
ആശാനുറങ്ങും കളരിയിൽ
അക്ഷരക്കൂട്ടങ്ങൾതൻ
കുരുക്കഴിക്കാനറിയാതെൻ
ചൂണ്ടുവിരൽ പൂഴിമണ്ണിലിഴയുന്നു..
ആശാനുറങ്ങും കളരിയിൽ
ഓരത്തു കുഴികുത്തിപ്പാർക്കും
കുഴിയാനക്കുഴിയിൽ വീണൊരുറുമ്പിനെ
നോക്കി നെടുവീർപ്പിട്ടു ഞാനിരിക്കുന്നു..
ഉണരാത്ത നിദ്രയിലാണാശാനെന്നറിയാതെ
തെക്കേപ്പറമ്പിൽ, ആശാൻ നട്ട മാവിൻ വിറകിൻ ചിതയിലാണന്ത്യമെന്നറിയാതെ
തലകുമ്പിട്ടു മൂകനായിരിക്കുന്നു ഞാനങ്ങനെ
കാലമാം കോടാലി, കായ്‌ക്കാത്ത
മാവിൻ കടയ്‌ക്കലാഞ്ഞു പതിക്കുമ്പോഴും,
ചിതയിൽ, ആശാൻ വെറുമൊരോർമ്മയായ്
തീരുമെന്നറിയാതെ
എഴുതിയതൊക്കെയും
തോന്ന്യാക്ഷരങ്ങളായിരുന്നെന്നറിയാതെ
മൂകനായ് ശില പോലിരിപ്പൂ ഞാനങ്ങനെ..
**"തോന്ന്യാക്ഷരങ്ങൾ" ഒ എൻ വിയുടെ ഒരു കവിതാ സമാഹാരം.