
ദൂരേ കിഴക്കിന്റെ ചക്രവാളത്തിലെ
സൂര്യച്ചെറുക്കന്റെ കണ്ണേറ്
താഴത്തെ ഭൂമിക്കിടാത്തി തൻ മാറത്തൊ -
രോമൽ കിനാവിന്റെ നീരാട്ട് !
പൂവായി ഭൂമിയെ മൂടുന്ന ചുംബന
ലീലാ വിലാസങ്ങളിൽ
പ്രേമ വസന്തമായ് കോരിത്തരിക്കുന്നു
രാഗ വിലോല വികാര മൂർച്ച !
മായാ പ്രപഞ്ച നിഗൂഢ നിരാമയ
രൂപമീ നക്ഷത്ര ധൂളീ ലയം
സാധകം ! ബോധമായ് എന്നിൽ തെളിയുന്ന ഞാനെന്ന
തേജസാം ദൈവ പ്രഭ !
ഓരോ പ്രഭാതത്തുടുപ്പിലും സ്വപ്നമായ്
നാളേകൾ താണ്ടുമീ രാസത്വരം
ആറടി മണ്ണിൽ അലിഞ്ഞു ചേരാനുള്ള
യാതനാ യാത്രാ വഴിയിലല്ലോI ?
ആര് ഞാൻ ? നക്ഷത്ര ധൂളികൾ ക്കപ്പുറ -
ത്താളുന്ന സത്യ സമസ്ഥതയിൽ
ചേതസാം മുൻ ചിന്താ രൂപം വിരിയിച്ച
സാരമായ് ശക്തിയായ് മൂന്നരങ്ങിൽ !
സ്നേഹമാണെങ്ങും കണികകൾ ഒന്നിച്ച
പ്രേമം രചിച്ചൊരീ വിശ്വ രൂപം !
പ്രേമിച്ചു പ്രേമിച്ചു മണ്ണും മനുഷ്യനും
ഭൂമിയിൽ സ്വർഗ്ഗം പണിഞ്ഞു വയ്ക്കും !
ലോകാവസാനം മത / ശാസ്ത്ര ചൂഷണ
കാപാലികർ വിറ്റ ക്രൂരം നുണ
പോരിക മണ്ണിൽ മനുഷ്യനും ദൈവവും
ചേരുന്ന സ്വർഗ്ഗ കവാടങ്ങളിൽ !
നാളത്തെ സൗര മഹാ സ്പോടനങ്ങളിൽ
ധൂളികളായി വഴി പിരിഞ്ഞാൽ
കാലത്തിൻ മാറിലെ ചൂടിൽ അനശ്വര
നാളങ്ങളായി നാം വീണ്ടും വരും !