
പ്രേക്ഷക പ്രശംസ നേടിയ 'കാന്താര' സിനിമയിലെ ദൈവവേഷം അനുകരിച്ചതിൻ്റെ പേരിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നതോടെ നടൻ ക്ഷമാപണവുമായി രംഗത്തെത്തി. താൻ ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും, ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും രൺവീർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
56-ാമത് ഐ.എഫ്.എഫ്.ഐ. വേദിയിൽ വെച്ചാണ് രൺവീർ സിംഗ് കാന്താരയിലെ ദൈവത്തെ ആവാഹിക്കുന്ന രംഗം അനുകരിച്ചത്. സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി വേദിയിൽ സന്നിഹിതനായിരുന്നു. രൺവീർ സിംഗ് ഈ രംഗം തമാശരൂപേണ അവതരിപ്പിക്കുകയായിരുന്നു. ഋഷഭിൻ്റെ പ്രകടനത്തെ താൻ പ്രശംസിക്കുകയും ചെയ്തു. എന്നാൽ, കാന്താരയിലെ ദൈവവേഷത്തെ രൺവീർ 'കോമാളിയാക്കി' അവതരിപ്പിച്ചുവെന്ന വിമർശനം ശക്തമായി ഉയരുകയായിരുന്നു.
വിമർശനങ്ങളെ തുടർന്ന് രൺവീർ സിംഗ് ക്ഷമാപണവുമായി രംഗത്തെത്തി. "സിനിമയിലെ ഋഷഭിന്റെ അസാമാന്യമായ പ്രകടനത്തെ പ്രശംസിക്കുക എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. നടൻ എന്ന നിലയിൽ, ആ പ്രത്യേക രംഗം അദ്ദേഹം ചെയ്ത രീതിയിൽ അവതരിപ്പിക്കാൻ എത്രമാത്രം പ്രയാസമാണെന്ന് എനിക്കറിയാം. നമ്മുടെ രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ഞാൻ എന്നും ബഹുമാനിച്ചിട്ടുണ്ട്. ഞാൻ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, രൺവീറിൻ്റെ ക്ഷമാപണം വേണ്ടെന്നാണ് കാന്താര ആരാധകർ പറയുന്നത്. രൺവീർ ആ വേഷത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും, താരം 'തോർഡ് റേറ്റ്' നടനാണെന്നും വിമർശകർ അഭിപ്രായപ്പെട്ടു.
English summary:
Insulted the 'Kantara' deity role: Huge criticism against Ranveer Singh; Finally apologizes, but fans say 'we don't need your apology