
കൊച്ചി: ഷെയ്ൻ നിഗം നായകനായ 'ഹാൽ' എന്ന സിനിമക്ക് വീണ്ടും നിയമക്കുരുക്ക്. സിനിമ ഡിവിഷൻ ബെഞ്ച് കാണും. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്ക് ജഡ്ജിമാർ സിനിമ കാണും. കത്തോലിക്കാ കോണ്‍ഗ്രസിന്റെ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. ഹർജിക്കാരുടെ ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിനിമ നേരത്തെ സിംഗിൾ ബഞ്ച് കണ്ടിരുന്നു. സെൻസർ സർട്ടിഫിക്കറ്റിന് ഏതാനും സീനുകളും സംഭാഷണങ്ങളും നീക്കാൻ അണിയറ പ്രവർത്തകർക്ക് കോടതി നിർദേശം നൽകിയിരുന്നു. കത്തോലിക്ക കോൺഗ്രസിൻ്റെ ഹർജിയിലെ ആവശ്യങ്ങൾ സിംഗിൾ ബെഞ്ച് പരിഗണിച്ചില്ലെന്നാണ് അപ്പീലിലെ ആരോപണം.
സിനിമയിലെ രണ്ടു സീനുകള്‍ ഒഴിവാക്കാനും ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാനുമായിരുന്നു ഹൈക്കോടതി നേരത്തെ നിര്‍ദേശം നൽകിയത്. ധ്വജ പ്രണാമത്തിലെ 'ധ്വജം' എന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു. ബീഫ് ബിരിയാണി കഴിക്കുന്ന സീൻ ഒഴിവാക്കാനും നിർദേശം നൽകിയിരുന്നു.