
പാടെടാ എന്ന് കേൾക്കേണ്ട താമസം കുട്ടിക്കാലത്ത് സ്വിച്ചിട്ട പോലെ പാടിത്തുടങ്ങിയിരുന്ന ഒരു പാട്ടുണ്ട്: "താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ.."
ഒറ്റ ശ്വാസത്തിലാണ് പാടുക; പദ്യം ചൊല്ലും പോലെ. അർത്ഥമൊന്നും ഗ്രഹിക്കാനുള്ള പ്രായമായിട്ടില്ല. പാട്ടെഴുതിയത് വയലാർ ആണെന്നോ ഈണമിട്ടത് ദേവരാജൻ ആണെന്നോ അറിയില്ല. എന്നാൽ പാടിയത് എ എം രാജ എന്നൊരാൾ ആണെന്നറിയാം. റേഡിയോയിൽ കേട്ട് മനസ്സിൽ പതിഞ്ഞ പേരാണ്. മത്രമല്ല നേർത്ത വിഷാദ മാധുര്യം നിറഞ്ഞ ആ ശബ്ദത്തോട് അന്നേയുണ്ട് എന്തോ ഒരു സ്നേഹം.
പാട്ടുകാരനെ ബ്ലോട്ടിംഗ് പേപ്പർ പോലെ ഒപ്പിയെടുത്തു വേണം പാടാൻ, അങ്ങനെ പാടിയാലേ പാട്ട് പാട്ടാകൂ എന്നായിരുന്നു അന്നത്തെ ധാരണ. അതുകൊണ്ടുതന്നെ രാജയുടെ ആലാപനത്തിലെ ഉച്ചാരണപ്രശ്നങ്ങൾ മുഴുവൻ എന്റെ "പാട്ടുപറച്ചി"ലിലും ഉണ്ടാകും: "തനീച്ചിരുന്നുറങ്ങുന്ന ചെരുപ്പക്കാരി, പൂമുഖക്കിളിവാതിൽ അടയ്ക്കുകില്ലാ കാമിനി നിന്നെ ഞാൻ ഉരക്കുകില്ല" എന്നിങ്ങനെ. വയലാറിന്റെ രചനയിലെ ഏകാന്തരോമാഞ്ചം റോമാഞ്ചമാകും എന്റെ പാട്ടിൽ.
പാട്ട് യാദൃച്ഛികമായി കേൾക്കാനിടവന്ന ഭാഷാസ്നേഹി കൂടിയായ കുട്ടിമ്മാമ ആയിടക്കൊരിക്കൽ ചോദിച്ചു: "എടോ, നീയെന്തിനാ ഇങ്ങനെ മലയാളം അറിയാത്തവരെ പോലെ പാടണത് ? മര്യാദക്ക് പാടിക്കൂടേ ? കാമിനീനെ ആരെങ്കിലും ഉരയ്ക്കുമോ ?"
"അയാള് അങ്ങനെയാണല്ലോ പാടണത് ?" -- എന്റെ മറുചോദ്യം.
അടുത്ത് വിളിച്ചിരുത്തി കുട്ടിമ്മാമ പറഞ്ഞു: "അത് അയാൾക്ക് മലയാളം അറിയാത്തതുകൊണ്ടല്ലേ ? തെലുങ്കമ്മാര് മലയാളം പാടുമ്പോ അങ്ങനത്തെ കുഴപ്പങ്ങളൊക്കെ ഉണ്ടാകും. നമ്മൾ മലയാളികളല്ലേ ? നമ്മുടെ ഭാഷ തെറ്റിച്ചു പാടാൻ പാടുമോ ?"
ശരിയാണല്ലോ എന്ന് തോന്നി. പിന്നീടൊരിക്കലും ഉച്ചാരണം തെറ്റിച്ചിട്ടില്ല; മൂളിപ്പാട്ട് പാടുമ്പോൾ പോലും.