുരട്ടിയതും മുഴുവൻ വിസ്മയാവഹമായതും അനന്തവും നാനാദിക്കിലേയ്ക്കും മുഖങ്ങൾ ഉള്ളതുമായിരുന്നു. ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചാലുണ്ടാകുന്ന തേജസ്സിന് സമമായിരുന്നു ഭഗവാന്റെ വിശ്വരൂപം. പലവഴിക്കും വിഭജിക്കപ്പെട്ടിരിക്കുന്ന ഈ വിശ്വം മുഴുവൻ ദേവന്മാരുടെ ദേവനായ ഭഗവാന്റെ ശരീരത്തിൽ ഒരിടത്തി രിക്കുന്നതതായി അപ്പോൾ അർജുനൻ കണ്ടു. ഭഗവാന്റെ വിശ്വരൂപം കണ്ട് ആശ്ചര്യഭരിതനായി രോമാഞ്ചമണിഞ്ഞു തന്റെ തല കുനിച്ച് തൊഴുകൈയ്യോടെ ഇപ്രകാരം പറഞ്ഞു.
ഓ പ്രഭു അങ്ങയുടെ ശരീരത്തിൽ ഞാൻ ദേവന്മാരെയും സകല ഭൂതവിശേഷസംഘങ്ങളെയും, ദിവ്യരായ ഋഷിമാരെയും സർപ്പങ്ങളെയും ശിവനെയും താമരയിലിരിക്കുന്ന ബ്രഹ്മാവിനേയും കാണുന്നു. അനവധി കൈകളും, ഉദരങ്ങളും, കണ്ണുകളുമുള്ള അനന്തമായ രൂപത്തിൽ ഞാൻ അങ്ങയെ എല്ലായിടത്തും കാണുന്നു.എന്നാൽ അങ്ങയുടെ വിശ്വരൂപത്തിന്റെ ആദ്യമോ, മധ്യമോ, അന്തമോ ഞാൻ കാണുന്നില്ല. കിരീടം, ഗദ, ചക്രം ഇവയോട് കൂടിയവനായും അത്യുജ്ജ്വലമായ ശോഭയോടെ എങ്ങും പ്രകാശിച്ചുകൊണ്ടിരിക്കുന്നവനായും നേരെ നോക്കാൻ പ്രയാസമാകുംവിധം ജ്വലിക്കുന്ന അഗ്നിയുടെയും സൂര്യന്റെയും തേജസ്സുള്ളവനായും അളവറ്റവനായും ഞാൻ അങ്ങയെ എല്ലായിടത്തും കാണുന്നു. അങ്ങാണ് അനശ്വരനും ഈ ലോകത്തിന്റെ ആശ്രയവും സനാതനപുരുഷനും, പരബ്രഹ്മവുമെന്നു ഞാൻ കരുതുന്നു. ആദിയോ മധ്യമോ, അന്തമോ ഇല്ലാത്തവനായും, അനവധി കൈകളോടുകൂടിയവനും സൂര്യചന്ദ്രന്മാർ കണ്ണുകളായവനും ജ്വലിക്കുന്ന അഗ്‌നിപോലെയുള്ളവയോട് കൂടി യവനും സ്വതേ ജോപ്രഭാവത്താൽ ഈ ലോകത്തെ തപിപ്പിക്കുന്നവനായും ഞാൻ അങ്ങയെ കാണുന്നു. ഭൂമിക്കും സ്വർഗ്ഗത്തിനുമിടക്കുള്ള സ്ഥലത്തുമാത്രമല്ല എല്ലാ ദിശകളിലും അങ്ങ് വ്യാപരിച്ച് നിൽക്കുന്നു. വിസ്മയിപ്പിക്കുന്നതും, ഭയഭീതിയുണർത്തുന്നതുമായ ആ രൂപം കണ്ട മൂന്നു ലോകങ്ങളും പേടിച്ച് വിറയ്ക്കുന്നു.
ഈ ദേവസമൂഹങ്ങൾ അങ്ങയെ പ്രാപിക്കുന്നു. ചിലർ ഭയത്താൽ തൊഴുകൈയ്യോടെ അങ്ങയുടെ പേര് ചൊല്ലി, അങ്ങയുടെ മഹത്വത്തെപ്പറ്റി പാടുന്നു. കണക്കറ്റ മഹർഷിമാരും സിദ്ധന്മാരും അളവറ്റ പ്രശംസയാൽ അങ്ങയെ ആരാധിക്കുന്നു. രുദ്രന്മാർ, ആദിത്യന്മാർ, വസുക്കൾ, സാധ്യന്മാർ, വിശ്വദേവകൾ, അശ്വനിദേവതകൾ, മരുത്തുക്കൾ, ഗന്ധർവന്മാർ, യക്ഷന്മാർ, പിതൃക്കൾ തുടങ്ങി, അസുരന്മാർ, സിദ്ധന്മാർ, ആരൊക്കെയുണ്ടോ അവരെല്ലാവരും, വിസ്മയത്തോടെ അങ്ങയെ ഉറ്റുനോക്കുന്നു. അനവധി മുഖങ്ങളും, കൈകളും, കണ്ണുകളും, തുടകളും, പാദങ്ങളും, ഉദരങ്ങളും, ഭയാനകമായ ദംഷ്ട്രങ്ങളുമുള്ള ഓ മഹാബാഹുവായ ഭഗവാനെ, അങ്ങയുടെ അപരിമിതമായ ആ രൂപം കണ്ട് ലോകങ്ങൾ പേടിച്ച് വിറയ്ക്കുന്നു. അതേപോലെ, ഞാനും ഭയപ്പെട്ടിരിക്കുന്നു . തുറന്നിരിക്കുന്ന വായകളോടും, കത്തുന്ന കണ്ണുകളോടും കൂടി വർണ്ണാഞ്ചിതവും പ്രകാശം ചൊരിയുന്നതും ആകാശം മുട്ടി നിൽക്കുന്നതുമായ അങ്ങയുടെ രൂപം കണ്ട് എനിക്ക് പേടിയാകുന്നു. അതുകൊണ്ട് എനിക്ക് ധൈര്യമോ, സമാധാനമോ ഉണ്ടാകുന്നില്ല. പ്രളയാഗ്നിപോലെ ഭയങ്കരങ്ങളായ ദംഷ്ട്രങ്ങളോടു കൂടിയ അങ്ങയുടെ തുറന്ന വായകൾ കണ്ടിട്ട് എനിക്ക് ദിക്കുകൾ തെറ്റുന്നു. ദേവന്മാരുടെ ദേവാ, ലോകത്തിന്റെ ആശ്രയസ്ഥാനമേ എന്നോട് കരുണ കാണിക്കേണമേ? അനേകം രാജാക്കന്മാരോടുകൂടി ധൃതരാഷ്ട്രരുടെ മക്കളെയും, ഭീഷ്മർ, ദ്രോണർ, കർണ്ണൻ, ഞങ്ങളുടെ ഭാഗത്തുള്ള മുഖ്യയോദ്ധാക്കളായും ഭയാനകമായ പല്ലുകളുള്ള അങ്ങയുടെ വായിലേക്ക് തിടുക്കംപൂണ്ട് കടക്കുന്നതായി കാണുന്നു. അവരിൽ ചിലരുടെ തകർന്ന തലകൾ അങ്ങയുടെ പല്ലിനിടയിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണുന്നു. സമുദ്രത്തിലേക്ക് പ്രവേശിക്കുന്ന അനേകം നദികൾ പോലെ നശ്വരമായ ഈ ലോകത്തിലെ യോദ്ധാക്കൾ അങ്ങയുടെ ജ്വലിക്കുന്ന വായകളിലേക്ക് പ്രവേശിക്കുന്നു. ജ്വലിക്കുന്ന അഗ്നിയിലേക്ക് സ്വയം ദാഹിച്ച് ചാകാൻ ഈയാംപാറ്റകൾ പറന്നുവരുന്നപോലെ നാശത്തിനായി ഈ മനുഷ്യരെല്ലാം അങ്ങയുടെ വായിലേക്ക് തിടുക്കത്തിൽ ഓടിവരുന്നു. അങ്ങയുടെ ജ്വലിക്കുന്ന വായകൊണ്ട് സകല ലോകങ്ങളെയും അങ്ങ് വിഴുങ്ങിയിട്ട് അതാസ്വദിക്കുന്നപോലെ നുണയുന്നതായി കാണുന്നു. അങ്ങയുടെ ശക്തിമത്തായ തേജസ്സ് ഈ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്നു. അത് ഈ വിശ്വത്തെ ദഹിപ്പിക്കുന്നു. ഇത്രയും ഉഗ്രരൂപനായ അങ്ങ് ആരാണ്? ദൈവങ്ങളിൽ പ്രമുഖനായ അങ്ങേക്ക് നമസ്കാരം. ആദി പുരുഷനായ അങ്ങയെ എനിക്കറിയാൻ ആഗ്രഹമുണ്ട്.
അങ്ങയുടെ ദൗത്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ലോകനാശത്തെ ചെയ്യുന്ന ബലവാനായ കാലമാണ് ഞാൻ. നിന്റെ പങ്കാളിത്തമില്ലെങ്കിലും എതിർവശത്ത് നിരന്നുനിൽക്കുന്ന ശത്രു പക്ഷക്കാർ ഇല്ലാതെയാകും. അതുകൊണ്ട് നീ എഴുന്നേറ്റ് യുദ്ധം ചെയ്തു കീർത്തിനേടുക. ശത്രുക്കളെ കീഴടക്കി ഐശ്വര്യപൂർണ്ണമായ രാജ്യം അനുഭവിക്കുക. ഈ കാണുന്ന യോദ്ധാക്കളെല്ലാം എന്നാൽ സംഹരിക്കപ്പെട്ടവരാണ്. നീ ഒരു നിമിത്തം മാത്രമായി ഭവിക്കുക. ദ്രോണർ, ഭീഷ്മർ, ജയദ്രഥൻ, കർണ്ണൻ, യോദ്ധാക്കളെല്ലാം തന്നെ എന്നാൽ കൊല്ലപ്പെട്ട് കഴിഞ്ഞവരാണ്. നീ ഭയപ്പെടേണ്ട. നീ തീർച്ചയായും ശത്രുക്കളെ യുദ്ധത്തിൽ കീഴടക്കും. അതുകൊണ്ട് യുദ്ധം ചെയ്യുക. സജ്ഞയൻ പറഞ്ഞു. ശ്രീകൃഷ്ണന്റെ ഈ വാക്കുകൾ കേട്ടിട്ട് ഭയപ്പെട്ട് വിറച്ചുകൊണ്ട് ഭഗവാനെ തൊഴുതു നമസ്കരിച്ച് ഗദ്ഗദ് കണ്ഠനായി അർജുനൻ കൃഷ്ണനോട് പറഞ്ഞു. അല്ലയോ ഭഗവാനെ, അങ്ങയെ സ്തുതിക്കുമ്പോൾ ഈ ലോകം സന്തോഷിക്കയും ആഹ്ളാദിക്കുകയും ചെയ്യുന്നു. പേടിച്ചരണ്ട രക്ഷസ്സുകൾ നാലുപാടും ഓടുന്നു. സിദ്ധന്മാരുടെ ഒരു നിര അങ്ങയെ ആദരവോടെ നമിക്കുന്നു.
മഹാത്മാവേ എന്തുകൊണ്ട് അവർ അങ്ങനെചെയ്യാതിരിക്കില്ല. അങ്ങ് ശ്രേഷ്ഠനും ബ്രഹ്മാവിനുംകൂടി ആദികാരണനുമാണല്ലോ? ഓ അപരിമേയമായ പ്രഭുവേ , ദൈവങ്ങളുടെ ദൈവമേ ലോകത്തിന്റെ ഇരിപ്പടമേ, നീ സത്തിനും അസത്തിനും അപ്പുറത്തുള്ള അനശ്വരമായ പരബ്രഹ്മമാണ്. അങ്ങ് ആദിദേവനും പുരാണപുരുഷനുമാണ്. അങ്ങാണീ ലോകത്തിന്റെ പരമമായ രക്ഷാകേന്ദ്രം. അങ്ങ് അറിയുന്നവനും, അറിയപ്പെടേണ്ടവനും, പരമമായ സ്ഥാനവും ആണ്.ഈ വിശ്വം മുഴുവൻ അങ്ങയാൽ വ്യാപിക്കപ്പെട്ടിരിക്കുന്നു. വായുവും, അഗ്‌നിയും, വരുണനും, ശശാങ്കനും, പ്രജാപതിയും, പ്രപിതാമഹനും അങ്ങ് തന്നെ. അങ്ങേക്ക് നമസ്കാരം. ആയിരം വട്ടം നമസ്കാരം. വീണ്ടും വീണ്ടും നമസ്കാരം. മുമ്പിലും, പിമ്പിലും എല്ലാ ഭാഗത്തും അങ്ങേക്ക് നമസ്കാരം, അനന്തമായ ശക്തിയോടും, അനന്തമായ വീര്യത്തോടുകൂടിയ അങ്ങ് എല്ലാറ്റിലും നിറഞ്ഞുനിൽക്കുന്നു. അതുകൊണ്ട് എല്ലാം അങ്ങ് തന്നെയാകുന്നു. ഒരു സുഹൃത്തായി കണക്കാക്കി അങ്ങയുടെ മാഹാത്മ്യമറിയാതെ അങ്ങയെ ഞാൻ കൃഷ്ണാ, യാദവാ, സുഹൃത്തെ എന്നൊക്കെ സംബോധന ചെയ്തത് അശ്രദ്ധമൂലവും, സ്നേഹത്താലുമാണ്. കളിയിലും,നേരമ്പോക്കിലും, ഭക്ഷണസമയത്തും, വിശ്രമവേളകളിലും, അല്ലെങ്കിൽ നമ്മൾ ഒറ്റക്കായിരുന്നപ്പോഴും, മറ്റുള്ളവരുടെ മുന്നിൽ വച്ചും ഞാനങ്ങയെ പരിഹസിച്ചിട്ടുണ്ട്. അപ്രമേയനായ അങ്ങ് എനിക്ക് മാപ്പ് തരിക. സ്ഥാവരജംഗമങ്ങൾ ഉൾകൊള്ളുന്ന ഈ ലോകത്തിന്റെ പിതാവാണ് അങ്ങ്. അങ്ങ് ആരാധ്യനാണ്. അങ്ങ്ശ്രേഷ്ഠനായ ഗുരുവാണ്. അങ്ങ് അതുല്യാവനാണ്. ഈ മൂന്നു ലോകങ്ങളിലും അങ്ങേക്ക് തുല്യനായി ആരുമില്ല. അതുകൊണ്ട് ഞാൻ അങ്ങയുടെ മുന്നിൽ നമിക്കുന്നു. അങ്ങയുടെ കൃപയ്ക്കായി പ്രാർത്ഥിക്കുന്നു. പുത്രന്റെ കുറ്റങ്ങളെ പിതാവും, സ്നേഹിതന്റെ കുറ്റങ്ങളെ സ്നേഹിതനും ഭാര്യയുടെ കുറ്റങ്ങളെ ഭർത്താവും ക്ഷമിക്കുന്നപോലെ ആരാധ്യനായ ദൈവമേ അങ്ങും എന്റെ കുറ്റങ്ങളെ ക്ഷമിക്കുമാറാകണേ. മുമ്പ് കാണാതിരുന്ന അങ്ങയുടെ വിശ്വരൂപം കണ്ടതിൽ ഞാൻ സന്തോഷഭരിതനാണ്. എന്നിട്ടും എന്റെ ഹൃദയത്തിൽ പേടിയുണ്ട്. അതുകൊണ്ട് അങ്ങയുടെ പൂർവ്വരൂപം വീണ്ടും എനിക്ക് കാണിച്ചുതരിക. അങ്ങയെമുമ്പ് കണ്ടതുപോലെ ഗദയോടും, ചക്രത്തോടും, കിരീടത്തോടും കൂടി കാണാൻ എനിക്ക് ആഗ്രഹമുണ്ട്.
സഹസ്രപാണിയായ വിശ്വമൂർത്തേ, ചതുർഭുജനായ അങ്ങയുടെ പഴയരൂപം കൈകൊണ്ടാലും. പ്രഭു പറഞ്ഞു.നിന്നിൽ പ്രസന്നനായതുകൊണ്ടാണ് , ഞാൻ എന്റെ വിശ്വരൂപത്തെ നിനക്ക് കാണിച്ചുതന്നത്. അനന്തമായ പ്രകാശമയമായ, വിശ്വാത്മകമായ, ആദികാരണമായ ഈ രൂപം നീയല്ലാതെ മറ്റാരും കണ്ടിട്ടില്ല. വേദം പഠിച്ചതുകൊണ്ടോ, ത്യാഗങ്ങൾ ചെയ്തതുകൊണ്ടോ, ധർമ്മശാസ്ത്രാദി പഠനങ്ങൾ കൊണ്ടോ, ദാനധർമ്മങ്ങൾ കൊണ്ടോ, ഉഗ്രതപസ്സുകൾ കൊണ്ടോ, ഈ ലോകത്തിൽ നീ ഒഴികെ ആർക്കും എന്നെ ആ രൂപത്തിൽ കാണാൻ സാധിക്കുകയില്ല,
ന വേദ യജ്ഞാ ധ്യയ നൈ ർന്ന ദാനൈർ
ന ച ക്രിയാ ഭി ർ ന തപോഭിരൂഗ്രൈ
ഏവം രൂപ: ശക്യ അഹം നൃ ലോകേ
ദ്ര ഷ് ടും ത്വ ദ ന്യേന കുരുപ്രവീര (11:48)
എന്റെ ഗംഭീരമായ ഈ രൂപം നോക്കി അധികം ഭയപ്പെടുകയും അന്ധാളിക്കുകയും വേണ്ട. ഭയം മാറ്റുക, മനസ്സ് ശാന്തമാക്കുക, എന്നിട്ട് എന്നെ പൂർവരൂപത്തിൽ വീണ്ടും കണ്ടുകൊള്ളുക. സജ്ഞയൻ പറഞ്ഞു. വാസുദേവൻ അങ്ങനെ അര്ജുനനോട് പറഞ്ഞിട്ട് അദ്ദേഹത്തിന്റെ പൂർവരൂപത്തെ അർജുനന് കാണിച്ചുകൊടുത്തു. വീണ്ടും തന്റെ കാരുണ്യരൂപം ധരിച്ച് പേടിച്ചിരിക്കുന്ന അർജുനനെ സമാധാനിപ്പിച്ചു. അർജുനൻ പറഞ്ഞു. അങ്ങയുടെ മനുഷ്യരൂപം വീണ്ടും കണ്ട ഞാൻ സന്തുഷ്ടനായി, സാധാരണ നിലയിലായി. പ്രഭു പറഞ്ഞു.എന്നെ നീ കണ്ട രൂപം നോക്കി കാണാൻ വളരെ പ്രയാസമാണ്. ദേവന്മാർകൂടി എന്റെ ആ രൂപം കാണാൻ ആഗ്രഹിച്ചിരിക്കുന്നവരാണ്. വേദങ്ങൾ പഠിച്ചത് കൊണ്ടോ തപസ്സിനാലോ, ദാനധർമ്മങ്ങളാലോ, ത്യാഗങ്ങളാലോ, ആർക്കും നീ കണ്ട എന്റെ രൂപം കാണാൻ സാധ്യമല്ല. എന്നാൽ ഏകാഗ്രമായ ഭക്തികൊണ്ട് എന്നെ ഈ രൂപത്തിൽ കാണുകയും അറിയുകയും ചെയ്യുക സാധ്യമാണ്. എനിക്കായി കർമ്മങ്ങൾ ചെയ്യുന്നവർ, എന്നെ ലക്ഷ്യമാക്കി വച്ചിരിക്കുന്നവർ എന്റെ ഭക്തന്മാർ, ബന്ധങ്ങൾ വിഛേദിച്ചവർ, ദ്വേഷബുദ്ധിയില്ലാത്തവർ അവർ എന്റെ അടുത്ത് വരുന്നു.
അദ്ധ്യായം പതിനൊന്ന് സമാപ്തം
അടുത്തതിൽ "ഭക്തിയോഗം"
ശുഭം
Read More: https://www.emalayalee.com/writer/11