
''ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു...'' എന്ന് പറയുംപോലെയായി കാര്യങ്ങള്‍. ലൈംഗിക പീഡനക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതോടെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ക്കിടെ തിരുവനന്തപുരം സൈബര്‍ പൊലീസ് പൊക്കിയത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന പരാതിയിയിലാണ് രാഹുല്‍ ഈശര്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. രാഹുല്‍ ഈശ്വര്‍ ഉല്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കേസ്. സൈബര്‍ ആക്രമണം രൂക്ഷമായതോടെ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ക്കെതിരെ അതിജീവിത പോലീസില്‍ പരാതി നല്‍കിയിരുന്നു.
പത്തനംതിട്ട ജില്ല മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയായിട്ടുള്ള കേസില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ നാലാം പ്രതിയും, രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയും, ദീപാ ജോസഫ് രണ്ടും മൂന്നും പ്രതിയുമാണ്. ''യുവതിക്കെതിരെ സംസാരിച്ചതിന് എനിക്കെതിരെ പരാതി വരും. ഞാന്‍ അത് നേരിടും, ഞാന്‍ പറയുന്നത് സത്യമാണ്. അവള്‍ ഒരു വിവാഹിതയായ സ്ത്രീയാണ്. രാഹുലിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താന്‍ ചിലരുടെ കൈകളിലെ ഒരു ചട്ടുകമായി അവര്‍ പ്രവര്‍ത്തിക്കുന്നു...'' എന്നാണ് രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശം. യുവതിയുടെ വ്യക്തി വിവരങ്ങള്‍ പുറത്ത് പറയുകയും, 12 അധിക്ഷേപ വീഡിയോകള്‍ ചെയ്യുകയും, വ്യക്തിഹത്യ നടത്തിയെന്നുമാണ് രാഹുല്‍ ഈശ്വറിനെതിരായ ആരോപണം.
ബലാത്സംഗ കേസുകളിലെ ഇരകളുടെ പേരോ ഏതെങ്കിലും തരത്തിലുള്ള ഐഡന്റിറ്റിയോ പുറത്തുവിടുകയോ, പ്രചരിപ്പിക്കുയോ ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 228-എ പ്രകാരം 2 വര്‍ഷം തടവും, പിഴയും ശിക്ഷ ലഭിക്കുന്നതാണ്. ഇതു പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ വ്യക്തിയുടെ പേര്, വിലാസം അല്ലെങ്കില്‍ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഏതെങ്കിലും വിവരങ്ങള്‍ (ഐ.പി.സി 376, 376 എ, 376 എ-ബി, 376 ബി, 376 സി, 376 ഡി, 376 ഡി-എ, 376 ഡി-ബി 376 ഇ എന്നീ വകുപ്പുകള്‍ പ്രകാരമുള്ളവ ഉള്‍പ്പെടെ) പ്രസിദ്ധീകരിക്കുന്നതോ അച്ചടിക്കുന്നതോ നിയമ വിരുദ്ധമാണ്. ബലാത്സംഗ ഇരകള്‍ക്ക് ആത്മാഭിമാനത്തിനും, സ്വകാര്യതയ്ക്കുമുള്ള അവകാശമുണ്ടെന്നും, അതിനാല്‍ തന്നെ അവരുടെ ഐഡന്റിറ്റി ഒരു സാഹചര്യത്തിലും വെളിപ്പെടുത്തരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മനസില്ലാമനസോടെ ഗര്‍ഭഛിദ്രത്തിന് വഴങ്ങേണ്ടി വന്ന യുവതിയുടെ വിവാഹ ബന്ധത്തെക്കുറിച്ച് ചോദ്യവുമായെത്തിയ രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഈ യുവതിയുടെ വിവാഹത്തില്‍ പങ്കെടുത്ത സന്ദീപ് വാര്യര്‍ മറുപടി നല്‍കണെമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. അധികം വൈകാതെ വിവാഹത്തില്‍ പങ്കെടുത്ത വിവരവും, യുവതിയുടെ കുടുംബവുമായുള്ള പരിചയവും മറ്റും പരാമര്‍ശിച്ച് സന്ദീപ് വാര്യരും പോസ്റ്റുമായെത്തി. തുടര്‍ന്ന് സന്ദീപിന്റെ പോസ്റ്റിലെ ചിത്രം വൈറലായി. എന്നാല്‍ പരാതിക്കാരിയുടെ വിവാഹ ഫോട്ടോ ഡിലീറ്റ് ചെയ്തുവെന്നും അത് ധാര്‍മികതയുടെ പേരിലാണെന്നുമാണ് സന്ദീപ് വാര്യര്‍ പറയുന്നത്.
''പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു പരാമര്‍ശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അങ്ങനെ ചെയ്യാന്‍ മാത്രം വിവേകശൂന്യനല്ല ഞാന്‍. മാത്രമല്ല വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്തതിനുശേഷമാണ് അത് സംബന്ധിച്ച് പോസ്റ്റ് ഇട്ടത്. അതിന്റെ ടൈമിംഗ് ഒക്കെ സാങ്കേതിക വിദഗ്ധര്‍ക്ക് പരിശോധിക്കാവുന്നതേയുള്ളൂ. മാത്രമല്ല അക്കാലയളവില്‍ ഞാന്‍ പങ്കെടുത്ത മറ്റൊരാളുടെ വിവാഹ ഫോട്ടോയും ദുരുപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആ ഫോട്ടോയും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ധാര്‍മ്മികതയുടെ പേരിലാണ് അത് ചെയ്തത്. സത്യം വിജയിക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ...'' സന്ദീപ് വാര്യര്‍ പറയുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ എത്തിയ പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു. ഡി.വി.ആറിന് ബാക്കപ്പ് കുറവായതിനാല്‍ അതിജീവിത ഫ്‌ളാറ്റിലെത്തിയ ദിവസത്തെ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നാണ് വിവരം. യുവതിയെ തിരുവനന്തപുരത്തു വച്ചും പാലക്കാട്ടെ ഫ്‌ളാറ്റില്‍ വച്ചും ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പരാതി. വിവാഹിതയായിരിക്കെയാണ് ഇവര്‍ മാങ്കൂട്ടത്തിലുമായി അടുപ്പത്തിലായത് എന്ന വാദത്തിന് മറുവാദം ഉയര്‍ന്നിരുന്നു. ഒരു മാസം മാത്രം നീണ്ടുനിന്ന വിവാഹ ബന്ധത്തില്‍ കേവലം നാല് ദിവസങ്ങള്‍ മാത്രമാണ് അവര്‍ ഭര്‍ത്താവുമൊന്നിച്ചു താമസിച്ചതെന്നും യുവതി വ്യക്തമാക്കി. ഇവര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍ക്കുയായിരുന്നു.
ബലാത്സംഗം, ക്രിമിനല്‍ ഭീഷണി, നിര്‍ബന്ധിത ഗര്‍ഭഛിദ്രം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. എഫ്.ഐ.ആറില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുന്നു. എഫ്.ഐ.ആര്‍ പ്രകാരം, കഴിഞ്ഞ മാര്‍ച്ച് 4-ന് തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തുള്ള ഫ്‌ളാറ്റില്‍ വെച്ച് യുവതിയെ രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചു. രാഹുല്‍ തന്നെ പീഡിപ്പിച്ചുവെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22-ന് തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍ വെച്ച് രാഹുല്‍ വീണ്ടും ബലാത്സംഗം ചെയ്‌തെന്നും പിന്നീട് മെയ് മാസത്തില്‍ പാലക്കാട്ടെ എം.എല്‍.എയുടെ ഫ്‌ലാറ്റില്‍ വെച്ച് രണ്ട് ദിവസം ബലാത്സംഗം ചെയ്തതായുമാണ് യുവതിയുടെ മൊഴി.
ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ കൊടുത്ത ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ പരാതിക്കാരി സമീപിച്ച ഡോക്ടറുടെ മൊഴി നിര്‍ണായകമാവുകയാണ്. ഇത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുരുക്ക് മുറുക്കുന്നതാണ്. തന്റെ അടുത്തെത്തുമ്പോള്‍ യുവതി അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും മരണം വരെ സംഭവിക്കാമായിരുന്ന ശാരീരികാവസ്ഥയിലായിരുന്നുവെന്നുമാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്. ഇതിനിടെ, വിവാദ ശബ്ദരേഖ തന്റേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചിട്ടുണ്ടെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ആരോപണങ്ങളില്‍ പലതും ശരിവെച്ചു. ശബ്ദം തന്റേതല്ലെന്ന് രാഹുല്‍ ഇതുവരെ നിഷേധിച്ചിരുന്നില്ല.
രാഹുല്‍ മാങ്കൂട്ടത്തിലുമായി യുവതി ബന്ധം സ്ഥാപിച്ചത് വിവാഹിതയായിരിക്കുമ്പോഴാണെന്ന വാദം പൊളിയുന്നു. വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണത്രേ. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം. 2024 ഓഗസ്റ്റ് 22-ന് വിവാഹം നടന്നുവെങ്കിലും, ഒരുമിച്ച് ജീവിച്ചത് നാലു ദിവസം മാത്രം. ഒരു മാസത്തിനുള്ളില്‍ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് ഇതുംകഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമെന്നും യുവതി. ഭര്‍ത്താവുണ്ടായിരിക്കെ രാഹുലുമായി ബന്ധമെന്നായിരുന്നു ആരോപണം. വിവാഹബന്ധം മറച്ചുവെച്ചാണ് അടുത്തതെന്ന രാഹുല്‍ അനുകൂലികളുടെ വാദം ഇതോടെ ദുര്‍ബലമായി.