
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ സ്ത്രീ പീഡകന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറയിളക്കുമെന്ന വിമര്‍ശനം ശക്തമായി. യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ശബ്ദരേഖകള്‍ പുറത്തുവരികയും പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്യതോടെ ഒളിവില്‍ പോയ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനുവേണ്ടി പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരിക്കുന്നു. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖയേ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും രാഹുലിന് ഒഴിയേണ്ടി വന്നു.
ഇതിനിടെ നിയമസഭയിലെത്തിയ രാഹുലിനെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ട് വിലക്കുകയും ചെയ്തു. അതോടെ രാഹുലിനെതിരായ നടപടികള്‍ അവസാനിച്ചെങ്കിലും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പീഡന വീരന് സംരക്ഷണമെരുക്കി. തദ്ദേശ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് തന്റെ മണ്ഡലമായ പാലക്കാട് എത്തുകയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരെ ഇടപെട്ട രാഹുല്‍ ഇന്നലെ വൈകുന്നേരം വരെ മണ്ഡലത്തില്‍ വീടുവീടാന്തരം കയറി പ്രചാരണം കൊഴുപ്പിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് തേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന്, പ്രത്യേകിച്ച് വനിതാ നേതാക്കളില്‍ നിന്ന് ആക്ഷേപമുയരുകയുണ്ടായി.
കഴിഞ്ഞ ദിവസം കെ സുധാകരന് രാഹുലിനെ നെഞ്ചോട് ചേര്‍ത്ത് വാഴ്ത്തി സംസാരിച്ചതോടെ കാര്യങ്ങള്‍ പൂര്‍ണമായി. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റി നിര്‍ത്തിയതോടെ എല്ലാം കെട്ടടങ്ങുമെന്ന് കോണ്‍ഗ്രസ് കരുതിയിരുന്ന സമയത്താണ് യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ശബ്ദരേഖകള്‍ ഒരിടിത്തീയായി പുറത്തുവന്നത്. ലൈംഗികപീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരണ, വധഭീഷണി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടപടി എടുത്തതോടെ കോണ്‍ഗ്രസ് ശരിക്കും പെട്ടുപോയി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ആരോപണമുയര്‍ന്നതു മുതല്‍ രാഹുലിനെതിരെ നില്‍ക്കുന്നത്. ഇപ്പോള്‍ രാഹുല്‍ കുടുങ്ങുമെന്നായപ്പോള്‍ മറ്റ് നേതാക്കള്‍ സ്വരം മാറ്റിയിട്ടുണ്ട്. രാജ് മോഹന്‍ ഉണ്ണിത്താന്, രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന രീതിയില്‍ ശക്തമായ ഭാഷയിലാണ് ഇന്ന് പ്രതികരിച്ചത്. ''നാറിയവനെ ചുമന്നാല്‍ ചുമന്നവന് നാറും...'' എന്നാണ് ഉണ്ണിത്താന് പറഞ്ഞത്. പാര്‍ട്ടിയെയും നേതാക്കളെയും വെല്ലുവിളിക്കുന്ന രീതിയിലാണ് ലൈംഗിക പീഡന ആരോപണം വന്നതു മുതല്‍ രാഹുലിന്റെ ബോഡി ലാംഗ്വേജ്. സ്വന്തം ഇഷ്ട പ്രകാരം നിയമസഭയിലെത്തുന്നു, പാലക്കാട്ട് യു.ഡി.എഫിനുവേണ്ടി ഒരു ഉളുപ്പുമില്ലാതെ പ്രചാരണം നടത്തുന്നു. താന്‍ ലൈംഗിക പീഡന ആരാപണത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന ഭവമേ ഇയാള്‍ക്കില്ലായിരുന്നു.
