Image

ഭാസുരച്ചിറ്റ ( കഥ : രമണി അമ്മാൾ )

Published on 30 November, 2025
ഭാസുരച്ചിറ്റ ( കഥ : രമണി അമ്മാൾ )

വല്യമ്മേടെ മോളു ഭാസുരച്ചിറ്റ, ആറ് ആങ്ങളമാർക്ക് ഒരേയൊരു കുഞ്ഞുപെങ്ങളാണ്.
കുഞ്ഞുപെങ്ങളെ കല്യാണംകഴിപ്പിച്ചു വിട്ടു,  ആങ്ങമൂഴിയിലുളള ഒരു ബിസിനസ്സ് ഫാമിലിയിലേക്ക്.
അവിടെയാണെങ്കിൽ അച്ഛനും അമ്മയും രണ്ട് പുത്രന്മാരും മാത്രം.  മൂത്തയാൾ
ദിനേശനാണ് ചിറ്റയുടെ ഭർത്താവ്..
സ്വന്തം വീടും, കുടുംബക്കാരുമൊക്കെ ആങ്ങമൂഴിയിലാണെങ്കിലും, കോഴിക്കോട്, കല്ലായി ആണ്
ദിനേശന്റെ ബിസിനസ്സു സാമ്രാജ്യം...
കല്യാണം കഴിഞ്ഞ ആദ്യ ആഴ്ചതന്നെ പെണ്ണിനേയുംകൊണ്ട് ദിനേശൻ കല്ലായിലേക്കു കടന്നു..!

കുന്ദമംഗലത്ത്  ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്യുമ്പോഴാണ് 
അച്ഛൻ അമ്മയെ കല്യാണം കഴിക്കുന്നത്. 
തനിക്കു താഴെയുളള രണ്ടു  സഹോദരിമാരെ വിവാഹം കഴിപ്പിച്ചു വിട്ടു, 
അനിയനെ പഠിപ്പിച്ച്, പ്രൈവറ്റു ബാങ്കിൽ ഒരു ജോലിയും  തരപ്പെടുത്തി കൊടുത്തതിനു  ശേഷം മാത്രമാണ് അച്ഛനൊരു കുടുംബജീവിതത്തെപ്പറ്റി ചിന്തിച്ചത്... അതുകൊണ്ടെന്താ...കൂടെ പഠിച്ചവർക്കും, കൂട്ടുകാരിൽ
പലർക്കും കൊച്ചുമക്കൾ വരെയായി..!
അച്ഛന്റെ പെൺമക്കൾ, പത്തിലും, നാലിലും പഠിക്കുന്നതേയുളളൂ..

"എന്നെ അവനല്ലേ ഇനി സംരക്ഷിക്കേണ്ടവൻ, 
ഈ നാടും വീടും വിട്ട്, അത്രേം ദൂരെ, നിന്റൊപ്പംവന്നു താമസിച്ച് നിന്നെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കാനൊന്നും എനിക്കുവയ്യ.   എനിക്കിവിടെക്കിടന്നു ചത്താമതി.. നിന്റനിയനിരുന്നോട്ടെ ഈ വീടും, ചുറ്റുമുളള ഇത്തിരി പറമ്പും..
അവനെന്നെ സംരക്ഷിച്ചോളും.."
അച്ഛമ്മ  പറഞ്ഞുപോലും..
തർക്കിക്കാനോ, കണക്കു പറയാനോ ഒന്നും അച്ഛൻ നിന്നില്ല..
ഉടുവസ്ത്രങ്ങൾ മാത്രമെടുത്തുകൊണ്ട് അമ്മയേംകൂട്ടി അന്ന്
കുന്ദമംഗലത്തേക്കു പോന്നതാണച്ഛൻ..
പിന്നീട്, അച്ഛമ്മ മരിച്ച വിവരം അറിയിച്ചപ്പോൾ മാത്രമാണ് നാട്ടിലൊന്നുപോയത്.

കല്ലായിയും, കുന്ദമംഗലവും, 
തമ്മിൽ ഒരുപാടു ദൂരമൊന്നുമില്ല, 
അങ്ങോട്ടുമിങ്ങോട്ടും വിളിക്കാനും, തോന്നുമ്പോഴൊക്കെ 
കയറിച്ചെല്ലാനും, ഒരിടമായിരുന്നു ഞങ്ങൾക്കു ഭാസുരച്ചിറ്റയുടെ വീട്.

ചിറ്റ, അടുപ്പിച്ചടുപ്പിച്ചു  മൂന്നു പ്രസവിച്ചതും  പുരുഷപ്രജകൾ..!
"മൂന്നായില്ലേ..ഇനിയങ്ങു നിർത്താം." 
ചിറ്റപ്പൻ പറഞ്ഞത്രേ..!
"വേണ്ട..എനിക്കൊരു പെൺകുഞ്ഞുകൂടി വേണം." 
നേർച്ചകൾനേർന്നും,  ക്ഷേത്രദർശനങ്ങൾ
നടത്തിയും  പെൺകുഞ്ഞു പിറക്കാൻ
കാത്തിരുന്നു കിട്ടിയതും പുരുഷൻ.. !

കുരുത്തക്കേടുകളുടെ കൂമ്പാരങ്ങളായ, 
നാലു കുസൃതിക്കുരുന്നുകൾ..
കരച്ചിലും പിഴിച്ചിലും, തമ്മിലടിയും, ബഹളവും...പൊടിപൂരം..!
വീടാകെ എപ്പൊഴും അലങ്കോലപ്പെട്ടുകിടക്കും..
നാലെണ്ണത്തിനെ മേയ്ക്കുന്ന കാര്യത്തിൽ ചിറ്റ വശംകെട്ടെന്നു വേണം പറയാൻ.  
ചിറ്റപ്പന്  ബിസിനസ്സല്ലാതെ മറ്റൊന്നിലും ഒരു ശ്രദ്ധിയുമില്ലതാനും.

എന്റെ അച്ഛന് പെട്ടെന്നൊരു സ്ഥലംമാറ്റം, കമ്പനിയുടെ പുതിയ ബ്രാഞ്ചിന്റെ ചുമതല, സീനിയർ എന്ന നിലയ്ക്ക്.. പൊറ്റമ്മൽ എന്ന സ്ഥലത്തേക്കാണ്..
സ്കൂൾവർഷം പകുതിയായിട്ടേയുളളൂ..  
"മൂത്തോൾടെ പത്താംക്ളാസു പഠിത്തം, ഇടയ്ക്കുവച്ചു സ്കൂളുമാറ്റിയാൽ
ശരിയാവില്ല.
അതുമാത്രമല്ല, ഇത്രയും സൗകര്യമുളള വീട്, അതും കുറഞ്ഞ വാടകയ്ക്ക്..
എവിടെക്കിട്ടും..?" 
സ്വന്തമായി ഒരു വീട് അച്ഛന്റെ സ്വപ്നമായി അവശേഷിക്കുകയാണു കേട്ടോ..!
"വീടും സ്കൂളുമൊന്നും മാറേണ്ടാ... 
അത്ര ദൂരമൊന്നുമില്ല, ആടേയ്ക്കിഷ്ടംപോലെ, ഏതുനേരോം ബസ്സുണ്ട്. പോയിവരാം.." 
പുതിയ ജോലിസ്ഥലത്തൂന്ന്  നാലോ അഞ്ചോ കലോമീറ്റർ ദൂരമേ വരൂ ചിറ്റയും കുടുംബവും താമസിക്കുന്നിടത്തേക്ക്..

രാവിലെ ഏഴരയ്ക്കേ അച്ഛൻ വീട്ടിൽനിന്നിറങ്ങും,  സമയത്തിന് കമ്പനിയിലെത്താൻ..
തിരികെയെത്തുമ്പോൾ മിക്കപ്പൊഴും സന്ധ്യമയങ്ങാറുണ്ട്.
അന്ന്, അച്ഛൻ കൊണ്ടുവന്നത് ഒരു വലിയ വാർത്തയായിരുന്നു.
"ഭാസുര അഞ്ചാമതും ഗർഭിണിയാണ്..!"
"ഇവൾക്കിത് നിർത്താറായില്ലേ..
ആ മൂത്ത ചെക്കൻ പെണ്ണുകെട്ടാറായിട്ടൊണ്ട്.."
അമ്മ..
"അവളു പെറുന്നതിന് നിനക്കെന്താ കൊഴപ്പം..?" 
അച്ഛൻ..
"എന്നാലും..ആളുകളെന്തു പറയും.."
"പിന്നേ..ആളുകളല്ലേ അവർക്കു ചെലവിനുകൊടുക്കുന്നത്.."
"ഇതു പെണ്ണായിരിക്കും..
ആമ്പിള്ളേരു വയറ്റിൽ കിടന്നതുപോലൊന്നുമല്ല..ചേച്ചീ." 
ചിറ്റ നൂറു ശതമാനം ഉറപ്പിച്ചു..
ചിറ്റയ്ക്ക് അച്ചപ്പോം, കൊഴലപ്പോം, മുറുക്കുമൊക്കെ ഉണ്ടാക്കിക്കൊണ്ട് ഞങ്ങളെല്ലാംകൂടി ശനിയാഴ്ച കല്ലായിക്കു പോയി..

ദിവസങ്ങൾ ഓടിമറയുന്നത്, കാറ്റുവീശുന്നതുപോലെ എത്ര വേഗത്തിലാണ്..
ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേ നേരം വെളുക്കുന്നു.. 
ഇരുട്ടുന്നു..! പിന്നേം വെളുക്കുന്നു.

ഭാസുരച്ചിറ്റ പ്രസവിച്ചെന്നും, പെണ്ണാണെന്നുളള വാർത്തയും 
അച്ഛനാണു കൊണ്ടുവന്നത്.. 
"അടുത്തല്ലേ, നിങ്ങൾക്കൊന്നു കേറി കണ്ടേച്ചും വന്നൂടായിരുന്നോ.."
"എല്ലാരുംകൂടി ഒരുമിച്ചുപോയി കുഞ്ഞിനെ കാണുന്നതല്ലേ നല്ലത്.."
കുഞ്ഞുടുപ്പും, സോപ്പും പൗഡറുമൊക്കെയായീ, തൊട്ടടുത്ത സ്കൂളില്ലാത്ത ദിവസം ഞങ്ങളു പോയി.
ചിറ്റയോടു പറ്റുച്ചേർന്നുറങ്ങുന്ന ചോരക്കുഞ്ഞ്...!
"ഇതെന്താ പൂച്ചക്കുഞ്ഞാണോ..ഇത്തിരിയേ ഉളളല്ലോ.!."  അച്ഛൻ.
സിന്ധുവിനെ അമ്മ പ്രസവിച്ചുകിടക്കുമ്പൊൾ, കുഞ്ഞിനെ തലോടിക്കൊണ്ട് അച്ഛൻ ചോദിച്ചതും ഇതേ ചോദ്യമായിരുന്നു....! 
ഞാനന്നൊരു പത്തു വയസ്സുകാരിയായിരുന്നേ..
നല്ലപോലെ ഓർക്കുന്നു..

അമ്മ കയ്യിലേക്കു വാങ്ങിയ ചിറ്റേടെ കുഞ്ഞ്, സിന്ധുവിന്റെ കുഞ്ഞുന്നാളിലെപ്പോലെതന്നെ.! ചെവിപ്പുറകിലെ ആ മറുകുപോലുമുണ്ട്. 
സിന്ധു  അച്ഛനെപ്പോലെയും, ഞാൻ അമ്മയെപ്പോലെയുമാണെന്നാണ്.
അന്നു തിരിച്ചു വീട്ടിലെത്തുന്നതുവരെ അമ്മ മൗനിയായിരുന്നു.  
കുറെയേറെ ചോദ്യങ്ങൾ മനസ്സിൽ ഉരുണ്ടുകൂടുന്നുണ്ടായിരുന്നെയങ്കിലും,
ഈയൊരൊറ്റച്ചോദ്യം മാത്രമേ അമ്മ അച്ഛനോടു ചോദിച്ചുളളൂ.
" അവള്ടെ കൊച്ചിന് നിങ്ങടെ മുഖഛായയും മറുകും 
എങ്ങനെ വന്നു?"  

"നീ വെറുതേ അതുമിതും പറഞ്ഞുണ്ടാക്കാതെ.  ഭാസുര എനിക്കെന്റെ  പെങ്ങളെപ്പോലെയാ."
അന്നത്തെയാ ചോദ്യം  പിന്നീടൊരിക്കൽപോലും അമ്മ  ആവർത്തിച്ചിട്ടുണ്ടാവില്ലേ..?
ഞാൻ കേട്ടിട്ടില്ല..!  

ചിറ്റയും കുടുംബവും എന്തോ കാരണത്താൽ ബിസിനസ്സു മതിയാക്കി ആങ്ങമൂഴിയിലേക്കു തിരിച്ചുപോയി.
ഞങ്ങളിപ്പൊഴും കുന്ദമംഗലത്തുതന്നെയാണ്.
അച്ഛനു പെൻഷനായപ്പോൾ കിട്ടിയ കാശും, സ്വരൂപിച്ചുവച്ചിരുന്ന ചെറിയ സമ്പാദ്യവുമൊക്കെച്ചേർത്ത്
ഒരു കിടപ്പാടം ഇതിനകം സ്വന്തമാക്കിയിരുന്നു.
ഞങ്ങളൊക്കെ വളർന്നു വലുതായി.
എന്നാലും ചില സംശയങ്ങൾ എന്റെ മനസ്സിൽ ഇപ്പോഴുമില്ലാതില്ല..! ആൺകുഞ്ഞുങ്ങളെ മാത്രം പ്രസവിച്ചുകൊണ്ടിരുന്ന ഭാസുരച്ചിറ്റയ്ക്ക് അച്ഛന്റെ മുഖച്ഛായയുളള ഒരു പെൺകുഞ്ഞുണ്ടായത്
രക്തബന്ധങ്ങളുടെ പ്രതിഭാസമോ..?
ജനിതകത്തിന്റെ കുസൃതിയോ?.. വിധിയുടെ പരിഹാസമോ..?

ജീവിതത്തിൽ, ചില ചോദ്യങ്ങൾക്ക് 
ശരിയായുളള ഉത്തരമുണ്ടാവില്ലായിരിക്കും..! അല്ലേ..?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക