
ഓർത്താൽ വിസ്മയം: യേശുദാസിന്റെ ഗന്ധർവ ശബ്ദത്തിൽ "ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം'' മലയാളികളുടെ കാതിലേക്കൊഴുകിത്തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. 1982 ൽ ഗൃഹലക്ഷ്മിയുടെ ബാനറിൽ ബാലചന്ദ്ര മേനോൻ്റെ സംവിധാനത്തിൽ പുറത്തുവന്ന "ചിരിയോ ചിരി'' യിലായിരുന്നു ബിച്ചു തിരുമല -- രവീന്ദ്രൻ ടീമിന്റെ ഈ നിത്യസുന്ദര ഗാനം.
"നല്ലൊരു പാട്ട് കയ്യില്‍ കിട്ടിയാല്‍ മറ്റെല്ലാം മറന്നുപോകും ദാസേട്ടനും രവിയേട്ടനും. രാവും പകലും മാറിമറിയുന്നതൊന്നും പിന്നെ അവര്‍ക്ക് വിഷയമല്ല.''-- ഏഴു സ്വരങ്ങളും ഉൾപ്പെടെ യേശുദാസിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങൾ പലതും റെക്കോർഡ് ചെയ്തിട്ടുള്ള ശബ്ദലേഖകൻ അമീറിന്റെ വാക്കുകൾ. രവീന്ദ്രന്റെ ആദ്യ ചിത്രമായ "ചൂള'' (1979) മുതൽ ഒപ്പമുണ്ടായിരുന്നു അമീർ. "ചിരിയോ ചിരി''യിലെ ഏഴു സ്വരങ്ങളും എന്ന പാട്ട് ആദ്യമായി സ്പീക്കറുകളിലൂടെ ഒഴുകിവന്നപ്പോൾ അനുഭവിച്ച കോരിത്തരിപ്പ് എന്നും മനസ്സിൽ സൂക്ഷിച്ചു അദ്ദേഹം.
"മൈക്കിലൂടെ ദാസ് സാറിന്റെ ശബ്ദം കേൾക്കുമ്പോഴത്തെ അനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ. ഏഴു സ്വരങ്ങളും ഒക്കെ അദ്ദേഹം പാടുമ്പോൾ സ്റ്റുഡിയോ പ്രകമ്പനം കൊള്ളും. ആ ഗാനത്തോടെയാണ് അദ്ദേഹത്തിന്റെ ശബ്ദ ഗാംഭീര്യം സംഗീത സംവിധായകർ കൂടുതലായി പ്രയോജനപ്പെടുത്തി തുടങ്ങിയത് എന്ന് തോന്നിയിട്ടുണ്ട്. 1960 കളിലെയും 70 കളിലെയും 80 കളിലെയും 90 കളിലെയും യേശുദാസിന്റെ ശബ്ദലേഖനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞു എന്നതാണ് ജീവിതം എനിക്ക് നല്കിയ സൗഭാഗ്യങ്ങളിൽ ഒന്ന്. ഗായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് ഞാനും ഒരു സാക്ഷി എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. സാങ്കേതികതവിദ്യയിൽ വന്ന എല്ലാ മാറ്റങ്ങളോടും ഇത്ര അനായാസം പൊരുത്തപ്പെട്ടു പോയ മറ്റൊരു ഗായകനില്ല.'' -- അമീറിന്റെ വാക്കുകൾ.
നിർഭാഗ്യം കൊണ്ട് സിനിമയിൽ ഇടം നേടാതെ പോയ മറ്റൊരു മനോഹര ഗാനത്തിന്റെ തുടർച്ചയായാണ് ഏഴു സ്വരങ്ങളും പിറന്നതെന്ന് പറയും "ചിരിയോ ചിരി''യുടെ സംവിധായകൻ ബാലചന്ദ്രമേനോൻ. കൗതുകമുള്ള കഥയാണത്. "ഞാനും മണിയൻപിള്ള രാജുവും അവതരിപ്പിച്ച കഥാപാത്രങ്ങൾ അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ അസംതൃപ്തരായി ജീവിതത്തെ തന്നെ വെറുത്ത് ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ തീരുമാനിക്കുന്നു. പക്ഷേ മരിക്കാൻ വേണ്ടി വിഷം കഴിച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾക്കൊരു ചെറിയ മനം മാറ്റം. ജീവിച്ചു മതിയായില്ല എന്ന തോന്നൽ. ആ സന്ദിഗ്ധ ഘട്ടത്തിൽ ഞങ്ങളുടെ നിസ്സഹായതയും മരണ ഭയവുമൊക്കെ ഉൾച്ചേർന്ന വികാരഭരിതമായ ഒരു പാട്ട് വേണം." സന്ദർഭത്തിന്റെ തീവ്രത ഉൾക്കൊണ്ട് ബിച്ചു തിരുമല എഴുതിയതാണ് "ഇതുവരെ ഈ കൊച്ചു കളിവീണയിൽ ശ്രുതിയലിഞ്ഞൊഴുകിയൊരീണങ്ങളേ" എന്ന പാട്ട്.
രവീന്ദ്രൻ ആ പാട്ട് ശിവരഞ്ജിനി രാഗത്തിന്റെ വിഷാദഭാവം നൽകി ചിട്ടപ്പെടുത്തി പാടിയപ്പോൾ അന്തരീക്ഷത്തിൽ ആകെ ഒരു മരണഗന്ധം. ആത്മവിസ്മൃതിയുടെ തലത്തിലേക്ക് ഉയർന്നുകൊണ്ടാണ് അദ്ദേഹം പാടുക. വരികളിലും ഈണത്തിലുമൊക്കെ അനിവാര്യമായ ഏതോ ദുരന്തത്തിന്റെ കാലൊച്ച. ആരുടേയും മുഖത്ത് രക്തപ്രസാദമില്ല. ആ നിശ്ശബ്ദതയിലേക്ക് രവിയേട്ടന്റെ ഒരു ഡയലോഗ് കൂടി വന്നതോടെ അസ്വസ്ഥത ഇരട്ടിയായി. "നമ്മളെല്ലാവരും ഒരിക്കൽ മരിക്കേണ്ടതല്ലേ? നിങ്ങൾക്ക് മുൻപ് ഞാൻ മരിക്കുകയാണെങ്കിൽ എനിക്കുള്ള യാത്രാമൊഴിയായി നിങ്ങൾ ഈ പാട്ട് പാടണം'' എന്നാണ് അദ്ദേഹം പറഞ്ഞത്.
തമാശയായി പറഞ്ഞതാകാം, പക്ഷേ എല്ലാവരുടെയും മനസ്സിനെ വല്ലാതെ നോവിച്ചു ആ വാക്കുകൾ. ചിരിയോ ചിരി എന്ന് പേരുള്ള സിനിമയിൽ കരയിപ്പിക്കുന്ന ഒരു പാട്ട് വേണോ എന്ന് ഗൗരവപൂർവം ചിന്തിച്ചു തുടങ്ങിയത് അതിനു ശേഷമാണ്. എന്തായാലും പാട്ട് റെക്കോർഡ് ചെയ്യാം, സിനിമയിൽ ഉപയോഗിക്കേണ്ട എന്ന് തീരുമാനിക്കുന്നു സംവിധായകൻ.
പകരം കുറച്ചു കൂടി പ്രസാദാത്മകമായ മറ്റൊരു ഈണം സൃഷ്ടിക്കുന്നു രവീന്ദ്രൻ മാസ്റ്റർ. അതും ശിവരഞ്ജിനി രാഗത്തിൽ തന്നെ. ഭാവതലം തീർത്തും വ്യത്യസ്തമെന്ന് മാത്രം. ആ പാട്ടാണ് "ഏഴു സ്വരങ്ങൾ.'' പ്രവചനാതീതമായ സഞ്ചാരപഥങ്ങളിലൂടെ ഒഴുകുന്ന ഈണം. എങ്കിലെന്ത്? ഒരൊറ്റ തവണയേ കേൾക്കേണ്ടിവന്നുള്ളു ബിച്ചുവിന് ട്യൂണിനൊത്ത് വരികൾ കുറിക്കാൻ:
"ആരോ പാടും ലളിതമധുരമയഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺതൂവൽ കൊടിപോലഴകേ.."
ഗാനചിത്രീകരണത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാം. എങ്കിലും ഇത്ര സുന്ദരമായ ഒരു ഗാന ശില്പത്തിൻ്റെ നിർമ്മിതിയിൽ പങ്കാളികളായ ബിച്ചുവിനും രവീന്ദ്രനും യേശുദാസിനും ഒപ്പം മേനോനും നന്ദി പറയാതിരിക്കുന്നതെങ്ങനെ?
