
ഇതുവഴി പോയവരാരേ
തിരിച്ചുവന്നിട്ടുള്ളു?
സ്വർഗ്ഗനരകങ്ങളിലെങ്ങോ
നിത്യമായ് പെട്ടിരിക്കാം;
മറുജീവജാലങ്ങളായി *1
ഇങ്ങുതാനുണ്ടാവില്ലേ?
ദേഹം വെടിഞ്ഞാലും ദേഹി
മായുന്നില്ലെന്നു മതങ്ങൾ...
ചെടിയായി, പുൽക്കൊടിയായ്
ഇങ്ങുതാൻ പരിണമിക്കാം; *2
തമ്പകമരമായുയർന്ന്
നൂറ്റാണ്ടു രാജിക്കയാം;
ഗാന്ധിപോൽ യുഗപുരുഷനായ്
കലികാലബലിയായിടാം;
പറവയായ് പാറുകയാവും,
പുഴുവായിഴയുകയോ;
ജലജീവിയായി പുളച്ച്
നീന്തിനടക്കുകയോ...
മാലാഖമാരെക്കാളൽപം
താഴ്‌ന്നാണു മർത്ത്യരെന്നോ? *3
അവരെക്കാളൽപമുയരെ
ആണെന്നുമുണ്ടു കേൾപ്പൂ. *4
എത്രവിചിത്ര വിശ്വാസങ്ങൾ!
ഏതിൽ ഞാൻ വിശ്വസിക്കാൻ?
എനിക്കുള്ള സർവ്വവും ഞാൻ
ഏതു കളത്തിൽ വയ്ക്കും? *5
നമുക്കിങ്ങനെ എത്രയോ ഭൂമിമാതൃസ്തവങ്ങളുണ്ട് (കവിതകളും ഗാനങ്ങളും) എന്നറിഞ്ഞുതന്നെ വായിച്ചാലും.
*1. പിതാഗറസിന്റെ പുനർജ്ജനിസിദ്ധാന്തം (Transmigration of souls--Pythagoras bce 570-490)
*2. പൂന്താനം: ഭൂമിയിൽ പിറക്കുന്ന മനുഷ്യരോട് ദേവകൾക്കുപോലും അസൂയയുണ്ടെന്നും, ഭൂമിയിൽ ഒരു പുല്ലായിട്ടെങ്കിലും ജനിക്കാൻ തങ്ങൾക്കു ഭാഗ്യമില്ലെന്നും അവർ വിപിക്കുന്നെന്നും. (അതും ഭാരതഖണ്ഡത്തിൽ എന്നത്രവരെ ഞാ ൻ സ്വീകരിക്കുന്നില്ലെങ്കിലും).
*3. ബൈബിൾ: സങ്കീർത്തനം 8:5, പൗലോസ്‌ശ്ലീഹ എബ്രായർക്കെഴുതിയ ലേഖനം 2:7
*4. ക്വിൻയാൻ ബുദ്ധമതം
*5. പാസ്ക്കലിന്റെ പന്തയം (wager) Blaise Pascal 1623-1662