Image

'ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്'; ഹരീഷിന്റെ പ്രതികരണത്തെ തള്ളി ബാദുഷ രംഗത്ത്

രഞ്ജിനി രാമചന്ദ്രൻ Published on 04 December, 2025
'ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്'; ഹരീഷിന്റെ പ്രതികരണത്തെ തള്ളി ബാദുഷ രംഗത്ത്

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ ഇടപെട്ട് സിനിമകളിൽ നിന്ന് ഒഴിവാക്കിയെന്ന നടൻ ഹരീഷ് കണാരൻ്റെ ആരോപണത്തിന് പിന്നാലെ, തർക്കം ഒത്തുതീർപ്പിലെത്തി എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി ബാദുഷ രംഗത്ത്. വിഷയം പരിഹരിക്കാമെന്ന് ബാദുഷ ഉറപ്പ് നൽകിയതായി ഹരീഷ് കണാരൻ ഒരു തിയറ്റർ വിസിറ്റിനിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു: "ബാദുക്കയുമായിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. സെറ്റിൽ ചെയ്തോളാമെന്ന് പറഞ്ഞിട്ടുണ്ട്. മൂപ്പര് ചെറിയൊരു വിഷയത്തിലാണ്. അത് കഴിഞ്ഞിട്ട് സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്." എന്നാൽ, ഹരീഷിന്റെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ബാദുഷ സോഷ്യൽ മീഡിയയിലൂടെ ഇത് നിഷേധിച്ചു.

"ഹരീഷിനെയും അദ്ദേഹത്തിൻ്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ വിളിച്ച് ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ഈ ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എൻ്റെ 'റേച്ചൽ' സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും. അതുവരെ എനിക്കെതിരെ കൂലി എഴുത്തുകാരെക്കൊണ്ട് ആക്രമിച്ചോളൂ. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എൻ്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി."

ബാദുഷയ്ക്ക് താൻ 20 ലക്ഷം രൂപ കടം നൽകിയിരുന്നുവെന്നും, ഇത് തിരികെ ചോദിച്ചപ്പോൾ ബാദുഷ ഇടപെട്ട് തന്നെ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയെന്നുമാണ് ഹരീഷ് കണാരൻ ആരോപിച്ചത്. വീട് പുതുക്കിപ്പണിയുന്നതിനായി പണം ചോദിച്ചപ്പോൾ 'വെടിക്കെട്ട്' സിനിമയുടെ റിലീസിന് ശേഷം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും, സിനിമയുടെ സാമ്പത്തിക വിജയമില്ലായ്മ കാരണം വീണ്ടും സമയം ചോദിച്ചെന്നും, പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നും ഹരീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺ‌ലൈനിനോട് പറഞ്ഞിരുന്നു. നിലവിൽ, താൻ നിർമ്മിക്കുന്ന 'റേച്ചൽ' എന്ന ചിത്രത്തിൻ്റെ റിലീസിന് ശേഷം വിഷയത്തിൽ വിശദമായി പ്രതികരിക്കുമെന്നാണ് ബാദുഷയുടെ നിലപാട്.

 

 

English summary:

What compromise is there after being so humiliated in front of the public?'; Badusha dismisses Hareesh's statement.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക