Image

എഫ് ബി ഐ കുത്തഴിഞ്ഞു, പട്ടേലിന്റെ നേതൃത്വം ദയനീയമെന്നു വിലയിരുത്തൽ (പിപിഎം)

Published on 02 December, 2025
എഫ് ബി ഐ കുത്തഴിഞ്ഞു, പട്ടേലിന്റെ നേതൃത്വം ദയനീയമെന്നു വിലയിരുത്തൽ (പിപിഎം)

ഇന്ത്യൻ വംശജൻ കാശ് പട്ടേലിന്റെ കീഴിൽ എഫ് ബി ഐ അമരക്കാരനില്ലാത്ത അവസ്ഥയിലാണെന്നു ഏജൻസി അംഗങ്ങളും റിട്ടയർ ചെയ്തവരും നിരീക്ഷകരും ഉൾപ്പെട്ട പഠനത്തിൽ അഭിപ്രായം.

പട്ടേലിനെ നീക്കം ചെയ്യാൻ പ്രസിഡന്റ് ട്രംപ് ആലോചിക്കുന്നു എന്ന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തു വന്നത്. റിപ്പോർട്ട് ഈയാഴ്ച്ച ഹൗസ്, സെനറ്റ് ജുഡീഷ്യറി കമ്മിറ്റികൾക്കു സമർപ്പിക്കും.

ഏജൻസിയുടെ തലപ്പത്തു ആറു മാസമെത്തിയ പട്ടേൽ ആ ചുമതല വഹിക്കാൻ തക്ക കഴിവ് കാട്ടിയിട്ടില്ലെന്നു പഠനത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ വിശ്വസ്ത ഡെപ്യൂട്ടി ഡാൻ ബെനിഞ്ഞോയെ റിപ്പോർട്ടിൽ 'കോമാളി' എന്നാണ് വിശേഷിപ്പിക്കുന്നത്.

എഫ് ബി ഐയെ കുറിച്ചുള്ള ഔദ്യോഗിക വിലയിരുത്തൽ പോലെയാണ് റിപ്പോർട്ട് എഴുതിയിട്ടുള്ളത്. 24 എഫ് ബി വൃത്തങ്ങളിൽ നിന്നു കിട്ടിയ വിവരങ്ങൾ വിശകലനം ചെയ്തിട്ടുണ്ട്.

'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് അനുസരിച്ചു 115 പേജുള്ള പഠനത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്: എഫ് ബി ഐ നാഥൻ ഇല്ലാത്ത വിധം കുത്തഴിഞ്ഞു കിടപ്പാണ്. പട്ടേലിന് ഒരു ഭരണപരിചയവുമില്ലെന്നു പല വൃത്തങ്ങളും പറയുന്നു. എഫ് ബി ഐ ഡയറക്‌ടർ ആകാനുള്ള വ്യക്തിത്വമോ പരിചയമോ ഇല്ല.

വലതുപക്ഷ യുവ നേതാവ് ചാർളി കിർക് വധിക്കപ്പെട്ടപ്പോൾ സോൾട് ലേക്ക് സിറ്റിയിൽ പട്ടേൽ നടത്തിയ പ്രസ്താവനകൾ കടുത്ത വിമർശനം നേരിടുന്നു. അന്വേഷണത്തെ വെള്ളത്തിലാക്കുന്ന മുൻ‌കൂർ നിഗമനങ്ങൾ അദ്ദേഹം വിളിച്ചു പറഞ്ഞു.

അറസ്റ്റ് ഉണ്ടായപ്പോൾ മറ്റു ഏജൻസികളുടെ നേട്ടം സ്വന്തമാക്കാൻ പട്ടേൽ ശ്രമിച്ചു. ഏജന്റിന്റെ നേരെ രോഷം പ്രകടിപ്പിച്ചെന്ന പരാതിയുമുണ്ട്.

അഹങ്കാരവും സോഷ്യൽ മീഡിയ വിധേയത്വവും പട്ടേലിന്റെയും ബെനിഞ്ഞോയുടെയും മുഖമുദ്രയാണെന്നു റിപ്പോർട്ടിൽ വിമർശിക്കുന്നു. "അവർ വാചകമടി നിർത്തണം, ഗമ നിർത്തണം. പ്രഫഷണലായിരുന്നാൽ മതി."

കിർക് വധിക്കപ്പെട്ട സെപ്റ്റംബർ 11നു എഫ് ബി ഐ ജെറ്റിൽ യൂട്ടയിലെ പ്രൊവോയിൽ എത്തിയ പട്ടേൽ  എഫ് ബി ഐ റെയ്‌ഡ്‌ ജാക്കറ്റ് ഇല്ലാതെ പുറത്തിറങ്ങില്ലെന്നു വാശി പിടിച്ചുവെന്നു പതിറ്റാണ്ടുകൾ ഏജൻസിയിൽ ജോലി ചെയ്ത ആദരണീയനായ ഒരാൾ പറയുന്നു. അന്വേഷണം ആരംഭിച്ചിരുന്ന എഫ് ബി ഐ ഏജന്റുമാർ ജാക്കറ്റിനു നെട്ടോട്ടമോടി.

അന്വേഷണം നന്നായി പോകുന്നില്ലെന്നു പട്ടേൽ സ്പെഷ്യൽ ഏജന്റ് ഇൻ-ചാർജ് റോബർട്ട് ബോൾസിനോട് ഗർജ്ജിച്ചു. അശ്ലീലം കലർന്ന ഭാഷയിലാണ് 'അബദ്ധങ്ങൾ' ചൂണ്ടിക്കാട്ടിയത്.

പട്ടേൽ തോക്കു ചോദിച്ചെന്ന കഥ എഫ് ബി ഐയിൽ പ്രചരിച്ചപ്പോൾ അദ്ദേഹം പലരെയും പോളിഗ്രാഫ് ടെസ്റ്റിനു വിധേയരാക്കി. അങ്ങേയറ്റം ആദരിക്കപ്പെട്ട ഒരാളെയാണ് കുറ്റക്കാരനായി കണ്ടെത്തിയത്‍.

ഇങ്ങിനെ ഒരാളെ മേധാവിയായി നിയമിച്ചതിനു എഫ് ബി ഐയിൽ എല്ലാവരും പ്രസിഡന്റിനെ കുറ്റപ്പെടുത്തുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

 

Report labels FBI ‘rudderless ship’ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക