
ആധുനികലോകത്ത് അനുയോജ്യമായ വിവാഹങ്ങളും ആദര്‍ശമുള്ള കുടുംബങ്ങളും കുറയുന്നുവെന്ന് കരുതാന്‍ കാരണങ്ങളുണ്ട്. വിവാഹം ദമ്പതികളുടെ ബന്ധമാണ്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള പ്രതിജ്ഞാ ബദ്ധവും നിയമപരവുമായ പങ്കാളിത്തം, അവരുടെ പരസ്പര സ്നേഹം, വിശ്വാസം, കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സുപ്രധാന സംഗതികളും അതില്‍ സംഗമിക്കുന്നുണ്ട്. എന്നാല്‍, ദമ്പതികളും, മക്കളും, മാതാപിതാക്കളും പലപ്പോഴും മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്ന, ഒരു വലിയ ബന്ധുവലയം കുടുംബത്തിലുണ്ടാകും. വലിയ ഉത്തരവാദിത്തവും, കൂട്ടായ തീരുമാനങ്ങളും കുടുംബത്തില്‍ എടുക്കേണ്ടിവരും.
ദമ്പതികള്‍ തമ്മില്‍ ആശയവിനിമയം നടത്താതിരിക്കുക, സത്യസന്ധതയോടെ ഒന്നിച്ച് പ്രവര്‍ത്തിക്കാതിരിക്കുക, പരസ്പരം അവിശ്വസിക്കുക, അന്യോനൃം സ്നേഹവും സ്വാതന്ത്ര്യവും കൊടുക്കാതിരിക്കുക, സ്വാര്‍ത്ഥതയോടുകൂടിയ പെരുമാറ്റം എന്നിവയും, ദാമ്പത്യജീവിതത്തെ വൈകാരികപ്രശ്നങ്ങളിലേക്കും വിവാഹമോചനത്തിലേക്കും നയിക്കാറുണ്ട്. അഭിപ്രായ വ്യതൃാസങ്ങളും, കുട്ടികളെ ശരിയായി പരിപാലിക്കാത്തതും, സാമ്പത്തിക ബാദ്ധ്യതകള്‍ അവിഹിതബന്ധം ശാരീരിക പീഡനം മയക്കുമരുന്നുപയോഗം ക്രമംകെട്ട മദ്യപാനം എന്നിവയും, കുടുംബ ജീവിതത്തെ ദോഷമായി ബാധിക്കുന്നു.
പുത്തന്‍ തലമുറയില്‍പ്പെട്ടവരില്‍ അധികവും ഇഷ്ടപ്പെടുന്നത്, സ്ത്രീയും പുരുഷനും തമ്മില്‍ പരിചയപ്പെട്ടതിനുശേഷം നടത്തുന്ന വിവാഹം അഥവാ “ഡേറ്റിംഗ് മാര്യേജ്” ആണ്. ഇതിന്‍റെ ഗുണദോഷങ്ങള്‍ മുന്നമേ കാണുന്നവര്‍ ചുരുക്കം. പരസ്പരം പരിചയപ്പെടുമ്പോള്‍, ഇരുവരും അവരുടെ സ്വഭാവിക മുഖഭാവങ്ങള്‍ മറയ്ക്കും. ആകര്‍ഷക ഭാവം പ്രകടിപ്പിക്കും. വിവാഹശേഷം, യഥാര്‍ത്ഥ സ്വഭാവം കാണുമ്പോള്‍, വിവാഹ ഇണയില്‍ നിരാശയും നോവും ഉണ്ടാകും. പ്രണയത്തിലാകുന്ന സമയത്ത് ഹൃദയത്തില്‍ ഉരുവാകുന്ന അനുരാഗത്തിന്‍റെ മധുര്യം, ക്രമേണ കുറയും. വിവാഹശേഷം; നേരിടേണ്ട കുടുംബരക്ഷ, സന്താനങ്ങള്‍, സാമ്പത്തിക ക്ലേശം എന്നിവയും ദമ്പതികള്‍ക്ക് ദുഖഭാരമാകാം. വിവാഹത്തിനു മുമ്പ്, ഓരോരുത്തരുടെയും കുടുംബം സാഹചര്യം ജീവിതശൈലി മതം സംസ്കാരം എന്നിവയെക്കുറിച്ചു നന്നേ പഠിക്കാറില്ല. പിന്നീട്, ഇതും പ്രശ്നഹേതുവായി ഭവിക്കുന്നുണ്ട്. അതിനാല്‍, ഈ ബന്ധം വേണ്ടായിരുന്നുവെന്ന് തോന്നും. ഡേറ്റിംഗില്‍ ഉണ്ടായ പൂര്‍വ്വ ബന്ധങ്ങളും, വിവിധങ്ങളായ വഴികളിലൂടെ വരുന്ന വേദനകളും മനസ്സിന്‍റെ സമനില തെറ്റിക്കും. കലഹത്തിനും കയ്യേറ്റത്തിനും അതും കാരണമായേക്കാം.
ചില പുര്‍ഷന്മാരുടെ പരിചയപ്പെടലുകള്‍, വികാരശമനത്തിനുമാത്രമാകും. ഇങ്ങനെ, വഞ്ചിക്കുന്നവര്‍ കുറച്ചല്ല. സുരക്ഷാപ്രതിസന്ധികളും പുറകാലെ ഉണ്ടാകുന്നു. ഡേറ്റിംഗ് സമയത്തുണ്ടാകുന്ന ഊഷ്മളമായ ആവേശം ക്രമേണ തണുത്ത് ഇല്ലാതാകും. അതുകൊണ്ട്, ഇത്തരം വിവാഹം ഇഷ്ടപ്പെടുന്നവര്‍, അവരവര്‍ക്ക് വേണ്ടുന്നത് എന്തെന്ന് മുന്നമേ നിശ്ഛയിക്കണം. സ്വയം അറിയണം. ഇരുവരും സുരക്ഷിതരാവണം. പരസ്പരം മനസ്സിലാക്കാന്‍ ഏറെ സമയം എടുക്കണം.
പാകപ്പിഴകളും പാര്‍ശ്വഫലങ്ങളും ഉണ്ടാകുമെങ്കിലും, നിഷ്ക്കളങ്കമായ സ്നേഹവും പരസ്പര വിശ്വാസവും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പിച്ച്, കുടുംബങ്ങളുടെ പിന്തുണയോടെ നടത്തുന്ന ഡേറ്റിംഗ് മാര്യേജ്, സന്തുഷ്ട ജീവിതം നയിക്കാന്‍ നന്നേ സഹായിക്കുന്നുമുണ്ട്.
ഇക്കാലത്ത്, സങ്കരവിവാഹവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്, വ്യത്യസ്ത ജാതികള്‍, മതം, ആചാരം, ദേശം, ഭാഷ, സംസ്കാരം എന്നിവ പരിഗണിക്കാതെ നടത്തുന്ന വിവാഹമാണ്. ഭിന്ന സംസ്കാരങ്ങളും മൂല്യങ്ങളും പഠിക്കാനും, തുറന്ന മനസ്സോടെ ബന്ധങ്ങള്‍ സ്ഥാപിക്കാനും, പരസ്പരം ബഹുമാനിക്കാനും, പാരമ്പര്യങ്ങള്‍ പങ്കിടാനും, കുടുംബവലയം വികസിപ്പിക്കാനും ഇത്തരം വിവാഹത്തിലൂടെ സാധിക്കുന്നു. അഭ്യേദ്യമായ അനുരാഗവും, അനുകൂല സാഹചര്യവുമാണ് മുഖ്യകാരണങ്ങള്‍. സ്വന്തം മതവിശ്വാസത്തെയും, ആചാരങ്ങളെയും മറികടക്കാന്‍ ഈ ബന്ധം നിര്‍ബന്ധിക്കും. സാംസ്കാരിക വ്യത്യാസം, കുട്ടികളുടെ ഭാവി, ഓരോരുത്തരുടെയും പ്രതീക്ഷകള്‍ എന്നിവ, തര്‍ക്കങ്ങളും ഭിന്നതകളും ഉണ്ടാക്കാം. എന്നാലും, തുറന്ന മനസ്സോടുകൂടിയ ആശയവിനിമയം നടത്തിയും, അന്യോന്യം മനസ്സിലാക്കി ബഹുമാനിക്കുകയും, ചെയ്തുകൊണ്ട്, അനുയോജ്യവും സംതൃപ്തവുമായ ദാമ്പത്യബന്ധം സ്ഥാപിക്കാവുന്നതാണ്.
ക്രൈസ്തവ വിശ്വാസപ്രകാരം മിശ്രവിവാഹമെന്നത്, ക്രൈസ്തവരും അക്രൈസ്തവരും തമ്മില്‍ നടത്തുന്ന വിവാഹമാണ്. ക്രിസ്തുസഭകളിലുള്ള വിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തിനു, വേറിട്ട ചട്ടങ്ങളും ചടങ്ങുകളും ഉണ്ട്. ദൈവവിരോധികളുമായുള്ള വിവാഹം ക്രിസ്തുമതം അനുവദിക്കില്ല. എങ്കിലും, വംശീയ വിവാഹം ബൈബിള്‍ അനുവദിച്ചിട്ടുണ്ട്. എങ്ങനെ? “ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവള്‍ അവനോടുകുടെ പാര്‍ക്കുവാന്‍ സമ്മതിക്കുകയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുത്. ഒരു സ്ത്രീക്ക് അവിശ്വാസിയായ ഭര്‍ത്താവുണ്ടായിരിക്കുക യും അവന്‍ അവളോടുകൂടെ പാര്‍ക്കുവാന്‍ സമ്മതിക്കുകയും ചെയ്യുന്നുവെ ങ്കില്‍ അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കരുത് (ബൈബിള്‍ 1. കൊരിന്ത്യര്‍ 7: 12-13).”
ഒരു ക്രൈസ്തവന്‍ സ്നേഹബന്ധത്താല്‍, മറ്റൊരു മതത്തിലുള്ള സ്ത്രീയെ തന്‍റെ ജീവിതത്തിലേക്കു സ്വീകരിക്കുമ്പോള്‍, വിശ്വാസപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കേണ്ടതില്ല. പക്ഷേ, അവനുണ്ടാകുന്ന കുട്ടികളെ വളര്‍ത്തുന്നത് ഏത് വിശ്വാസത്തിലായിരിക്കണം, കുടുംബത്തിന്‍റെ ആരാധനകളും ആഘോഷങ്ങളും ആചാരങ്ങളും എങ്ങനെ ആയിരിക്കണം എന്നിവയില്‍, വ്യക്തതയുള്ള ബന്ധം എന്ന നിലയിലാണ് അവര്‍ വിവാഹം നടത്തുന്നത്.
നിരീശ്വരവാദികളുടെ വിവാഹങ്ങളെ വീക്ഷിക്കുമ്പോള്‍, കുടുംബം സ്ഥാപിക്കാനും കൂട്ടായി ജീവിക്കാനും സ്നേഹം പങ്കിടാനും, ഈശ്വര വിശ്വാസം നിര്‍ബന്ധമല്ലെന്ന് തോന്നാം. വിവാഹത്തിന്‍റെ ഗുണനിലവാരം ദൈവവിശ്വാസത്തില്‍ മാത്രമല്ല; ഉത്തരവാദിത്തം, സ്നേഹം, ബഹുമാനം, വിശ്വാസം, സത്യസന്ധത, സഹകരണം എന്നീ അടിസ്ഥാന സംഗതികളിലാണ് നിലനില്ക്കുന്നതെന്നും സൂചിപ്പിക്കുന്നു. എങ്കിലും, വിവാഹമെന്നത് ദൈവം സ്ഥാപിച്ചൊരു നിയമബന്ധമാണെന്നും, വിശുദ്ധമാണെന്നും, അതിനു ആത്മീയ തീക്ഷ്ണത അനിവാര്യമാണെന്നും നിരീശ്വരവാദികള്‍ കരുതുന്നില്ല.
മുമ്പ് വിവാഹിതരായവര്‍ക്കും, മക്കള്‍ ഉള്ളവരുമായ ദമ്പതികള്‍ക്കും നല്ല കുടുംബജീവിതം നയിക്കുവാന്‍ കഴിയും. ഇതിന്, പരസ്പരചേര്‍ച്ചയും പൂര്‍ണ്ണമായ സഹകരണവും സുപ്രധാനമാണ്. കുഞ്ഞുങ്ങളുണ്ടെങ്കില്‍, അവരുടെ ക്ഷേമത്തിനുവേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയണം. രണ്ടാം വിവാഹത്തിലും വെല്ലുവിളികള്‍ ഉണ്ടാകും. മുന്‍ വിവാഹത്തി ലുണ്ടായ കുട്ടികള്‍ ഇതിനു കാരണമായേക്കാം. ദമ്പതികളുടെ മുന്‍കാല പങ്കാളികളുമായിട്ടുള്ള ബന്ധം, സാമ്പത്തികവരുമാനത്തിന്‍റെ ഏറ്റക്കുറച്ചില്‍, ഇവരെപ്പറ്റി മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന അഭിപ്രായങ്ങള്‍, ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും സ്വകാര്യ താല്‍പര്യങ്ങള്‍ എന്നിവയും, വീണ്ടും വിവാഹം ചെയ്യുന്നവരെ ബാധിക്കും. കുടുംബകാര്യങ്ങളില്‍ ഒരുമയോടും ധാരണയോടും കുടി പ്രവര്‍ത്തിക്കുക, സമാധാനം സ്ഥാപിക്കുക, പരസ്പര വിശ്വാസം നിലനിര്‍ത്തുക, സന്തുഷ്ടമായ ആശയവിനിമയം നടത്തുക എന്നിവയിലൂടെ, രണ്ടാം വിവാഹവും വിജയിപ്പിക്കാന്‍ സാധിക്കും.
അഭിപ്രായഭിന്നതയും, അരുന്തുദമായ അനുഭവങ്ങളും കുടുംബത്തില്‍ തുടരെ ഉണ്ടാകുമ്പോള്‍, അതിനൊരു പരിഹാരമായി വിവാഹമോചനം വാങ്ങുന്നവര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പങ്കാളിയുടെ അവിഹിതബന്ധം, ആശയവിനിമയത്തിന്‍റെ അഭാവം, അന്യോന്യം ബഹുമാനിക്കാത്ത നിലപാട്, മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍, ലൈംഗിക വൈകല്യം, സാമ്പത്തിക ഞെരുക്കം എന്നിവയാണ് മറ്റ് കാരണങ്ങള്‍. വിവാഹമോചനം ആവശ്യപ്പെടുന്നവരില്‍ അധികവും സ്ത്രീകളാണ്. ഇവര്‍ സാമ്പത്തികശേഷി ഉള്ളവരോ, സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവരോ, പ്രാരാബ്ധങ്ങളെ ഇഷ്ടപ്പെടാത്തവരോ ആയിരിക്കും. സ്ത്രീകള്‍ വിവാഹജീവിതത്തില്‍നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നവരും, വ്യക്തിപരമായ വികാരങ്ങള്‍ക്കും, ആവശ്യങ്ങള്‍ക്കും, ആസ്വാദനത്തിനും പ്രാധാന്യം നല്‍കുന്നവരുമാണ്. കഷ്ടാനുഭവങ്ങളും, ദിവസേനയുള്ള സമ്മര്‍ദ്ദവും, നിരാശയും, ഭാര്യയുടെ അവഗണയും പുരുഷന്മാരെയും വിവാഹമോചനത്തിനു നിര്‍ബന്ധിക്കുന്നുണ്ട്. ക്രമംകെട്ട മദ്യപാനം, ദാരിദ്ര്യം, ചതി, പീഡനം, വഞ്ചന എന്നിവയാണ്, ഇരു കൂട്ടരേയും ബാധിക്കുന്ന, അനന്തര കാരണങ്ങള്‍.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള, സത്യസന്ധവും സ്വസ്ഥവുമായ ഭാഷണം വിവാഹമോചനത്തെ ഒഴിവാക്കാന്‍ സഹായിക്കും. ദിവസവും കണ്ടു സംസാരിക്കാന്‍ സമയം ഉണ്ടാക്കണം. വെറുപ്പുളവാക്കുന്ന വിധത്തില്‍ അന്യോന്യം കുറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യരുത്. പിന്നയോ സാന്ത്വനവാക്കുകളാല്‍ ആശ്വസിപ്പിക്കണം. പങ്കാളിയുടെ ഓരോ അഭിലാഷവും ചോദിച്ചറിയണം. പുതിയ ജീവിതം കെട്ടിപ്പൊക്കാന്‍ ഊര്‍ജ്ജം ഉണ്ടാക്കണം. കുടുംബ സുരക്ഷക്കെതിരേ ഉണ്ടാകാവുന്ന, ഏതൊരു താല്‍പര്യത്തെയും നിയന്ത്രിക്കണം. ആരോഗ്യകരമായ ഭാര്യാഭത്തൃ ബന്ധത്തിന്‍റെ അടിത്തറ ഹൃദ്യമായ ആശയവിനിമയമാണെന്ന് വിശ്വസിക്കണം.
സമാധാനവും സന്തോഷവും സംതൃപ്തിയും മാന്യതയുമുള്ള കുടുംബങ്ങളില്‍, “രാഷ്ട്രിയം” കലഹം സൃഷിക്കാറുണ്ട്. കുടുംബത്തിലുള്ളവരുടെ രാഷ്ട്രിയ ഭിന്നത, തര്‍ക്കങ്ങളും വിയോജിപ്പും ഉണ്ടാക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാതെയും, കുടുംബാംഗങ്ങളെ അവഗണിച്ചും, കുടുംബ സ്വത്ത് ഉപയ്യോഗിച്ചും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുണ്ട്. രാഷ്ട്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍, അധികസമയവും വീട്ടില്‍നിന്ന് അകന്നു ജീവിക്കുന്നു. രാഷ്ട്രിയ കക്ഷികള്‍ തമ്മിലുള്ള ഭിന്നതയും ശത്രുതയും, കുടുംബത്തിലുള്ളവരെയും ബാധിക്കും. ഭര്‍ത്താവും മക്കളുമൊത്ത്, കുടുതല്‍ സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുടുംബിനികള്‍. അതുകൊണ്ട്, രഷ്ട്രിയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കുടുംബജീവിതത്തിന്‍റെ ഐക്യം എപ്പോഴും നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.
സ്വാതന്ത്ര്യത്തിനെതിരായും സ്വാര്‍ത്ഥലക്ഷ്യത്തോടുകൂടിയും നടത്തുന്ന ആചാര വിവാഹത്തെ ഇഷ്ടപ്പെടാത്തവര്‍ പുത്തന്‍തലമുറയിലുണ്ട്. അവരുടെ ആധുനിക ജീവിതശൈലിയെ വിലയിരുത്തുന്നതിനു മുമ്പ്, അറിയേണ്ട ചില കാര്യങ്ങളുണ്ട്. മാറ്റങ്ങളിലൂടെ മുന്നേറുന്ന മനുഷ്യജീവിതത്തെ നവീകരിക്കുന്ന നൂതന സിദ്ധാന്ധങ്ങള്‍, യുവജനങ്ങളില്‍ ഒരു വിഭാഗത്തെ അവിവാഹിതരായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഉത്തരവാദിത്വം, ജീവിതലക്ഷ്യം, വിഫലമായ പ്രണയബന്ധം, സ്വതന്ത്രൃത്തോടെ ജീവിക്കനുള്ള താല്‍പര്യം എന്നിവയാണ് അവിവാഹിതയാത്രക്ക്, പിന്തുണ നല്‍കുന്നത്. പുരുഷന്‍റെയും സ്ത്രിയുടെയും ആഗ്രഹങ്ങളും ആവശ്യങ്ങളും ഉദ്ദേശങ്ങളും വിരുദ്ധമാകയാല്‍, അവര്‍ തിരഞ്ഞെടുക്കുന്ന സ്വകാര്യ ജീവിതത്തെ തെറ്റായി കാണാമോ?
പുരാതനകാലത്ത് വിവാഹം നിര്‍ബന്ധവും ആചാരപരവുമായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇപ്പോഴും, വിവാഹം ആചാരമനുസരിച്ചും, ഏറെ വിശുദ്ധമായിട്ടും നടത്തണമെന്നുതന്നെ ആചാരവാദികള്‍ ശഠിക്കുന്നു. അതിനെ പുതുതലമുറ എതിര്‍ക്കുന്നു. അതുകൊണ്ട് രജിസ്റ്റര്‍ വിവാഹം വര്‍ദ്ധിച്ചു.
രജിസ്റ്റര്‍ വിവാഹമെന്നത് സര്‍ക്കാര്‍ നിയമാനുസൃതമായി ദമ്പതികളുടെ വിവാഹം രേഖപ്പെടുത്തുന്ന പ്രക്രിയയാണ്. വിവാഹം സംബന്ധിച്ച എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും നിയമം ഉറപ്പാക്കുന്നു. ദമ്പതികളുടെ ബന്ധത്തെ നിയമപരമായി സംരക്ഷിക്കുകയും, ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു. ശക്തമായ “നിയമാധാരമാണ് രജിസ്റ്റര്‍ മാര്യേജ്.” ഇത് സാമ്പത്തിക ചിലവ് ഒഴിവാക്കുന്നതിനു സഹായിക്കും. റജിസ്റ്റര്‍ വിവാഹത്തിനു ശേഷം, ആവശ്യമെങ്കില്‍, മതപരമായ ചടങ്ങുകളും നടത്താം. വിവാഹ രജിസ്ട്രേഷന്‍ എന്നത് ഒരു ഔദ്യോഗിക പൊതു രേഖയായി നിലനില്‍ക്കും.
കുടുംബ ജീവിതത്തെ തകര്‍ക്കുന്നത്, തീര്‍ച്ചയായും വിശ്വാസമില്ലായ്മയാണ്. കുടുംബ ജിവിതത്തില്‍, മാതാപിതാക്കളും മക്കളും തമ്മിലുള്ള വിശ്വാസം ദുര്‍ബലമാകുമ്പോള്‍, അവിടെ ഭിന്നതയുണ്ടാകും. വെറുപ്പുളവാക്കും, സംശയം വേദനിപ്പിക്കും. അതോടെ, ആശയവിനിമയം നിലയ്‌ക്കും. മനസ്സുകള്‍ തമ്മില്‍ അകന്നുപോകും. കള്ളം പറയുക, കുടുംബകാര്യങ്ങള്‍ രഹസ്യമായി സുക്ഷിക്കാതെ കുടുംബാംഗങ്ങളെ അവഗണിച്ചു മറ്റുള്ളവരെ പരിഗണിക്കുക, പ്രതിസന്ധികളില്‍ അന്യോന്യം സഹായിക്കാതിരിക്കുക, വഞ്ചിക്കുക, വാക്ക് പാലിക്കാതിരിക്കുക എന്നിവ സംഘര്‍ഷം സൃഷ്ടിക്കും. അത് വിദ്വേഷത്തിനും വേര്‍പാടിനും, പ്രതികാരത്തിനുപോലും ഹേതുവാകും. കുടുംബത്തിലെ എല്ലാ അംഗങ്ങളും ആശയവിനിമയം നടത്തുക, യഥാര്‍ത്ഥ സ്നേഹവും സഹനവും പരിഗണനയും പങ്കുവയ്ക്കുക, തെറ്റുകളെ തിരുത്താനുള്ള സന്മനസ്സ് കാട്ടുക, എല്ലാ പ്രയാസങ്ങളെയും ഒരുമിച്ച് പരിഹരിക്കാന്‍ തയ്യാറാവുക എന്നിവ, കുടുംബ സമാധാനവും സഹകരണവും ശക്തമാക്കും. പരസ്പര വിശ്വാസം ഇല്ലാത്ത കുടുംബം നിലനില്‍ക്കില്ല.
ഒരു ആദര്‍ശ കുടുംബ ജീവിതം അര്‍ത്ഥമാക്കുന്നത്, പ്രശ്നങ്ങള്‍ ഇല്ലാത്ത സന്തുഷ്ട ജീവിതം എന്നല്ല. പിന്നയോ, പുരുഷന്‍റെയും സ്ത്രീയുടെയും മനസ്സുകള്‍ ചേര്‍ന്നുള്ള, ആദരവും ഉത്തരവാദിത്തവുമുള്ള, പൂര്‍ണ്ണമായ സ്നേഹത്തോടുകൂടി നയിക്കപ്പെടുന്ന ജീവിതമാണ്. മാതൃകാപരമായ കുടുംബ ജീവിതത്തില്‍, സ്നേഹം ഒരു വികാരം മാത്രമല്ല, നിച്ഛയം കൂടിയാണ്. അന്യോന്യം കരുതി പരിപാലിക്കുന്ന, ആകര്‍ഷകമായ സഹകരണമാണ് സുഖവും സമാധാനവും നല്‍കുന്നത്. ജീവിതത്തിലും മനസ്സിലും രഹസ്യം മറച്ചുവച്ചു വഞ്ചിക്കാതെ, തെറ്റുകളെ സ്വയം തിരുത്തുകയും പൂര്‍ണ്ണമായി സ്നേഹിക്കുകയും ചെയ്യുന്നതോടെ, നിര്‍ഭയ ജീവിതത്തിന്‍റെ ശക്തിയും ശുദ്ധിയും വര്‍ദ്ധിക്കും. ആവശ്യങ്ങളും ഉദ്ദേശ്യങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍, അവയെ അടച്ചുവ്യ്ക്കാതെ, പൂര്‍ണ്ണമനസ്സോടെ തമ്മില്‍ സംസാരിക്കണം. ജീവിതലക്ഷ്യം, ദൈവവിശ്വാസം, കുടുംബ മൂല്യങ്ങള്‍ എന്നിവയില്‍ പൊതുബോധം ഉണ്ടെങ്കില്‍, കുടുംബ ജീവിതം കൂടുതല്‍ കൃതാര്‍ത്ഥമാകും! ഏല്ലാ ആദര്‍ശ കുടുംബങ്ങളിലും, നിലനില്‍ക്കുന്ന സമാധാനത്തിനും സ്നേഹത്തിനുമുപരി, ഐശ്വര്യം ഉണ്ടായിരിക്കും!
____________________