
പ്രസിഡന്റ് ട്രംപ് മൊത്തത്തിൽ തികച്ചും ആരോഗ്യവാനാണെന്നും അദ്ദേഹത്തിനു എം ആർ ഐ സ്കാനിംഗ് നടത്തിയത് മുൻകരുതൽ എന്ന നിലയിൽ മാത്രമാണെന്നും വൈറ്റ് ഹൗസ് തിങ്കളാഴ്ച്ച അറിയിച്ചു. പ്രസിഡന്റിന്റെ ഫിസിഷ്യൻ ഡോക്ടർ ഷോൺ ബാർബബെല്ല 79 വയസായ ട്രംപിനു ഒക്ടോബറിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഉൾക്കൊള്ളുന്ന മെമ്മോയിൽ പറയുന്നത് പരിശോധനാ ഫലങ്ങൾ 'കുറ്റമറ്റ വിധം നോർമൽ' ആണ് എന്നാണ്.
എം ആർ ഐ നടത്തിയത് അദ്ദേഹത്തെ പോലെ പ്രായമുള്ളവർക്കു സമഗ്രമായ ഹൃദയ-ആമാശയ ആരോഗ്യം ഉറപ്പാക്കാൻ അത് പ്രയോജനപ്പെടും എന്നത് കൊണ്ടാണെന്നു ഡോക്ടർ പറഞ്ഞു.
"പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നേരത്തെ കണ്ടെത്താം. മൊത്തത്തിലുളള ആരോഗ്യ നില ഭദ്രമാണെന്ന് ഉറപ്പു വരുത്താം. അദ്ദേഹത്തിനു ദീർഘകാല ഊർജം ഉണ്ടായിരിക്കയും പ്രവർത്തന സജ്ജനായിരിക്കയും ചെയ്യും എന്നും ഉറപ്പാക്കാം. പ്രസിഡന്റ് ട്രംപിന്റെ കാർഡിയോവാസ്‌കുലർ ഇമേജിംഗ് മികച്ച ഫലമാണ് നൽകുന്നത്.
"രക്തധമനികൾ ചുരുങ്ങിയതായി സൂചനയില്ല. ഹൃദയത്തിലോ രക്തക്കുഴലുകളിലോ അസാധാരണ പ്രശ്നങ്ങൾ ഒന്നുമില്ല. ഹൃദയ അറകൾ സാധാരണ വലുപ്പത്തിൽ തന്നെയാണ്. രക്തക്കുഴലുകളുടെ ചുമരുകൾ ആരോഗ്യത്തിലാണ്. വീക്കമോ കട്ട പിടിക്കലോ ഇല്ല.
"ആമാശയത്തിന്റെ പരിശോധനയിലും പ്രശ്നങ്ങൾ ഇല്ല."
ട്രംപിന്റെ വാർഷിക പരിശോധനയിൽ എം ആർ ഐ സൂചിപ്പിച്ചിരുന്നില്ല. എന്നാൽ ഒക്ടോബർ 10നു ട്രംപിന്റെ വായിൽ നിന്നു തന്നെ അക്കാര്യം പുറത്തു വന്നു.
Trump MRI shows him in good health