ഇവിടെ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായ ജാഗ്രതക്കുറവിന് കനത്ത വില തന്നെ കൊടുക്കേണ്ടതായി വരും. പാലക്കാട്ടെത്തി പ്രതിച്ഛായ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ പാര്‍ട്ടിക്കുള്ളിലുള്ളവരും പുറത്തുള്ളവരും രാഹുലിനെ സ്കെച്ച് ചെയ്തിരുന്നു. മുന്നറിയിപ്പ് നല്‍കിയിരുന്നു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ മറവില്‍ പാപക്കറ കഴുകിക്കളഞ്ഞ് പാര്‍ട്ടിയില്‍ തിരികെ കയറാമെന്നായിരുന്നു രാഹുല്‍ വിചാരിച്ചത്. പക്ഷേ, ആ ആഗ്രഹം അത്യാഗ്രഹമായിപ്പോയി. രാഹുലിന്റെ തിടുക്കം പാര്‍ട്ടിയുടെ രാഹുകാലത്തിന് നാന്ദികുറിക്കുകയും ചെയ്തു. ഇന്നലെ കേസെടുക്കുന്നതിന് തൊട്ട് മുമ്പ് വരെ വലിയ ആത്മവിശ്വാസത്തിലായിരുന്നു രാഹുല്‍. സോഷ്യല്‍ മീഡിയയില്‍ 'സത്യമേവ ജയതേ...' എന്ന് കുറിക്കുകയും ചെയ്തു.
പിന്നെ ഈ വിദ്വാന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിക്കളഞ്ഞു. സ്ത്രീ പീഡകനെ ചേര്‍ത്തു നിര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ അയാളെ വല്ലാതെ പ്രതിരോധിക്കേണ്ട അവസ്ഥയിലേക്ക് കൂപ്പുകുത്തി. നടപടിയെടുത്ത് പുറത്തു നിര്‍ത്തിയിരിക്കുന്ന ഒരാളെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏല്‍പ്പിച്ചതിന് മറുപടി പറയാനും കോണ്‍ഗ്രസ് നേതൃതത്തിനാവുന്നില്ല. കാരണം അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ലൈംഗികപീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരണ, വധഭീഷണി തുടങ്ങിയ ശക്തമായ വകുപ്പുകളാണ് പൊലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 64 (2-എഫ്), 64 (2) (എച്ച്), 64 (2-എം), 89, 115 (2), 351 (3),3 (5) വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. 2025 മാര്‍ച്ച് 17-ന് യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും 2025 ഏപ്രില്‍ 22-ന് തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ളാറ്റില്‍ വച്ചു പീഡിപ്പിച്ചെന്നുമാണ് അതിജീവിത പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നത്. 2025 മെയ് അവസാനവാരം പാലക്കാടുള്ള എം.എല്‍.എയുടെ ഫ്ളാറ്റില്‍ വച്ചും പീഡനം തുടര്‍ന്നു. 2025 മെയ് 30-ന് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ കൈമനത്ത് കാറില്‍ വച്ചു കൈമാറി. എം.എല്‍.എയുമായുള്ള ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. രാഹുല്‍ പകര്‍ത്തിയ നഗ്ന ദൃശ്യം കാട്ടിയായിരുന്നു ബലാല്‍സംഗം.
വലിയമല പൊലീസിലാണ് ആദ്യ കേസ് എടുത്തത്. തുടര്‍ന്ന് കേസ് അന്വേഷണം നേമം പൊലീസിന് കൈമാറുകയായിരുന്നു. റൂറല്‍ എസ്.പിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ദിവസം യുവതിയുടെ വിശദമായ മൊഴി പൊലീസ് എടുത്തിരുന്നു. ഗര്‍ഭഛിദ്രം നടത്തിയെന്ന പ്രധാന ആരോപണത്തെ കേന്ദ്രീകരിച്ചാണ് കേസ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങിയിട്ടുണ്ട്. ഇന്നലെ സെക്രട്ടേറിയറ്റില്‍ നേരിട്ട് എത്തി മുഖ്യമന്ത്രിക്കാണ് യുവതി പരാതി നല്‍കിയത്. സംഭാഷണങ്ങള്‍, ചാറ്റുകള്‍, മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ യുവതി നല്കി. തുടര്‍ന്ന് മുഖ്യമന്ത്രി പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. രാത്രി പൊലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴിയെടുത്തതിന് ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.