
തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ‘അഖണ്ഡ 2: താണ്ഡവം’. ഇവരുടെ മുൻ ഹിറ്റ് ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ചയായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 2025 ഡിസംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ചിത്രത്തിൻ്റെ ട്രെയ്‌ലർ, ടീസർ, ‘ബ്ലാസ്റ്റിംഗ് റോർ’ വീഡിയോ എന്നിവ വൻ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാഗത്തേക്കാൾ വലിയ ആക്ഷനും ഡ്രാമയും ശക്തമായ വികാര നിമിഷങ്ങളും രണ്ടാം ഭാഗത്തിൽ ഒരുക്കിയിട്ടുണ്ട് എന്നാണ് സൂചന. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിൻ്റെ സെൻസറിംഗ് പൂർത്തിയാവുകയും യുഎ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
“അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നന്ദമൂരി ബാലകൃഷ്ണ എത്തുന്നത്. അദ്ദേഹത്തിൻ്റെ പഞ്ച് ഡയലോഗുകളും ഗംഭീര ആക്ഷൻ രംഗങ്ങളും ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങളാകുമെന്നാണ് സൂചന. ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസി ആയിട്ടാണ് ബാലകൃഷ്ണയുടെ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. മലയാളി താരം സംയുക്ത മേനോൻ നായികയാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ, ആദി പിന്നിസെട്ടിയാണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്.