Image

ചുമരു തേടുന്ന ചിത്രങ്ങൾ (ഭാഗം 7: സുമ ശ്രീകുമാര്‍)

Published on 01 December, 2025
ചുമരു തേടുന്ന ചിത്രങ്ങൾ (ഭാഗം 7: സുമ ശ്രീകുമാര്‍)

ഡയറികളും ഷർട്ടുമെല്ലാം യഥാസ്ഥാനം വെച്ച് പെട്ടിയടച്ച്  എഴുന്നേൽക്കുമ്പോഴും ഉത്തരമില്ലാത്ത  ചോദ്യങ്ങൾ രൂപപ്പെടുന്നു .

രാം മോഹന്റെ കുടുംബപാരമ്പര്യം പറഞ്ഞ് അച്ഛൻ എതിർത്തിരുന്നെങ്കിൽ എന്തു നിലപാടെടുത്തിട്ടുണ്ടാവും
എന്നവൾ ഒരുപാടു പ്രാവശ്യം സ്വയം ചോദിച്ചു...  

ഒരുപക്ഷേ, അവിവാഹിതയായിത്തുടർന്നേക്കാം. കാരണം അച്ഛനിഷ്ടമല്ലാത്തതൊന്നും ചെയ്യാറില്ലല്ലോ... അച്ഛനുമങ്ങനെതന്നെയായിരുന്നു ... ഒരിക്കൽപ്പോലുമൊരഭിപ്രായവ്യത്യാസം ഉണ്ടായതായി ഓർമ്മയില്ല.

പക്ഷേ, റാമിന്റെ  സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാൻപോലും സാധ്യമല്ല . അതറിയുന്നതുകൊണ്ടാവും അച്ഛനും നിശ്ശബ്ദത പാലിച്ചത്.

ചിന്തകളുടെ വേലിയേറ്റത്തിൽ മുങ്ങിത്തപ്പിയിരിക്കുമ്പോഴാണ് വണ്ടിയുടെ ശബ്ദം കേട്ടത്.

വണ്ടി നിറുത്തിയിട്ട് ഇറങ്ങിവരുന്ന രാoമോഹനെ നോക്കിക്കൊണ്ട് വാതിൽക്കൽത്തന്നെ നിന്നു.

പ്രത്യേകിച്ചൊരു വ്യത്യാസവുമില്ല. അതേപുഞ്ചിരി ...നോട്ടം...
ഇപ്പോൾ റാം അറിഞ്ഞും അറിയാതെയും നിരീക്ഷിക്കൽ പതിവാക്കിയിരിക്കുകയാണ്. എപ്പോഴാണ് അസാധാരണമാവുന്നത്? എങ്ങനെയാണ് മാറ്റം തുടങ്ങുന്നത് ?എത്രസമയം നീണ്ടുനിൽക്കുന്നു ?

ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ക്ലിപ്തത വരുത്താൻ സാധിച്ചാലോ എന്ന തോന്നലിൽനിന്നുരുത്തിരിഞ്ഞ നിരീക്ഷണം ...

" നമുക്ക് മഹാബലിപുരംവരെ പോയാലോ? കുറെക്കാലമായുള്ള തന്റെ ആഗ്രഹമല്ലേ ?"

ചായ കുടിക്കുന്നതിനിടയിൽ റാം ചോദിച്ചു. 
ഒരുനിമിഷം ഗായത്രിയുടെ മുഖം വികസിച്ചു.

പല്ലവരാജാക്കൻമാരുടെ കാലത്തെ കരിങ്കൽശില്പങ്ങളും മുഖമണ്ഡപവും വീഴാറായിനിൽക്കുന്ന ബട്ടർബാൾ !  പാണ്ഡവർക്കും പാഞ്ചാലിക്കുമായൊരുക്കിയ പഞ്ചരഥങ്ങളും  കടൽതീരത്തേക്കു മുഖംതിരിച്ചുനിൽക്കുന്ന അമ്പലവും എല്ലാമെല്ലാം  കേട്ടറിവുകൾമാത്രം.
ആ ശില്പഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന ദിവസം സ്വപ്നം കാണാൻ തുടങ്ങിയിട്ട് ഏറെക്കാലമായി.

പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ റാമിന്റെ കൂടെപ്പോവുന്ന കാര്യം ആലോചിക്കാൻതന്നെ പേടിയാണ്.
കടലിന്നടിത്തട്ടിലേക്കടുത്ത , പിടച്ചിലിന്റെയോർമ്മ മനസ്സിനെ പിടിച്ചുലയ്ക്കുന്നു.  ആർത്തലച്ച തിരമാലകൾക്കിടയിലെ ഉപ്പുരസം ശരീരത്തിൽ പടരുന്നതുപോലേ...

" എന്തേ പോണ്ടേ ?"

ചിന്താമഗ്നയായിരിക്കുന്ന ഗായത്രിയെ നോക്കിക്കൊണ്ട് റാം ചോദിച്ചു.

തെല്ലിട ആകാംക്ഷ നിറഞ്ഞ റാമിന്റെ കണ്ണകളിലേക്ക് നോക്കിയിരുന്നു...

"ഉം ...  അവൾ പതുക്കേ മൂളി....

വെറുതേ കുറെനേരം ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. 
സജീവമായ വഴിയോരക്കച്ചവടങ്ങൾ.
അഞ്ചുമണിയോടെയുണരുന്ന നഗരം. പഞ്ഞിമിട്ടായിക്കാരൻമുതൽ സ്റ്റാർഹോട്ടലുകൾവരെ ആകർഷണീയതയുടെ വലവിരിച്ചാളുകളെ കാത്തിരിക്കുന്നു.

ഒഴുകുന്ന നഗരത്തിരത്തിരക്കിലൂടെ നടക്കാൻ കഴിഞ്ഞെങ്കിൽ ... സന്ധ്യക്കുള്ളയീ ഒഴുക്കിലൂടെ നടന്ന് എത്രയോ  നാളുകളായി ... അതിനടിയിലലിഞ്ഞുചേരാൻ കൊതിയാവുന്നു. ഒന്നു പുറത്തിറങ്ങിയാലോ?
റാമിനോടു ചോദിച്ചുനോക്കാം.

പതിയേ എഴുന്നേറ്റുനോക്കിയപ്പോൾ അസ്വസ്ഥതയോടെ മുറിയിലുലാത്തുന്ന റാം മോഹനെയാണ് കണ്ടത്..
ഇടയ്ക്ക് കണ്ണുകളടച്ച് എന്തൊക്കെയോ പിറുപിറുക്കുന്നു... കുറച്ചുമുമ്പ് സംസാരിച്ചയാളേയല്ല ..

രാം മോഹന്റെ ശരീരത്തിൽ മറ്റാരോ സന്നിവേശിച്ചതുപോലെ ...

ഒരിക്കലും ഇത് ശരിയാവില്ലെന്ന് മനസ്സു പറയുന്നു . ഒരുപക്ഷേ കുറെ ദിവസങ്ങൾ കഴിയുമ്പോൾ  'സ്വാഭാവികതയിലേക്ക് തിരിച്ചുവരാതെ റാം ഇതേയവസ്ഥ തുടർന്നാലോ ?
ഹൃദയത്തിലൊരായിരം സൂചികൾ കുത്തിയിറങ്ങുന്നതുപോലെ !

കുറച്ചുകാലമിങ്ങനെ തുടർന്നാൽ താനുമതുപോലെയാവും. ആലോചിക്കുംതോറും അവസാനമില്ലാത്ത നിലയില്ലാക്കയത്തിലേക്കാഴ്ന്നിറങ്ങുന്നതുപോലെ ....

ഉരുണ്ടുകൂടിയകണ്ണുനീർ തുടച്ച് ഫോണെടുത്ത്  ഡോക്ടർക്കൊരു മേസ്സേജ് അയച്ച് മറുപടിക്കായി  കാത്തിരുന്നു.

Read More: https://www.emalayalee.com/writer/311

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക