
ന്യൂഡൽഹി: ദുബായിൽ ഒരു വിദേശ പൗരൻ തടവിലാക്കി വെച്ചിരിക്കുകയാണെന്ന് ആരോപിക്കപ്പെടുന്ന 25 വയസ്സുള്ള ഇന്ത്യൻ യുവതിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തോടുംദുബായിലെ കോൺസുലേറ്റ് ജനറലിനോടും അടിയന്തര നടപടികൾ സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
യുവതിക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ അവരെ സഹായിക്കണമെന്നും ജസ്റ്റിസ് സച്ചിൻ ദത്ത അധികാരികളോട് ആവശ്യപ്പെട്ടു.
മകളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും, ശാരീരിക പീഡനത്തിന് ഇരയാക്കുന്നുവെന്നും, അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്നുവെന്നും ആരോപിച്ച് യുവതിയുടെ പിതാവ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
യു.എ.ഇയിലെ ദുബായിൽ ഒരു വിദേശ പൗരൻ തടവിലാക്കി വെച്ചിരിക്കുകയാണെന്ന് ആരോപിക്കപ്പെടുന്ന, 25 വയസ്സുള്ള തൻ്റെ ഇന്ത്യൻ പൗരയായ മകളെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
ഹർജിക്കാരനായ വി. തിരുനാവുകരശ്, തൻ്റെ മകൾ ചെന്നൈയിലെ ഒരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ അവിടെ ചികിത്സയിലായിരുന്ന വിദേശ പൗരനുമായി പരിചയപ്പെടുകയായിരുന്നു എന്നും പറയുന്നു
രണ്ട് വർഷമായിട്ടും യുവതിയെ ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കുന്നില്ലെന്നും, യുവതി തിരിച്ചുപോകാതിരിക്കാനായി വിദേശ പൗരൻ അവരുടെ പാസ്‌പോർട്ടും വിസയും പിടിച്ചെടുത്തെന്നും കുടുംബവുമായുള്ള ആശയവിനിമയം ക്രമരഹിതമായി എന്നും ഹർജിയിൽ പറയുന്നു.
വാട്ട്‌സ്ആപ്പ് വഴി മകൾ അയച്ചുകൊടുത്തുവെന്ന് പറയപ്പെടുന്ന, പീഡനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ചിത്രങ്ങൾ പിതാവ് കോടതിയിൽ സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്.
"സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ സർക്കാർ, യുഎഇയിലെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എന്നിവരോട് ഹർജിക്കാരന്റെ മകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും ഇപ്പോഴത്തെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പരിശോധിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു," നവംബർ 26 ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി അധികൃതരോട് ആവശ്യപ്പെടുകയും കേസ് ഡിസംബർ 15 ലേക്ക് കൂടുതൽ വാദം കേൾക്കാൻ മാറ്റുകയും ചെയ്തു.
.