Image

ഒടുവിൽ പുറത്തേയ്ക്ക് ; രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്താക്കി കോണ്‍ഗ്രസ്

Published on 04 December, 2025
ഒടുവിൽ പുറത്തേയ്ക്ക് ; രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ  രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് കടന്നത്‌.

രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന് രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. രാഹുലിനെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും നിലപാട് എടുത്തു.

രാഹുലിനെതിരെ ലൈംഗിക പീഡന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തുവന്നതോടെയാണ് കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക് പോയത്. ഇനിയും യുവതികള്‍ പരാതിയുമായി എത്താനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല. ബംഗളൂരു സ്വദേശിനിയായ യുവതിയാണ് പുതിയ പരാതിക്കാരി.

രാഹുലിനെതിരെ യുവതി ഇ-മെയിലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചിരുന്നു. താന്‍ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു. കെപിസിസിക്ക് ലഭിച്ച പരാതി സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറുകയും ചെയ്ത. രാഹുലിന്റെപേരില്‍ നേരത്തേ ആരോപണമുന്നയിച്ച യുവതിയാണ് പരാതിക്കാരിയെന്നാണ് വിവരം

ഇതെന്നും സൂചനയുണ്ട്. ഇവരില്‍നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അന്ന് വിവരം തേടിയിരുന്നു. വര്‍ഷങ്ങളായി പരിചയമുള്ള രാഹുല്‍ 2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയം പുതുക്കുകയും ടെലിഗ്രാമിലൂടെ ബന്ധം സ്ഥാപിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പരാതിക്കു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് രാഹുലിന്റെ വാദം.

ജാമ്യമില്ല ; ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി ; രാഹുലിനെതിരെ കൂടുതല്‍ തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷന്‍

യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേട്ട തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. രാഹുലിനെതിരെ കൂടുതല്‍ തെളിവുകളും പ്രോസിക്യഷന്‍ കോടതിയില്‍ ഹാജരാക്കി.

രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടന്നിരുന്നു. തുടര്‍വാദം കേള്‍ക്കാന്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍വാദത്തിന് മുമ്പേ പ്രോസിക്യൂഷന്‍ രാഹുലിനെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂര്‍ണ്ണരൂപമടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. യുവതിയുടെ പരാതി പൂര്‍ണ്ണമായിട്ടും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട് തെളിവുകളും ഹാജരാക്കി. എന്നാല്‍ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. ഇത് പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്.

ഫോണ്‍ വിളികളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തും സ്‌ക്രീന്‍ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നല്‍കാന്‍ യുവതിക്ക് തൊഴില്‍ സ്ഥാപനത്തില്‍നിന്നു സമ്മര്‍ദമുണ്ടായെന്നും പ്രതിഭാഗം വാദിച്ചു. കോടതി തീരുമാനമെടുക്കുന്നതുവരെ അറസ്റ്റുണ്ടാകില്ലെന്നു പ്രോസിക്യൂഷന്‍ ഉറപ്പു നല്‍കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അത്തരം ഉറപ്പുകള്‍ നല്‍കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഇക്കാര്യത്തില്‍ കോടതിയും ഇടപെട്ടില്ല.

'സത്യമേവ ജയതേ' എന്ന് അതിജീവിത; 'സത്യത്തിൻ്റെ വിജയമാണിത്'- വിധിയിൽ ആഹ്ളാദം പങ്കുവെച്ച് നടി റിനി ആൻ ജോർജ്

യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ച സെഷൻസ് കോടതി വിധിയിൽ സന്തോഷം അറിയിച്ച് പീഡന പരാതി നൽകിയ അതിജീവിത. മുഖ്യമന്ത്രിക്ക് ആദ്യമായി പരാതി നൽകിയ അതിജീവിത, സമൂഹമാധ്യമത്തിലൂടെയാണ് തൻ്റെ പ്രതികരണം അറിയിച്ചത്.രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ് രംഗത്തെത്തി. അതിജീവിതകളുടെ സന്തോഷത്തിൽ പങ്കുചേരുന്നുവെന്നും സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷമുണ്ടെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

"സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാർട്ടിയോട് നന്ദി അറിയിക്കുന്നു. ഒരുപാട് സൈബർ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പോൾ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു," റിനി ആൻ ജോർജ് കൂട്ടിച്ചേർത്തു. അതേസമയം, അതിജീവിതയ്ക്ക് നേരെ സൈബർ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പോലീസ് ഇതുവരെ 36 കേസുകൾ രജിസ്റ്റർ ചെയ്തു. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ കമന്റിടുന്നവർക്ക് എതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ അറസ്റ്റിൽ
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ അറസ്റ്റിൽ. രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാൾക്ക് കോൺഗ്രസുമായോ രാഹുലുമായോ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ്. ഡ്രൈവറേ കൂടാതെ മറ്റൊരാളും കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ജോസ് എന്നയാളാണ് എസ്ഐടിയുടെ കസ്റ്റഡിയിലുള്ളത്. രാഹുലിനെ ബെം​ഗളൂരുവിൽ എത്തിക്കാനായി ഏർപ്പാടാക്കിയ ആളാണെന്നാണ് നിഗമനം.

വാഹനത്തിൽ ഉണ്ടായിരുന്ന മറ്റാളുകളെ കുറിച്ചടക്കമുള്ള ചോദ്യങ്ങൾക്ക് ഇയാൾ വ്യക്തമായി മറുപടി നൽകിയിട്ടില്ല. രാഹുലിനെ ബെം​ഗളൂരുവിൽ എവിടേക്കാണ് എത്തിച്ചത് എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണം; കോടതിയിൽ ഉപഹർജി സമർപ്പിച്ചു

ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് അടിയന്തരമായി ഹർജി നൽകിയിരിക്കുന്നത്. അറസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ്, നിലവിലുള്ള ജാമ്യഹർജിയിൽ വിധി വരുന്നതുവരെ അറസ്റ്റ് നടപടികളിൽ നിന്ന് പോലീസിനെ വിലക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്.

അതേസമയം ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്‌ഐആർ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. രാഹുൽ സ്ഥിരം പ്രശ്‌നക്കാരനാണെന്നും ജാമ്യം നൽകരുത് എന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണ സംഘം ഏകദേശം ലോക്കേറ്റ് ചെയ്തതായാണ് പുറത്തുവരുന്ന വിവരം. ഇന്നലെ രാത്രിയിൽ രാഹുൽ ബെംഗളൂരുവിലെ ഒരു രഹസ്യകേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ, പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോഴേക്കും രാഹുൽ അവിടെനിന്ന് കടന്നുകളഞ്ഞു. രാഹുലിനൊപ്പം സഹായികളും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന് ബാധ്യതയില്ല; വിഡി സതീശന്‍

ബലാത്സംഗ കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോള്‍ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്ന് വിഡി സതീശന്‍ പ്രതികരിച്ചു.

ആദ്യം രാഹുലിനെതിരെ പരാതി വന്നപ്പോള്‍ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നേതാക്കളെല്ലാം തീരുമാനിച്ചിരുന്നു. രണ്ടാമത്തെ പരാതി കൂടി വന്നതോടെ ഇന്നലെ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നേതൃത്വം കൂടിയാലോചിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോ എന്നതില്‍ പ്രസക്തിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇനി രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതും വെക്കാതിരിക്കുന്നതുമൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാര്‍ട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കഴിഞ്ഞതിനാല്‍ രാജിയുടെ കാര്യത്തില്‍ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെയെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം, സമാനമായ കേസുകളില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനെയും വിഡി സതീശന്‍ വെല്ലുവിളിച്ചു.

സൗഹൃദം പാർട്ടി വഴി മാത്രം ; രാഹുല്‍ മാങ്കൂട്ടത്തിലിനെ കയ്യൊഴിഞ്ഞ് ഷാഫി പറമ്പില്‍ എംപി

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണമായി തള്ളി ഷാഫി പറമ്പില്‍ എംപി. രാഹുലിനെ സൗഹൃദത്തിന്റെ പേരില്‍ താന്‍ പാര്‍ട്ടിയില്‍ കൊണ്ടുവന്നതല്ലെന്നും, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്നും ഷാഫി പറഞ്ഞു. പിന്തുണച്ചത് സംഘടാപ്രവര്‍ത്തനത്തെയാണെന്നും, മറ്റ് രീതികളെയല്ലെന്നും രാഹുലിനെതിരെ തനിക്ക് ക്രിമിനല്‍ സ്വഭാവമുളള പരാതികള്‍ ലഭിച്ചില്ലെന്നും ഷാഫി പറഞ്ഞു.

'രാഹുലിനെതിരെ ഇത്തരമൊരു ആക്ഷേപം വന്നപ്പോള്‍ മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചത് രേഖാമൂലം പരാതി ലഭിക്കുന്നതിന് മുന്‍പുതന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്നും ശേഷം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും സമീപകാലത്ത് എടുക്കാത്ത തീരുമാനമാണ്. പാര്‍ട്ടിക്ക് രേഖാമൂലം പരാതി ലഭിച്ചപ്പോള്‍ നിയമപരമായി പോകട്ടെയെന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് രാഹുലിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം എനിക്കില്ല. പരിപൂര്‍ണമായും ഞാന്‍ ഒരു പാര്‍ട്ടിക്കാരനാണ്'.

'വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതല്ല. കോണ്‍ഗ്രസ് പാര്‍ട്ടി വഴി ഉണ്ടായ സൗഹൃദമാണ് രാഹുലുമായുള്ളത്. പാര്‍ട്ടിയില്‍ പുതിയ തലമുറ വളര്‍ന്നുവരുമ്പോള്‍ സംഘടനാപരമായി അവരെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. വ്യക്തിപരമായി ഓരോരുത്തരിലേക്ക് ചൂഴ്ന്നിറങ്ങിയിട്ടില്ല. അവരുടെ രാഷ്ട്രീയത്തെയാണ് പിന്തുണയ്ക്കുന്നത്. സംഘടനാപ്രവര്‍ത്തനത്തെയാണ് പിന്തുണച്ചത്. അല്ലാതെ വേറെ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ല സപ്പോര്‍ട്ട് നല്‍കിയത്. രാഹുലിനെതിരെ ക്രിമിനല്‍ പശ്ചാത്തലമുള്ള പരാതികളൊന്നും രേഖാമൂലം എനിക്ക് ലഭിച്ചിട്ടില്ല. രാഹുലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് പിന്തുണ നല്‍കിയത്. പൂര്‍ണമായും പാര്‍ട്ടി നടപടികള്‍ക്കൊപ്പമാണ് ഞാന്‍'- ഷാഫി പറഞ്ഞു.

അമ്മയുടെ പ്രായമുള്ള ആളുകളോട് വരെ മോശമായി പെരുമാറി ; രാഹുൽ വലിയൊരു ക്രിമിനലെന്ന് എംഎ ഷഹനാസ്

രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ മഹിളാ കോണ്‍ഗ്രസില്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എംഎ ഷഹനാസ്. ഇക്കാര്യം ഷാഫി പറമ്പിലിനെ അറിയിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ മൗനം പരിഹാസമായി തോന്നി, താന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറഞ്ഞാല്‍ അതിന്റെ തെളിവ് പുറത്തുവിടും. സൈബര്‍ ആക്രമണങ്ങളെയും പാര്‍ട്ടി നടപടിയേയും താന്‍ ഭയപ്പെടുന്നില്ലെന്നും ഷഹനാസ് പറഞ്ഞു.

'രാഹുലിനെതിരെ ഞാന്‍ പരാതി നല്‍കിയിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാന്‍ എനിക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിലിനോട് പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ ഞാന്‍ പങ്കുവച്ചത്. എന്ത് പരാതി കൊടുത്താലും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും നീതി ലഭിക്കാറില്ല. രാഹുലിനെപ്പറ്റി ഷാഫിയോട് പരാതിയല്ല പറഞ്ഞത്, അഭിപ്രായമാണ് പറഞ്ഞത്. അത് വകവച്ചില്ല. അതിനുശേഷം രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായി. രാഹുല്‍ വലിയൊരു ക്രിമിനലാണ്. പല സ്ത്രീകള്‍ക്കും അശ്ലീല സന്ദേശം അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഭാഗമായതിനാലാണ് മിണ്ടാതിരുന്നത്. പരാതിയുമായി ഒരു സ്ത്രീ എങ്കിലും മുന്നോട്ടു വരണമെന്ന് ആഗ്രഹമായിരുന്നു. ഇന്നലെ പരാതി പറഞ്ഞതിനു പിന്നാലെ വിദേശത്ത് നിന്നടക്കം ഭീഷണിയാണ്' ഷഹനാസ് പറഞ്ഞു.

തന്നോടും രാഹുല്‍ മോശമായി പെരുമാറിയെന്ന് ഷഹനാസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കര്‍ഷക സമരത്തിന് ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശമായി പെരുമാറിയതെന്നായിരുന്നു ഷഹനാസ് പറഞ്ഞത്. സമരത്തിന് പോയി തിരിച്ചുവന്നപ്പോള്‍ രാഹുല്‍ സന്ദേശമയയ്ക്കുകയായിരുന്നു. ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉള്‍പ്പെടെ ഷാഫിയെ അറിയിച്ചിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. രാഹുലില്‍ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ നേരിട്ട് അറിയാമെന്നും ഷഹനാസ് പറഞ്ഞു. ഷാഫി പറമ്പില്‍ പ്രസിഡന്റായിരിക്കേ പലരും രാഹുലിനെതിരെ പരാതി പറഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഷാഫി പറമ്പില്‍ അധ്യക്ഷനായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം ആയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കിയത് ഷാഫി പറമ്പിലിന്റെ നിര്‍ബന്ധപ്രകാരമാണെന്നും ഷഹനാസ് കുറ്റപ്പെടുത്തി. യൂത്ത്കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജെ.എസ് അഖിലിനെയായിരുന്നു ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ മെമ്പര്‍ഷിപ്പ് ആരോപണം ഉയര്‍ന്നത് സംഘടനയില്‍നിന്ന്തന്നെയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക