Image

ശശി കപൂർ വിട പറഞ്ഞിട്ട് എട്ടു വർഷം : ആർ. ഗോപാലകൃഷ്ണൻ

Published on 04 December, 2025
ശശി കപൂർ വിട പറഞ്ഞിട്ട് എട്ടു വർഷം : ആർ. ഗോപാലകൃഷ്ണൻ

ബോളിവുഡിലെ അനശ്വര പ്രണയനായകൻ ശശി കപൂർ ഓർമ്മയായിട്ട് ഇന്ന് അഞ്ചു വർഷമാകുന്നു... ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച ശശി കപൂർ എന്ന അഭിനേതാവിന്റെ ജീവിതത്തിൽ നിന്നും സിനിമയെ അടർത്തി മാറ്റുക എളുപ്പമല്ല.

നാലു തലമുറകളായി ബോളിവുഡിന്റെ നെടുന്തൂണാണ് കപൂർ കുടുംബം. പൃഥ്വിരാജ് കപൂറില്‍ തുടങ്ങി രണ്‍ബീറിലും കരിഷ്മയിലും കരീനയിലും എത്തിനില്‍ക്കുകയാണ് അടിമുടി സിനിമാ-മയമായ ഈ താര കുടുംബം. നാടക വേദിയിലും സിനിമയിലും ഇതിഹാസ തുല്ല്യനായി നിറഞ്ഞുനിന്ന പൃഥ്വിരാജ് കപൂർ വിടപറഞ്ഞിട്ട് നാലര പതിറ്റാണ്ടായി. പൃഥ്വിരാജ് മക്കളെ സിനിമയിലേക്കു കൈപിടിച്ചു നടത്തി : രാജ് കപൂര്‍, ഷമ്മി കപൂര്‍, ശശി കപൂര്‍ താരത്രയങ്ങളില്‍ ഇളയവനായ ശശികപൂർ നാലാം വയസ്സില്‍ അച്ഛനൊപ്പം തുടങ്ങിയതാണ് തന്‍റെ അഭിനയ ജീവിതം, ബലാതാരം, നായകന്‍, സംവിധായകൻ, നിര്‍മ്മാതാവ്, അങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു ശശി കപൂർ. കരൺ കപൂർ, കുണാൽ കപൂർ, സഞ്ജന കപൂർ എന്നിവർ ശശികപൂറിൻറെ മക്കളുമാണ്.

(രാജ് കപൂർ, ശശികപൂർ, ഷമ്മി കപൂർ എന്നിവര്‍ സിനിമയിൽ നിറഞ്ഞുനിന്ന കാലം കപൂർ കുടുംബത്തിന്റെ സുവർണ്ണകാല മായിരുന്നു....)

1938 മാർച്ച് 18 -ന് ബോബെയിൽ ജനിച്ചു. ശരിയായ പേര് 'ബൽബീൽ രാജ് കപൂർ' എന്നാണ്. സ്കൂൾ ജീവിതം തീർന്നത് മുംബൈയിലെ ഡോൺ ബോസ്കോ സ്കൂളിലാണ്. 1940-കളിൽ ഒരു ബാല താരമായിട്ട് തന്നെ ശശി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങി. ഒരു നായകവേഷത്തിൽ 1961-ൽ യശ് ചോപ്ര സംവിധാനം ചെയ്ത 'ധർ‌ം പുത്ര്' എന്ന ചിത്രത്തിലൂടെ അഭിനയിച്ചു. 1960 മുതൽ 1980 വരെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായക നടനായി മാറാൻ ശശി കപൂറിന് കഴിഞ്ഞു. ശശി കപൂർ ഇതു വരെ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചിട്ടുള്ള 'ദീവാർ' , 'ദോ ഓർ ദോ പാഞ്ച്', 'നമക് ഹലാൽ' എന്നീ ചിത്രങ്ങൾ ബോളിവുഡ് ചരിത്രത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 'കഭി കഭി', 'ഷാന്‍', 'ത്രീശൂല്‍', 'ജുനൂന്‍', 'കാല്‍യുഗ്' തുടങ്ങി 160 ചിത്രങ്ങളില്‍ അഭിനയിച്ച ശശികപൂറിന് 'ന്യൂഡല്‍ഹി ടൈംസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ പ്രധാന നായകനിരയിലെ ഒരാളായി അദ്ദേഹം തിളങ്ങി.

ഈ കാ‍ലഘട്ടത്തിൽ (1968-ല്‍) ശശി കപൂർ ചില ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചു. 'ഹൗസ് ഹോള്‍ഡര്‍', 'ഷേക്‌സ്പിയര്‍ വാല' തുടങ്ങിയ ചിത്രങ്ങളൊക്കെ ഹിറ്റായി. ബോളിവുഡില്‍നിന്ന് അന്താരാഷ്ട്ര നായകനാകുന്ന ആദ്യകാല നടനെന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. 12 ഇംഗ്ലീഷ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഹെർമൻ ഹെസ്സെ എഴുതിയ പ്രസിദ്ധമായ ഇംഗ്ലീഷ് നോവലിനെ അടിസ്ഥാനമാക്കി ഹോളിവുഡ് കൊളംബിയ പിക്ചർസ്സിനു വേണ്ടി കോൺറാഡ് റോക്സ് സംവിധാനം ചെയ്ത 'സിദ്ധാർഥ' സിനിമയിൽ സിമി ഗർവാളുമൊത്തുള്ള അഭിനയം ശശി കപൂറിനെ ഏറെ പ്രശസ്‌തനാക്കി; സിമിയേയും പ്രശസ്തമാക്കിയെങ്കിലും അവരുടെ നഗ്ന സമാനമായ ഒരു രംഗം ഇന്ത്യൻ മാദ്ധ്യമങ്ങളിൽ വിവാദങ്ങളും സൃഷ്ടിച്ചു.

1980-ൽ ശശി കപൂർ സ്വന്തമായി ഒരു ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. 'ഫിലിം വാലാസ്' എന്ന ഈ നിർമ്മാണ കമ്പനി, പല വിജയ ചിത്രങ്ങൾ നിർമ്മിച്ചു. 1998-ൽ ഇറങ്ങിയ 'ജിന്ന' എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്.

1958-ൽ ബ്രിട്ടീഷ് നടിയായ ജെന്നിഫർ കെൻ‌ഡലിനെ വിവാഹം ചെയ്തു. ഇവർ ഒരുമിച്ച് ആയിടയ്ക്ക് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 1984-ൽ ജെന്നിഫർ കെൻ‌ഡൽ ക്യാൻസർ മൂലം മരണമടഞ്ഞു.

1948-ല്‍ 'ആഗി'ലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. വീണ്ടും മൂന്നു തവണ ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 1979-ല്‍ 'ജുനൂൻ' എന്ന ചിത്രത്തിന് മികച്ച നിര്‍മ്മാതാവിനുള്ള പുരസ്‌കാരം ലഭിച്ചു. 'ന്യൂ ഡൽഹി ടൈംസ്' - 1986-എന്ന സിനിമയിലെ അഭിനയത്തിന് ബെസ്റ്റ് ആക്ടർ നാഷണൽ അവാർഡ് ലഭിച്ചു. 1994-ൽ ദേശീയ അവാർഡ് ജൂറി പാനലിൻ്റെ പ്രത്യേക പരാമർശം ലഭിച്ചു: 'ഇൻ കസ്റ്റഡി' എന്ന സിനിമയിലെ ശശി കപൂറിൻ്റെ അഭിനയത്തിന്.

2011-ലെ പദ്മഭൂഷണ്‍ പുരസ്‌കാരം; 2014-ലെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

ഏറെക്കാലം വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബുദ്ധിമുട്ടിയ ശശി കപൂർ 79-ാം വയസ്സിൽ, 2017 ഡിസംബർ 4-ന്, മുംബൈയിൽ അന്തരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക