
കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കീഴടങ്ങുമെന്ന അഭ്യൂഹത്തെത്തുടർന്ന് ഹൊസ്ദുർഗ് കോടതി വളപ്പിൽ ഏർപ്പെടുത്തിയിരുന്ന വൻ പൊലീസ് സന്നാഹം പിൻവലിച്ചു. ജോലി സമയം കഴിഞ്ഞ് മണിക്കൂറുകളോളം കാത്തിരുന്ന ജഡ്ജിയും മടങ്ങിപ്പോയി. രാഹുൽ കസ്റ്റഡിയിൽ ഇല്ലെന്ന് പൊലീസും സ്ഥിരീകരിച്ചു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കുടകിൽ ഒളിവിൽ കഴിയുകയാണെന്നും, ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങാനെത്തുമെന്നുമായിരുന്നു അഭ്യൂഹം. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ഇവിടെ വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നത്.
രാഹുൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കോടതി പരിസരത്ത് വൻ പോലീസ് സന്നാഹവും സജ്ജമായിരുന്നു.
കോടതി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെയുള്ളവർ എത്തിച്ചേർന്നിരുന്നു.