Image

സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 4 ജോണ്‍ ജെ. പുതുച്ചിറ)

Published on 29 November, 2025
സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 4 ജോണ്‍ ജെ. പുതുച്ചിറ)

അദ്ധ്യായം-4


അരവിന്ദിന് ഇനി തന്നെ വേണ്ട.
അച്ഛനമ്മമാര്‍ തന്നെ വിശ്വസിക്കുന്നില്ല. അനുജത്തിപോലും പരിഹസിക്കുന്നു. നാളെ നാട്ടുകാരുടെ മുന്നിലും താന്‍ പരിഹാസപാത്രമാവും.
ഇല്ല, അതിനുമുമ്പ് ഈ നാടുവിടണം. തന്നെ ആരോരുമറിയാത്ത ഒരു നാട്ടിലെത്തി ആത്മഹത്യ ചെയ്യണം. അതുമാത്രമേ ഇനി ഒരു വഴി കാണുന്നുള്ളൂ.
താന്‍ ഗര്‍ഭവതിയാണെന്നതില്‍ ഉഷയ്ക്കും ഇപ്പോള്‍ സംശയമില്ല. അതിന്റേതായ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ആര്‍ത്തവം നിലച്ചു. ചില പ്രത്യേകതരം ഭക്ഷണ പദാര്‍ത്ഥങ്ങളോട് ആര്‍ത്തി... അതെ, അതൊരു യാഥാര്‍ത്ഥ്യമാകുന്നു!
ഈ ലോകത്തില്‍ താന്‍ ഒരു അത്ഭുത ജീവിയായിത്തീര്‍ന്നിരിക്കയാണെന്ന് ഉഷയ്ക്കു തോന്നി. മനുഷ്യരിലാകട്ടെ, മൃഗങ്ങളിലാകട്ടെ സ്ത്രീ-പുരുഷ സംസര്‍ഗ്ഗം കൊണ്ടു മാത്രമേ ഗര്‍ഭം ധരിക്കപ്പെടുകയുള്ളൂ. എന്നിട്ടും ഒരു പുരുഷനോടും ബന്ധപ്പെടാതെ താന്‍ ഗര്‍ഭവതിയായിരിക്കുന്നു! ഒരു മഹാത്ഭുതം! സ്വപ്നത്തിലൂടെപോലും ഒരു പുരുഷന്‍ തന്നിലേയ്ക്കു കടന്നു വന്നിട്ടില്ല. എന്നിട്ടും അതു സംഭവിച്ചു! എങ്ങനെ? ആവോ! ദൈവത്തിനു മാത്രമറിയാം.
ഒരു പുരുഷനുമായി ഇണചേരാതെ ഒരു സ്ത്രീക്കും ഗര്‍ഭം ധരിക്കാനാകുമോ? ഒരിക്കലുമില്ല. ഏതൊരു കൊച്ചുകുഞ്ഞിനുമറിയാവുന്ന സത്യം, പക്ഷെ തന്റെ ജീവിതത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതാണ്. ഒരിക്കലുമൊരിക്കലും തനിക്ക് ഉത്തരം നല്‍കാനാവാത്ത ഒരു കടങ്കഥ. തനിക്കു മാത്രമല്ല ആര്‍ക്കുമാര്‍ക്കും ഉത്തരം കണ്ടെത്താനാവാത്ത ഒരു പദപ്രശ്‌നം...
തന്റെ ഉദരത്തില്‍ ഒരു ശിശു വളര്‍ന്നു വരുന്നു. മാസങ്ങള്‍ക്കുശേഷം അത് പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു കുഞ്ഞായി പുറത്തുവരും. വര്‍ഷങ്ങള്‍ക്കുശേഷം വളര്‍ന്നു വലുതാകുമ്പോള്‍ അവന്‍ തിരക്കും -
'മമ്മീ എന്റെ ഡാഡി ആരാണ്?'
തനിക്കെന്നല്ല ലോകത്തിലാര്‍ക്കും ആ ചോദ്യത്തിന് ഉത്തരം നല്‍താനാവില്ല. അങ്ങനെ തന്തയില്ലാതെ ജനിച്ച ഒരത്ഭുതജീവിയായി അവന്‍ മാറും!
വേണ്ട അതിനിട കൊടുത്തുകൂടാ.
വീടുവിട്ടുപോയി മരണം വരിക്കുക തന്നെ. ഈ വീട്ടില്‍ വച്ചുതന്നെ ആത്മഹത്യ ചെയ്യുന്നത് തന്റെ മാതാപിതാക്കളോടു ചെയ്യുന്ന ഒരു കടുംകൈ ആവും.
ആ രാത്രി ഉഷ വീടുവിട്ടിറങ്ങി.
ഉറങ്ങിക്കിടക്കുന്ന അച്ഛനേയും അമ്മയേയും അനുജത്തിയേയും അവസാനമായി ഒരു നോക്കുകൂടി കണ്ടു. മൗനമായി അവരോടു യാത്ര ചോദിച്ചു. പിന്നീട് ആരോരുമറിയാതെ പുറത്തിറങ്ങി.
റെയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ അവിടെ വലിയ തിരക്കുണ്ടായിരുന്നില്ല. പരിചിതമുഖങ്ങള്‍ ഒന്നുംതന്നെ അക്കൂട്ടത്തില്‍ കണ്ടതുമില്ല.
കുറച്ച് അകലെയുള്ള ഒരു പട്ടണത്തിലേക്ക് ടിക്കറ്റെടുത്തു. അധികം താമസിയാതെ തീവണ്ടി എത്തി. അവള്‍ അതില്‍ കയറി യാത്രയായി.
നാളെ ഈ നേരമാകുമ്പോള്‍ ഏതെങ്കിലും റെയില്‍വേ ലൈനിലോ, പുഴയോരത്തോ തന്റെ മൃതദേഹം കാണപ്പെടും. ഒരു അജ്ഞാത മൃതദേഹം എന്ന നിലയില്‍ അത് അവിടെത്തന്നെ സംസ്‌ക്കരിക്കപ്പെടും. അതോടെ ഉഷ ഈ ലോകത്തില്‍ ഒരുത്തര്‍ക്കും ഒരു തലവേദനയല്ലാതായിത്തീരും.
ഓടുന്ന തീവണ്ടിയിലിരിക്കുമ്പോള്‍ ഉഷയുടെ ഹൃദയം വേദനകൊണ്ടു വിങ്ങിപ്പൊട്ടുകയായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് എന്തെന്തു പ്രതീക്ഷകളോടെയാണ് താന്‍ ദാമ്പത്യജീവിതത്തിലേയ്ക്കു പ്രവേശിച്ചത്. എന്തെന്തു മോഹങ്ങളുമായാണ് മണിയറവാതില്‍ തുറന്ന് അകത്തു കടന്നത്. ആ മോഹന പ്രതീക്ഷകളൊക്കെ എത്ര പെട്ടെന്നാണ് വാടിക്കൊഴിഞ്ഞത്! ഇനി മരണം മാത്രം തനിക്ക് അഭയം.
വിടരുംമുമ്പെ കൊഴിയുന്ന ഒരു പൂവായി മാറുകയാണ്. തന്റെ ജീവിതം. ഒരു വീട്, ഭര്‍ത്താവ്, മക്കള്‍- സംതൃപ്തമായ കുടുംബജീവിതം അവയെല്ലാം ഇനി തന്റെ വെറും ദിവാസ്വപ്നങ്ങളായി മാറുകയാണ്.
സഹയാത്രക്കാരില്‍ പലരും നിദ്രയിലാണ്. ചിലരൊക്കെ അര്‍ദ്ധനിദ്രയിലും. ഒരു ദീര്‍ഘനിദ്രയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന തനിക്കു മാത്രം ഈ രാത്രി ഒരു കാളരാത്രിയായിരിക്കും.
ഒടുവില്‍ പ്രഭാതം വിടര്‍ന്നു തുടങ്ങിയപ്പോള്‍ തീവണ്ടി അവള്‍ക്കിറങ്ങേണ്ട സ്റ്റേഷനിലെത്തി നിന്നു.
മിടിക്കുന്ന ഹൃദയത്തോടെ ഉഷ അവിടെയിറങ്ങി.
ആള്‍ത്തിരക്കിരക്കിനിടയിലും അവര്‍ പരസ്പരം കണ്ടു; ഉഷയും ഷേര്‍ളിയും!
'ഉഷേ നീ എന്താണിവിടെ? ഹണിമൂണ്‍ ടൂറാണോ? എവിടെ അരവിന്ദ്?' അപ്രതീക്ഷിതമായി കൂട്ടുകാരിയെ അവിടെ വച്ചു കണ്ടുമുട്ടിയപ്പോള്‍ ഷേര്‍ളിക്ക് ആശ്ചര്യം തോന്നി. ഫിലിപ്പും അവളോടൊപ്പമുണ്ടായിരുന്നു.
ഉഷയ്ക്ക് പെട്ടെന്ന് ഒരു മറുപടി പറയാന്‍ കഴിഞ്ഞില്ല. ആ സമാഗമം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഷേര്‍ളിയെ ഇവിടെവച്ചു കണ്ടുമുട്ടേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

Read More: https://www.emalayalee.com/writer/304

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക