Image

ചരിഞ്ഞ അക്ഷരങ്ങൾ ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 29 November, 2025
ചരിഞ്ഞ അക്ഷരങ്ങൾ  ( കവിത :  പുഷ്പമ്മ ചാണ്ടി )

ചരിഞ്ഞ അക്ഷരങ്ങൾക്കിടയിൽ 
മറന്നുപോയ സ്വപ്നങ്ങൾ ഉറങ്ങുന്നു,
മങ്ങിയ വരികളിൽ 
ഒരിക്കൽ തെളിഞ്ഞുമിന്നിയ അക്ഷരങ്ങൾ..!

വാക്കുകൾ മാഞ്ഞാലും കേൾക്കാം,
അവയുടെ നിശ്ശബ്ദ സംഗീതം..
മറന്നുപോയ കഥകൾ ഒളിഞ്ഞിരിക്കുന്നു
ഒരിക്കൽ തീപോലെ തെളിഞ്ഞ വാക്കുകളിൽ
മങ്ങിയ വരകളായ് മാത്രം..

പഴയ പുസ്തകത്താളുകൾക്കിടയിൽ
വായിക്കാതെ കിടക്കുന്ന കവിതകൾ,
കാത്തിരിക്കുന്നാരോ
തൊടുമെന്ന പ്രതീക്ഷയിൽ....!

ചരിഞ്ഞ  അക്ഷരങ്ങൾക്കിട
യിൽ
ജീവിതങ്ങളുണ്ട്,
മുറിഞ്ഞതും, മങ്ങിയതും,
ജീവിനുളളതുമായ
അറിയാക്കഥകൾ...!
കാലത്തിന്റെ ചൂളയിൽ കത്തിയമർന്ന വാക്കുകൾ,
മൗനത്തിന്റെ
അടുപ്പിൽ ചാരമായടിഞ്ഞു കിടക്കുന്നു...!

ചരിഞ്ഞ അക്ഷരങ്ങൾക്കിടയിൽ  തുറന്നുനോക്കാത്ത,
കത്തുകൾപോലെ 
ഒരിക്കലും മാഞ്ഞുപോകാത്ത കഥകളുടെ ശബ്ദങ്ങളുണ്ട്,
വായിക്കപ്പെടാത്ത വരികളുടെ  കണ്ണീർപ്പാടുകളുണ്ട്..

ചരിഞ്ഞ  അക്ഷരങ്ങൾക്കിടയിൽ
നമ്മുടെ ജീവിതം തന്നെ പ്രതിഫലിക്കുന്നു.
നഷ്ടങ്ങൾ, വേർപാടുകൾ, ഇടറിവീഴ്ചകളെല്ലാം ചേർന്നൊരുക്കിയ
അപൂർണ്ണമെങ്കിലും മനോഹരമായ,
സിംഫണിപോൽ...!

ചരിഞ്ഞ അക്ഷരങ്ങൾക്കിടയിൽ  
മറന്നുപോയ ഗന്ധങ്ങളിപ്പൊഴും ഉറങ്ങുന്നുണ്ട്,
കാലത്തിന്റെ പൊടിപടലങ്ങളിൽ നിശ്ശബ്ദമായി അടിഞ്ഞു കിടക്കുന്ന
ഒരു പഴയ കഥയുടെ വിത്തുപോലെ...!

ചില്ലകൾ തട്ടി വീഴുന്ന വെളിച്ചം
വേദനയും സ്നേഹവും ഒരുമിച്ച് തെളിയിക്കുമ്പോൾ,
ചരിഞ്ഞ അക്ഷരങ്ങൾക്കിട
യിലെ...നിശ്ശബ്ദത വാചാലമാവുന്നു...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക