Image

ഇന്ത്യയുടെ സഞ്ചാർ സാഥി ആപ്പിൾ തള്ളി; ആപ്പ് നിർബന്ധമല്ലെന്നു മന്ത്രി സിന്ധ്യ (പിപിഎം)

Published on 02 December, 2025
ഇന്ത്യയുടെ  സഞ്ചാർ സാഥി ആപ്പിൾ തള്ളി; ആപ്പ് നിർബന്ധമല്ലെന്നു മന്ത്രി സിന്ധ്യ (പിപിഎം)

 ഇന്ത്യയിൽ സ്മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി എന്ന ആപ്പ് ഉപയോഗിക്കണമെന്ന ഇന്ത്യ ഗവൺമെന്റിന്റെ നിർദേശം സ്വീകരിക്കാൻ ആപ്പിൾ ഉദ്ദേശിക്കുന്നില്ലെന്നു കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസികൾ പറഞ്ഞു. ഒരു ഒത്തുതീർപ്പിനു വഴിയുണ്ടോ എന്നു നോക്കുമെന്നു കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചെങ്കിലും ചാരനിരീക്ഷണത്തിനു സാധ്യതയുള്ള ആപ്പുകൾ ആപ്പിൾ ഫോണുകളിൽ കയറ്റാറില്ല.

ഇക്കാര്യത്തിലും അത്തരം സാദ്ധ്യതകൾ ഉണ്ടെന്ന ആശങ്ക ഉയരുന്നതിനിടെ സഞ്ചാർ സാഥി നിർബന്ധമല്ലെന്നും ഫോൺ വാങ്ങുന്നവർക്ക് അതു വേണ്ടെങ്കിൽ നീക്കം ചെയ്യാമെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചൊവാഴ്ച്ച ഡൽഹിയിൽ പറഞ്ഞു.

"രഹസ്യ നിരീക്ഷണമൊന്നും ഇല്ല," അദ്ദേഹം പാർലമെന്റിനു പുറത്തു മാധ്യമങ്ങളോടു പറഞ്ഞു. “ആപ് വേണ്ടെങ്കിൽ അത് ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. അത് ഫോണിൽ വേണ്ടെങ്കിൽ നീക്കം ചെയ്യാം.”

സഞ്ചാർ സാഥി 90 ദിവസത്തിനകം പുതുതായി വിൽക്കുന്ന ഫോണുകളിൽ കയറ്റണം എന്നു ഗവൺമെന്റ് ആപ്പിൾ, സാംസംഗ്‌, സിയായോമി എന്നിങ്ങനെയുള്ള കമ്പനികൾക്കു നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. വിറ്റു കഴിഞ്ഞ ഫോണുകളിൽ സോഫ്ട്‍വെയർ അപ്‌ഡേറ്റിന്റെ ഭാഗമായി അത് കയറ്റണം.

മോഷ്ടിക്കപ്പെട്ട ഫോണുകൾ കണ്ടെത്താനും ദുരുപയോഗം തടയനുമാണ് ഈ ആപ്പ് എന്നാണ് ഗവൺമെന്റ് പറയുന്നത്.

ആപ്പ് നീക്കം ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ കഴിയരുതെന്നും കമ്പനികൾക്കു നിർദേശമുണ്ട്.

ഈ വിഷയങ്ങൾ സിന്ധ്യ ചൊവാഴ്ച്ച പരാമർശിച്ചില്ല.

ഇന്ത്യയ്ക്ക് ആഗോള വില്പനയുടെ അടിസ്ഥാനത്തിൽ പിഴയടിക്കാൻ അനുമതി നൽകുന്ന നിയമത്തിനെതിരെ ആപ്പിൾ കോടതിയിൽ പോയിട്ടുണ്ട്. ആ നിയമം അനുസരിച്ചു ആപ്പിളിന് $38 ബില്യൺ വരെ പിഴ വീഴാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക