
ഇമോജികളെ ദൃശ്യഭാഷയായി കണക്കാക്കാം. ഇപ്പോൾ വാക്കുകളേക്കാൾ സോഷ്യൽ മീഡിയയെ ഇമോജികൾ കയ്യടക്കിയിരിക്കുന്നു. മുഖപുസ്തകങ്ങളിൽ ഈ മുഖങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. മുഖപരിചയം ഇല്ലാത്തവർ നമ്മെ വട്ടം കറക്കുന്നത് സ്വാഭാവികം. ചിലപ്പോൾ അയക്കുന്ന ആൾ ഉദ്ദേശിച്ച അർത്ഥമല്ല ഈ മുഖങ്ങൾ നൽകുക. എനിക്ക് ഈ ഭാഷ വലിയ വശമില്ല അതുകൊണ്ട് ഉപയോഗിക്കാറുമില്ല. എന്നാൽ ഇയ്യിടെ മുഖപുസ്തകത്തിൽ പരിചയപ്പെട്ട ഒരു സ്ത്രീ, സുന്ദരിയായ സ്ത്രീ ഒരു ഇമോജി അയച്ചത് എനിക്ക് മനസ്സിലായില്ല. അത് എന്താണെന്ന് അവരോട് ചോദിച്ചപ്പോഴാണ് ഈ ഇമോജികൾ എത്ര നിഷ്കളങ്കരാണെന്നു മനസ്സിലായത്. അവർക്കും അറിയില്ല. അവർ പറഞ്ഞു കയ്യിൽ കിട്ടുന്നത് ഇടുമെന്നു.
സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്നതിൽ നിഷ്കർഷത പുലർത്തുന്ന ഞാൻ അവരെ മാഡം എന്ന് സംബോധന ചെയ്തു. അവർ അതിനു ഒരു ചോദ്യചിഹ്നം അയച്ചു. അവരുടെ പേര് സുജ കൃഷ്ണകുമാർ (യഥാർത്ഥ പേരല്ല) ഞാൻ അവരെ മിസ്സിസ് കൃഷ്ണകുമാർ എന്ന് വിളിക്കട്ടെ എന്ന് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു അതവരുടെ അമ്മയാണെന്ന്. കല്യാണം കഴിഞ്ഞിട്ടില്ലെന്ന് പറയുകയായിരിക്കുമെന്നു കരുതി സുജാ ജി എന്ന് വിളിച്ചു. അധ്യാപികയായതുകൊണ്ട് ടീച്ചർ എന്ന് വിളിക്കട്ടെ എന്ന് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു നിങ്ങൾ അമേരിക്കയിൽ നിന്ന് എങ്ങനെ വിളിച്ചാലും ഞാൻ കേൾക്കില്ല. എഴുത്തുകാരി സാഹിത്യത്തിൽ തന്ന മറുപടിക്ക് ഇത്തിരി നർമ്മത്തിൽ തിരിച്ചു ഞാൻ എഴുതി. നിങ്ങൾ കലാപരമായി എഴുതിയിരിക്കുന്നു. ദേവിമാരാണ് (അമ്പലങ്ങളിലെ പ്രതിഷ്ഠകൾ)വിളിച്ചാൽ കേൾക്കാത്തത്. അതുകൊണ്ട് നിങ്ങളുടെ അച്ഛൻ ചേർക്കാതിരുന്ന വാലിൽ തൂങ്ങി വിളിക്കാം. “സുഖമോ ദേവി”. അതിനു അവർ ഒരു ഇമോജി വീണ്ടും ഇട്ടു. എനിക്ക് അതിന്റെ അർത്ഥമറിയാത്തതുകൊണ്ട് അവരോട് ചോദിച്ചപ്പോൾ അവർ ഒരു നമസ്തേ പോസ്റ്റ് ചെയ്തു. . പിന്നീട് അവർ പറഞ്ഞു ഞാൻ എഴുതിയ "അച്ഛൻ ചേർക്കാതിരുന്ന വാൽ" അവരുടെ അച്ഛനെ ചീത്ത വിളിച്ചതാണെന്നു അവർ കരുതിയെന്നു. ഞാൻ അവരെ ഉപദേശിച്ചു. ദയവു ചെയ്ത ഇമോജികൾ അത് അറിയുന്നവരുമായി പങ്കിടുക.ഞാൻ പറഞ്ഞത് നിങ്ങളുടെ അച്ഛൻ സുജ എന്ന പേരിനോട് ഒരു ദേവി ചേർത്തെങ്കിൽ നിങ്ങളെ ദേവി എന്ന് വിളിക്കാമായിരുന്നു. അപ്പോൾ സുഖമോ ദേവി എന്ന് സുഖവിവരങ്ങൾ അന്വേഷിക്കാമായിരുന്നു. അങ്ങനെ അവരുമായുള്ള ഇമോജി പങ്കിടൽ നിറുത്തി നല്ല ഭാഷയിൽ പരസ്പരം വിവരങ്ങൾ കൈമാറി. പരിചയപ്പെട്ട ഉടനെ ഒരാളുമായി ആശയവിനിമയത്തിന് ഇമോജികൾ ഉപയോഗിക്കുന്നത് അഭിലഷണീയമല്ല. ഇമോജികൾ ഡിജിറ്റൽ ആശയവിനിമയത്തെ ഇക്കാലത്ത് കാര്യമായി സ്വാധീനിച്ചു കഴിഞ്ഞു. ടെക്സ്റ്റിലൂടെ നമ്മൾ പ്രകടിപ്പിക്കുന്ന വൈകാരികതയെക്കാൾ കൂടുതൽ ഈ വിഷ്വൽ ചിഹ്നങ്ങൾക്ക് നൽകാൻ കഴിയുന്നു. എന്നാൽ അവ തിരിച്ചറിയാനുള്ള അറിവില്ലെങ്കിൽ അതുപയോഗിക്കരുത്.
കഴിഞ്ഞ ഓണക്കാലത്ത് കന്യാകുമാരി ഒന്ന് സന്ദർശിക്കാൻ തോന്നി. ഭാര്യയുമൊത്ത് പല തവണ പോയിട്ടുള്ളതുകൊണ്ട് ഭാര്യ പറഞ്ഞു തനിയെ പോയാൽ മതി. "കന്യാകുമാരിയെ" കാണുന്നത് സുഖമുള്ള കാര്യമല്ലേ? എനിക്ക് സൂര്യോദയത്തേക്കാൾ അസ്തമയമാണ് കാണാൻ ഇഷ്ടം. അറബിക്കടലും, ബംഗാൾ ഉൾക്കടലും, ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ കൂടിച്ചേരുന്ന കന്യാകുമാരിയിലെ സൂര്യാസ്തമയം കാണേണ്ടത് തന്നെ. ഇന്ത്യയുടെ തെക്കേ മുനമ്പിൽ സ്ഥിതിചെയ്യുന്ന കന്യാകുമാരിയെപ്പറ്റി പാലാ നാരായണൻ നായർ എഴുതിയ കവിത ഓർത്തു. "കല്ലോലമാലകൾ ഉമ്മവയ്‌ക്കുന്നൊരാ കന്യാകുമാരി തൻ വെണ്മണലിൽ വിശ്വസൗന്ദര്യം നുകരുവാനായി ഞാൻ വിശ്രമം കൊള്ളുകയായിരുന്നു." ഭാര്യയുമൊത്ത് വരുമ്പോഴെല്ലാം ഈ കവിത ചൊല്ലിക്കേൾപ്പിക്കാറുണ്ട്. അവർക്ക് കന്യാകുമാരിയുടെ കഥ ഇഷ്ടമായിരുന്നു. സൂര്യാസ്തമയം ബീച്ചിൽ നിന്ന് കാണുന്നതാണ് എപ്പോഴും എനിക്ക് സംതൃപ്തി നൽകിയിരിക്കുന്നത്. അതനുസരിച്ച് കടൽ തീരത്തേക്ക് നടക്കുമ്പോൾ തിരക്ക് കുറവായിരുന്നു. സെപ്റ്റംബർ മാസത്തിലെ ആദ്യവാരമാണ്. മഴമാറിയ ആകാശത്തിനു സൗന്ദര്യം കൂടിയിരുന്നു. ബീച്ചിലേക്ക് നടക്കുമ്പോൾ ഗാന്ധിമണ്ഡപത്തിൽ കയറി രാഷ്ട്രപിതാവിനു ആദരാജ്ഞലികൾ അർപ്പിക്കാമെന്നു കരുതി. സമുദ്രത്തിൽ നിമജ്ജനം ചെയ്യുന്നതിന് മുമ്പ് ഗാന്ധിജിയുടെ ചിതാഭസ്മം വച്ചിരുന്ന സ്ഥലത്താണ് ഹിന്ദു ക്ഷേത്ര മാതൃകയിൽ പണിത മണ്ഡപം.. ഗാന്ധിജി മരിക്കുമ്പോൾ അദ്ദേഹത്തിന് 79 വയസ്സാകുകയായിരുന്നു. അതുകൊണ്ട് ഗോപുരം 79 അടി ഉയരത്തിലാണ് പണിതിരിക്കുന്നത്. ഈ മണ്ഡപത്തിന്റ ശ്രദ്ധേയമായ സവിശേഷത അതിന്റെ മുകൾത്തട്ടിലൂടെ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് സൂര്യരശ്മികൾ ചിതാഭസ്മം വച്ചിരുന്ന സ്ഥാനത്തു പതിക്കുന്നുവെന്നാണ്.
മണ്ഡപത്തിലേക്ക് പ്രവേശന ഫീസൊന്നുമില്ലെങ്കിലും ചെരിപ്പുകൾ സൂക്ഷിക്കാൻ പണം കൊടുക്കണം. അതിനായി പോകുമ്പോൾ മധ്യവയസ്സ് കഴിഞ്ഞ രണ്ടു കമിതാക്കൾ ബീച്ചിൽ ഒട്ടി ഒട്ടി നിൽക്കുന്നു. അയാൾ ആ സ്ത്രീയുടെ അരക്കെട്ടിൽ ചുറ്റിപിടിച്ചിട്ടുണ്ട്, അവർ അയാളോട് അടുത്ത് നിന്നിട്ടും പോരാത്ത പോലെ അയാളിൽ ഒട്ടിച്ചേരുന്നു. അവരെ ശ്രദ്ധിച്ചപ്പോൾ നാല് വർഷങ്ങൾക്ക് മുമ്പ് മുംബയിൽ ഒരു സാഹിത്യശില്പശാലയിൽ വച്ച് കണ്ടവരല്ലേ എന്ന് തോന്നി. പക്ഷെ അന്ന് അയാൾ കറുത്തിരുണ്ട ശുഷ്ക്കിച്ച ശോഷിച്ച ഒരു കാട്ടുമാക്കാൻ ആയിരുന്നു. ആ സ്ത്രീ മൂക്കുത്തിയിട്ട, പ്രസാദം പരത്തുന്ന തളിരുപോലെയുള്ള ഒരു തമ്പുരാട്ടിയും. (Beauty and the beast). ഇപ്പോൾ രണ്ടുപേരും അസാമാന്യമായി തടിച്ചിരിക്കുന്നു. അവർ ഭാര്യ-ഭർത്താക്കന്മാരല്ല. അവിഹിതം തന്നെ ഈ പ്രായത്തിലും. അവർക്കെന്നെ മനസ്സിലായില്ല. വിവാഹേതര ലൈംഗിക ബന്ധം കുറ്റമാണെന്ന 497)൦ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിലൂടെ ഇപ്പോൾ ഇങ്ങനെ ബന്ധങ്ങൾ എളുപ്പമായല്ലോ. ഞാൻ മണ്ഡപത്തിലേക്ക് കയറുമ്പോൾ ആ സ്ത്രീ തിരിഞ്ഞുനോക്കി.പോക്കുവെയിലിൽ അവരുടെ മൂക്കുത്തി തിളങ്ങി. നാഗമാണിക്യം കൊണ്ട് ദേവി കന്യാകുമാരിക്ക് ചാർത്തിയ മൂക്കുത്തി യുടെ തിളക്കം കണ്ട് ദീപസ്തംഭത്തിലെ പ്രകാശമാണെന്ന് തെറ്റിദ്ധരിച്ച് കടലിലൂടെ പോകുന്ന രണ്ട് കപ്പലുകൾ കരയിലടുപ്പിക്കാൻ ശ്രമിക്കുകയും പാറയിലിടിച്ച് തകർന്നു പോവുകയും ചെയ്തു. ഇവരുടെ മൂക്കുത്തി എപ്പോഴാണ് ഒരു കുടുംബം തകർക്കുന്നത്.
മേല്പറഞ്ഞ വ്യഭിചാരികളെപ്പറ്റി ചിന്തിച്ചപ്പോൾ, സുപ്രീം കോടതി വിധിയപ്പറ്റി ചിന്തിച്ചപ്പോൾ മഹാഭാരതം ആദി പർവ്വം (122) ഓർത്തു. കാമത്തിന് നിയന്ത്രണമില്ലാതിരുന്ന കാലമുണ്ടായിരുന്നു. സ്ത്രീകൾ സർവതന്ത്ര സ്വതന്ത്രർ. ആർക്കും ആരുമായും രതിയിലേർപ്പെടാം. സ്വച്ഛന്ദലൈംഗിക സ്വാതന്ത്ര്യം. ഇത് നിർത്തിയത് ശേതകേതു (തത്വമസി കേട്ട ആൾ) ആണ്. അയാളുടെ അമ്മയെ പിതൃസമക്ഷം ഒരു ഭൂസുരൻ ഭോഗിക്കുന്നത് കണ്ട ശേതകേതുവിന് സഹിച്ചില്ല. പിതാവ് പറഞ്ഞു മനുഷ്യജാതിൽപ്പെട്ട ആർക്കും ആരുമായും ഇണചേരാം. അതാണ് വഴക്കം. പക്ഷെ മകന് അത് സ്വീകാര്യമായിരുന്നില്ല.അദ്ദേഹം ആ ഏർപ്പാട് നിർത്തലാക്കി. അന്ന് മുതൽക്ക് പതിയെ വിട്ട് പരപുരുഷനേയും പത്നിയെ വിട്ടു പരസ്ത്രീയെയും പ്രാപിക്കുന്നത് വ്യഭിചാരമായി. (തുടരും)
ശുഭം